അറേബ്യൻ ഭൂഖണ്ഡത്തിലെ അഫ്‌സൂസ് തർശൂസ് എന്ന രാജ്യം. ഈന്തപ്പനകളും ഒലീവ് ചെടികളും നിറഞ്ഞ സൗഭാഗ്യസുന്ദരമായ ആ കൊച്ചുരാജ്യങ്ങളിലെ ഭരണാധികാരി ആയിരുന്നു അബ്ദുല്ല...
നീതിമാനായ ഒരു ഭരണാധികാരിയെന്ന് കീർത്തിപ്പെട്ട അദ്ദേഹത്തിന്റെ പ്രിയ പത്നി ആയിരുന്നു അസൂറാബീവി. സൗന്ദര്യത്തിലും സൽസ്വഭാവത്തിലും അസൂറാബീവിയെ വെല്ലാൻ അഫ്‌സൂസ് നാട്ടിൽ മറ്റൊരു മഹിളാരത്നവും ജീവിച്ചിരിപ്പുണ്ടായിരുന്നില്ല. അബ്ദുല്ലാക്ക് ആസൂറ പ്രാണനിൽ പ്രാണനായിരുന്നു. ഇത്രയും സത്ഗുണസമ്പന്നയായ ഒരു തരുണീമണിയെ ഭാര്യയായി കിട്ടിയതിൽ അയാൾ എല്ലായ്പ്പോഴും അള്ളാഹു(സു)യെ സ്തുതിക്കുമായിരുന്നു. കാലചക്രം കറങ്ങി. ആ ദമ്പതികൾ സംതൃപ്തിയുടെ പറുദീസയിൽ സുന്ദരസ്വപ്നങ്ങളെ തലോലിച്ചുകൊണ്ട് നാളുകൾ കഴിച്ചു ...
അങ്ങനെയിരിക്കെ പരിശുദ്ധ കഅ്ബ ശരീഫിൽ പോയി ഹജ്ജ് കർമ്മം നിർവഹിക്കാനുള്ള അതിയായ മോഹം അബ്ദുല്ലയുടെ മനസ്സിൽ ഉടലെടുത്തു. അക്കാലത്ത് ഇന്നത്തെ പോലെ ആധുനിക യാത്രാ സൗകര്യങ്ങളൊന്നും ഇല്ലാത്തതുകൊണ്ട് ഹജ്ജിന് പോകുന്നത് ഒരു സാഹസം തന്നെയായിരുന്നു...
അതുകൊണ്ടുതന്നെ പ്രിയതമയെ കൂടെ കൊണ്ടുപോകാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും ആബ്ദുല്ല അതിനു മുതിർന്നില്ല. അയാൾ തന്റെ ഏക സഹോദരനായ അബ്‍ദുറഹ്മാനെ ഭരണകാര്യങ്ങളുടെ ചുമത ഏല്പിച്ചുകൊണ്ട് ഹജ്ജ് യാത്രക്കൊരുങ്ങി. തന്റെ പ്രണ പ്രേയസിയെ പിരിഞ്ഞിരിക്കുന്നത് കാര്യത്തിൽ മനഃപ്രയാസമുണ്ടെങ്കിലും എല്ലാം അള്ളാഹു (സു)യിൽ ഭാരമേല്പിച്ചുകൊണ്ട് അവളുടെ കാര്യങ്ങൾ നോക്കുവാൻ സഹോദരനോട് വസിയ്യത്ത് ചെയ്തുകൊണ്ടും അയാൾ യാത്രപുറപ്പെട്ടു ...
സഹോദരന്റെ യാത്രക്കുശേഷം അബ്‍ദുറഹ്മാൻ ഭരണകാര്യങ്ങളിലെല്ലാം അതീവ ശ്രദ്ധചെലുത്തി. അസൂറാബീവിയുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു നിറവേറ്റിക്കൊടുക്കുന്നതിലും അദ്ദേഹം ശുഷ്‌കാന്തി കാണിച്ചു. ഇടക്കിടെ അന്തപുരത്തിൽ ചെന്ന് ബീവിയുടെ ക്ഷേമങ്ങൾ അന്വേഷിച്ചു ...
ഇങ്ങിനെയൊക്കെയാണെങ്കിലും അബ്‍ദുറഹ്മാൻ അസൂറാബീവിയെ നേരിൽ കണ്ടില്ല. വാതിൽ കർട്ടന് പിറകിൽ നിന്നുകൊണ്ടാണ് അവർ ആശയവിനിമയം നടത്താറ് ...
സംഭാഷണം നടത്തുമ്പോൾ അവരുടെ മധുരസ്വരം കേട്ട് അബ്‍ദുറഹ്മാൻ പുളകം കൊള്ളും. ഇത്രയും മാധുര്യമൂറുന്ന സ്വരരാഗ സുധയുള്ള തരുണീമണിയുടെ ശരീര സൗന്ദര്യം എത്ര കണ്ടുണ്ടായിരിക്കും. അവരെയൊന്നു കണ്ടിരുന്നെങ്കിൽ...!!! ഇങ്ങിനെയുള്ള അധമവിചാരം അബ്‍ദുറഹമാനിൽ ഉടലെടുത്തു. അതുകാരണം അന്തപുരത്തിലെ അദ്ദേഹത്തിന്റെ സന്ദർശനങ്ങളുടെ എണ്ണം കൂടി കൂടി വന്നു ...
ഒരു ദിവസം അസൂറാബീവി നിസ്കാരത്തിനായി വുളൂ ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് അബ്‍ദുറഹ്മാൻ അങ്ങോട്ട് കയറിച്ചെന്നത്. തന്റെ സങ്കല്പത്തിലും എത്രയോ അധികമാണ് ബീവിയുടെ സൗന്ദര്യമെന്ന് അപ്പോഴാണ് അയാൾക്ക് മനസ്സിലായത്. ബീവിയുടെ സൗന്ദര്യത്തിൽ അദ്ദേഹം മതിമറന്നുപോയി. തന്റെ സഹോദരന്റെ ഭാര്യയാണ് ആസൂറ എന്നുള്ള കാര്യവും കൂടിമറന്ന് അബ്‍ദുറഹ്മാൻ അവരുമായി സുഖം പങ്കിടാനുള്ള അവസരം പാർത്ത് നടക്കാൻ തുടങ്ങി ...
ഭർതൃ സഹോദരന്റെ നോട്ടവും സംസാരവും പന്തിയല്ലാത്ത വിധമാണെന്ന് ബീവിക്ക് തോന്നിത്തുടങ്ങി. എങ്കിലും കഴിയുന്നതും പുറത്തിറങ്ങാതെ അരമനക്കകത്ത് മാത്രം ഒതുങ്ങിക്കൂടാനാണ് ബീവി ആഗ്രഹിച്ചത്. പക്ഷെ, ആ കാമഭ്രാന്തൻ അതിന് സമ്മതിച്ചില്ല. അന്തപുരത്തിൽ മറ്റാരും ഇല്ലാത്ത തക്കം നോക്കി അയാൾ സഹോദര ഭാര്യയുടെ അരികത്ത് വന്നുകൊണ്ട് പറഞ്ഞു ...
" എന്റെ ഹൃദയത്തിൽ വളരെ കാലമായി ഉറഞ്ഞുകിടക്കുന്ന ഒരു ആഗ്രഹം ഭവതി നിര്വഹിച്ചുതരണം. സഹോദരൻ ഇപ്പോൾ ഇവിടെയില്ല. ഭവതിയുടെ എല്ലാ ആഗ്രഹങ്ങളും നിർവഹിച്ചുതരുവാൻ എന്നെയാണ് ഏല്പിച്ചിട്ടുള്ളത്. അതുകൊണ്ട് ഒരിക്കൽ മാത്രം എന്നോടൊത്ത് രാസലീലയിൽ പങ്കുചേരണം. ഇവിടെ ഇപ്പോൾ നമ്മൾ രണ്ടുപേരുമല്ലാതെ മറ്റൊരാളും ഇല്ല. ആരും ഇതൊട്ട് അറിയാനും പോകുന്നില്ല..."
അബ്‍ദുറഹ്മാന്റെ കമാന്ധതയിൽ നിന്നുടലെടുത്ത പുലമ്പൽ കേട്ട് പരിശുദ്ധയായ ആ നാരീരത്നം ഇപ്രകാരം പറഞ്ഞു ...
" മനുഷ്യരാരും തന്നെ നമ്മുടെ പ്രവർത്തനങ്ങൾക്ക് സാക്ഷിയാകുന്നില്ലെങ്കിലും സർവ്വ ശക്തനായ അള്ളാഹു (സു) നമ്മുടെ ഓരോ ചലനത്തിനും സാക്ഷിയാണെന്നുള്ള കാര്യം ഓർക്കണം. വ്യഭിചാരത്തിലേക്ക് നിങ്ങൾ അടുത്ത് പോകരുതെന്ന ഖുർആൻ വചനം അങ്ങേക്കറിവുണ്ടാകുമല്ലോ..., കൂടാതെ, സഹോദരൻ നിങ്ങളെ വിശ്വസിച്ചേല്പിച്ച അമാനത്തിൽ വിശ്വാസവഞ്ചന നടത്തുന്നത് മഹാ പാതകമാണെന്നും ഓർമ്മിക്കുന്നുണ്ടായിരിക്കും. അതുകൊണ്ട് മേലിൽ ഇത്തരം ഹീന പ്രവർത്തനങ്ങളെ കുറിച്ച് ചിന്തിക്കാതിരിക്കുന്നതാണ് ഉത്തമം..."
കുമാരിയുടെ ഉപദേശങ്ങളൊന്നും അയാളുടെ ഹൃദയത്തിൽ ഒരു ചലനവും ഉണ്ടാക്കിയില്ല. മാത്രമല്ല, ബീവിയോടുള്ള അഭിനിവേശം കൂടിക്കൂടി വരികയും ചെയ്തുകൊണ്ടിരുന്നു ...