Wednesday - 22 April, 2026 4-Dhu al-Qadah-1447

തൽക്കാലം രക്ഷിച്ച സൂത്രം

ഒരു സ്ത്രീക്ക് തന്റെ അനുഭവത്തിൽ ഇതുപോലൊരനുഭവം ഉണ്ടായിക്കാണാനിടയില്ല. ഇതെന്തു പരീക്ഷണമാണ് റബ്ബേ... സുന്ദരനും, സുശീലനും, അനുരൂപനുമായ ഒരു ഭർത്താവിനെ ഹക്കീം സാഹിബിൽ കിനാവ് കണ്ടു. ആ കിനാവുകൾ സാക്ഷാത്കരിക്കപ്പെടുന്ന സുന്ദര മുഹൂർത്തത്തിന് വേണ്ടി കാത്തിരുന്നു ... അവസാനം സംഭവിച്ചതോ ...?  വല്ലാത്തൊരു ദുർവിധി...


സുഹ്റാ രാജകുമാരിയിൽ ചിന്തകൾ നീറിപ്പടരുകയായിരുന്നു. തന്റെ മാതാപിതാക്കളോട്  പുലരുമ്പോൾ എന്ത് സമാധാനം പറയും. ബന്ധുക്കൾ ഈ കഥയെങ്ങാനും അറിഞ്ഞാൽ തന്നെ പരിഹസിച്ചു കൊല്ലുകയില്ലേ ...

ഈ പ്രതിസന്ധി തരണം ചെയ്യാൻ എന്താണൊരു പോംവഴി ...?


ഇങ്ങിനെ ചിന്തിച്ചിരിക്കുന്ന അസൂറാബീവിയോട് രാജകുമാരി പറഞ്ഞു: 


എന്റെ ജീവിതത്തിൽ ഇന്നേവരെ ഉണ്ടായ പരീക്ഷണങ്ങളിൽ ഏറ്റവും വലുതായി തോന്നുന്നത് ഈ വിവാഹമാണ്. സത്യം ഒരുകാലത്ത് വെളിവാവും. പക്ഷെ, ഇപ്പോൾ അത് പുറത്ത് വിടാൻ ആയിട്ടില്ല. ഈ രഹസ്യം ഇപ്പോൾ തൽക്കാലം നമ്മൾ രണ്ടുപേരും അറിഞ്ഞാൽ മതി. കുറച്ചുകാലം കൂടി ജനമധ്യത്തിൽ നമുക്ക് ഭാര്യാഭർത്താക്കന്മാരായി കഴിഞ്ഞുകൂടണം. അതിനുള്ള യുക്തിയാണ് നമുക്ക് ഇപ്പോൾ കണ്ടുപിടിക്കേണ്ടത് ...


പെണ്ണല്ലേ കുതന്ത്രങ്ങൾ മെനഞ്ഞുണ്ടാക്കുന്നതിൽ മിടുക്ക് കാട്ടാതിരിക്കുമോ ?

" സ്ത്രീകളുടെ കുതന്ത്രം ഭയങ്കരം തന്നെ " എന്ന്‌ വിശുദ്ധ ഖുർആൻ കൂടി സൂചിപ്പിച്ചതോർക്കുമല്ലോ ... രാജകുമാരി കുറച്ചുനേരം ആലോചിച്ചശേഷം പറഞ്ഞു ...


തൽക്കാലം രക്ഷപ്പെടാൻ നമുക്കൊരു സൂത്രം പ്രയോഗിക്കാം... അരിപ്രാവിന്റെ രക്തത്തിന് കന്യാചർമ്മത്തിന്റെ ചോരയോട് സാമ്യമുണ്ട്. നമുക്കൊരു അരിപ്രാവിനെ പിടിച്ചറുത്ത് രക്തം മെത്തയിൽ പുരട്ടാം ...


കുമാരിയുടെ ബുദ്ധി അസൂറാബീവിക്കും സ്വീകാര്യമായിരുന്നു. അവർ അങ്ങിനെ തന്നെ ചെയ്തു...


പ്രഭാതം പൊട്ടിവിടർന്നു ...  അന്നും ആകാംക്ഷയോടെ പെണ്ണുങ്ങളെല്ലാം മണിയറയിൽ പ്രവേശിച്ചു ... ഇത്തവണ അവരുടെ മുഖം പ്രസന്നമായി. ഭാര്യാഭർത്താക്കന്മാർ ശയിച്ച വിരിപ്പിൽ രക്തപ്പാട്. അവരെല്ലാം സന്തോഷിച്ചു. ആർത്തുല്ലസിച്ചു. കൊട്ടാരത്തിൽ രക്തമംഗല്യത്തിനുള്ള തയ്യാറെടുപ്പുകൾ നടന്നു. ഹക്കീം സാഹിബിനെ യുവരാജാവായി പട്ടാഭിഷേകം ചെയ്യിക്കാനുള്ള ഒരുക്കവും അതോടൊന്നിച്ചു നടന്നു ...


രാജ്യത്തിന്റെ അങ്ങോളമിങ്ങോളം ആനന്ദത്തിന്റെ അലയൊലികൾ മുഴങ്ങി. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെ പുറത്ത് ഹക്കീം സാഹിബിനെ എഴുന്നള്ളിച്ചു ...നിണമണിഞ്ഞ പുടവയും കൂട്ടത്തിലെടുത്തു. ആ നാട്ടിലെ ആചാരം അതായിരുന്നു. വാദ്യമേളങ്ങൾ കൊണ്ട് ആ ഘോഷയാത്ര പൊടിപൊടിച്ചു ...


രാജകുമാരിക്ക് ഈ ആഘോഷങ്ങളെല്ലാം കണ്ടപ്പോൾ ചിരിപൊട്ടി. അവരെല്ലാം  ഉള്ളൊഴിഞ്ഞു സന്തോഷിക്കുന്നു, തന്റെ സന്തോഷത്തിന്റെ പേരിൽ ... എന്നാൽ യദാർത്ഥ സംഭവമെന്താണ്...? ഈ ആഘോഷക്കാർ അതറിഞ്ഞാൽ എന്തായിരിക്കും സ്ഥിതി. ഓർക്കാൻ കൂടി വയ്യ. രഹസ്യം ഉള്ളിലൊതുക്കുക. അള്ളാഹു (സു) യുടെ അലംഘനീയമായ വിധി കാത്തിരിക്കുക ... അതുമാത്രമേ തന്റെ മുന്നിലുള്ള ഏകമാർഗം എന്ന് രാജകുമാരി സമാധാനിച്ചു...


പട്ടണപ്രദക്ഷിണം കഴിഞ്ഞ് പട്ടാഭിഷേകത്തിനുള്ള സമയമായി. രാജ്യത്തിനകത്തുള്ള ആബാലവൃദ്ധം ജനങ്ങൾ അന്നവിടെ തടിച്ചുകൂടി. അതിഥികളെല്ലാം അവരുടെ പ്രത്യേക ഇരിപ്പിടങ്ങളിൽ ഉപവിഷ്ഠരായി. രാജാവ് എഴുന്നേറ്റുനിന്നുകൊണ്ട് ഇപ്രകാരം തന്റെ പ്രജകളെ അഭിസംബോധന ചെയ്തു...


" എന്റെ പ്രിയപ്പെട്ട പ്രജകളെ, എന്റെ ജീവിതത്തിലെ  ഒരനർഘ നിമിഷമായിട്ടാണ് ഈ പട്ടാഭിഷേകത്തെ ഞാൻ കണക്കാക്കുന്നത്. ഈ രാജ്യത്തിന്റെ ഭാഗ്യനക്ഷത്രം ഉദയം ചെയ്തിരിക്കുകയാണെന്ന് സംശയലേശമന്യേ നമുക്ക് അനുമാനിക്കാവുന്നതാണ്. എന്റെ മോൾക്ക് കിട്ടാവുന്നതിൽ വെച്ചേറ്റവും നല്ല ഭർത്താവിനെയാണ് ഹക്കീം സാഹിബിലൂടെ കരസ്ഥമായിരിക്കുന്നത്. തന്നേയുമല്ല, നമ്മുടെ രാജ്യത്തിന് കിട്ടാവുന്നതിൽ വെച്ചേറ്റവും ഉൽകൃഷ്ടമായ അനന്തരാവകാശിയെയും നമുക്ക് ലഭ്യമായിരിക്കുകയാണ്. ഇത് ആഹ്ലാദത്തിന്റെ നിമിഷമാണ്. ഈ ആനന്ദത്തിൽ നിങ്ങളെല്ലാവരും പങ്കുചേർന്നതിൽ അകൈതവമായ കൃതജ്ഞത രേഖപ്പെടുത്തുവാൻ ഈ അവസരം ഞാൻ ഉപയോഗപ്പെടുത്തുകയാണ്..."


രാജാവിന്റെ പ്രഭാഷണം കേട്ട് പ്രജകളെല്ലാം അത്യുച്ചത്തിൽ കരഘോഷം മുഴക്കി. തുടർന്ന് ഹക്കീം സാഹിബിനെ സിംഹാസനത്തിൽ പിടിച്ചിരുത്തുകയും രാജകീയം അദ്ദേഹത്തിന്റെ ശിരസ്സിൽ അണിയിക്കുകയും ചെയ്തു...


ആ രാജ്യത്തിലെ ജനങ്ങളും രാജാവും കുടുംബവും തന്നോട് കാണിക്കുന്ന സ്നേഹാദരവുകൾ കണ്ട് ഹക്കീം സാഹിബിന്റെ ഹൃദയം വികാരം കൊണ്ട് വീർപ്പുമുട്ടി ... തന്നോടു കാണിക്കുന്ന സ്നേഹാദരവുകൾക്ക്‌ എങ്ങനെ നന്ദി പ്രകാശിപ്പിക്കണമെന്നറിയാതെ അദ്ദേഹം കുഴങ്ങി...


പതിവിലും കവിഞ്ഞ വിനയ ഭാവത്തോടെ സദസ്സിനെ അഭിമുഖീകരിച്ചുകൊണ്ട്‌  അദ്ദേഹം മൊഴിഞ്ഞു ...


" ബഹുമാന്യരെ, നിങ്ങൾ എന്നോട് കാണിച്ച അനിർവചനീയമായ സ്നേഹ ബഹുമാനങ്ങൾ എന്നെ വീർപ്പുമുട്ടിക്കുകയാണ്. എനിക്ക് ഒരൊറ്റ അപേക്ഷയേ നിങ്ങൾക്ക്  സമർപ്പിക്കാനുള്ളൂ ...

തൽകാലം ഈ രാജ്യത്തിന്റെ ചുക്കാൻ പിടിക്കുന്നതിൽ നിന്നും എന്നെ ഒഴിവാക്കുക. ഇപ്പോൾ


നമ്മുടെ രാജാവ് തന്നെ ഇവിടെ സിംഹാസനത്തിൽ ഇരിക്കട്ടെ ...ഭരണ കാര്യങ്ങളെ കുറിച്ച് ഞാൻ തീർത്തും അറിവില്ലാത്തവനാണ്. അതുകൊണ്ട് കുറെയെല്ലാം കണ്ടുംകേട്ടും പഠിക്കട്ടെ ... എന്നിട്ട് വേണമെങ്കിൽ നിങ്ങളുടെയെല്ലാം അഭീഷ്ടത്തിനനുസരിച്ച് ഭരണചെങ്കോൽ ഏറ്റെടുക്കാം..."


ഹക്കീം സാഹിബിന്റെ പ്രസ്ഥാവന രാജാവിനേയും പ്രജകളെയും സന്തുഷ്ടരാക്കിയില്ല. എങ്കിലും അദ്ദേഹത്തിന്റെ നിർബന്ധത്തിന് വഴങ്ങി കുറച്ചുകാലത്തേക്കു കൂടി ഭരണഭാരം തുടർന്ന് നടത്തിക്കൊള്ളാമെന്ന് രാജാവ് സമ്മതിച്ചു...


അങ്ങനെ ആ സഭ പിരിഞ്ഞു ...