മറ്റൊരുദിവസം അടക്കാനാവാത്ത കാമവെറിയുമായി അന്നും അബ്‍ദുറഹ്മാൻ ബീവിയുടെ അന്തപുരത്തിലെത്തി. അയാൾ ബീവിയെ തന്നിലേക്ക് വശീകരിക്കാൻ വേണ്ടി അനുനയ സ്വരത്തിൽ പലതും പറഞ്ഞു. പക്ഷെ, അയാൾ എന്തുപറഞ്ഞിട്ടും ബീവിയെ വശീകരിക്കാൻ കഴിഞ്ഞില്ല. തന്നെയുമല്ല ഇപ്രാവശ്യം അവൾ വളരെ ശക്തമായ ഭാഷയിൽ അയാളെ ശകാരിച്ചു ...
എടോ നന്ദികെട്ട മൃഗമേ... അൽപ്പമെങ്കിലും മനുഷ്യത്വമുണ്ടെങ്കിൽ എന്നോട് ഇത്തരമൊരു മനോഭാവം നിനക്ക് തോന്നുകയില്ലായിരുന്നു. നിന്നെ സ്നേഹിച്ച് ലാളിച്ച് വളർത്തിയ സഹോദരനെ വഞ്ചിക്കുവാനാണോ നീ ഉദ്ദേശിക്കുന്നത് ... അള്ളാഹു (സു) നിഷിദ്ധമാക്കിയ വ്യഭിചാരമെന്ന വൻ കുറ്റത്തിലേക്കാണോ എന്നെ നീ ക്ഷണിക്കുന്നത്... ഇല്ല ഒരിക്കലും ഞാനതിന് സമ്മതിക്കുകയില്ല. എന്റെ ശരീരത്തിൽ ജീവന്റെ ഒരംശമുണ്ടെങ്കിൽ ഈ നീചകൃത്യത്തിന് ഞാൻ അനുവദിക്കുകയില്ല...
അസൂറാബീവിയുടെ ശകാര വചനങ്ങൾ കേട്ട് ലജ്ജിച്ച് തലതാഴ്ത്തി അബ്‌ദുറഹ്മാൻ തിരിച്ചുപോന്നു...
അവൾ തന്നെ ശകാരിച്ചു, നാണക്കേടാക്കി. ഒരു പതിവൃത വന്നിരിക്കുന്നു, കാണിച്ചുകൊടുക്കാം അവളുടെ പാതിവൃത്യം. അയാളുടെ ഹൃദയത്തിൽ പ്രതികാരാഗ്നി ആളിക്കത്തുകയായിരുന്നു. താൻ ഏതായധികം മോഹിച്ച് ചെന്നതാണ്. എന്നിട്ട് പുഴുത്ത പട്ടിയെപ്പോലെ എന്നെ ആട്ടിക്കളഞ്ഞില്ലേ... ഇല്ല ആസൂറയെ വെറുതെ വിട്ടുകൂടാ ... ഊണിലും ഉറക്കിലും ഈ ഒരു ചിന്ത മാത്രമായി അബ്‍ദുറഹ്മാന്. അസൂറയോട് പ്രതികാരം ചെയ്യണം, പക്ഷെ എങ്ങിനെ ...? ചിന്തിച്ച് ചിന്തിച്ച് ഭരണ കാര്യങ്ങളിൽ പോലും ശ്രദ്ധ ഇല്ലാതെയായി. ആലോചിച്ചാലോചിച്ച് ശരീരം പോലും ശോഷിച്ചു ...
അബ്‍ദുറഹ്മാൻ രാജാവിന് വന്ന ഈ ഭാവമാറ്റം പലരും ശ്രദ്ധിച്ചു. അദ്ദേഹത്തിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരെന്നറിയപ്പെടുന്ന മൂന്നാല് സുഹൃത്തുക്കളുണ്ട്. അവർ കൊട്ടാരത്തിൽ ചിന്തയിൽ മുഴുകിക്കൊണ്ടിരിക്കുന്ന രാജാവിനെ സമീപിച്ചുകൊണ്ട് ആരാഞ്ഞു ...
" അല്ലയോ തിരുമേനി, കുറെ നാളായി അങ്ങയിൽ ഒരു ഭാവമാറ്റം ഞങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിയിട്ട്. എപ്പോഴും ചോദിക്കണമെന്ന് വിചാരിക്കും. അങ്ങയെ അലട്ടുന്ന സ്വകാര്യ ദുഃഖമെന്താണ് ...? എന്തു തന്നെയായാലും ഞങ്ങളോട് തുറന്നു പറയുക. ജീവൻ കളഞ്ഞും അങ്ങയുടെ അഭീഷ്ട സിദ്ധിക്കുവേണ്ടി ഈ ദാസന്മാർ പ്രവർത്തിക്കുമെന്ന് വാക്ക് തരുന്നു ..."
സേവകരുടെ കുത്തിക്കുത്തിയുള്ള ചോദ്യത്തിന് മുമ്പിൽ അയാൾ മുട്ടുകുത്തി. തന്റെ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നം അവരുടെ മുന്നിൽ അവതരിപ്പിച്ചു ...
" അവൾ എന്റെ ആഗ്രഹത്തിന് വഴങ്ങിയില്ല. അവളെ കൊല്ലണം എന്നാലേ എന്റെ മനസ്സിന് സമാധാനം ലഭിക്കുകയുള്ളൂ. പക്ഷെ ... ജ്യേഷ്ഠൻ. അദ്ദേഹം വന്നാൽ ഞാനെന്തുപറയും. അവളെ വെറുതെ വിട്ടാലും ആപത്താണ്. സഹോദരനോട് എല്ലാം തുറന്ന് പറയും. പിന്നെ ജീവിച്ചിരുന്നിട്ടെന്തു കാര്യം ..."
തിരുമേനി ചെകുത്താനും കടലിനുമിടയിൽ ആണെന്ന് അനുചരന്മാർക്ക് മനസ്സിലായി. അവർ അദ്ദേഹത്തെ സമാശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു :
" അങ്ങ് ഒന്നുകൊണ്ടും വ്യാകുലപ്പെടേണ്ട. അങ്ങേക്ക് പിണഞ്ഞ ആപത്ത് ഞങ്ങളേത് കൂടിയാണ്. അതിൽനിന്ന് രക്ഷപ്പെടുത്തുന്ന കാര്യം ഞങ്ങളേറ്റു..."
"എങ്ങിനെ ...?" രാജാവ് ചോദിച്ചു ...
" എങ്ങിനെ ...? അവരും ചിന്തിച്ചു...
ചിന്തിച്ച് ചിന്തിച്ച് ഒരു തീരുമാനത്തിലെത്തി ...