താൻ ഇത്രയും കാലം പവിത്രമായി സൂക്ഷിച്ചിരുന്ന ചാരിത്ര്യം നഷ്ടപ്പെടുമെന്ന് പേടിച്ചാണ് ആസൂറാബീവി ഓടിയത്. താമരപ്പൂ പോലെ പൂത്തുലഞ്ഞു നിൽക്കുന്ന ആ സുമസുന്ദരിയെ കരവലയത്തിലിട്ട് ഞെരുക്കാൻ കഴിയാത്തതിലുള്ള കുണ്ഠിതത്തോടുകൂടി ആയാളും ബീവിയുടെ പിന്നാലെ വെച്ചുപിടിച്ചു ...
ചെമ്മരിയാടിന്റെ പിന്നാലെ ചോരക്കൊതിയുമായി പായുന്ന ചെന്നായ കണക്കെ അയാൾ ബീവിയുടെ പിന്നാലെ കുതിച്ചു ...
വിശാലമായ സമുദ്രത്തിന്റെ കരയോടടുത്ത് നങ്കൂരമിട്ട കപ്പൽ. കപ്പലിൽ നിന്ന് താഴെ ഇറങ്ങി ചെറിയ കൊച്ചുവള്ളത്തിൽ കരക്കെത്തിയ ആ കപ്പലിലെ കപ്പിത്താൻ കടൽക്കരയിലൂടെ അല്പം നടന്നു. മനോഹരമായ പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ട് അയാൾ കരയിലൂടെ ചുറ്റിക്കറങ്ങി. അകലെ നിന്ന് രണ്ടുപേർ ഓടിവരുന്നത് അയാളുടെ ദൃഷ്ടിയിൽപെട്ടു...
ആരായിരിക്കാം അത്... ആ കപ്പിത്താൻ സൂക്ഷിച്ചുനോക്കി. മുന്നിൽ വരുന്നത് ഒരു സ്ത്രീയാണ്. പിന്നിൽ വരുന്നത് ഒരു പുരുഷനും. രക്ഷിക്കണേ ... രക്ഷിക്കണേ ... എന്നഭ്യർത്ഥിച്ചുകൊണ്ട് ആ സ്ത്രീ കപ്പിത്താന്റെ മുന്നിലേക്ക് ഓടിവന്നു. അപ്പോഴേക്ക് അപരനും എത്തി...
ബീവി അസൂറായും കാമാന്ധനും കാപ്പിത്താന്റെ മുന്നിൽ കിതച്ചുനിന്നു. അയാൾ ഒന്നുഴുഞ്ഞിനോക്കി. ലോക സുന്ദരികളെ വെല്ലുന്ന ഒരസുലഭ കുസുമം. ഓട്ടത്തിൽ അവളുടെ വസ്ത്രങ്ങൾക്കെല്ലാം സ്ഥാനചലനം സംഭവിച്ചിരിക്കുന്നു ...
" എന്താണിത് ...? അബലയായ ഒരു സ്ത്രീയെ നിങ്ങളെന്തിനാണ് ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്..."
" ഇവൾ എന്റെ അടിമയാണ്... മൂന്ന് ദിവസമായി ചാടിപ്പോന്നിട്ട്. ഞാൻ ഇതുവരെയും അന്വേഷിക്കുകയായിരുന്നു. എന്നെ കണ്ടപ്പോൾ അവൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയാണ്..."
ഒരു പെരുങ്കള്ളം എത്ര ലാഘവത്തോടുകൂടിയാണ് അയാൾ പറഞ്ഞൊപ്പിച്ചത്. മനുഷ്യ ഹൃദയത്തിലെ പൈശാചികഭാവം അവനെ എന്തെല്ലാം പോയമുഖങ്ങൾ അണിയിക്കുന്നു... അയാളുടെ വാക്ക് കേട്ട് ബീവി അന്ധാളിച്ചുപോയി. അവിടെയും അവർ യഥാർത്ഥ സംഗതി തുറന്നുപറഞ്ഞു ...
" ഞാൻ ഇയാളുടെ അടിമയാണ്. എന്റെ പിറകെ വെറുതെ കൂടിയതാണ്..."
പക്ഷെ, സത്യം അതാർക്ക് കേൾക്കണം. കപ്പിത്താൻ അവളുടെ വാക്കുകൾക്ക് തീരെ വിലകല്പിച്ചില്ല... ബീവിയുടെ സൗന്ദര്യത്തിൽ ആയാലും ലയിച്ചിരുന്നു... ആ മാദകത്തിടമ്പിനെ സ്വന്തമാക്കാനുള്ള വഴിയെന്താണ് ...? അതായിരുന്നു കപ്പിത്താന്റെ ചിന്ത ...
" ഹേ മനുഷ്യാ ... നിങ്ങളുടെ അടിമസ്ത്രീയെ എനിക്ക് വിൽക്കുന്നോ ...?"
കപ്പിത്താൻ ചോദിച്ചു ...
ബീവിയെ തന്റെ ഇംഗിതത്തിന് ഏതായാലും കിട്ടില്ല. പിന്നെ കുറച്ച് കാശ് കിട്ടിയാൽ അതെങ്കിലും ഗുണമല്ലെ, എന്ന് ചിന്തിച്ച് അയാൾ സമ്മതം മൂളി...
അങ്ങനെ നാനൂറ് വെള്ളിക്ക് കച്ചവടം ഉറപ്പിച്ച് അസൂറാബീവിയെ അയാൾ കപ്പിത്താന് വിറ്റു...
"ഞാനാരുടേയും അടിമയല്ല. എന്നെ പോകാൻ അനുവദിക്കണം." എന്നുള്ള ബീവിയുടെ അഭ്യർത്ഥന അവർ ചെവിക്കൊണ്ടില്ല...
അവരെയും കൂട്ടി കപ്പിത്താൻ കപ്പലിലേക്ക് തിരിച്ചുനടന്നു ...