അഹ്ലുബെത്ത് പിറക്കുകയായി. പിന്നീട് അവിടെ ഫാത്വിമ (റ)ക്ക് ആദ്യമായി ഒരു പൊന്നുമോൻ പിറന്നു. തിരുദൂതർ (സ) ആ കുഞ്ഞിന് ഹസൻ എന്ന് പേരിട്ടു. പിന്നീട് ഹുസയ്ൻ, മുഹ്സിൻ, സൈനബ, ഉമ്മുകുൽസൂം എന്നിവരും ഉണ്ടായി. (റുഖിയ്യ എന്നൊരു കുട്ടി കൂടിയുണ്ടായെന്നും അഭിപ്രായമുണ്ട് )
ഈ കുട്ടികൾ തിരുനബി (സ)യുടെ കണ്ണിലുണ്ണികളായിരുന്നു. അവിടുന്ന് അവരെ കണ്ട് സന്തോഷിച്ചു. അവരോടൊപ്പം സമയം ചിലവഴിച്ചു. കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ നോക്കിയിരിക്കുമ്പോൾ വല്ലുപ്പ പേരമക്കൾക്കൊപ്പം കളിയിലായിരിക്കും. ആ കളിയിൽ മക്കൾക്കനുസരിച്ച് അവിടുന്ന് കുനിഞ്ഞിരുന്ന് കൊടുക്കും. ഹസനും ഹുസയ്നും അവിടുത്തെ പുറത്ത് കയറിയിരിക്കും. അവിടുത്തെ വാഹനമാക്കും മക്കൾ. വല്യുപ്പ മക്കളുടെ വാഹനമായി മക്കളെയും പുറത്തേറ്റി മുട്ടുകുത്തി നടക്കും. ലോക നേതാവ് കാരുണ്യത്തിന്റെ കേദാരം അവിടുന്ന് കാണിച്ചുതരാത്ത മേഖലയുണ്ടോ .. ?
മക്കളോട് എങ്ങനെ വർത്തിക്കണമെന്ന് മാലോകർക്ക് കാണാൻ ഫാത്വിമ (റ)യുടെ വീട്ടിലേക്ക് ചെല്ലുക. അവിടെ മകളോടും പേരമക്കളോടും ഒരു പിതാവ് നേരംപോക്കുന്നത് കാണാം. അവിടുന്ന് ലോക നേതാവാണ്. ഭരണാധിപനാണ്. എണ്ണിയാൽ തീരാത്ത ദൗത്യങ്ങൾ നിറവേറ്റുന്നുണ്ട്. അതിനിടയിലും മക്കൾക്കൊപ്പം കളിക്കാൻ കൂടുന്നുണ്ട്...
നബി (സ) ആ മക്കൾക്ക് ഖിദ്മത്ത് ചെയ്ത് കൊടുക്കും. ഒരു രാത്രി ഹസൻ (റ) എന്ന കുഞ്ഞ് വെള്ളം വേണമെന്ന് പറഞ്ഞു. കുഞ്ഞിന്റെ ഉമ്മയും ഉപ്പയും (അലി. ഫാത്വിമ) അവിടെയുണ്ട്. നബി (സ) ഉടനെ കുഞ്ഞിന് വെള്ളം കൊടുത്തു ...
ഒരിക്കൽ നബി (സ) പൗത്രന്മാരായ ഹസൻ, ഹുസയ്ൻ (റ) എന്നിവരെ ചുംബിക്കുന്നത് അക്റാഹ് ബ്നു ഹാബിസ് കണ്ടു. അദ്ദേഹം പറഞ്ഞു: എനിക്ക് പത്തു മക്കളുണ്ട് ഞാനൊരാളെയും ചുംബിച്ചിട്ടില്ല ...
നബി(സ) പറഞ്ഞു: മറ്റുള്ളവരോട് കരുണ കാണിക്കാത്തവനോട് അല്ലാഹുവും കരുണ കാണിക്കുകയില്ല ...
ജാബിർ (റ) പറയുന്നു: ഞാനൊരിക്കൽ തിരുസന്നിധിയിൽ ചെന്നപ്പോൾ പേരക്കിടാങ്ങളായ ഹസനും ഹുസയ്നും നബി (സ)യുടെ മുതുകിൽ കയറിയിരിക്കുന്നു ...
ഉടനെ ഞാൻ പറഞ്ഞു: മുന്തിയ തരം വാഹനം. അന്നേരം നബി (സ) പറഞ്ഞു: വാഹനത്തിലിരിക്കുന്നവരും (മുന്തിയവർ തന്നെ)
ഒരിക്കൽ നബി (സ) സുജൂദിലായിരിക്കെ ഹസൻ (റ) അവിടുത്തെ മുതുകിൽ കയറിയിരുന്നു. ഹസൻ (റ) തന്റെ മുതുകിൽ നിന്ന് ഇറങ്ങുന്നതുവരെ നബി (സ) സുജൂദ് ദീർഘിപ്പിക്കുകയാണ് ചെയ്തത് ...