Wednesday - 22 April, 2026 4-Dhu al-Qadah-1447

പകൽക്കിനാവ് കാണുന്ന റാണി

രാജകുമാരിയുടെ  രോഗം മാറുമെന്ന്  സ്വപ്നത്തിൽ പോലും രാജാവ് ചിന്തിച്ചിരുന്നില്ല. ഒരു  പുനർജന്മം കിട്ടിയ പ്രതീതിയായിരുന്നു രാജകുമാരിക്ക്.

ഹക്കീം സാഹിബിനെ കൊട്ടാരത്തിലേക്ക് ആനയിച്ചു  കൊണ്ടുവരുവാൻ വേണ്ടി രാജാവ് തന്റെ മന്ത്രിയെയും പരിവാരങ്ങളെയും ആണ് അയച്ചത്...


അവരുടെ സ്നേഹമൂറുന്ന ക്ഷണം സ്വീകരിച്ച് അദ്ദേഹം വീണ്ടും കൊട്ടാരത്തിലേക്ക് പുറപ്പെട്ടു. അതി ഗംഭീരമായ സ്വീകരണമായിരുന്നു  കൊട്ടാരത്തിൽ ഏർപ്പെടുത്തിയിരുന്നത്. മന്ത്രി പുത്രന്മാർക്കും  രാജകീയാതിഥികൾക്കും ഹക്കീം സാഹിബിനെ രാജാവ് തന്നെ പരിചയപ്പെടുത്തി. മൃഷ്ടാന്ന ഭോജനത്തിനു ശേഷം രാജാവും പത്നിയും പുത്രിയും സ്വർണ്ണ നാണയങ്ങളടങ്ങുന്ന ഓരോ കിഴികൾ ഹക്കീം സാഹിബിന് സമ്മാനിക്കാനൊരുങ്ങി. അപ്പോൾ അദ്ദേഹം ഇപ്രകാരം പ്രതിവചിച്ചു...


" നിങ്ങൾ എന്നൊട് കാണിച്ച ഈ ഔദാര്യത്തിന് ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്. സ്വർണ്ണാഭരണങ്ങളും ഐഹികസുഖാഢംബരങ്ങളും ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് താമസിക്കാൻ സ്വന്തമായൊരു കൊച്ചുവീട് പണിതുതന്നാൽ ഞാൻ കൃതാർത്ഥനായി... "


അദ്ദേഹത്തിന്റെ വാക്കുകൾ കേട്ട് സംപ്രീതനായ തിരുമേനി ഉടൻതന്നെ മനോഹരമായ ഒരു ബംഗ്ലാവ് പണിയാൻ ഉത്തരവിട്ടു.  ഹക്കീം സാഹിബ് താമസിയാതെ രാജകൊട്ടാരത്തിനടുത്തുള്ള ആ ബംഗ്ലാവിലേക്കു താമസം മാറ്റി. അവിടെ താമസിച്ചുകൊണ്ട് ഇബാദത്തിലും പൊതുജന സേവനത്തിലും മുഴുകി ആ ത്യാഗീവര്യ ജീവിതം നായിച്ചുകൊണ്ടിരുന്നു ...


ദിനരാത്രങ്ങൾ ഇഴഞ്ഞുനീങ്ങി. ജാതിമത ഭേദമന്യേ രോഗികൾ ഹക്കീം സാഹിബിന്റെ ബംഗ്ളാവിലേക്കു പ്രവഹിച്ചുകൊണ്ടിരുന്നു. രോഗികളെ ശുശ്രൂഷിച്ചും അവർക്കാശ്വാസം പകർന്നും ഇടക്ക് വീണുകിട്ടുന്ന നിമിഷങ്ങളിൽ അള്ളാഹു (സു)യെ സ്മരിച്ചും അള്ളാഹുവിന് ഇബാദത്തുകൾ അർപ്പിച്ചും ഹക്കീം സാഹിബ് കഴിഞ്ഞുകൂടി. രാജാവും, രാജ്ഞിയും, കുമാരിയും ആ ബംഗ്ളാവിലെ നിത്യ സന്ദർശകരായി മാറി ...


ഹക്കീം സാഹിബിനെ കാണുമ്പോഴും അദ്ദേഹത്തിന്റെ മധുരസ്വരം കേൾക്കുമ്പോഴും രാജകുമാരിയുടെ ഹൃദയത്തിൽ നിർവചിക്കാനാവാത്ത ഒരനുഭൂതി മോട്ടിട്ടു ... തന്റെ ജീവൻ രക്ഷിച്ച ആ യുവകോമളനോടുള്ള സ്നേഹം അടിക്കടി കുമാരിയുടെ ഹൃദയത്തിൽ അറക്കിട്ടുറപ്പിക്കുകയായിരുന്നു ... രാജകുമാരിയുടെ ഹൃദയത്തിൽ ക്രമേണ ഹക്കീം സാഹിബെന്നുള്ള ചിന്ത മാത്രമായി. ഉണർന്നിരുന്ന് പകൽകിനാവ് കാണുക അവളുടെ ദിനചര്യയായി ... ക്രമേണ ഊണില്ല, ഉറക്കമില്ല ... ഏതുസമയത്തും ആ സൗന്ദര്യ രൂപനെ കുറിച്ചുള്ള ചിന്തമാത്രം കുമാരിയുടെ ഹൃദയത്തെ മഥിച്ചു ...


രാജ്ഞിയും മകളുടെ ഭാവമാറ്റം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കുറെ നാളുകളായി കുമാരിയിൽ എപ്പോഴും ഒരു ചിന്താഭാവം... എന്തായിരിക്കും അത് ...? ആ മാതാവിന്റെ ഖൽബിൽ ആധിയായി. അവർ പൊന്നോമന മകളെ സമീപിച്ച് വളരെ അനുനയ സ്വരത്തിൽ ഇപ്രകാരം ചോദിച്ചു...


" പൊന്നുമോളെ നിനക്കെന്തുപറ്റി ..?

കുറെ നാളായി വിഷാദമുറങ്ങുന്ന ഈ പൂവൽ വദനം ഞാൻ കാണുന്നു. എന്തുതന്നെ ആയാലും ഈ മാതാവിനോട് തുറന്നുപറയുക... "


മാതാവിന്റെ അഭ്യർത്ഥന കേട്ട് മടിച്ചു മടിച്ചാണെങ്കിലും കുമാരി തന്റെ ഇംഗിതം അവരെ അറിയിച്ചു ...

അതുകേട്ട് രാജ്ഞി പറഞ്ഞു ...


" അമ്പടി കള്ളി, ജീവൻ തന്നവന് നിന്നെത്തന്നെ നൽകാമെന്ന് വെച്ചിരിക്കുകയാണല്ലേ ... "


അവർ മകളുടെ അരുണാഭയമായ കവിളിൽ നുള്ളി. കുമാരിയെ ഹക്കീം സാഹിബിനെക്കൊണ്ട് മംഗലം കഴിപ്പിച്ചാലെന്തെന്നു കുറെ നാളായി അവരുടെ മനസ്സിലും തോന്നിത്തുടങ്ങിയിരുന്നു. പക്ഷെ, മകളുടെ ആഗ്രഹമെന്തന്നറിയാതെ അക്കാര്യത്തിൽ ഇടപെടുന്നതെങ്ങിനെയെന്ന് വിചാരിച്ചാണ് ഇത്രയും നാൾ കാത്തിരുന്നത്... ഇനി താമസിച്ചുകൂടാ ... ഉടൻ ഭർത്താവിന്റെ മുന്നിൽ ഈ വിഷയം അവതരിപ്പിക്കണം. മഹാറാണി മനസ്സിലുറപ്പിച്ചു ...


പതിവുപോലെ പള്ളിയുറക്കത്തിന് അന്തപുരത്തിലെത്തിയ മഹാരാജാവിനോട് രാജ്ഞി അക്കാര്യം അവതരിപ്പിച്ചു ...


" നമ്മുടെ മോൾക്ക്‌ കല്യാണപ്രായമായി. അങ്ങെന്താണ് അക്കാര്യത്തെ കുറിച്ച് ചിന്തിക്കാത്തത് ..."


രാജാവ് : അനുയോജ്യമായ ഒരാലോചന വരട്ടെ, അപ്പോൾ ചിന്തിക്കാം ...


രാജ്ഞി : ഞാനൊരാലോചന കൊണ്ടുവരട്ടെ, നമ്മുടെ ഹക്കീം സാഹബ്ബില്ലെ, അദ്ദേഹം കുമാരിക്ക് കുഫുവൊത്ത വരനായിരിക്കും ...


രാജാവ് : പ്രഥമദൃഷ്ട്യാ അയാൾ യോഗ്യനും മാന്യനും തന്നെ. പക്ഷെ, തറവാടും കുലവും ഒന്നും അറിയാതെ ഒരാൾക്ക് രാജകുമാരിയെ വിവാഹം കഴിച്ചുകൊടുക്കുന്നതെങ്ങിനെ ...?


രാജ്ഞി : കണ്ടാൽ രാജകുടുംബത്തിൽ പിറന്നതല്ലെന്ന് ആരും പറയില്ല. തന്നെയുമല്ല നമ്മുടെ കുമാരിയുടെ മനസ്സിലും ഹക്കീം സാഹിബാണ് ...


രാജാവ് : ഏതായാലും ഞാൻ മന്ത്രി മുഖ്യന്മാരോടും മറ്റും ഒന്നാലോചിക്കട്ടെ ...


അങ്ങിനെ ആ സംഭാഷണം അവസാനിച്ചു ...