Thursday - 23 April, 2026 5-Dhu al-Qadah-1447

പ്രതിവിധി പറയും മുമ്പേ

അസൂറാബീവിയുടെ ഓർമ്മകൾ ഉണർത്തുന്ന ഒരുരാവ്‌...!


അബ്ദുള്ള രാജാവിന് ആ ബംഗ്ലാവിലെ താമസം അതാണ് സമ്മാനിച്ചത്. എന്നാൽ കൂടെ വന്നവർ രാജകീയമായ സ്വീകരണത്തിൽ മതിമറന്ന് സന്തോഷത്തോടുകൂടി കൂർക്കം വലിച്ചുറങ്ങി...


അന്നും പ്രഭാതം പൊട്ടി വിടർന്നു.

പകലിന്റെ വദനത്തിൽ ഇന്ന് കൂടുതൽ പ്രസന്നതയുണ്ട്. എന്തായിരിക്കാം കാരണം ... പതിവിലും ഉന്മേഷത്തോടെയാണ് പക്ഷിപ്പറവകൾ അന്നത്തെ പ്രഭാതത്തെ എതിരേറ്റത്. ആനന്ദകരമായ ഒരു സുദിനം...


രാജസഭ കൂടുന്നതിന് മുമ്പ് തന്നെ സദസ്സിലെ ഇരുപ്പിടങ്ങളെല്ലാം നിറഞ്ഞു. എല്ലാവരുടെയും ഹൃദയത്തിൽ ശുഭകരമായ എന്തോ ഒന്ന് സംഭവിക്കാൻ പോകുന്നതിന്റെ സൂചനകളുണ്ടായിരുന്നു. പക്ഷെ, ആർക്കും എന്താണിവിടെ നടക്കുക എന്നതിന്റെ ഒരു രൂപവുമില്ല ...


അവരെല്ലാം വരാൻ പോകുന്ന നിമിഷങ്ങളെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ...


യമനിലെ രാജാവും മന്ത്രിമാരും തങ്ങളുടെ ഇരിപ്പിടങ്ങളിൽ ആസന്നരായി. ഹക്കീം സാഹിബ് രാജസദസ്സിൽ തനിക്ക്‌ പ്രത്യേകമായുള്ള സ്ഥാനത്ത് ഇരുന്നു. രാജകീയാതിഥികൾക്കുംഅവരുടെ സ്ഥാനമാനങ്ങൾക്കും അനുസൃതമായ ഇരിപ്പിടങ്ങൾ നൽകപ്പെട്ടിരുന്നു. എല്ലാവരും ഇരുന്നു കഴിഞ്ഞു...


തങ്ങളുടെ രോഗവിവരങ്ങൾ ഓരോരുത്തരായി ചുരുക്കി വിവരിക്കാൻ ഹക്കീം സാഹിബ് കൽപിച്ചു. അങ്ങിനെ ആദ്യം അബ്‍ദുറഹ്മാൻ തന്നെ തന്റെ നയന രോഗത്തെ വിവരിച്ചു ...


പിന്നീട് നാല് സേവകന്മാർ, പ്രഭുവിന്റെ വീട്ടിലെ വേലക്കാരൻ, ദ്രവ്യം നൽകി മോചിപ്പിക്കപ്പെട്ടവൻ, കപ്പിത്താൻ മുതലായ എല്ലാ രോഗികളും തങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന മാരക രോഗങ്ങളെ കുറിച്ച് വിവരണം നടത്തി...


ഹക്കീം സാഹിബും, രാജാവും, സദസ്സുമെല്ലാം അവരുടെ രോഗവിവരങ്ങൾ കേട്ടു ...

ഹക്കീം സാഹിബ് ഉടൻ പ്രതിവിധി ചെയ്യും. ഖുർആൻ സൂക്തങ്ങൾ മന്ത്രിച്ച ജലമോ, മറ്റു വല്ല വസ്തുക്കളോ അവർക്കെല്ലാം വിതരണം ചെയ്യും. അങ്ങനെ അവരെയെല്ലാം ഇത്രയും കാലം പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന വ്യാധികൾ സുഖപ്പെടുത്തും ... ഈ പ്രതീക്ഷയായിരുന്നു സദസ്സ്യർക്കെല്ലാം ... ഹക്കീം സാഹിബിന്റെ കഴിവിൽ അവർക്കെല്ലാം അത്രകണ്ട് മതിപ്പായിരുന്നു...


പക്ഷെ, അവരുടെയെല്ലാം പ്രതീക്ഷകൾക്ക് വിപരീതമായാണ് കാര്യങ്ങൾ നീങ്ങിയത്. രോഗ വിവരങ്ങൾ കേട്ട ശേഷം ഹക്കീം സാഹിബ് മൊഴിഞ്ഞു ...


" ജീവിതത്തിൽ വിശുദ്ധിയാണ് മനുഷ്യർക്കാവശ്യം. സത്യസന്ധത വിശുദ്ധിക്ക് മാറ്റുകൂട്ടുന്നു. പാപപങ്കിലമായ ജീവിതത്തിന് പലപ്പോഴും ഐഹികശിക്ഷ തന്നെ ലഭിക്കുന്നത് കാണാം. നിങ്ങളുടെയെല്ലാം രോഗവിവരങ്ങളിൽ നിന്ന്‌ എല്ലാരും  അതിനീചമായ എന്തോ ഒരപരാധം ചെയ്തിരിക്കുന്നു എന്നു ഞാൻ അനുമാനിക്കുന്നു ... മാത്രമല്ല അവ ഒന്നിനോടൊന്ന് ബന്ധപ്പെട്ട് കിടക്കുന്നുവോ എന്നുപോലും ഞാൻ സംശയിക്കുന്നു. അതുകൊണ്ട് നിങ്ങൾ ഓരോരുത്തരും താന്താങ്ങൾ പ്രവർത്തിച്ച നീച പ്രവൃത്തികളെ ഈ സഭക്ക് മുന്നിൽ വെച്ച് തുറന്നുപറയണം. അതിനുശേഷം പ്രതിവിധിയെ കുറിച്ച് ആലോചിക്കുന്നതായിരിക്കും കൂടുതൽ ഫലപ്രദമായിരിക്കുക ..."


ആ പ്രസ്താവന കേട്ട് എല്ലാവരും മിഴിച്ചിരിക്കയാണ്. സൂചി വീണാൽ സ്വരം കേൾക്കത്തക്ക ശ്മശാനമൂകതയാണവിടെ. ആരും തന്നെ ഒന്നും ഉരിയാടിയില്ല. അബ്ദുല്ല രാജാവാണ് നിശബ്ദതയെ ഭജിച്ചത്. അദ്ദേഹത്തിന്റെ മനസ്സിൽ കാര്യമായ എന്തോ സംശയം കടന്നുകൂടിയിരിക്കുന്നു. എന്താണിതിന്റെ രഹസ്യം ..? എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല. അയാൾ സഹോദരന്റെ നേരെ നോക്കി ഗർജ്ജിച്ചു...


" അബ്‍ദുറഹ്മാനെ ഹക്കീം സാഹിബ് പറഞ്ഞത് കേട്ടില്ലേ...? എന്താണ് നീ ചെയ്ത തെറ്റ്...? ആദ്യം അത് തന്നെ പറയൂ ... എനിക്ക് നിന്നെക്കുറിച്ച് കാര്യമായ സംശയമുണ്ട്..."


സഹോദരന്റെ കൽപ്പന കേട്ട് അബ്‍ദുറഹ്മാൻ ഭയചികിതനായി. താൻ ഭയപ്പെട്ട നിമിഷങ്ങൾ നിനച്ചിരിക്കാതെ വന്നു ചേർന്നിരിക്കുകയാണ്. എല്ലാ തെറ്റുകളും ഏറ്റു പറയേണ്ട സമയം ഇവിടെ ആസന്നമായിരിക്കുന്നു. ഉപ്പുതിന്നവൻ വെള്ളം കുടിക്കേണ്ടി വരുമെന്നുള്ള പഴമൊഴി ഇവിടെ പുലർന്നിരിക്കുന്നു. സംഭ്രമത്തോടെ വിറച്ച് വിറച്ച്കൊണ്ടയാൾ മൊഴിഞ്ഞു ...


" ഞാൻ മഹാപാപിയാണ്. അത് ഏറ്റുപറയാനുള്ള മനക്കരുത്ത് എനിക്കില്ല. തന്നെയുമല്ല, ഞാനത് തുറന്നു പറഞ്ഞാൽ എന്റെ സഹോദരൻ ഈ സദസ്സിന് മുമ്പിൽവെച്ചു തന്നെ പിച്ചിച്ചീന്തുമെന്നു ഞാൻ ഭയപ്പെടുന്നു ..."


സഹോദരന്റെ വാക്കുകൾ കേട്ടു അബ്ദുല്ല രാജാവിന്റെ വദനത്തിൽ രക്തം ഇരച്ചുകയറി. കോപം കൊണ്ടയാൾ പരിസര ബോധമില്ലാത്തവനായി. അദ്ദേഹത്തിന്റെ ഭാവവ്യത്യാസം കണ്ട് രാജാവ് കഴിവതും സമാശ്വസിപ്പിച്ചു... " നിങ്ങൾ സമാധാനമായിരിക്കിൻ. എല്ലാറ്റിനും പരിഹാരം റബ്ബ് (സു) കാണിച്ചുതരും..."


അതിനെ തുടർന്ന് രാജാവ് സദസ്സിനെ നോക്കി പറഞ്ഞു ...


" നിങ്ങൾ ഒന്നുകൊണ്ടും ഭയപ്പെടേണ്ട. ഇവിടെ എന്റെ അധികാര പരിധിക്കുള്ളിലാണ്. ഇവിടെ വെച്ച് ആരും നിങ്ങളെ ഒന്നും ചെയ്യാൻ പോകുന്നില്ല. അതുകൊണ്ട് യഥാർത്ഥ സംഭവങ്ങൾ തുറന്നുപറഞ്ഞ് മാപ്പിനപേക്ഷിക്കുവാൻ ഞാൻ നിങ്ങളോട് അജ്ഞാപിക്കുകയാണ്..."


രാജാവിന്റെ കൽപ്പന കേട്ട് അവർ ഓരോരുത്തരായി തങ്ങളുടെ അപരാധങ്ങൾ തുറന്ന് പറയാനൊരുങ്ങി ...