Saturday - 13 June, 2026 26-Dhu al-Hijjah-1447

അന്ത്യയാത്ര

ബഹിഷ്കരണം ..ൻമക്കാ പട്ടണത്തിൽ നിന്നുള്ള ബഹിഷ്കരണം ... ആരും കണ്ടാൽ മിണ്ടില്ല. കണ്ട ഭാവമില്ല. ഒരു സാധനം തരില്ല. കൊടുത്താൽ വാങ്ങില്ല. എവിടേയും വെറുപ്പിന്റെയും അവജ്ഞയുടേയും നോട്ടം. മക്കയിൽ ഒറ്റപ്പെട്ടുപോയി ഉപ്പയും ഉമ്മയും അടുത്ത ബന്ധുക്കളും. അവർക്കാണ് ഈ  അനുഭവം. കൈയിൽ പണമുണ്ടായിട്ടും കാര്യമില്ല. ആരും ഒന്നും തരില്ല പച്ചവെള്ളം പോലും...


 ബഹിഷ്കരിച്ചവരുടെ മുഖം കാണേണ്ട. ജനക്കൂട്ടത്തിൽ നിന്ന് അകന്ന് താമസിക്കാം. ഇതിനേക്കാൾ ഭേദം അതാണ്. മലഞ്ചെരിവിലേക്കു മാറിത്താമസിച്ചു. താൽക്കാലികത്തമ്പുകളിൽ കൊണ്ടുവന്ന ഭക്ഷ്യവസ്തുക്കൾ തീർന്നപ്പോൾ പട്ടിണിയായി. മലഞ്ചെരിവിൽ പട്ടിണിയാണെന്ന് പട്ടണത്തിലുള്ള ചിലർ അറിഞ്ഞു. അവർ ഭക്ഷണവുമായി പുറപ്പെട്ടു. അവരെ ഖുറൈശികൾ വഴിയിൽ തടഞ്ഞു. ചിലർ രാത്രിയിൽ രഹസ്യമായി വന്നു ഭക്ഷണപ്പൊതികൾ നൽകി. ഫാത്വിമമോൾ എല്ലാം അനുഭവിക്കുകയാണ്. എന്തൊരു പരീക്ഷണം...  എന്നാണിതവസാനിക്കുക...?


മോൾക്കറിയില്ല. മോളുടെ മുഖം വാടി. ഉമ്മബാപ്പമാർക്ക് വെപ്രാളമായി. ഉമ്മു കുൽസൂം ഇത്താത്തയും ക്ഷീണിച്ചു. മാസങ്ങൾ കടന്നുപോയി. ഉമ്മായും ക്ഷീണിച്ചു അബൂത്വാലിബ് വല്യുപ്പായുടെ തണലിൽ കഴിഞ്ഞു കൂടുന്നു ദാഹിച്ചും വിശന്നും മനുഷ്യരെല്ലാം വലഞ്ഞു ശരീരം മെലിഞ്ഞു. മിക്ക ദിവസവും പട്ടിണി. മലഞ്ചെരിവിൽ വളരുന്ന ചില ചെടികളുടെ ഇലകൾവരെ ഭക്ഷിച്ചു.  കത്തിപ്പടരുന്ന വെയിൽ വല്ലാത്ത ചൂട്.  ഉമ്മ ക്ഷീണിച്ചു അവശയായി. രോഗം ബാധിച്ചു നടക്കാൻ പോലും പ്രയാസം... 


കൊല്ലങ്ങൾ കടന്നുപോയി. കുറെ നല്ല മനുഷ്യർ മക്കയിൽ ശബ്ദമുയർത്തി. ഒരു കൂട്ടം മനുഷ്യരെ മലഞ്ചരിവിൽ പട്ടിണിക്കിട്ട് കൊല്ലുകയോ...? ആ ചോദ്യം പലരേയും തൊട്ടുണർത്തി. അതൊരു ചലനമായി മാറി. അങ്ങനെ ബഹിഷ്കരണം അവസാനിച്ചു. മോൾ ഉമ്മയുടെ കൈപിടിച്ചു  ഉമ്മാ എഴുന്നേൽക്കൂ നമുക്കു പോകാം വീട്ടിലേക്കു പോകാം ... വർഷങ്ങളുടെ കഠിനമായ ത്യാഗം ഫാത്വിമ മോൾക്ക് നല്ല കരുത്ത് നൽകിയിട്ടുണ്ട്. മലഞ്ചെരിവിൽ നിന്നവർ പുറപ്പെടുന്നു.  പട്ടിണിക്കോലങ്ങൾ വീട്ടിലെത്തി...


 അഴുക്കും പൊടിയും നിറഞ്ഞ വീട് അടിച്ചു വാരി തുടച്ചു വൃത്തിയാക്കി. ഉമ്മ കിടന്നു  പറ്റെ അവശയായിട്ടുണ്ട്. മരുന്നു കൊടുക്കുന്നു വെള്ളം കൊടുക്കുന്നു. പഴയ കൂട്ടുകാരികളൊക്കെ കാണാൻ വരുന്നു. കണ്ടുമടങ്ങുന്നു. സംസാരശേഷി കുറഞ്ഞിരിക്കുന്നു. വളരെ പ്രയാസപ്പെട്ടു നിസ്കരിക്കുന്നു...


 മക്കയിലെ ധനികയായ കച്ചവടക്കാരിയായിരുന്നു ഉമ്മ. ധനമെല്ലാം ദാനം ചെയ്തു. ബഹിഷ്കരണ കാലത്ത് കച്ചവടം നിലച്ചു. ഇന്ന് ദാരിദ്ര്യത്തിന്റെ  അവസ്ഥ. ഉപ്പയുടെ മുഖത്ത് ദുഃഖം. ഖദീജ തന്റെ അഭയകേന്ദ്രം ഇതാ തളർന്നുവീണു കിടക്കുന്നു. എല്ലാം ദീനിനു വേണ്ടി ത്യജിച്ചു. അല്ലാഹുവിന്റെ പ്രവാചകന്ന് താങ്ങും തണലുമായി നിന്നു. ഇന്നിതാ ശക്തിയറ്റ് കിടക്കുന്നു. മരണത്തിന്റെ കാലൊച്ച...


മരണത്തിന്റെ കാർമേഘം താഴ്ന്നു വരുന്നു.  ഫാത്വിമ മോളും ഉമ്മുകുൽസൂം ഇത്താത്തയും ഉപ്പയും മറ്റുബന്ധുക്കളും ഉൽക്കണ്ഡയോടെ നിൽക്കുന്നു. മെല്ലെ കണ്ണുകൾ അടയുന്നു. ശ്വാസം നിലയ്ക്കുന്നു. ഖദീജ (റ) മരണപ്പെട്ടു...


"ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ" 


ഫാത്വിമാമോൾ  ചുണ്ടുകൾ കടിച്ചു പിടിച്ചു ദുഃഖം കടിച്ചമർത്തി നോക്കി. കഴിയുന്നില്ല കണ്ണുനീരിന്ന് നിയന്ത്രണമില്ല. അത് ചാലിട്ടൊഴുകുന്നു. നിയന്ത്രണങ്ങൾ തകർന്നുപോയി. മോളുടെ ശബ്ദം പൊങ്ങി  എന്റെ ഉമ്മാ ...


ആരൊക്കെയോ മോളെ കെട്ടിപ്പിടിച്ചു  കട്ടിലിൽ കൊണ്ടുപോയി ഇരുത്തി. കണ്ണീർ തുടച്ചു കൊടുത്തു. മോൾ തളർന്നു കിടന്നുപോയി. ജനങ്ങൾ ഒഴുകിക്കൂടി... അന്ത്യയാത്ര പറയാൻ... സ്ത്രീകൾ ഒരു നോക്കു കാണാൻ തിക്കിത്തിരക്കി... മരണാനന്തര കർമ്മങ്ങൾ ഓരോന്നായി നിർവ്വഹിക്കപ്പെട്ടു. മയ്യിത്ത് കട്ടിൽ വന്നു... ഖദീജ (റ) യുടെ ഭൗതിക ശരീരം അതിലെടുത്തുവെച്ചു. എല്ലാം പൂർത്തിയായി. ഇനിയാത്ര ... അന്ത്യയാത്ര ... മയ്യിത്ത് കട്ടിൽ നീങ്ങിപ്പോയി കൂടെ ജനക്കൂട്ടവും ...


ജനാസ ഖബറിലേക്കിറക്കി. ഖബർ മൂടി. മീസാൻ കല്ലുകളുയർന്നു. ഖദീജ (റ) മണ്ണിലേക്ക് മടങ്ങി. ഇനിയുമവർ ജീവിക്കും ഇസ്ലാമിക ചരിത്രത്തിന്റെ താളുകളിൽ... ലോകാവസാനം വരെയുള്ള മുസ്ലിംകളുടെ മനസ്സുകളിൽ...


നബി (സ)യെക്കുറിച്ചു പറയപ്പെടുമ്പോൾ ഖദീജ (റ)യും അനുസ്മരിക്കപ്പെടും ... ഫാത്വിമമോൾ ചുറ്റും നോക്കി. ഉമ്മയില്ലാത്ത വീട് ... ആ സ്നേഹ സ്പർശം ഇനിയില്ല. ഇനിയുള്ള ജീവിതയാത്രയിൽ ഉമ്മയുടെ കൂട്ടില്ല ... ഉപ്പാക്ക് ഇനിയാര് കൂട്ട്...? 


ഇനി ഞാൻ ...ഈ മോൾ തന്നെ ...