Wednesday - 22 April, 2026 4-Dhu al-Qadah-1447

ഉഖ്ബത്തിന്റെ ക്രൂരത

പരീക്ഷണങ്ങൾ നിറഞ്ഞ കാലഘട്ടം നീങ്ങിക്കൊണ്ടിരിക്കുന്നു. അതിന്നിടയിലൂടെ മോൾ വളർന്നു. ഇസ്ലാമിന്റെ പ്രകാശത്തിലാണ് മോൾ വളർന്നത്. ശിർക്കിന്റെ ഒരംശവും മോളെ സ്പർശിച്ചില്ല.  പക്വത വന്ന സ്ത്രീയെപ്പോലെയാണ് മോളുടെ പെരുമാറ്റം. ബുദ്ധിപരമായ സംസാരം. ഉപ്പായെ മോൾ ആശ്വസിപ്പിക്കും. ഉമ്മ മക്കളെ ആശ്വസിപ്പിക്കുംപോലെ...  


മോളുടെ മനസ്സിനെ പിടിച്ചുകുലുക്കിയ ഒരു സംഭവം നടന്നു. കഅബയുടെ സമീപത്ത് വെച്ചു നബി (സ) നിസ്കരിക്കുന്നു. കുറച്ചകലെ ഖുറൈശി പ്രമുഖന്മാർ സംസാരിച്ചു കൊണ്ടിരിക്കുന്നു.  ശൈബത്തുബ്നു റബീഅ, അബൂജഹൽ, ഉഖ്ബത്ത് ബ്നു അബീമുഐത്വ്, ഉമയ്യത്ത് ബ്നു ഖലഫ് ഇവരൊക്കെ അക്കൂട്ടത്തിലുണ്ട്...  


നോക്കൂ മുഹമ്മദ് നിസ്കരിക്കുന്നു... ഒരാൾ പറഞ്ഞു  അവനെ ഒരു പാഠം പഠിപ്പിക്കണം. അതിന്നു പറ്റിയ സന്ദർഭമാണിത് ...


അതാ ... അവിടെ ഒരൊട്ടകത്തിന്റെ കുടൽമാല കിടക്കുന്നു. ചീഞ്ഞ് ദുർഗന്ധം വരുന്നുണ്ട്. നല്ല ഭാരവും കാണും. അത് വലിച്ചു  കൊണ്ടു വന്ന് മുഹമ്മദിന്റെ കഴുത്തിലിടണം. സുജൂദ് ചെയ്യുമ്പോൾ കഴുത്തിലിടണം. തല ഉയർത്താൻ കഴിയില്ല. കാണാൻ നല്ല രസമായിരിക്കും. ആരാണത് ചെയ്യുക ...? അബൂ ജഹൽ ചോദിച്ചു ...


ചോദ്യം കേട്ട് ഉഖ്ബത്തുബ്നു അബീ മുഐത്വ് ആവേശഭരിതനായി ചാടിയെണീറ്റ് വിളിച്ചു പറഞ്ഞു:  


ഞാൻ തന്നെ. ഞാൻ തന്നെയത് ചെയ്യും.  ഉഖ്ബത്ത് ഓടിപ്പോയി ദുർഗന്ധം വമിക്കുന്ന ഒട്ടകക്കുടൽ വലിച്ചു കൊണ്ടു വന്നു. എന്തൊരു ഭാരം വല്ലാത്ത ദുർഗന്ധം കാരണം ആളുകൾ മൂക്കു പൊത്തി ...


നബി (സ) എല്ലാം സർവ്വശക്തനിൽ സമർപ്പിച്ചുള്ള നിസ്കാരത്തിലാണ്. സുജൂദിലേക്ക് പോയി. ഉഖ്ബത്ത് ഒട്ടകത്തിന്റെ കുടൽ നബി (സ) കഴുത്തിലേക്ക് വലിച്ചിട്ടു... 


 എന്തൊരു ഭാരം തല അനക്കാൻ പറ്റുന്നില്ല. എടുത്തുമാറ്റാനും കഴിയുന്നില്ല. ആരെങ്കിലും സഹായിച്ചാലേ പറ്റുകയുള്ളു... 


പൊട്ടിച്ചിരിയാണ് കേൾക്കുന്നത് ... ഹ......ഹ....ഹ......ഹ..... 

അബൂജഹലും കൂട്ടരും ആർത്തു ചിരിക്കുന്നു. ഉഖ്ബത്തിന്ന് ഒരു സാഹസികന്റെ ഭാവം ... 


ആരും വരുന്നില്ലല്ലോ എന്ത് ചെയ്യും. ദുർഗന്ധം സഹിക്കാനാവുന്നില്ല. കുടലിൽ നിന്നുള്ള നീര് ശരീരത്തിൽ പടരുന്നു. സഹിക്കാനാവുന്നില്ല. എന്തൊരു പരീക്ഷണം എന്റെ റബ്ബേ ....  

 

ആരോ കുടലിൽ പിടിച്ച് വലിക്കുന്നുണ്ട്. നീങ്ങുന്നില്ല. രണ്ട് കൊച്ചു കൈകൾ ശരീരത്തിൽ സ്പർശിക്കുന്നു.  ഫാത്വിമ മോളുടെ കൈകളാണോ... ?  ഈ ഭാരം കൂടിയ കുടൽ വലിച്ചു നീക്കാൻ ഈ കൊച്ചു കൈകൾക്കാവുമോ...?  കുടൽ മെല്ലെ നീങ്ങുന്നു. ശരിരത്തിലൂടെ അത് വഴുതി വീണു...  ഉപ്പാ....എന്റുപ്പാ..... മോൾ ഉറക്കെ  നിലവിളിക്കുന്നു ...  ഉപ്പയെ പിടിച്ചെഴുന്നേൽപിച്ചു ...


പഹയന്മാരേ നിങ്ങളീ ക്രൂരത കാണിച്ചല്ലോ...  ഫാത്വിമമോൾ ഖുറൈശികളുടെ നേരെ കൈചൂണ്ടി വിളിച്ചു പറഞ്ഞു. മോൾ അവരെ ശപിച്ചു ശകാരിച്ചു ... 

മോൾ പാത്രത്തിൽ വെള്ളം കൊണ്ടുവന്നു ഉപ്പയുടെ ശരീരം കഴുകി വൃത്തിയാക്കി. അപ്പോഴെല്ലാം തേങ്ങിക്കരയുകയായിരുന്നു. കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. ക്രൂരന്മാരുടെ പൊട്ടിച്ചിരി തുടരുന്നു ...  


ഉപ്പയുടെ മനസ്സിളകിപ്പോയിരിക്കുന്നു. സഹിക്കാനാവാത്ത ക്രൂരതയായിപ്പോയി. നിസ്കാരശേഷം അവർക്കെതിരെ പ്രാർത്ഥിച്ചു : 


അല്ലാഹുവേ ... ഈ ക്രൂരന്മാരുടെ കാര്യം ഞാൻ നിന്നെയേൽപിക്കുന്നു  ...


അല്ലാഹുമ്മ അലൈക്ക ബി ശൈബത്തി ബ്നി റബീഅഃ 


അല്ലാഹുമ്മ അലൈക്ക ബി അബീജഹൽ  


അല്ലാഹുമ്മ അലൈക്ക ബി ഉഖ്ബത്തിബ്നി അബീ മുഐത്വ് 


അല്ലാഹുമ്മ അലൈക്ക ബി ഉമയ്യത്തി ബ്നി ഖലഫ് 


നബി (സ) യുടെ പ്രാർത്ഥനയാണ് കേട്ടത് ... 


ഖുറൈശി പ്രമുഖർ ഈ ദുആ കേട്ട് നടുങ്ങിപ്പോയി. അവരുടെ ചിരിയടങ്ങി. മനസ്സിൽ ഭയം നിറഞ്ഞു. ഇവിടെ പേരെടുത്തു പറഞ്ഞ എല്ലാവരും ബദർ യുദ്ധത്തിൽ വധിക്കപ്പെട്ടു ...


മോൾ ഉപ്പയുടെ കൈപിടിച്ചു വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ... 


ഫാത്വിമ മോളുടെ പ്രവർത്തി ഉമ്മായെയും ഇത്താത്തമാരേയും അത്ഭുതപ്പെടുത്തി.  വലിയ ക്രൂരതകൾ വരാൻ പോവുന്നു എന്നതിന്റെ സൂചനയായി അവർ ഈ സംഭവം കണ്ടു ...