വല്ലാത്ത ഏകാന്തത. എല്ലാവരും പോയിക്കഴിഞ്ഞു. ഒടുവിൽ ഉപ്പയും പോയി. ഇടക്കിടെ വീട്ടിൽ വന്നു കാര്യങ്ങൾ അന്വേഷിക്കാറുള്ള അബൂബക്കർ (റ) കൂടെപ്പോയി. മക്ക ഇളകിമറിയുകയാണ്. ഉപ്പായെ പിടികൂടാൻ ഓടിനടക്കുകയാണ് ഖുറയ്ശികൾ പിടിച്ചുകൊടുക്കുന്നവർക്ക് ഇനാം പ്രഖ്യാപിച്ചിരിക്കുന്നു. സമ്മാനം നേടാൻ വേണ്ടി പലരും ഓടുന്നു ഉപ്പായുടെ അവസ്ഥയെന്ത്...?
മോളുടെ മനസ്സിൽ വെപ്രാളം. മദീനയിലേക്കുള്ള പാതയിലൂടെ വളരെ ദൂരം ഓടിച്ചെന്നത്രെ ശത്രുക്കൾ ഉപ്പയെ കണ്ടില്ല എവിടെയെങ്കിലും ഒളിച്ചിരിക്കുകയാണോ ? മലകളിലും പൊന്തകളിലും മുഴുവൻ തിരക്കി ഒരിടത്തും കണ്ടെത്തിയില്ല. ഖുറൈശികൾ നിരാശയായി മടങ്ങി. അവരുടെ മനസ്സിൽ പ്രതികാര ചിന്തകൾ എരിയുന്നു...
ഉമ്മയും ഉപ്പയുമില്ലാത്ത വീട്. ആ വീട്ടിൽ ഒറ്റപ്പെട്ടുപോയ രണ്ടു പെൺകുട്ടികൾ ഉമ്മുകുൽസൂം (റ) ഫാത്വിമ (റ). അവർക്കാശ്വാസമായി മറ്റൊരാൾ കൂടി ആ വീട്ടിലുണ്ട് സൈദ് ബ്നു ഹാരിസ് (റ). ഓർമ്മയില്ലേ സൈദിനെ അടിമച്ചന്തയിൽ നിന്ന് വാങ്ങിക്കൊണ്ടുവന്ന അടിമക്കുട്ടി ഇന്ന് കരുത്തുള്ള യുവാവാണ്. നബി (സ)യുടെ രണ്ട് പെൺമക്കളെ സംരക്ഷിക്കേണ്ട ചുമതല സൈദിനാണ്. ഖുറയ്ശികൾ ഏത് സമയവും കയറിവരാം ആക്രമിച്ചേക്കാം സൈദിന്ന് രാത്രി ഉറക്കമില്ല. ചെറിയൊരു ശബ്ദം കേട്ടാൽ ചാടിയെണീക്കും ശത്രുക്കൾ വരികയാണോ.. ?
ഈ പെൺകുട്ടികളെ എത്രയും വേഗം മദീനയിലെത്തിക്കണം എങ്കിലെ മനസ്സമാധാനമുള്ളൂ ... എളുപ്പമുള്ള പണിയല്ല. ഖുറൈശികൾ ആക്രമിക്കും. വളരെ രഹസ്യമായി കടന്നുകളയണം. ഉമ്മുഫള്ൽ (റ)വരും. കുട്ടികളുമായി സംസാരിക്കും. മദീന യാത്രയാണ് ചർച്ച. എത്രയും പെട്ടെന്ന് രക്ഷപ്പെടണമെന്ന് ഉമ്മുഫള്ൽ പറയും. ഒടുവിൽ നാടുവിടാൻ ദിവസം നിശ്ചയിച്ചു. സൈദ് (റ) ഒട്ടകത്തെ കൊണ്ടുവന്നു. ഒട്ടകക്കട്ടിൽ വെച്ചു. ഉമ്മുകുൽസൂമും ഫാത്തിമയും അതിൽക്കയറിയിരുന്നു. കാര്യമായിട്ടൊന്നും കരുതിയിട്ടില്ല കുറച്ചു ഭക്ഷണം, വെള്ളം, വസ്ത്രങ്ങൾ ...
സൈദ് (റ) ഒട്ടകത്തിന്റെ മൂക്കുകയർ പിടിച്ചു നടന്നു. ഒട്ടകം നടന്നു നീങ്ങി. കുട്ടികൾ തിരിഞ്ഞുനോക്കി. പ്രിയപ്പെട്ട വീട് ഉമ്മയും ബാപ്പയും താമസിച്ച വീട് ഇന്ന് വീട് നിശ്ശബ്ദമായി. കണ്ണുകൾ നിറഞ്ഞൊഴുകി... നിറകണ്ണുകളോടെ വിട. അധികമാരും സഞ്ചിരിക്കാത്ത വഴിയിലൂടെ നീങ്ങി. ഒട്ടകം ഉത്സാഹിച്ചു നടന്നു. മക്ക വിട്ടാൽ പിന്നെ പ്രയാസമില്ല. മക്ക വിട്ടില്ല അതിനു മുമ്പെ ശത്രു ചാടിവീണു. ഹുവൈരിസ് ... ആരെടാ ഒട്ടകപ്പുറത്തിരിക്കുന്നത് ? സൈദ് മറുപടി പറഞ്ഞില്ല. ഹുവൈരിസ് ഒട്ടകത്തിന്റെ മൂക്കുകയറിൽ കയറിപ്പിടിച്ചു. വിടെടാ ... പിടി വിടാൻ സൈദ് (റ) ശബ്ദിച്ചു ...
ഒട്ടകപ്പുറത്തുള്ളവരെ താഴെയിറക്കെടാ ...
താഴെ ഇറക്കില്ല ...
ഞാനിറക്കും ...
മര്യാദക്കു മാറിനിന്നോ ...?
ഹുവൈരിസ് വാൾ ചുഴറ്റി. രണ്ടുപേരും ഏറ്റുമുട്ടി ...
കുട്ടികൾ ഞെട്ടിവിറച്ചു ...
ഹുവൈരിസ് ഒട്ടകത്തെ വെട്ടി. അത് വേദനകൊണ്ട് പുളഞ്ഞു. വീണ്ടും വെട്ടി. ഒട്ടകം മറിഞ്ഞു വീണു. ഒട്ടകക്കട്ടിൽ തെറിച്ചുപോയി. പെൺകുട്ടികൾക്ക് വേദനിച്ചു. മനസ്സും ശരീരവും കഠിനമായി വേദനിച്ചു. ഒട്ടകക്കട്ടിലിൽ നിന്ന് പുറത്തു കടന്നു. മരുഭൂമിയിലൂടെ ഓടി. പ്രവാചക പുത്രിമാർ ജീവനും കൊണ്ടോടുന്നു. എന്തൊരു രംഗം...?
സൈദ് പിന്നാലെ ഓടി. ശത്രു ആർത്തു ചിരിച്ചു. ബേജാറ് നിറഞ്ഞ കാൽനടയാത്ര. ദിവസങ്ങളോളം നടന്നു. കാലുകൾ വല്ലാതെ വേദനിച്ചു. ശരീരം തളർന്നു വാടിയ പൂക്കൾ പോലെയായി പ്രവാചകപുത്രിമാർ. ഒടുവിലവർ മദീനയിലെത്തി. മക്കളുടെ കോലം കണ്ടു നബി (സ) കരഞ്ഞുപോയി. മുസ്ലിംകൾ വാർത്ത കേട്ട് നടുങ്ങിപ്പോയി. ഫാത്വിമമോൾ ഉപ്പയെ കെട്ടിപ്പിടിച്ചു കരഞ്ഞു. സാരമില്ല മക്കളേ ഇങ്ങെത്തിയല്ലോ ... ഉപ്പയുടെ സാന്ത്വനം. മോളുടെ ജീവിതം പറിച്ചുനടപ്പെട്ട ജീവിതം. മക്കയിൽ നിന്ന് മദീനയിലേക്ക്. ഇവിടെ ഖുറൈശികളുടെ മർദ്ദനമില്ല. നിസ്കരിക്കാം... വിശുദ്ധ ഖുർആൻ പാരായണം ചെയ്യാം... ദീനിനെപ്പറ്റി സംസാരിക്കാം...
ഉപ്പയുടെ കാര്യങ്ങൾ ഫാത്വിമമോൾ നോക്കുന്നു ... ഉപ്പാക്ക് മോൾ ഉമ്മയെപ്പോലെയായി. മോൾ കാര്യങ്ങളന്വേഷിക്കും. അഭിപ്രായം പറയും. നിർദ്ദേശങ്ങൾ കൊടുക്കും. ഉപ്പ അംഗീകരിക്കും....
ആഇശ (റ) ഭാര്യയായി വന്നു. രണ്ടു ചെറുപ്പക്കാരികൾ. ആഇശയും ഫാത്വിമയും. ബുദ്ധിമതികൾ, സുന്ദരികൾ പിന്നീടവർ പണ്ഡിത വനിതകളായി മാറി ... ത്യാഗത്തിന്റെയും സഹനത്തിന്റെയും ഇതിഹാസങ്ങളായി ഇഹത്തിലും പരത്തിലും വാഴ്ത്തപ്പെട്ടവരായി ...