Wednesday - 22 April, 2026 4-Dhu al-Qadah-1447

ഓമന മകളുടെ ജനനം

മക്കയിലൊരു വെള്ളപ്പൊക്കമുണ്ടായി. മലകളിൽ നിന്ന് വെള്ളം കുത്തിയൊലിച്ചു വന്നു. കഅബാലയത്തിന്നു ചുറ്റും പ്രളയം. മക്കയിൽ നടന്ന വലിയ അത്യാഹിതം വീടുകൾ നിലം പൊത്തി. പ്രളയത്തിൽ കഅബാ ശരീഫിന്നും കേടുപറ്റി. മക്കക്കാരെല്ലാം കഅബാലയത്തിന്നു ചുറ്റും ഒത്തു കൂടി കേടുപാടുകൾ തീർക്കണം. ചിലർ പറഞ്ഞു പുതുക്കിപ്പണിയണം വേറെ ചിലർ  ഏതിനും കാണും അഭിപ്രായ വ്യത്യാസങ്ങൾ. ചർച്ചക്കൊടുവിൽ തീരുമാനവും വന്നു. കഅബ പുതുക്കിപ്പണിയണം ഖുറൈശി ഗോത്രത്തിലെ ഓരോ വീട്ടുകാരും പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കണം... 


പുനരുദ്ധാരണത്തിന്ന് ഫണ്ട് രൂപീകരിച്ചു. ചുമരുകൾ പൊളിച്ചു നീക്കി പണി തുടങ്ങി. എല്ലാവരും സജീവം. കാഴ്ചക്കാർ ധാരാളം പുണ്യഭവനം കെട്ടുകയല്ലേ... ചുമരുയർന്നു. ഹജറുൽ അസ്വ്വദ് വെക്കേണ്ട ഘട്ടമായി ആ കർമ്മം ആര് നിർവഹിക്കും...?  ചോദ്യമുയർന്നു തർക്കവും തുടങ്ങി. ആ അവകാശം ആർക്കും വിട്ടുകൊടുക്കാനാവില്ല. വിട്ടുകൊടുക്കാൻ പറ്റുന്നതല്ലല്ലോ ഈ അവകാശം. തർക്കം മൂത്തു. തർക്കം മൂത്താൽ അറബികൾ ആയുധമെടുക്കും...  അതുകൊണ്ട് തർക്കം വേണ്ട പരിഹാരമില്ലാത്ത പ്രശ്നമുണ്ടോ ?


 പ്രശ്നത്തിന് പരിഹാരമുണ്ടോ എന്നാരായാൻ ചർച്ച വളരെ നേരമായിട്ടും പ്രശ്നപരിഹാരം കണ്ടെത്തിയില്ല. ഒരാൾ എഴുന്നേറ്റ് നിന്ന് ഇങ്ങനെ നിർദ്ദേശിച്ചു   നോക്കൂ അബൂ ഉമയ്യത്തിനെ നോക്കൂ, നമുക്കിടയിലെ ഏറ്റവും പ്രായമുള്ള ആളാണദ്ദേഹം. അദ്ദേഹം ഒരു തീരുമാനം പറയട്ടെ  നമുക്കത് അംഗീകരിക്കാം ആ നിർദ്ദേശം എല്ലാവരും സ്വീകരിച്ചു... 


അബൂ ഉമയ്യ : 

അദ്ദേഹം സദസ്സിന്റെ ശ്രദ്ധാകേന്ദ്രമായി. ചിലരോടൊക്കെ രഹസ്യസംഭാഷണം നടത്തി. അവസാനം ഇങ്ങനെ പ്രഖ്യാപിച്ചു. ഇങ്ങോട്ട് ആദ്യം കടന്നു വരുന്ന ആളെ നമുക്കു മധ്യസ്ഥനാക്കാം. അദ്ദേഹം പറയുന്ന തീരുമാനം സ്വീകരിക്കാം.  ആ നിർദ്ദേശം എല്ലാവരും അംഗീകരിച്ചു. ഒരാൾ വരണം എല്ലാവരും കാത്തിരുന്നു... 


അതാ വരുന്നു ഒരാൾ... ആകാംക്ഷയോടെ നോക്കി. അൽഅമീൻ അടുത്തെത്തി. എല്ലാവരും ചുറ്റും കൂടി. അബൂ ഉമയ്യ തീരുമാനം അറിയിച്ചു. അൽ അമീൻ അൽപനേരം ചിന്തിച്ചു. തന്റെ മേൽമുണ്ട് നിലത്ത് വിരിച്ചു. ഹജറുൽ അസ്വദ് അതിൽ എടുത്തു വെച്ചു. ഓരോ വിഭാഗത്തിൽ നിന്നും ഓരോ നേതാവിനെ വീതം വിളിച്ചു മേൽമുണ്ട് ഉയർത്താൻ പറഞ്ഞു. എല്ലാവരും കൂടി ഉയർത്തി ആവശ്യമായ ഉയരമെത്തിയപ്പോൾ നബി (സ) തന്നെ ഹജറുൽ അസ്വദ് നീക്കിവെച്ചു. എല്ലാവർക്കും ആശ്വാസം. അങ്ങനെ ഒരു കലാപം നീങ്ങിപ്പോയി. ഈ സംഭവം നടക്കുമ്പോൾ നബി (സ) തങ്ങൾക്ക് മുപ്പത്തഞ്ച് വയസ്സ് പ്രായം... 


ഈ മുപ്പത്തഞ്ചാം വയസ്സിലാണ് ഓമനമകൾ ഫാത്വിമ (റ) ജനിച്ചതും. രണ്ടും അവിസ്മരണീയ സംഭവങ്ങൾ തന്നെ.  ഹജറുൽ അസ്വദ് വെക്കുന്ന കാര്യം ഒരു വൻവിപത്തായി മാറുമെന്ന് ഭയന്ന നാളുകൾ മക്കയിലുടനീളം ഉൽക്കണ്ഠയായിരുന്നു. രക്തച്ചൊരിച്ചിലുണ്ടാകുമെന്നു ഭയന്ന കാലം. ഓരോ വീട്ടിലും വാശി മൂത്തു വന്നു ഉൽക്കണ്ഠയും. ആ ഉൽക്കണ്ഠയാണ് അൽഅമീൻ നീക്കിക്കളഞ്ഞത്. ഇത് അൽഅമീന്റെ പേരും പെരുമയും വർദ്ധിപ്പിച്ചു. വ്യക്തിത്വത്തിന്റെ തിളക്കം കൂട്ടി. കുഞ്ഞിന്റെ ജനനം അൽഅമീനെ കോരിത്തരിപ്പിച്ചു. വീട്ടിൽ ആഹ്ലാദം അലതല്ലി... 


മക്കയിലെ കൂലീന വനിതയാണ് ഖദീജ (റ). ധനികയായ കച്ചവടക്കാരി. അശരണരുടെയും അഗതികളുടെയും അഭയകേന്ദ്രം. നബി (സ) ഖദീജ (റ)യെ വിവാഹം കഴിച്ചിട്ട് പത്തു വർഷം കഴിഞ്ഞിരിക്കുന്നു.  ഇതിന്നിടയിൽ ജനിച്ച ആൺകുട്ടികളെല്ലാം മരണപ്പെട്ടു. പെൺകുട്ടികൾ ബാക്കിയായി. ഫാത്വിമ മെല്ലെ വളരുകയാണ്. മാതാപിതാക്കളുടെ ഓമന മകൾ. എടുത്താലും ഓമനിച്ചാലും മതിവരില്ല. നല്ല അഴകുള്ള കുട്ടി. ചുറുചുറുക്കുള്ള പൊന്നു മോൾ. ബുദ്ധിമതി...


 ആ കളിയും ചിരിയും വീട്ടിലാകെ സന്തോഷം പരത്തി. വാത്സല്യത്തിന്റെ നിറകുടമായ ഉമ്മ. കളിക്കൂട്ടുകാരികളെപ്പോലെ മൂന്നു ഇത്താത്തമാർ. സൈനബ ഇത്താത്ത, റുഖിയ്യ ഇത്താത്ത, ഉമ്മുകുൽസൂം ഇത്താത്ത ഏറ്റവും ഇളയവളാണ് ഫാത്വിമ (റ) ...


നല്ല ചുണയും ചുറുചുറുക്കുമുള്ള ഇത്താത്തമാർ. അവർ കൊച്ചനുജത്തിയെ മാറിമാറി എടുത്തോമനിച്ചു. എല്ലാവരും ഒന്നിച്ചിരുന്നു കളിക്കും. ഹരം പിടിച്ചു ചിരിക്കും. കഥ പറഞ്ഞു രസിക്കും. വീട്ടിലെന്നും വിരുന്നുകാർ. അടുക്കള എപ്പോഴും സജീവം. ഉപ്പാക്ക് മോളോട് എന്തെന്നില്ലാത്ത വാത്സല്യം...


 മോൾക്കാണെങ്കിൽ ഉപ്പ അടുത്തു വേണം. മോൾക്ക് വയസ്സ് നാലായി. ഉപ്പായെ എപ്പോഴും കിട്ടാതെയായി. ചില ദിവസങ്ങളിൽ ഉപ്പായെ കാണുകയേയില്ല. രാത്രിയിൽ ഉമ്മായുടെ കൂടെ ഉറങ്ങാൻ കിടക്കുമ്പോൾ ഉപ്പായെ ഓർക്കും ...