ഒരർത്ഥത്തിൽ രാജപുത്രിയെന്ന് വിശേഷിപ്പിക്കാമല്ലോ ഫാത്വിമാ ബീവിയെ. അന്നത്തെ ഇസ്ലാമിക ഭരണാധിപൻ ആണല്ലോ മുത്ത് നബി (സ) ...
ഏതൊരു യുഗത്തിലും തൊണ്ണൂറ്റി ഒൻപത് ശതമാനം ഭരണാധിപരും അവരിലേക്ക് ദാരിദ്ര്യം എത്താറില്ല. എന്നാൽ തുല്യതയില്ലാത്തതാണ് തിരു നബി (സ)യുടെ കാലം. എന്റെ മകൾ ഫാത്വിമ (റ)യാണ് മോഷണം നടത്തിയതെങ്കിലും അവളുടെ കൈ ഞാൻ മുറിക്കും എന്ന പ്രഖ്യാപനം ഓർത്തുനോക്കൂ ... ലോകാവസാനം വരെയുള്ള ഓരോ നേതാക്കൾക്കും സമ്പൂർണ മാതൃകയാണ് ...
ഇസ്ലാമിനെയും തിരുനബി (സ)യെയും അധിക്ഷേപിക്കുന്നവർ ആധുനിക യുഗത്തിലെ ഇസ്ലാമിന്റെ യഥാർത്ഥ വിശ്വാസ പ്രമാണങ്ങളിൽ നിന്ന് അകന്ന അജ്ഞരായ നാമമാത്ര മുസൽമാനായ വ്യക്തികളിൽ നോക്കിയല്ല ഈ പരിശുദ്ധ മതത്തെ വിലയിരുത്തേണ്ടത് ...
ആ തിരുജീവിതത്തിന്റെ പാഠങ്ങൾ ഗ്രഹിച്ചാൽ ഏതൊരു ബുദ്ധിമാനും ആയിരംവട്ടം സമ്മതിക്കും മുഹമ്മദ് നബി (സ)യോട് സാദൃശ്യമാക്കാൻ ലോകത്താരുമില്ലെന്ന്. അവിടുത്തെ സഹനം ഒരു സമൂഹത്തെയാകമാനം സ്വാധീനിച്ചു ...
ഇബ്നു അബ്ബാസ് (റ) പറയുന്നു :
ഒരിക്കൽ തിരുനബി (സ)യുടെ അരികിലേക്ക് ഉമർ ഖത്താബ് (റ) പ്രവേശിച്ചു. നബി (സ) അപ്പോൾ ഒരു പായയിൽ കിടക്കുകയായിരുന്നു. ആ പുണ്യശരീരത്തിന്റെ ഇരുപാർശ്വങ്ങളിലും പായയുടെ അടയാളം പതിഞ്ഞിരിക്കുന്നു. ഉമർ (റ)ഒന്ന് കണ്ണോടിച്ചു. ആ വീട്ടിൽ ആകെയുണ്ടായിരുന്ന ഉപകരണങ്ങൾ വിരലിലെണ്ണാവുന്നത് മാത്രം. ദയനീയ സ്ഥിതി കണ്ട് കണ്ണ് നിറഞ്ഞ ഉമർ (റ) പറഞ്ഞു : അല്ലാഹുവിന്റെ ദൂതരേ അവിടുത്തേക്ക് ഒരു വിരിപ്പ് ആകാമായിരുന്നില്ലേ... ?
എന്നാൽ മുത്ത്നബി (സ) പറഞ്ഞതിങ്ങനെ : ഉമറേ ഞാനും ഭൗതിക ലോകവും തമ്മിൽ എന്തിരിക്കുന്നു... ?
അത്യുഷ്ണമുള്ള ദിനത്തിൽ യാത്ര ചെയ്യുന്ന ഒരു യാത്രക്കാരനെ പോലെയാണ് ഞാൻ. ആ യാത്രക്കാരൻ ചൂട് ശക്തിയായപ്പോൾ ഒരു മരത്തണലിൽ വിശ്രമിക്കാനിരിക്കുന്നു. അൽപസമയത്തെ വിശ്രമത്തിനുശേഷം അയാൾ യാത്ര തുടരും. (അയാൾ ഒരു ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് ) ഞാനും ഈ ലോകവും തമ്മിലുള്ള ബന്ധം അത്രയേയുള്ളൂ ...
ഫാത്വിമ (റ)യുടെ വീട് പിന്നെങ്ങനെ വിഭവസമൃദ്ധമാകും ...? ഒരുനേരം വിശപ്പടക്കിയാൽ ഒരു നേരം പട്ടിണികിടക്കുമെന്ന് പറഞ്ഞ നേതാവിന്റെപുത്രിയാണല്ലോ അവർ ...
ഫാത്വിമ (റ)യെന്ന ലോകമുസൽമാന്റെ കണ്ണിലുണ്ണി എപ്പോഴാണ് വയറ് നിറച്ചത്... ? അതുണ്ടായിരിക്കുമോ കുഞ്ഞുകാലത്തല്ലാതെ ...
ഉമർ (റ) പറയുന്നു : ഒരു ദിവസം നബി (സ) അസഹ്യമായ വിശപ്പിനാൽ, ഒരാശ്വാസത്തിന് താഴ്ന്നതരം കാരക്കയെങ്കിലും ലഭിക്കുമോ എന്നന്വേഷിച്ച് നടക്കുന്നത് കണ്ടിട്ടുണ്ട്. അനസ് (റ) പറയുന്നു: തുടർച്ചയായ രാത്രികളിൽ ശൂന്യമായ വയറുമായി കഴിയുന്ന ഫാത്വിമ (റ)ക്ക് ഒരിക്കൽ ഒരു റൊട്ടി ചുടാനുള്ള മാവ് കിട്ടി. ഒരൊറ്റ റൊട്ടി മാത്രം. ഫാത്വിമ മോൾ അത് ചുട്ടെടുത്തു വിശന്നിരിക്കുന്ന ഉപ്പയെ മകൾക്കറിയാം തനിക്കു കിട്ടിയത് തന്റെ പ്രിയ ഉപ്പാക്കും ഒരോഹരി കൊടുക്കണം. ഉപ്പക്കരികിലേക്ക് പോയി ആ റൊട്ടി ഉപ്പാക്ക് കൊടുത്തു ...
ഉപ്പ ചോദിച്ചു: ഇതെന്താ മോളേ ... ഫാത്വിമ (റ) പറഞ്ഞു:
ഞാൻ ചുട്ടെടുത്ത റൊട്ടിയാണ്. എനിക്കൊറ്റക്ക് തിന്നാൻ പറ്റില്ല ഉപ്പ പട്ടിണി കിടക്കുമ്പോൾ ...
ഒരു കഷ്ണം റൊട്ടി പ്രിയങ്കരിയായ മകൾ ഉപ്പാക്ക് കൊടുത്തു. പിതാവ് ഭക്ഷിച്ചു. അല്ലാഹുവിനെ സ്തുതിച്ചു. മോളെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു: മോളേ നിന്റെ പിതാവിന്റെ വയറ്റിലേക്ക് മൂന്ന് ദിവസത്തിന് ശേഷം ആദ്യമായി പ്രവേശിക്കുന്ന ഭക്ഷണമാണിത് ...
ഒരിക്കൽ തിരുനബി (സ) ആ വീട്ടിലേക്ക് കയറിയപ്പോൾ തന്റെ പൊന്നുമോൾ ഒരു മൂലയിൽ തളർന്നു ചാരിയിരിക്കുന്നു. വിശപ്പിന്റെ കാഠിന്യം ആ മുഖത്ത് കാണാം. പേരമക്കൾ അസഹ്യമായ വിശപ്പിനാൽ തളർന്നുറങ്ങുകയാണ്. ആ നയനങ്ങൾ (ഉപ്പയും മകളും) പരസ്പരം ദീനമായി നോക്കി. സങ്കടത്തോടെ നബി (സ) അവിടെനിന്ന് ഇറങ്ങിത്തിരിച്ചു. ഒന്നും കൊടുക്കാനില്ലായിരുന്നു ഉപ്പാന്റെ വശം. ഉപ്പാനോട് ഒന്നും ചോദിച്ചുമില്ല പോന്നുമോൾ. കുടുംബത്തിന് ഒരുനേരത്തെ വിശപ്പടക്കാൻ മാർഗമില്ലാതെ വന്നപ്പോൾ അലി (റ) ചോദിച്ചു: നമ്മുടെ വീട്ടിൽ വിൽക്കാൻ പറ്റിയ വല്ല ഉപകരണവുമുണ്ടോ... ?
ഫാത്വിമ (റ) പറഞ്ഞു: നമുക്ക് ലഭിച്ച ഒരു പുതപ്പുണ്ട് അത് ഉപയോഗിക്കാത്തതാണ് ...
അലി(റ) പറഞ്ഞു: എങ്കിൽ അതിങ്ങ് തരൂ ഞാനത് ആർക്കെങ്കിലും ആവശ്യമുണ്ടോയെന്ന് നോക്കട്ടെ നമുക്കൊരു നേരത്തെ ആഹാരത്തിന് വല്ലതും കിട്ടിയാൽ അത് വിൽക്കാം ...
ഫാത്വിമ (റ) പുതപ്പെടുത്ത് കൊടുത്തു. അലി (റ) പുതപ്പ് വിൽക്കാനായി നടന്നു. വഴിയിൽ ഒരാളെ കണ്ടു അലി (റ) പറഞ്ഞു: ഈ പുതപ്പ് വിൽക്കാനുള്ളതാണ് താങ്കൾക്ക് ആവശ്യമുണ്ടോ ....?
അയാൾ പുതപ്പ് വാങ്ങി നോക്കി. ആറ് ദിർഹം തരാം ...
അലി (റ) പറഞ്ഞു: അത് മതി അങ്ങനെ ആറ് ദിർഹമിന് പുതപ്പ് വിറ്റു ...
അലി (റ) എന്ന കുടുംബനാഥന്റെ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം. പ്രവാചക പുത്രിക്കും മക്കൾക്കും ഒരു നേരം വിശപ്പടക്കാനുള്ള വഴിയായല്ലോ അൽഹംദു
ലില്ലാഹ് ...
അലി (റ) സന്തോഷത്തോടെ തിരിച്ച് നടന്നു പ്രസന്നമായ മുഖത്തോടെ ...
അപ്പോൾ അതാ ഒരു യാചകൻ, ഒരു പാവപ്പെട്ട സഹോദരൻ തനിക്കറിയില്ല അയാളെ. അയാൾ അലി (റ)വിനെ സമീപിച്ചു സലാം പറഞ്ഞു. എന്നിട്ട് പറഞ്ഞു : ഞാനൊരു പാവപ്പെട്ടവനാണ് വിശക്കുന്നുണ്ട് എന്തെങ്കിലും തരണം ... തിരുസവിധത്തിൽനിന്നു ഒരായിരം മാതൃക പഠിച്ച അലി (റ) തന്റെ മുന്നിൽ ഒരു യാചകൻ വിശപ്പടക്കാൻ കേഴുന്നത് കണ്ടപ്പോൾ പട്ടിണിയാൽ തളർന്നുറങ്ങുന്ന മക്കളെ മറന്നു, മൂലയിൽ തളർന്നിരിക്കുന്ന പ്രിയ പത്നിയെ മറന്നു ...
കയ്യിലുണ്ടായിരുന്നത് ആറ് ദിർഹം. ആറ് ദിർഹമും ആ യാചകന് നൽകി. തൗഫീഖ് തന്ന അല്ലാഹുവിനെ സ്തുതിച്ചു ...
ഇപ്പോൾ പുതപ്പുമില്ല, ദിർഹമുമില്ല. ശൂന്യമായ കൈകളോടെ മഹാനവർകൾ തിരിച്ച് നടന്നു... കുറച്ചകലെ എത്തിയപ്പോൾ ഒരാൾ ഒരു കുതിരയെയും കൊണ്ട് വരുന്നു. അയാൾ അലി (റ)വിനെ സമീപിച്ചു ...
ഈ കുതിരയെ വിൽക്കാനുള്ളതാണ് (വീട്ടിൽ അരി വാങ്ങാൻ മാർഗമില്ലാത്ത) അലി (റ) പറഞ്ഞു: എന്റെ കൈയ്യിൽ പണമില്ല ...
അയാൾ : അതിന് വിഷമിക്കേണ്ട. എനിക്ക് ഇതിന് നൂറ് ദിർഹം വേണം. ഇതിനെ വിറ്റിട്ട് തന്നാൽ മതി ...
അലി (റ) കുതിരയെ 100 ദിർഹമിന് വാങ്ങി. കുതിരയെയും കൊണ്ട് നടന്നു. കുറച്ചങ്ങോട്ട് എത്തിയപ്പോൾ ഒരാൾ... അയാൾ ചോദിച്ചു: കുതിരയെ വിൽക്കാനാണോ...?
അലി (റ) പറഞ്ഞു: അതെ
എന്ത് വേണം... ?
എന്ത് തരും ...
ഞാനൊരു നൂറ്റി അറുപത് ദിർഹം തരാം ...
അലി (റ) സമ്മതിച്ചു. കുതിരയെ 160 ദിർഹമിന് വിറ്റു. കുതിരയെ തനിക്ക് തന്ന ആൾക്ക് നൂറ് ദിർഹം വേഗം തിരിച്ചു കൊടുത്തു...
ഇനി അറുപത് ദിർഹമുണ്ട്. ആറ് ദിർഹം തന്റെ നിർണായക ഘട്ടത്തിൽ ദാനം ചെയ്തതിന് അതിന്റെ പത്തിരട്ടി അറുപത് ദിർഹം അല്ലാഹു ഉടനെ തന്നെ നൽകി ...
(ആദ്യം യാചകനായി വന്നത് ജിബ്രീൽ (അ) ഉം പിന്നീട് കുതിരയെ മേടിക്കാൻ വന്നത് മീകാഈൽ (അ) ഉം ആയിരുന്നുവെന്ന് ചരിത്രത്തിൽ കാണാം ...)
നബി (സ) തങ്ങളുടെ പുന്നാരമോൾക്കു വാടക വീട്ടിൽ വന്നപ്പോൾ ഒരു പരുക്കൻ ജീവിതമാണു നയിക്കേണ്ടിവന്നത്. വീട്ടുജോലികളെല്ലാം സ്വയം നിർവഹിക്കണം. സഹായത്തിനൊരാളില്ല. തിരക്കല്ലിൽ ഗോതമ്പ് അരിച്ചെടുക്കണം. കല്ലിനു വലിയ ഭാരം. അതു തിരിക്കാൻ പ്രയാസം. റോസാദളംപോലെ മിനുസമുള്ള ഉള്ളംകൈ വേദനിച്ചു. കടുത്ത ദാരിദ്ര്യം. സാമ്പത്തിക നില വളരെ മോശം. അടുപ്പിൽ തീ കത്തിക്കുന്നതും ബുദ്ധിമുട്ടുതന്നെ. വിറകുകൊള്ളികൾ വച്ചു നന്നായി ഊതണം. നേരത്തെ ശീലമാക്കാത്ത പണികൾ. കല്ലു തിരിച്ചു കൈ വിങ്ങി. അടുപ്പിൽ ഊതിയൂതി മുഖത്തിന്റെ നിറം മങ്ങി. തീ കത്തിച്ചപ്പോൾ കൈ പൊള്ളി. പ്രിയ പത്നിയുടെ അവസ്ഥ കണ്ട് അലി (റ) വിഷമിച്ചു. ജോലികളിൽ സഹായിച്ചു. ദൂരെനിന്നു വെള്ളം കൊണ്ടുവരണം. വെള്ളം കൊണ്ടുവരുന്ന ജോലി അലി (റ) നിർവഹിക്കും. പല ജോലികളും ചെയ്യും ...
ഒരു ദിവസം അലി (റ) ഫാത്വിമയോടിങ്ങനെ പറഞ്ഞു:
നബിതങ്ങളുടെ അടുത്ത് കുറെ അടിമകൾ വന്നുചേർന്നിട്ടുണ്ട്. ഒരാളെ നമുക്കു തരാൻ പറയൂ... നീയൊന്നു ചെന്നു പറഞ്ഞു നോക്കൂ...
കേട്ടപ്പോൾ ആഗ്രഹം, വീട്ടിൽ സഹായത്തിനൊരാളാകുമല്ലോ ... ഫാത്വിമ (റ) പ്രതീക്ഷയോടെ വീട്ടിൽ നിന്നിറങ്ങി നടന്നു പിതാവിന്റെ സമീപത്തെത്തി. അവിടെ എത്തിയപ്പോൾ ലജ്ജ തോന്നി. ഒരു വേലക്കാരിയെ വേണമെന്ന് എങ്ങനെ പറയും... ? വീട്ടുജോലികളൊക്കെ താൻ തന്നെ ചെയ്യേണ്ടതല്ലേ ...?
എന്താ മോളെ വിശേഷം ...?
നബി (സ) സ്നേഹപൂർവ്വം മകളോടു ചോദിച്ചു ...
ഒന്നുമില്ല ഉപ്പാ വെറുതെ വന്നതാണ്. വന്ന കാര്യം പറയാതെ തിരിച്ചു പോന്നു ...
ഭാര്യ വെറുംകയ്യോടെ തിരിച്ചു വരുന്നതു കണ്ടപ്പോൾ ഭർത്താവിന് ഉൽക്കണ്ഠ ...
ഫാത്വിമാ എന്തു പറ്റി... ?
എനിക്കു ലജ്ജ തോന്നി. ഞാനൊന്നും പറഞ്ഞില്ല ...
നിന്റെ ഒരു ലജ്ജ. വരൂ നമുക്കു രണ്ടുപേർക്കും കൂടി പോകാം അലി (റ) നിർദേശിച്ചു ...
ഒരു വേലക്കാരിയെ കിട്ടിയാൽ കൊള്ളാമെന്നുണ്ട്. ചെന്നു ചോദിക്കാൻ ലജ്ജ അനുവദിച്ചില്ല ...
ഭർത്താവ് സ്നേഹപൂർവ്വം നിർബന്ധിച്ചപ്പോൾ പോകാമെന്ന് തീരുമാനിച്ചു. ഇരുവരും പുറപ്പെട്ടു. നബി (സ) തങ്ങളുടെ സമീപത്തെത്തി സലാം ചൊല്ലി. അലി (റ) വിനയപൂർവം ഇങ്ങനെ ഉണർത്തി :
ഫാത്വിമ വല്ലാതെ വിഷമിച്ചുപോയി. തിരക്കല്ല് തിരിച്ചു കയ്യിൽ നീരുകെട്ടി. അടുപ്പിൽ ഊതിയൂതി മുഖത്തിന്റെ നിറം മങ്ങി കൈ പൊള്ളി. ഒരു വേലക്കാരിയെ കിട്ടിയാൽ കൊള്ളാം ...
ഫാത്വിമ (റ) ലജ്ജയോടെ നിന്നു. വേണ്ടായിരുന്നു എന്ന തോന്നൽ ...
നബി (സ) ഇങ്ങനെ മറുപടി നൽകി ...
ദാസിമാരുണ്ട്. പക്ഷേ നിങ്ങൾക്ക് അവകാശപ്പെട്ടതല്ല ...
മറുപടി കേട്ടപ്പോൾ പിന്നൊന്നും പറയാൻ കഴിഞ്ഞില്ല. രാത്രി സമയം ഉള്ളതു കഴിച്ചു. ഉറങ്ങാൻ നേരമായി. ഉറങ്ങാൻ ഒരുങ്ങുമ്പോൾ വാതിലിൽ മുട്ടുന്നു. വാതിൽ തുറന്നു നബി (സ) മുമ്പിൽ നിൽക്കുന്നു ...
നബി (സ) അവരോടിങ്ങനെ പറഞ്ഞു:
നിങ്ങൾ എന്നോട് ഒരു ദാസിയെ ചോദിച്ചു. ഒരു ദാസിയെ ലഭിക്കുന്നതിനെക്കാൾ ഉത്തമമായ കാര്യം ഞാൻ നിങ്ങൾക്കു പഠിപ്പിച്ചു തരാം ...
" ഉറങ്ങാൻ പോകുമ്പോൾ സുബ്ഹാനല്ലാഹ് എന്നു മുപ്പത്തിമൂന്നു പ്രാവശ്യം ചൊല്ലുക ...
അൽഹംദുലില്ലാഹ് എന്നു മുപ്പത്തിമൂന്നു പ്രാവശ്യം ചൊല്ലുക ... അല്ലാഹു അക്ബർ എന്നു മുപ്പത്തിനാല് പ്രാവശ്യം ചൊല്ലുക ..."
നിങ്ങളുടെ ജോലികൾ നിങ്ങൾ തന്നെ ചെയ്തു തീർക്കണം. ഇവിടത്തെ സുഖങ്ങളെപ്പറ്റിയല്ല ചിന്തിക്കേണ്ടത്. പരലോകത്തെ സുഖങ്ങളെപറ്റി ചിന്തിക്കണം. അതിനുള്ള മാർഗം ചിന്തിക്കണം. ഉപ്പയുടെ ഉപദേശം മകളുടെ മനസിനെ വല്ലാതെ സ്പർശിച്ചു... പരലോകത്തെ സുഖങ്ങളെ കുറിച്ചാണ് ചിന്തിക്കേണ്ടത് ... ഇവിടത്തെ എല്ലാ സുഖങ്ങളും ത്യജിക്കാം... പരലോകത്തെ വിജയം ലഭിച്ചാൽ മതി...
അതിനുവേണ്ടി ഏതു കടുത്ത ത്യാഗവും ചെയ്യാം ... ഫാത്വിമ (റ)യുടെ മനസ് അതിനു തയ്യാറായി. പിന്നീടുള്ള ജീവിതം പരീക്ഷണങ്ങളുടേതായിരുന്നു ...