ഹക്കീം സാഹിബിന്റെ സന്ദർശകർ ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരുന്നു. അറിയപ്പെടാതെ കിടന്നിരുന്ന ആ കൊച്ചു ഗ്രാമവും അതിലെ നിസ്കാരപള്ളിയും രാജ്യാന്തര പ്രശസ്തിയുള്ളതായി മാറി. ഒരു നേരവും അവിടെ ആളൊഴിഞ്ഞു കണ്ടില്ല. ചെറുതും വലുതുമായ നിരവധി രോഗങ്ങൾ കൊണ്ട് പൊറുതിമുട്ടുന്നവർ അദ്ദേഹത്തെ സമീപിച്ച് സായൂജ്യമടഞ്ഞ് തിരിച്ചുപോന്നു...
രാജ്യമൊട്ടുക്കും രോഗശാന്തി നൽകിക്കൊണ്ട് ഹക്കീം സാഹിബ് വിരാചിക്കുന്ന കാലത്താണ് രാജകൊട്ടാരത്തിൽ നിന്നും ചില ഭടന്മാർ അദ്ദേഹത്തെ അന്വേഷിച്ച് നിസ്കാര പള്ളിയിൽ എത്തിയത്...
രാജകുമാരി സുഹ്റാക്ക് മാറാത്ത വയറുവേദന. രാജ്യമെമ്പാടുമുള്ള ചെറുതും വലുതും, പ്രശസ്തരും അപ്രശസ്തരുമായ എല്ലാ വൈദ്യന്മാരും കൊട്ടാരത്തിലെത്തി തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്തു നോക്കി. ഒന്നുകൊണ്ടും കുമാരിക്ക് ശമനം കാണുന്നില്ലെന്നു മാത്രമല്ല നൊമ്പരം പൂർവ്വോപരി വർദ്ധിച്ചു വരികയാണ് ഉണ്ടായത്...
രാജാവ് ദുഃഖാകുലനായി. തന്റെ ഏക സന്തതി, പൊന്നോമന പുത്രി ഭാവിയിലെ കിരീടാവകാശി, അവളുടെ വിലപ്പെട്ട ജീവൻ രക്ഷിക്കാൻ തന്റെ ഉപ്പും ചോറും തിന്നു കൊഴുക്കുന്ന ഒരുത്തനെക്കൊണ്ടും കഴിവില്ലെന്നോ...? തിരുമനസ്സ് രോഷാകുലനായി ആക്രോശിച്ചു ...
രാജാവിനെ അഭിമുഖീകരിക്കാൻ പോലും മന്ത്രിപ്രമുഖനും മറ്റുള്ളവരും ഭയപ്പെട്ടു. അങ്ങനെ ഇരിക്കെ ഒരു സാധാരണക്കാരനായ പ്രജ ചക്രവർത്തി തിരുമേനിയുടെ സന്നിധിയിലെത്തി ഇപ്രകാരം ഉണർത്തിച്ചു ...
"അല്ലയോ തിരുമേനി, ഏതു മാറാ വ്യാധിയും സുഖപ്പെടുത്തുന്ന ഒരു വൈദ്യശിരോമണി നമ്മുടെ നാട്ടിൽ ഒരു നിസ്കാരപ്പള്ളിയിൽ കേമ്പടിച്ചിട്ടുണ്ട്. അദ്ദേഹത്തെ വരുത്തുകയാണെങ്കിൽ തീർച്ചയായും കുമാരിയുടെ രോഗം മാറും."
മുങ്ങിച്ചാവാൻ പോകുന്നവന് ഏതു വൈക്കോൽ തുരുമ്പ് കിട്ടിയാലും പിടിച്ചു നോക്കുന്നതുപോലെ അത് ഒന്നു പരീക്ഷിക്കാമല്ലോ എന്നുള്ള ചിന്തയിൽ ശുഭാപ്തി വിശ്വാസത്തോടെയല്ലെങ്കിലും രാജാവ് തന്റെ കിങ്കരന്മാരെ അങ്ങോട്ടയച്ചു. അവരാണ് നിസ്കാരപ്പള്ളിയിൽ വന്ന് ഹക്കീം സാഹിബിനെ അന്വേഷിച്ചത്...
രാജഭടന്മാർ വന്നു വിവരമുണർത്തിയപ്പോൾ വിവിധ വികാരങ്ങൾ ഹക്കീം സാഹിബിന്റെ മുഖത്ത് മിന്നിമറഞ്ഞു. രാജസദസ്സിലേക്ക് തന്നെ ക്ഷണിക്കുകയോ..! താൻ അവിടെ ചെന്നാൽ ...? "ഇല്ല. ഞാൻ അങ്ങോട്ട് വരുന്നില്ല." അദ്ദേഹം മറുപടി പറഞ്ഞു. ആ മനസ്സ് എന്തൊക്കെയോ രഹസ്യങ്ങളുടെ കാലവറയാണെന്ന് സൂക്ഷ്മമായി നിരീക്ഷിക്കുന്നവർക്ക് മനസ്സിലാക്കാൻ സാധിക്കുമായിരുന്നു ...
"അവിടുന്ന് അങ്ങിനെ പറയരുത്. തിരുമനസ്സിന്റെ ജീവനാണ് കുമാരി. അവർക്കെന്തെങ്കിലും പറ്റിയാൽ രാജാവ് ജീവിച്ചിരിക്കില്ല ... വിവാഹ പ്രായമെത്തി നിൽക്കുന്ന ആ സുന്ദര കുസുമത്തിനേറ്റ പുഴുക്കുത്ത് നീക്കംചെയ്യാൻ അങ്ങയെക്കൊണ്ട് മാത്രമേ സാധിക്കൂ എന്ന് ഞങ്ങൾക്ക് ഉത്തമ വിശ്വാസമുണ്ട് ..."
അവരുടെ അഭ്യർത്ഥന കേട്ട് ഇനിയും മടിച്ചുനിൽക്കുന്നത് പന്തിയല്ലെന്ന് മനസ്സിലാക്കിയ ഹക്കീം സാഹിബ് രാജഭടന്മാരോടൊപ്പം പുറപ്പെട്ടു...
രാജകീയമായ സ്വീകരണമാണ് കൊട്ടാരത്തിൽ അദ്ദേഹത്തിന് ലഭിച്ചത്. സ്വീകരണങ്ങൾക്കും പരിചയപ്പെടലുകൾക്കും ശേഷം, രോഗിണിയായ രാജകുമാരിയെ ഒരു വിരിക്കപ്പുറത്ത് കൊണ്ടുവന്നിരുത്തി, രോഗ വിവരങ്ങൾ എല്ലാം കുമാരിയോട് ഹക്കീം സാഹിബ് ചോദിച്ചറിഞ്ഞു. അനന്തരം ഫാത്തിഹ സൂറത്ത് ഓതി മന്ത്രിച്ചൂതിയ ഒരു ഗ്ലാസ് വെള്ളം അൽപ്പാൽപ്പമായി കുടിക്കുവാൻ വേണ്ടി അദ്ദേഹം കുമാരിക്ക് നൽകി. പിന്നീട് അദ്ദേഹം യാത്ര ചോദിച്ചു നിസ്കാരപ്പള്ളിയിലേക്ക് മടങ്ങുകയും ചെയ്തു ...
ഒന്നുരണ്ട് നാളുകൾ കഴിഞ്ഞതേയുള്ളൂ... വർഷങ്ങളോളം രാജകുമാരിയെ വേട്ടയാടിക്കൊണ്ടിരുന്ന, അനവധി ഭിഷഗ്വരൻ മാരെ പരാജയത്തിന്റെ പടുകുഴിയിലാഴ്ത്തിച്ച ആ വയറുവേദന, ഹക്കീം സാഹിബിന്റെ ഒരൊറ്റ ഗ്ലാസ് വെള്ളം കൊണ്ട് എന്നെന്നേക്കുമായി വിട്ടുപോയി. അൽഹംദുലില്ലാഹ് ... ചക്രവർത്തിയുടെ ആനന്ദത്തിന് അതിരില്ലായിരുന്നു ...
അള്ളാഹു(സു)യിൽ ജീവിതമർപ്പിച്ച പ്രപഞ്ചത്യാഗികളുടെ ചലനം, വാക്ക്, നോക്ക് എല്ലാം ഏത് മാറാവ്യാധികളേയും തൂത്തെറിയും. പ്രവാചകർ ലോകത്ത് പലവിധ മുഅ്ജിസത്തുകൾ കാണിച്ചു. മൂസാ നബി (അ) ഊന്നുവടി പാമ്പാക്കി. കൈവെള്ളയിൽ ചന്ദ്രതുല്യമായ പ്രകാശം കാണിച്ചുകൊടുത്തു...
ഈസാ നബി (അ) മരിച്ചവരെ ജീവിപ്പിച്ചു. ഒരു തലോടൽ കൊണ്ട് കുഷ്ഠരോഗം പോലും സുഖപ്പെടുത്തി. അന്ത്യപ്രവാചകൻ ആകാശത്തിലെ പൂർണചന്ദ്രനെ രണ്ടു പിളർപ്പാക്കി കാണിച്ചുകൊടുത്തു. അങ്ങിനെ എത്രയെത്ര മുഅ്ജിസത്തുകൾ...
അള്ളാഹു (സു) യിലേക്കടുത്ത അവന്റെ ഔലിയാക്കള്‍ അതുപോലെ നിരവധി കറാമത്തുകൾ കാണിച്ചു...
ആരറിഞ്ഞു നമ്മുടെ ഹക്കീം സാഹിബും ജീവിതവിശുദ്ധികൊണ്ട് വലിയ്യായി മാറിയതല്ലെന്ന് ...