Wednesday - 22 April, 2026 4-Dhu al-Qadah-1447

ദീനവിലാപം വനരോധനം

സഹോദരനോട് ക്രൂദ്ധനായി സംസാരിച്ചതിൽ ബീവിക്ക് മനോദുഃഖമുണ്ടായി. എന്തു ചെയ്യാൻ... അപ്പോൾ രക്ഷപ്പെടാൻ അതല്ലാതെ മാർഗ്ഗമുണ്ടായില്ല. അദ്ദേഹത്തിന് അള്ളാഹു (സു)നല്ല ബുദ്ധി കൊടുക്കട്ടേ എന്ന് അവർ ആത്മാർത്ഥമായി പ്രാർത്ഥിച്ചു. നിസ്കാരത്തിലും ദിക്റിലും ദുആയിലുമായി അവർ ദിനരാത്രങ്ങൾ കഴിച്ചുകൂട്ടി...


രാജകൊട്ടാരത്തിലെ ഭൃത്യനാണ് സൈദ് അബ്‌ദുല്ല. രാജാവിന് ഏറ്റവും പ്രിയപ്പെട്ട ഭൃത്യൻ.  രാജസേവകാരായ കഴിഞ്ഞ അധ്യായത്തിൽ പറഞ്ഞ നാലുപേർ ഒരവസരത്തിൽ അയാളെ രഹസ്യമായി വിളിച്ചുവരുത്തിക്കൊണ്ട് പറഞ്ഞു ...


" സൈദിനെ വളരെ പ്രധാനപ്പെട്ട ഒരു വിഷയമേല്പിക്കാൻ വേണ്ടിയാണ് ഞങ്ങൾ വിളിപ്പിച്ചത്. നമ്മുടെ രാജാവ് ഒരാപത്തിൽ പെട്ടിരിക്കുകയാണ്. അദ്ദേഹത്തെ രക്ഷപെടുത്തേണ്ടത് നമ്മുടെ ചുമതലയാണല്ലോ..."


സൈദ് : " തീർച്ചയായും, എന്നാൽ കഴിയുന്നതെല്ലാം ചെയ്തു തരുവാൻ ഞാൻ ഒരുക്കമാണ്..."


സേവകർ : " അസൂറാബീവി രാജാവിനെ അപമാനിച്ചിരിക്കുന്നു, അതിന് പ്രതികാരം ചെയ്യണം."


സൈദ് : " ഞാനെന്ത് വേണമെന്നാണ് നിങ്ങൾ പറയുന്നത് ...?"


സേവകർ : " നാളെ രാവിലെ ഞങ്ങൾ അന്തപുരത്തിലേക്ക് വരും. അപ്പോൾ നീ അസൂറാബീവിയെ കടന്നുപിടിക്കണം...


അവരുടെ ഉപദേശം കേട്ട് സൈദ് ഞെട്ടിപ്പോയി ... എന്ത് ..? തന്റെ യജമാനന്റെ പ്രിയപ്പെട്ട ഭാര്യയെ അപമാനിക്കുകയോ ...?

പരിശുദ്ധരിൽ പരിശുദ്ധയായ ആ നാരീരത്നത്തെ അപകീർത്തിപ്പെടുത്തുകയോ, അള്ളാഹു (സു) നിഷിദ്ധമാക്കിയ വ്യഭിചാരത്തിന് ഒരുങ്ങുകയോ, അയാൾക്കത് ആലോചിക്കുവാൻ പോലും കഴിയുമായിരുന്നില്ല...


പക്ഷെ, രാജസേവകർ കൊണ്ടുവന്ന സ്വർണ്ണനാണങ്ങൾ കണ്ട് സൈദിന്റെ കണ്ണുകൾ മഞ്ഞളിച്ചു. പണത്തിന് മുകളിൽ പരുന്തും പറക്കുകയില്ല എന്ന പഴഞ്ചൊല്ല് പുലരുകയായിരുന്നു. അവർ നീട്ടിയ സ്വർണ്ണ നാണയക്കിഴി രണ്ടുകയ്യും നീട്ടി വാങ്ങിയപ്പോൾ സൈദിലെ മനുഷ്യത്വം ചോർന്നു പോവുകയായിരുന്നു...


പിശാചിന്റെ ഭരണമാറ്റം ആ മനസ്സിൽ ആരംഭിച്ചു കഴിഞ്ഞിരുന്നു.  അള്ളാഹു(സു)യെ ഭയന്ന് അവനെ മാത്രം ആരാധിച്ച, ഭർത്താവല്ലാത്തൊരു പുരുഷനെ മനസ്സിന്റെ പടിവാതിൽക്കൽ പോലും കയറാൻ ഇടംകൊടുക്കാത്ത മനോഹര കുസുമത്തിന് പുഴുക്കുത്തേൽപ്പിക്കാൻ ഒരുപിടി കുടിലമാനസർ ഒരുമ്പെട്ട്‌ നടക്കുകയായിരുന്നു ...


രാത്രി അതിന്റെ കരിമ്പടം അഴിക്കാനൊരുങ്ങിയ സമയം, കിഴക്കൻ ചക്രവാളത്തിൽ വെണ്മ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിരിക്കുന്നു. അസൂറാബീവി കിടപ്പറയിൽ നിന്നും എഴുന്നേറ്റു. അള്ളാഹു(സു)യെ ആരാധിച്ച് തഹജ്ജുദ് നിസ്കരിച്ചു കിടന്നപ്പോൾ പാതിരാ കഴിഞ്ഞിരുന്നു. രണ്ടോ മൂന്നോ മണിക്കൂറുകൾ മാത്രമേ ബീവിക്ക് ഉറങ്ങാൻ കിട്ടിയിരുന്നുള്ളൂ. എന്നിട്ടും പതിവുപോലെ സുബ്ഹി നിസ്കരിക്കാൻ എഴുന്നേറ്റതാണ്. യാതൊരു ഭയാശങ്കയുമില്ലാതെ അവർ അംഗശുദ്ധീകരണത്തിനൊരുങ്ങി. കിടപ്പറയിൽ നിന്നും എഴുന്നേറ്റ് വരുന്ന സമയം, അന്യപുരുഷന്മാരൊന്നും അങ്ങോട്ട്‌ എത്തിനോക്കാനും കൂടിയില്ല...


ആ സൗന്ദര്യധാമത്തിലെ ശരീരഭാഗങ്ങൾ ചിലത് വെളിയിലാണ്. ആ കാഴ്ച കണ്ടാൽ പൗരുഷമുള്ളവനാണെങ്കിൽ വികാരത്തിന്റെ വേലിയേറ്റം ഉണ്ടാവാതിരിക്കില്ല ...


തന്റെ പിറകിൽ പാത്തും പതുങ്ങിയും വന്നെത്തുന്ന അള്ളാഹു (സു)യുടെ അചഞ്ചലമായ വിധി ആ പാവം പെണ്‍കൊടി അറിഞ്ഞില്ല. അവർ എല്ലാം മറന്ന് വുളൂ ചെയ്തു. അള്ളാഹു (സു)ക്ക്‌ ഹംദുകൾ അർപ്പിക്കുകയായിരുന്നു. പെട്ടെന്ന് ഏതോ പരുപരുത്ത കരങ്ങൾ ശക്തിയായി തന്നെ വരിഞ്ഞുമുറുക്കുന്നതായി ബീവിക്ക് അനുഭവപ്പെട്ടു... അവർ തിരിഞ്ഞുനോക്കി ...സൈദ്. തന്റെ വിശ്വസ്തനെന്ന് കരുതിയിരുന്ന ഭൃത്യൻ...


ഇതെന്തു പരീക്ഷണമാണ് റബ്ബേ..., 

ആദ്യം ഭർതൃസഹോദരൻ, ഇപ്പോൾ അദ്ദേഹത്തിന്റെ ഭൃത്യന്‍. ഇനി എന്തെല്ലാം കാണണം, കേൾക്കണം, സഹിക്കണം ...


" ഛീ ... മാറിനിൽക്കടാ തെമ്മാടി ..." ബീവി ആക്രോശിച്ചു ... പക്ഷെ, അവൻ പിടുത്തം ഒന്നുകൂടെ മുറുക്കുകയായിരുന്നു. ഒരു റോസാപൂവിനെ കൈവെള്ളയിൽ ഇട്ട്‌ ഞെരടുമ്പോലെ ആ പൂവാലാംഗിയെ അവർ ബലാൽക്കാരമായി ഇറുകെ പുണർന്നു ... ആ ഹസ്തങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുവാൻ ഒരുനിലക്കും ബീവിക്കായില്ല. 

അപ്പോഴാണ് ആ രാജസേവകന്മാർ അങ്ങോട്ട്‌ കയറിവന്നത്...


" എന്ത് ...? രാജകൊട്ടാരത്തിൽ വ്യഭിചാരമോ...? ഭർത്താവ് ഹജ്ജിനുപോയ അവസരത്തിൽ റാണിക്ക് ഭൃത്യനുമായി വേഴ്ചയോ...?"  

ആ ദാസന്മാരിൽ ഒരുത്തൻ പരിഹാസ സൂചകമായി ചോദിച്ചു ...


" എന്റെ റബ്ബേ ... ഞാൻ എന്തെല്ലാമാണീ കേൾക്കുന്നത് ..." 

അസൂറാബീവി പൊട്ടിക്കരഞ്ഞുകൊണ്ട്‌ പറഞ്ഞു... 

" ഞാൻ നിരപരാധിയാണ്. അംഗശുദ്ധി വരുത്തി നിസ്കാരത്തിനൊരുങ്ങിയ എന്നെ, എന്റെ പിന്നിലൂടെ വന്ന്‌ ബലാൽക്കാരം ചെയ്ത നീചനാണീ സൈദ്..."


സൈദ് : " റാണി പറയുന്നത് ശുദ്ധ കളവാണ്. അവർ എന്നെ എന്തോ ആവശ്യമുണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, രഹസ്യ വേഴ്ചക്ക്‌ ആവശ്യപ്പെടുകയാണുണ്ടായത് ..."


എല്ലാം ഞങ്ങൾക്ക് മനസ്സിലായി...

ഒരു പതിവ്രതയായ റാണി... ഞങ്ങൾ ഇത് രാജാവിന് റിപ്പോർട്ട് ചെയ്യുന്നുണ്ട്...


" അരുതേ എന്നെ അപമാനിക്കരുതേ ... ഞാൻ നിരപരാധിയാണ്." എന്നു തുടങ്ങിയുള്ള റാണിയുടെ ദീനാഭ്യാർത്ഥനകൾ ആ ഭീകര


ന്മാരുടെ മുന്നിൽ വെറും വനരോധനമായി കലാശിക്കുകയാണുണ്ടായത്...


അവർ നേരെ കൊട്ടാരത്തിലേക്കോടി, അബ്‍ദുറഹ്മാനെ വിവരമറിയിക്കാൻ...


ബീവി കരഞ്ഞുകരഞ്ഞു എല്ലാം അള്ളാഹു (സു)യിൽ ഭാരമേല്പിച്ചുകൊണ്ട് അവനിൽ സുജൂദിലായി വീണു