ഹക്കീം സാഹിബ് മറ്റൊരു സ്വപ്നവും കൂടിക്കണ്ടു. അബ്‍ദുറഹമാനും മറ്റും തന്നെ ദ്രോഹിച്ച ആളുകളും തന്റെ കനിവുംതേടി ഇങ്ങോട്ട് പുറപ്പെടുന്നുണ്ടെന്നായിരുന്നു ആ സ്വപ്നം. കൂട്ടത്തിൽ തന്റെ പ്രണപ്രേയസൻ അബ്‍ദുള്ളയും...
സത്യം വിജയിക്കാൻ പോകുന്നു. രഹസ്യങ്ങൾ വെളിപ്പെടുത്തുവാൻ പോകുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായൊരു മുഹൂർത്തം വന്നണയാറായെന്ന് അസൂറാബീവിക്ക് തോന്നി. അവർ സുഹ്റാ രാജകുമാരിയെ അരികിൽ വിളിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു ...
" ഒരു വലിയ സംഘം ഏതാനും ദിവസങ്ങൾക്കകം നമ്മുടെ കോട്ടാരത്തിലെത്തും. വിചിത്രമായ പല സംഭവങ്ങളും അവരുടെ ആഗമനത്തോട് കൂടി പ്രത്യക്ഷത്തിൽ വരും. അതുകൊണ്ട് രാജകുമാരി ഒരു കാര്യം ചെയ്യണം... കൊട്ടാരവും രാജവീഥികളും കമനീയമായി അലങ്കരിക്കാൻ ഉത്തരവിടണം. രാജ്യാതിർത്തിയിൽ ആര് പ്രവേശിച്ചു കഴിഞ്ഞാലും ഇവിടുത്തെ അലങ്കാരങ്ങൾ കണ്ട് അത്ഭുത സ്തബ്ധരാകണം..."
ഹക്കീം സാഹിബ് വല്ലതും പറഞ്ഞാൽ അതിൽ വളരെ അധികം പൊരുളുണ്ടാകുമെന്ന് രാജകുമാരിക്കറിയാം. അതുകൊണ്ട് മറിച്ചൊരു ചോദ്യം പോലും ചോദിക്കാതെ അപ്രകാരം ഉത്തരവ് കൊടുത്തു...
തെരുവുകളും രാജവീഥികളും കൊടിതോരണങ്ങളാൽ അലംകൃതമായി. മഹാനായ ഒരു രാജാവിനെ സ്വീകരിക്കാനെന്നവണ്ണം ആർഭാഢപൂർവ്വം രാജ്യം ഒരുങ്ങിനിന്നു...
രാജാവിനും മന്ത്രിമാർക്കും പ്രഭുക്കന്മാർക്കും മറ്റു വിശേഷപ്പെട്ടവർക്കും ഒന്നും ഹക്കീം സാഹിബിന്റെ ഉത്തരവിന്റെ പൊരുൾ മനസ്സിലായില്ല. എങ്കിലും എന്തോ കാര്യമായ വല്ലതും നടക്കാനിരിക്കുന്നുവെന്ന് കരുതി അവർ സമാധാനിച്ചു ...
ഹക്കീം സാഹിബ് പ്രതീക്ഷിച്ച ദിവസം ആഗതമായി. അബ്ദുല്ല രാജാവും പരിവാരങ്ങളും കൊട്ടാരത്തിലെത്തി. അതിഥികളെയെല്ലാം കൊട്ടാരത്തിൽ നിന്ന് പരിസരമുള്ള ബംഗ്ലാവുകളിൽ താമസിപ്പിക്കാൻ രാജാവ് ഉത്തരവിട്ടു. അങ്ങനെ ഓരോരുത്തരും തങ്ങൾക്ക് കിട്ടിയ താവളത്തിൽ അന്തിയുറങ്ങാനായി വട്ടംകൂട്ടി...
സമുന്നതരായ അതിഥികളോടെന്ന പോലെയാണ് ആഗതരോട് ആതിഥേയൻ പെരുമാറിയത്. സ്നേഹപൂർവ്വം സുഖസൗകര്യങ്ങൾ അന്വേഷിക്കുന്ന പരിചാരകന്മാർ. രാജകൊട്ടാരങ്ങളിൽ മാത്രം വിളമ്പുന്ന വിശിഷ്ടഭോജ്യങ്ങൾ. പുഷ്പമാല്യങ്ങളാലും പട്ടുമെത്തകളാലും അലംകൃതമായ കിടപ്പറ. എല്ലാംകൊണ്ടും തികച്ചും രാജകീയമായ സ്വീകരണമാണ് അവർക്ക് കിട്ടിയത് ...
അബ്ദുല്ല രാജാവിന് താമസിക്കാൻ സൗകര്യം ഒരുക്കിയത് ഹക്കീം സാഹിബിന്റെ ബംഗ്ലാവിലായിരുന്നു. ഊഷ്‌മളമായ സ്വീകരണമാണ് അദ്ദേഹത്തിവിടെ ലഭിച്ചത്. തനിക്ക് രാപാർക്കാൻ വേണ്ടി സജ്ജീകരിക്കപ്പെട്ട കിടപ്പറ കണ്ടപ്പോൾ ഒരുപാട് പൂർവ്വകാല സ്‌മൃതികൾ അദ്ദേഹത്തിന്റെ കരളിലൂടെ ഇക്കിളിയൂട്ടി കടന്നുപോയി. അസൂറാബീവിയെ കല്യാണം കഴിച്ച് ആദ്യമായി മണിയറയിൽ കൂടിയപ്പോഴത്തെ അതേ അനുഭവം. അതേ രൂപത്തിൽ പണിത കട്ടിൽ. അതേ കിടക്ക, അതേ വിരിപ്പ്. കിടക്കയിൽ വിതറപ്പെട്ട പൂവുകൾക്കുകൂടി മാറ്റമില്ല. എന്തൊരു സാമ്യം. ആരാണ് ഇത്രയും കലാപരമായി ഈ കിടപ്പറ ഒരുക്കിയത് ...?
സുന്ദരിയായ ഒരു പെണ്‍കൊടിക്കല്ലാതെ ഇത്ര കലാപരമായി ഒരറ തയ്യാറാക്കുവാൻ കഴിയുകയില്ല. ഇങ്ങനെ പലവിധ ചിന്തകളുമായി അദ്ദേഹം മൃദുലമായ കട്ടിലിൽ കയറിയിരുന്നു ... അന്ന് തന്റെ മണിയറയിലുണ്ടായിരുന്ന അതേ രൂപത്തിലുള്ള കനകവിളക്ക് പ്രകാശം ചൊരിയുന്നു ... മേശപ്പുറത്ത് തയ്യാറാക്കി വെച്ചിരുന്നപോലെ ഒരു സ്വർണ്ണചഷകത്തിൽ മധുരപലഹാരങ്ങൾ തയ്യാറാക്കി വെച്ചിരിക്കുന്നു ...
ഇതെന്ത് പരീക്ഷണമാണ് റബ്ബേ ...? തന്റെ മനസ്സിന്റെ സമനില തെറ്റുന്നല്ലോ...? താനീ കാണുന്നത് സ്വപ്നമോ, മായയോ, യാഥാർഥ്യമോ...? അബ്‌ദുല്ല രാജാവ് തന്റെ ശരീരത്തിൽ നുള്ളിനോക്കി, അപ്പോൾ വേദനിക്കുന്നുണ്ട്... സ്വപ്നമല്ല. അന്ന് അസൂറയാണ് ആ ചഷകം എന്റെ നേരെ നീട്ടിയത്. പക്ഷെ, ഇന്ന് ആരുമില്ല. മേശപ്പുറത്ത് മൂടി വെച്ചിരിക്കുകയാണ്. തന്റെ ആസൂറാ ഇപ്പോൾ വരും. തനിക്ക് ചഷകം എടുത്ത് തരും. ഒരു തരം വിഭ്രാന്തിയിൽ കുറേനേരം അയാൾ അങ്ങനെ ഇരുന്നുപോയി ...
ഇല്ല ... ആരും വരുന്നില്ല. അവസാനം അബ്ദുല്ല രാജാവ് തന്നെ ആ ചഷകം വായോടടുപ്പിച്ചു. അൽപാൽപ്പമായി കുടിച്ചു. എന്തൊരത്ഭുതം അതേ രുചി. തന്റെ പ്രിയപ്പെട്ടവൾ ആദ്യരാത്രിയിൽ തനിക്ക് നേരെ നീട്ടിയ പായസത്തിന്റെ അതേ മധുരം. അതേ സ്വാദ്. ഇതെങ്ങനെ സംഭവിച്ചു. അയാളുടെ കണ്ണുകളിൽ നിന്ന് ചുടുബാഷ്പങ്ങളുതിർന്നു വീണു. ആ വദനം വിവർണ്ണമായി...
" അങ്ങേക്കെന്തുപറ്റി ...? അവിചാരിതമായ ഒരു ഭാവമാറ്റം." പരിചാരകരിൽ ഒരാൾ ചോദിച്ചു ...
അതിന് മറുപടിയെന്നോണം രാജാവ് പറഞ്ഞു...
" ഞാനീ കുടിച്ച മധുരപാനീയം എന്റെ പ്രാണപ്രേയസി എനിക്കാദ്യരാത്രിയിൽ സമ്മാനിച്ച അതേ പാനീയം തന്നെ. മറ്റൊരാൾക്കും ഇതേ രുചിയിൽ അതുണ്ടാക്കാൻ സാധിക്കുകയില്ല. ഇതെങ്ങിനെ സംഭവിച്ചു. ഒരു രൂപവുമില്ലാതെ എന്റെ കണ്ണുകൾ നിറഞ്ഞുപോയതാണ്..."
അബ്‍ദുള്ളയുടെ മറുപടി കേട്ട് ഭൃത്യൻ മിഴിച്ചിരുന്നുപോയി...
രാജാവ് ചിന്തയുടെ നീർക്കയത്തിൽ ഊളിയിട്ടുകൊണ്ട് ഒരുപാട് സമയം കഴിച്ചുകൂട്ടി. ഒരു പോള കണ്ണടക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. നേരം പുല
ർന്ന് ദിനചര്യകൾക്കുശേഷം അംഗസ്നാനം വരുത്തി അദ്ദേഹം സുബ്ഹി നിസ്കരിച്ചു. നിസ്കാരപ്പായയിൽ ഇരുന്ന് സർവ്വ ശക്തനെ സ്തുതിച്ചുകൊണ്ടിരിക്കുമ്പോഴാണ് മധുരമായ നാഥധാര അദ്ദേഹത്തിന്റെ കർണ്ണപുടങ്ങളിൽ അലയടിച്ചത്...
രാജാവ് ഞെട്ടിത്തരിച്ചുപോയി...
അസൂറായുടെ അതേ സ്വരം. അതേ വെപ്പും എടുപ്പും. തന്റെ കൂടെ ആയിരുന്നപ്പോൾ എത്ര വൈകിക്കിടന്നാലും സുബ്ഹിക്ക് മുമ്പ് തന്നെ ബീവി എഴുന്നേൽക്കുമായിരുന്നു. എന്നിട്ട് മനോഹരമായ ശൈലിയിൽ ഖുർആൻ പാരായണം ചെയ്യും. ഖുർആൻ പാരായണം കേട്ട് താൻ എല്ലാം മറന്നു എത്ര സമയമാണ് ഇരുന്നിട്ടുള്ളത് ... ഇപ്പോൾ താനീ കേൾക്കുന്ന ശബ്ദം അസൂറായുടേത് തന്നെയല്ലേ ...?
അല്ല. അവൾ മരിച്ചുപോയി. നിഷ്ഠൂരന്മാർ അവളെ കൊലക്ക് കൊടുത്തു. പിന്നെ താനീ കേൾക്കുന്നത് ആരുടെ ശബ്ദമാണ് ?. അദ്ദേഹം പരിചാരകരിൽ ഒരാളെ വിളിച്ചു. ആ ഖുർആൻ പാരായണം ചെയ്യുന്നത് ആരാണെന്ന് അന്വേഷിച്ചു ...
" ഹക്കീം സാഹിബ് " ... " അദ്ദേഹത്തിന് ഉറക്കം വളരെ കുറവാണ്. കുറച്ച് സമയം കിട്ടിയാൽ ദിക്റും ഖുർആൻ പാരായണവും നിസ്കാരവും തന്നെ..."
ഭൃത്യന്റെ മറുപടി അബ്ദുള്ളയെ അത്ഭുതപ്പെടുത്തി...
ഹക്കീം സാഹിബിന് സ്ത്രീകളുടെ സ്വരമോ ...? അതും തന്റെ പ്രിയപ്പെട്ട അസൂറയുടെ ...
ഈ ബംഗ്ലാവിൽ വന്ന മുതൽ അവളെ കുറിച്ചുള്ള ചിന്തകൾ നിറഞ്ഞുനിൽക്കുകയാണ്. ഇതെന്തൊരു പരീക്ഷണമാണ് സുബ്ഹാനേ, ...
അയാൾ അള്ളാഹു (സു)യെ വിളിച്ചുകേണു ...