ആദ്യരാത്രി, യൗവ്വനയുക്തരായ സ്ത്രീ പുരുഷന്മാരുടെ സിരകളിൽ മധുരോന്മാദത്തിന്റെ പൂത്തിരി കത്തിച്ചണയുന്ന പ്രഥമരാത്രി. ഒപ്പനപ്പാട്ടിന്റെ ഈരടികളിലൂടെ തോഴിമാരുടെ പരിഹാസ വചനങ്ങളിലൂടെ, പുളകങ്ങൾ പൂത്തുലയുന്ന മധുവിധുരാത്രി കവികളും കലാകാരന്മാരും മനോഹരമെന്ന് വിശേഷിപ്പിച്ച ആ രാത്രി, രണ്ടു യുവമിഥുനങ്ങൾ മണിയറ കേറാനൊരുങ്ങുകയാണ്. അങ്ങകലെ യമനിലെ രാജകുമാരിയാണ് നവവധു. കൊട്ടാരത്തിൽ കമനീയമായി അലങ്കരിച്ച മണിയറ വധൂവരന്മാർക്കുവേണ്ടി കാതോർക്കുകയാണ് ...
യമനിലും അയൽ രാജ്യങ്ങളിലും ഉത്സവത്തിന്റെ പ്രതീതിയുണർത്തിക്കൊണ്ടാണ് ആ മംഗല്യ സുദിനം വന്നണഞ്ഞത്. തങ്ങളുടെ പ്രിയപ്പെട്ട രാജകുമാരിയുടെ വിവാഹത്തിൽ പ്രജകളെല്ലാം അത്യാഹ്ലാദത്തോടെ പങ്കെടുത്തു. ആടിയും പാടിയും തിന്നും കുടിച്ചും അവർ ഉല്ലസിച്ചു. രാവേറെ ചെന്നപ്പോഴാണ് ബഹളങ്ങൾ തെല്ലെങ്കിലും ഒതുങ്ങിയത്. തന്റെ മനസ്സിൽ ഇക്കാലമത്രയും താലോലിച്ച സ്വപ്നങ്ങൾക്ക് സാക്ഷാത്കാരം ലഭിക്കുന്ന അസുലഭ മുഹൂർത്തത്തെ കുറിച്ചുള്ള ഒരായിരം മധുര സ്വപ്നങ്ങളുമായാണ് രാജകുമാരി മണിയറക്കകത്ത് കയറിയത് ...
ആരാണ് കുമാരിയുടെ വരൻ ... ?
അതറിയേണ്ടേ ...!!!
അതിന്റെ മുമ്പ് ചരിത്രത്തിന്റെ ഒരു ചീള് മുമ്പിലേക്ക് വായനക്കാരെ ഞാൻ സ്വാഗതം ചെയ്യുകയാണ്. യമനിലെ കൊച്ചു ഗ്രാമങ്ങളിലൊന്നിലുള്ള ഒരു നിസ്കാരപ്പള്ളി. നിസ്കാരം കഴിഞ്ഞ് ഇമാമും മുഅദ്ദിനും കൂടി പള്ളിയുടെ വരാന്തയിലിരുന്ന് എന്തോ നാട്ടുകാര്യങ്ങൾ പറയുകയാണ്. അപ്പോൾ അപരിചിതനായ ഒരാൾ അങ്ങോട്ടു കയറിവന്നു. പൂർണ്ണചന്ദ്രനെ പോലെ തേജസ്സാർന്ന വദനം..! ആരേയും ആകർഷിക്കുന്ന സൗന്ദര്യം, വശീകരിക്കുന്ന കണ്ണുകൾ, എല്ലാ സൗന്ദര്യങ്ങളും ഒത്തിണങ്ങിയ ഒരതിമാനുഷ്യൻ. ജീവിതത്തിൽ ഒരിക്കലും അത്രയും സൗന്ദര്യമുള്ള ഒരു മനുഷ്യനെ ആ ഇമാമും മുഅദ്ദിനും കണ്ടിട്ടുണ്ടായിരുന്നില്ല. തങ്ങളുടെ മുന്നിലേക്ക് നടന്നടുക്കുന്ന ആ മനോഹരാംഗനെക്കണ്ട് അവർ രണ്ടുപേരും അറിയാതെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു. വളരെ ആദരവോടുകൂടി അവർ ആഗതനെ സ്വീകരിച്ചിരുത്തി ...
അങ്ങെവിടുന്നു വരുന്നു ...?
അങ്ങെയുടെ പേരെന്ത് ...?
തൊഴിൽ എന്ത് ... ?
ഇവിടെ എന്തിനുവന്നു ... ?
ഇങ്ങനെ നൂറുകൂട്ടം ചോദ്യങ്ങൾക്കൊണ്ട് അവർ ആഗതനെ വീർപ്പുമുട്ടിച്ചു.
ഇമാമിന്റെയും കൂട്ടുകാരുടെയും തുരുതുരെയുള്ള ചോദ്യാക്ഷരങ്ങൾക്കു മുന്നിൽ അൽപസമയം മൗനമവലംബിച്ചതിനു ശേഷം വളരെ ശാന്തനായി ആഗതൻ മൊഴിഞ്ഞു...
" ഞാൻ വളരെ അകലെ നിന്നും വരുന്നവനാണ്. വേദഗ്രന്ഥങ്ങളും ചികിത്സാമുറകളും കുറച്ചൊക്കെ അഭ്യസിച്ച ഒരാളാണ്. തൽകാലം നിങ്ങൾക്കെന്നെ ഹക്കീം സാഹിബെന്നു വിളിക്കാം."
ആഗതന്റെ വിനയാന്വിതമായ പെരുമാറ്റവും സൗമ്യമായ സംഭാഷണവും അവരെ ആകൃഷ്ടരാക്കി. തങ്ങളുടെ മുമ്പിൽ വന്നയാൾ സാധാരണക്കാരനല്ലെന്നും മഹാനായ ഭിഷഗ്വരനാണെന്നും ആ പള്ളിയിലെ ജീവനക്കാർ മനസ്സിലാക്കി. അവർ വളരെ വിനീതമായി ഹഖീം സാഹിബിനോട് അഭ്യർഥിച്ചു ...
അങ്ങേക്കിഷ്ടമാണെങ്കിൽ കുറച്ചുകാലത്തേക്ക് ഞങ്ങളുടെ ഗ്രാമത്തെ സേവിച്ചുകൊണ്ട് ഈ പള്ളിയിൽ താമസിക്കാം. അവരുടെ അഭിലാഷത്തിന് വഴങ്ങിക്കൊണ്ട് മഹാനായ ആ വൈദ്യശ്രേഷ്ഠൻ പള്ളിയിൽ താമസിച്ചുതുടങ്ങി...
ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ ഹഖീം സാഹിബിന്റെ ഗ്രാമങ്ങളും പട്ടണങ്ങളും കടന്ന് രാജ്യമെമ്പാടും പരന്നു. ഏതൊരു മഹാവ്യാധിയും അദ്ദേഹത്തിന്റെ ഉറുക്കിന്റെയും മന്ത്രത്തിന്റെയും മുന്നിൽ അടിതെറ്റിവീണു. അയൽ രാജ്യങ്ങളിൽ പോലും ഹഖീം സാഹിബിന്റെ നൈപുണ്യത്തെക്കുറിച്ചറിഞ്ഞു ...