Wednesday - 22 April, 2026 4-Dhu al-Qadah-1447

ശുഭ പ്രതീക്ഷകളുമായി ഒരു സംഘം

ദിനരാത്രങ്ങൾ വീണ്ടും പലതുംകഴിഞ്ഞു.

അബ്‍ദുറഹ്മാന്റെ രോഗം ഓരോ ദിവസം ചെല്ലുംതോറും കൂടിക്കൂടി വരികയാണ്. വേദന കൊണ്ടയാൾ പുളയുന്നു. ഇടക്കിടക്ക് പേടിപ്പെടുത്തുന്ന ആർത്താനാദം...


രാജ്യത്തുള്ള സകല ഭീഷഗ്വരന്മാരും അയാളെ പരിശോധിച്ചു. ആർക്കും രോഗകാരണം മനസ്സിലായില്ല. ഉപയോഗിക്കുന്ന മരുന്നുകൾക്കൊന്നും ഒരു പ്രയോജനവും ചെയ്യാൻ സാധിച്ചില്ല. തന്റെ അന്ത്യം അടുത്തുവെന്ന്‌ അബ്‍ദുറഹ്‌മാന് തോന്നിപ്പോയി. ചെയ്ത പാപങ്ങൾ ഭീകരരൂപത്തിൽ അയാളെ വേട്ടയാടാൻ തുടങ്ങി...


നിഷ്കളങ്കയും സത്യസന്ധയും സർവ്വോപരി അള്ളാഹു (സു)യുടെ ഇഷ്ടദാസിയുമായ അസൂറാബീവിയെ വെറും മാംസദാഹത്തിന്റെ പേരിൽ യൗവ്വനത്തിന്റെ ചോരത്തിളപ്പിൽ അറുകൊല ചെയ്ത മഹാപാപിയാണ് താൻ. മനോഹരമായി പൂത്തുലഞ്ഞുനിന്ന ആ പാരിജാത മലരിനെ കശക്കിയെറിഞ്ഞ കാട്ടാളനാണ് താൻ. തന്റെ നിഷ്ഠൂര പ്രവൃത്തിക്കുള്ള ശിക്ഷയാണ് ഈ രോഗം. ഇതിൽനിന്ന് എനിക്ക് മോചനമില്ലേ ... അബ്‍ദുറഹ്മാൻ പശ്ചാതാപ വിവശനായി കരഞ്ഞു. കണ്ണുകളിൽ ആരോ കൊളുത്തിട്ട് വലിക്കുന്നത് പോലെയുള്ള കഠിനമായ വേദനയാണ് അനുഭവപ്പെട്ടുകൊണ്ടിരുന്നത്...


എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. തന്നെ രക്ഷിക്കാൻ അള്ളാഹു (സു)ക്ക്‌ മാത്രമേ കഴിയൂ... അവനോട് പശ്ചാതപിച്ച് കാരയുകതന്നെ. ഇങ്ങനെ മനസ്സിലുറച്ച് ജീവിക്കുകയായിരുന്നു അബ്‍ദുറഹ്മാൻ...


ആയിടക്ക് അബ്ദുല്ലയുടെ കാതിലൊരു വാർത്ത കേട്ടു. യമനിലെ ഹക്കീം സാഹിബിനെ കുറിച്ചുള്ള വാർത്ത. കടൽകടന്ന് ആ വാർത്ത അവിടെയും എത്തി. ഏതു മറാവ്യാധികളും നിമിഷനേരം കൊണ്ട് സുഖപ്പെടുത്തുന്ന അത്ഭുതസിദ്ധിയുള്ള ഭിഷഗ്വരൻ...

അതുംകൂടി ഒന്നു പരീക്ഷിച്ചു നോക്കുവാൻ ആ സഹോദരൻ തീരുമാനിച്ചു ...


ഒരു സുപ്രഭാതത്തിൽ അബ്ദുള്ളയും സഹോദരൻ അബ്‍ദുറഹ്മാനും പരിവാരങ്ങളുമൊത്ത് യമനിലേക്ക് യാത്ര പുറപ്പെട്ടു...


രാജാവും പരിവാരങ്ങളും പുറപ്പെട്ട വാർത്തയറിഞ്ഞ് വിവിധ രോഗങ്ങൾ കൊണ്ട് ചിരകാലമായി കഷ്ടപ്പെട്ടുകൊണ്ടിരുന്ന നാലുപേർ അവരുടെ കൂട്ടത്തിൽ കൂടി. ആ നാലുപേർ അസൂറാബീവിക്കെതിരെ കള്ളസാക്ഷി പറഞ്ഞവരാണെന്ന് പ്രത്യേകം എടുത്ത് പറയേണ്ടതില്ലല്ലോ ...


ഇടക്കുവെച്ച് പലവിധ രോഗികളും ആ സംഘത്തോടൊപ്പം ചേർന്നു ... അവരിൽ ഒരാളുടെ രോഗം, ശരീരം പുഴുത്ത് അളിഞ്ഞുകൊണ്ടിരിക്കുക എന്നതായിരുന്നു. അയാളുടെ ശരീരത്തിൽ പഴുത്ത ഭാഗങ്ങൾ പുഴുക്കൾ ഇഴഞ്ഞുനടക്കുകയും അതി കഠിനമായ നാറ്റം അനുഭവപ്പെടുകയും ചെയ്യുന്നുണ്ട് ...


ആരണയാൾ ... ? ഹദ്ദ് കുഴിയിൽ നിന്നും അസൂറാബീവിയെ രക്ഷപ്പെടുത്തിയ പ്രഭുവിന്റെ വീട്ടിലെ ക്രൂരനും നീചനുമായ വേലക്കാരനെ ഓർക്കുന്നില്ലേ ...

കാമവെറി മൂത്ത് നിഷ്കളങ്കമായ പിഞ്ചുകുഞ്ഞിന്റെ ഗളച്ഛേദം ചെയ്ത് ബീവിയോടുള്ള പ്രതികാരം തീർത്ത ആ കുടില മാനസന് ജീവിതകാലത്ത് തന്നെ ശിക്ഷ ലഭിച്ചിരിക്കുകയാണ്. ആയാളും ആ രോഗാശ്വസ സംഘത്തിൽ അംഗമായി യമനിലേക്ക് പുറപ്പെട്ടു ... പഴുപ്പ് കയറിയ ഭാഗം മുറിച്ച് മുറിച്ച് ഇനിയും മുറിക്കാൻ കഴിയാത്ത അവസ്ഥയിലാണയാൾ ...


ആ സംഘത്തിൽ കൂടിയ മറ്റൊരാൾ തന്നെ കടക്കാരനിൽ നിന്ന് രക്ഷിച്ച, ബീവിയെ ബലാത്സംഗം ചെയ്യാൻ ഒരുങ്ങുകയും അത് സാധ്യമല്ലെന്ന് കണ്ടപ്പോൾ കപ്പിത്താന് അടിമയാക്കി വിൽക്കുകയും ചെയ്തുകളഞ്ഞ നീചനായിരുന്നു... 


മറ്റൊരാൾ കപ്പിത്താൻ തന്നെ. അസൂറാബീവിയെ കപ്പലിൽ വെച്ച് മാനഭംഗപ്പെടുത്താൻ ഒരുങ്ങുകയും അഭീഷ്ടസിദ്ധിക്ക് സാധ്യമാകാത്തപ്പോൾ ബീവിയുടെ കരണത്തടിക്കുകയും ചെയ്ത ആയാളും കൂട്ടത്തിൽ കൂടിയിരിക്കയാണ്...


ഇവർക്കെല്ലാം അതിഭയങ്കരമായ രോഗങ്ങളാണ് പിടിപെട്ടിട്ടുള്ളത്... എല്ലാവരും കിട്ടാവുന്ന ചികിത്സകളെല്ലാം ചെയ്ത് ഫലമില്ലാതെ അവസാന കയ്യെന്നുള്ള മട്ടിലാണ് യമനിലേക്ക് പുറപ്പെട്ടിരിക്കുന്നത്...


ആ സംഘം ഒരുപാട് ശുഭ പ്രതീക്ഷകളുമായി യാത്ര തുടർന്നുകൊണ്ടിരുന്നു ...