പലരും ഇസ്ലാം മതം സ്വീകരിക്കുന്നത് വളരെ രഹസ്യമായി. ഖുറൈശികൾ മർദ്ദനം ശക്തിപ്പെടുത്തി ...
ഉസ്മാനുബ്നു അഫ്ഫാൻ (റ) ധനികനായ കച്ചവടക്കാരനാണ്. സുന്ദരനായ ചെറുപ്പക്കാരൻ. അബൂബക്കർ (റ) പറഞ്ഞാണ് ഇസ്ലാം മതത്തെക്കുറിച്ചറിഞ്ഞത്. രണ്ട് പേരും ഉപ്പയെ കാണാൻ വന്നു സംസാരിച്ചു ഉസ്മാൻ (റ) ഇസ്ലാം മതം സ്വീകരിച്ചു. ഉസ്മാൻ (റ)വിനെ ഖുറൈശികൾ ക്രൂരമായി മർദ്ദിച്ചു. രാവും പകലും പീഡനം എങ്ങനെയോ ബന്ധനത്തിൽ നിന്ന് രക്ഷപ്പെട്ടു ...
പിന്നീടെപ്പോഴോ മോൾ ഒരു സംസാരം കേട്ടു. വിവാഹത്തെക്കുറിച്ചുള്ള സംസാരം. നന്നായി ശ്രദ്ധിച്ചു. ഇത്താത്തയെ കെട്ടിക്കാൻ പോവുന്നു റുഖിയ്യ ഇത്താത്തയെ ... ങാ....ഹാ.. ... കൊള്ളാമല്ലോ ..... ആരാണാവോ പുതിയപ്പിള ? അതൊന്നറിയണമല്ലോ ഉമ്മയോട് ചോദിച്ചു ...
ഉസ്മാൻ (റ)
സുന്ദരിയായ ഇത്താത്താക്ക് സുന്ദരൻ പുതിയാപ്പിള. നല്ല ചേർച്ച. രണ്ടു പേരും കൂടി ഒന്നിച്ചു നിന്നാൽ അത് കാണേണ്ട കാഴ്ച തന്നെ. വീട്ടിൽ അടക്കിപ്പിടിച്ച സംസാരം. ഖുറൈശികൾ ഈ വിവാഹം ഇഷ്ടപ്പെടില്ല. അത് കൊണ്ട് വിവാഹം വളരെ ലളിതമായി മതി. അധികമാരും അറിയണ്ട. ചുറ്റുപാട് വളരെ മോശം. വിവാഹം നടന്നു. വിവരം പുറത്തായി. ഖുറൈശികൾ ക്ഷുഭിതരായി. വധുവരന്മാരുടെ ജീവന്നു നേരെ വെല്ലുവിളി. എന്തും സംഭവിക്കാം ... ഒരു നാൾ ഉമ്മയുടെ മുഖം ശ്രദ്ധിച്ചു. ദുഃഖം താളം കെട്ടിയ മുഖം. കണ്ണുകൾ നിറയുന്നു. മോൾക്ക് സഹിക്കാനായില്ല. മോളുടെ കണ്ണുകളും നിറഞ്ഞു. മോൾ ഉമ്മയെ കെട്ടിപ്പുണർന്നു ...
ഉമ്മാ ഉമ്മയെന്തിനാ കരയുന്നത് ? മോളേ മോളുടെ ഇത്താത്ത പോവുകയാണ് ... എങ്ങോട്ട് ?
കടലിനക്കരെയുള്ള നാട്ടിലേക്ക് ...
എന്തിനാണുമ്മ പോവുന്നത്?
ശത്രുക്കളല്ലേ ചുറ്റും? അവരെന്തും ചെയ്യും ? ഇത് കേട്ടാൽ പിന്നെ മോൾക്ക് വിശപ്പില്ല ഉറക്കമില്ല ഒരേ ചിന്ത ...
റുഖിയ ഇത്താത്തയും ഭർത്താവും നാടുവിട്ടുപോന്നു. ആരുമറിയാതെ പോകണം. ഇരുട്ടത്ത് ഖുറൈശികളറിഞ്ഞാൽ ഓ ഓർക്കാൻ വയ്യ ... നേരെ മുമ്പിൽ ഇത്താത്ത...
റുഖിയത്താത്ത ... ഇത്താത്താ ... മോൾ ദയനീയമായി വിളിച്ചു. പൊന്നുമോളേ ... സഹോദരിമാർ കെട്ടിപ്പിടിച്ചു കരയുന്നു. കവിൾ കവിളോടു ചേർന്നു കണ്ണീർ കൂടിക്കലർന്നു. പിന്നെ വേർപെട്ടു. ഉപ്പയും ഉമ്മയും കണ്ണീരൊഴുക്കുന്നു...
ഉമ്മുകുൽസൂമിന്റെ കണ്ണീരിൽ മുങ്ങിയ മുഖം... ഉസ്മാൻ (റ) റുഖിയ ഇത്താത്തയുടെ കൈപിടിച്ചു. ഇരുട്ടുവീണ വഴിയിലേക്കിറങ്ങി അവർ നടന്നു. രണ്ടുരൂപങ്ങൾ അകന്നകന്നു പോയി. അവർ ഇരുട്ടത്ത് അപ്രത്യക്ഷമായി. മോളുടെ മനസ്സിളകിമറിഞ്ഞു. കണ്ണീരും നെടുവീർപ്പും ദുഃഖം നിറഞ്ഞ ദിവസങ്ങൾ... വീട്ടിലാകെ മൂകത തളംകെട്ടി നിന്നു. ഇസ്ലാം മതം സ്വീകരിച്ച അടിമകൾ ഓടിക്കയറി വരും. നിലവിളിച്ചുകൊണ്ടുവരും. മേലാകെ അടികൊണ്ട പാടുകൾ, മുറിവുകൾ, നീറ്റൽ...
സൃഷ്ടാവായ അള്ളാഹുവിങ്കൽ വിശ്വസിച്ചു ... മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകനാണെന്ന് വിശ്വസിച്ചു ... അതിന് കിട്ടിയ ശിക്ഷ കടുകടുപ്പം തന്നെ. ഉമ്മ അവരെ ആശ്വസിപ്പിക്കുന്നു ...
മരുന്ന് വെച്ചു മുറിവ് കെട്ടികൊടുക്കുന്നു. ആശ്വസിപ്പിക്കുന്നു. ഭക്ഷണം കൊടുക്കുന്നു. ഉമ്മയെ കാണുമ്പോൾ തന്നെ അവർക്കാശ്വാസം. ഇസ്ലാം മതം സ്വീകരിച്ച അടിമകൾക്കെല്ലാം അവർ ഉമ്മ തന്നെ. ഏറെ അകലെയല്ല ഉമ്മുഫള്ലിന്റെ വീട്. ആ വീടും സത്യവിശ്വാസം സ്വീകരിച്ച അടിമകളുടെ അഭയകേന്ദ്രമാകുന്നു. കരഞ്ഞുകൊണ്ട് ഓടി കിതച്ചു വരുന്ന അടിമകളുടെ മുഖത്തേക്ക് ഫാത്വിമോൾ അമ്പരപ്പോടെ നോക്കുന്നു ... എന്തൊരു കാഴ്ച ...!!!
ഉമ്മ ഇടക്കിടെ അവരുടെ ഇത്താത്തയെക്കുറിച്ചു പറയും, കണ്ണീരൊഴുക്കും. ഒരു ദിവസം ഉമ്മ ഉപ്പയോട് പറയുന്നത് കേട്ടു, അബ്സീനിയായിൽ നിന്ന് കപ്പൽ വരുന്ന ദിവസമാണ്. അവിടെ നിന്ന് വരുന്ന ആരോടെങ്കിലും ഉസ്മാനെ കണ്ടിരുന്നോ എന്നൊന്ന് ചോദിക്കൂ ...
ഉപ്പ വിട്ടിൽ നിന്നിറങ്ങി. കപ്പലിറങ്ങി വരുന്ന ആരെങ്കിലും വഴിയിലുണ്ടോ എന്നു നോക്കാൻ... കുറെ ദൂരം സഞ്ചരിച്ചു. മക്കയിലേക്ക് വരുന്ന ചില സഞ്ചാരികളെ കണ്ടു. അവരോട് സംസാരിച്ചു. ഉസ്മാനും ഭാര്യയും സുഖമായി ജീവിക്കുന്നു എന്ന വിവരം കിട്ടി. പിന്നെയൊട്ടും താമസിച്ചില്ല. വീട്ടിലേക്ക് ധൃതിപിടിച്ചു നടന്നു. സന്തോഷവാർത്ത ഭാര്യയേയും മക്കളെയും അറിയിക്കാൻ ...