Wednesday - 22 April, 2026 4-Dhu al-Qadah-1447

വിശ്വസിക്കാനാവാത്ത കഥ

അള്ളാഹു (സു)യിൽ ഭാരമേല്പിച്ച് അവനിൽ മാത്രം വിശ്വാസം അർപ്പിച്ച് കഴിഞ്ഞുകൂടുന്ന പരിശുദ്ധ കന്യകക്ക് എരിയുന്ന തീയിൽനിന്ന്‌ പൊരിയുന്ന ചട്ടിയിലേക്ക് എടുത്തെറിയപ്പെട്ട അനുഭവമാണ് കപ്പലിൽ നിന്ന്‌ ഉണ്ടായത്...


കപ്പിത്താൻ അവർക്കുപയോഗിക്കാനായി പ്രത്യേകം ഒരു മുറി തയ്യാറാക്കിക്കൊടുത്തു. ആവശ്യമായ സാധനങ്ങളും കപ്പലിൽ നിന്ന് കിട്ടി. വിശപ്പടക്കാൻ മാത്രം വല്ലതും കഴിച്ചെന്നുവരുത്തി ബീവി അല്പം വിശ്രമിക്കാമെന്നുകരുതി കട്ടിലിൽ കയറിക്കിടന്നു...


ദീർഘമായ യാത്രകൊണ്ടും അലച്ചിൽ കൊണ്ടും അവരാകെ ക്ഷീണിച്ചിരുന്നു. അതുകൊണ്ട് നിമിഷങ്ങൾക്കകം ബീവി ഗാഢ നിദ്രയിലാണ്ടു ...


കപ്പിത്താന്റെ ഹൃദയത്തിൽ മോഹങ്ങൾ ചിറകടിക്കുകയായിരുന്നു. തൊട്ടാൽ പൊള്ളുന്ന പരുവത്തിലുള്ള ഒരു സുന്ദരിപ്പെണ്ണിനെ തനിക്ക് മാത്രമായി കിട്ടിയിരിക്കയാണ്. ആസ്വദിക്കണം മതിയാവോളം. അയാൾ ബീവിയുടെ മുറിയിലേക്ക് നടന്നു...


വരാൻ പോകുന്ന ആപത്തുകൾ കുറിച്ചൊന്നും ചിന്തിക്കാതെ ബീവി ഉറങ്ങുകയാണ്...


അബലയായ ഒരു സ്ത്രീ. ഓടി രക്ഷപ്പെടാൻ പോലും പഴുതില്ലാത്ത ഒരു സ്ഥലം. ബലിഷ്ഠകായനായ ഒരു പുരുഷൻ അവളെ കടിച്ചുതിന്നാൻ വേണ്ടി തയ്യാറെടുക്കുകയാണ്. ആരുണ്ട് ഈ കെണിയിൽ നിന്ന്‌ അവളെ രക്ഷപ്പെടുത്താൻ..? ഇതുവരെ അവൾക്ക് താങ്ങായി നിന്ന സർവ്വലോക സംരക്ഷകൻ ഇനിയും  സംരക്ഷിക്കുമോ ...?

നമുക്ക് കാത്തിരുന്നു കാണാം ...


കനകവിഗ്രഹം പോലെ ഉറങ്ങിക്കിടന്ന ആ പെണ്‍കൊടിയുടെ കൂടെ കപ്പിത്താൻ കട്ടിലിൽ കയറിക്കിടന്നു. അയാൾ ബീവിയെ തന്റെ ശരീരത്തോട് ചേർത്തു... പെട്ടെന്ന് ബീവി ഞെട്ടിയുണർന്നു. കുറച്ച് സമയത്തേക്ക് അവൾക്ക് പരിസരബോധം ഉണ്ടായില്ല ... ഓർമ്മ വന്നപ്പോൾ ദുഷ്ടനായ കപ്പിത്താൻ തന്റെകൂടെ കട്ടിലിൽ ശയിക്കുന്നതാണ് കണ്ടത്...


" യാ ഇലാഹീ ... എന്നെ കാക്ക് ...!!!"


ആ ഒരൊറ്റ വാചകമേ ബീവി പറഞ്ഞുള്ളൂ ...

പിന്നെ എത്രതന്നെ ശ്രമിച്ചിട്ടും കപ്പിത്താന് ബീവിയോടൊത്ത് സംയോഗസുഖം പങ്കിടാൻ സാധിച്ചില്ല. അയാളുടെ ലൈംഗിക ശക്തി ചോർന്നുപോയതുപോലെ ...

ബീവിയുടെ അടുത്തുനിന്ന് മാറിയാൽ വികാരം പൊട്ടിമുളക്കും അതിയായ ആവേശത്തോടുകൂടി തിരിച്ചുവരും, എന്നാൽ ബീവിയെ സമീപിച്ചുകഴിഞ്ഞാൽ അയാൾക്കൊന്നിനും കഴിയുമായിരുന്നില്ല. അങ്ങനെ അള്ളാഹു (സു) അസൂറാബീവിയെ രക്ഷിച്ചു. അയാൾ പലതവണ ഇളിഭ്യനായി മടങ്ങി. അവസാനം കോപാകുലനായ കപ്പിത്താൻ റോസാദളം പോലെ മൃദുലമായ ബീവിയുടെ കവിൽതടത്തിൽ ആഞ്ഞടിച്ചു. അവർ ബോധരഹിതയായി തറയിൽ വീണു ...


ആ കിടപ്പ് എത്രനേരം കിടന്നെന്നറിഞ്ഞില്ല. ഉണർന്നപ്പോൾ തറയിൽ കിടക്കുന്നതാണ് കണ്ടത്. വേഗം തട്ടിപ്പിടഞ്ഞെഴുന്നേറ്റു. അവർ മനസ്സുരുകി അള്ളാഹു (സു)യോട് പ്രാർത്ഥിച്ചു ...


" രക്ഷ ശിക്ഷകൾക്കുടമയായ എന്റെ രക്ഷിതാവേ, നിന്നെ മാത്രം ആരാധിക്കുന്ന നിന്റെ അബലയായ ഈ അടിമയെ തുണക്കേണമേ ..., 

കാമവെറിയന്മാരായ ഈ പിശാചുക്കളിൽ നിന്നും എനിക്ക് സംരക്ഷണം നൽകേണമേ ...,"


ബീവിയുടെ കരളലിയിപ്പിക്കുന്ന പ്രാർത്ഥന തീരുന്നതിനുമുമ്പേ അപകട സൂചന കണ്ടുതുടങ്ങി. ശാന്തമായിരുന്നു കടൽ പെട്ടെന്ന് പ്രകോപിതമായി. തിരമാലകൾ പർവ്വതം കണക്കെ ഉയർന്നുപൊങ്ങി. കപ്പൽ മുങ്ങിയും പൊങ്ങിയും ഏതുനിമിഷവും പൊട്ടിപ്പിളരുമോ എന്ന സംശയത്തിൽ എല്ലാവരും വാവിട്ടുകരഞ്ഞു...


അസൂറാബീവിക്കുമാത്രം ഒരു ചഞ്ചല്യവുമുണ്ടായിരുന്നില്ല. അവർ റബ്ബിനെ പ്രകീർത്തിച്ചുകൊണ്ടിരുന്നു. പെട്ടെന്ന് കപ്പൽ പൊട്ടിപ്പൊളിഞ്ഞു. അത് കടലിന്റെ അടിത്തട്ടിലേക്ക് ഊളിയിടാൻ തുടങ്ങി ...


കപ്പിത്താന്റേയും അതിനകത്തുള്ളവരുടെയും ദുഷ്ടതകൾക്ക് അറുതിവരുത്തിക്കൊണ്ട്  അത് സമുദ്രത്തിന്റെ അടിത്തട്ടിൽ മറഞ്ഞു ... പക്ഷെ, കൃതജ്ഞനായ മനുഷ്യൻ അതുകൊണ്ടൊന്നും പഠിക്കാൻ തയ്യാറായിരുന്നില്ല. ആ കപ്പലിൽ ഉണ്ടായിരുന്നവരുടെ സ്ഥിതി അള്ളാഹുവിന് മാത്രമറിയാം... 


എന്നാൽ അള്ളാഹുവിന്റെ അജയ്യമായ ശക്തി എല്ലാതെന്തു പറയാൻ ബീവിക്കുമാത്രം ഒരു പോറലുമേറ്റില്ല. അവർ കപ്പലിന്റെ ഒരു പലകയിൽ പിടികൂടി. തന്റെ പെട്ടിയും അവരുടെ കയ്യിൽതന്നെ ഉണ്ടായിരുന്നു. തിരമാലകൾ തള്ളിത്തള്ളിക്കൊണ്ട് ആ പലകക്കഷ്ണത്തോടൊപ്പം അസൂറാബീവിയെയും കരക്കടുപ്പിച്ചു ...


ബീവി സർവ്വ ശക്തനായ അള്ളാഹുവിനെ വാഴ്ത്തിക്കൊണ്ട് കരക്കിറങ്ങി ...


അവർ തന്റെ വസ്ത്രങ്ങളെല്ലാം വിജനമായ ഒരു സ്ഥലത്ത് വെച്ച് അഴിച്ചുമാറ്റി ദേഹത്ത് പറ്റിപ്പിടിച്ചിരുന്ന ഉപ്പുവെള്ളം തുടച്ചുകളഞ്ഞു. പെട്ടിയിൽ വാങ്ങി സൂക്ഷിച്ചിരുന്ന വസ്ത്രങ്ങൾ എടുത്തണിഞ്ഞു. എന്നാൽ ആ വസ്ത്രങ്ങൾ, കോട്ടും സൂട്ടും തലയിൽ കെട്ടുമെല്ലാം പുരുഷന്മാരുടേതായിരുന്നു. പുരുഷവേഷം ധരിച്ച് കയ്യിലുണ്ടായിരുന്ന കൊച്ചുകണ്ണാടിയിൽ ബീവി നോക്കി... 


ഇല്ല ... ഇപ്പോൾ ഞാനൊരു സ്ത്രീയാണെന്ന് ആരും പറയുകയില്ല...

അള്ളാഹുവേ കാമാർത്ഥരായ കാട്ടാളന്മാരുടെ ശല്യത്തിൽ നിന്നും ഒഴിവാകാൻ എന്റെ മുന്നിൽ ഈയൊരു മാർഗ്ഗം മാത്രമേയുള്ളൂ ... ഈ ഒരു പുരുഷവേഷം ... അതുകൊണ്ട് ഈ ഒരു അവിവേകം പൊറുക്കേണമേ ...


അങ്ങനെ അസൂറാബീവി എന്ന പുരുഷൻ നടന്നു. ആൾതാമസം ഉള്ള സ്ഥലം തേടി, അങ്ങിനെ ഒരു നാട്ടിലെത്തി. ആ നാട്ടിലെ പള്ളിയിൽ കയറി നിസ്കരിച്ചു. അവിടെ താമസം തുടങ്ങി ...


ഹക്കീം സാഹിബെന്ന അസൂറാബീവിയാണ് ഞാൻ... കുമാരി എന്നോട് പൊറുക്കണം ... ഇത്രയും പറഞ്ഞ് ഹക്കീം സാഹിബ് കഥയവസാനിപ്പിച്ചു ...


സുഹ്റാ രാജകുമാരി ഒരത്ഭുത ചലചിത്രം കാണുന്നപോലെ അതെല്ലാം കേട്ട് മിഴിച്ചിരുന്നു ...