Wednesday - 22 April, 2026 4-Dhu al-Qadah-1447

അനുരാഗം വരുന്ന വഴികൾ

ധനികനായ ഒരു പ്രഭു ബിസിനസ്സ് സംബന്ധമായി ദൂരെ ഏതോ ദിക്കിൽ നിന്ന്‌ കഴിയുംവേഗം വസതിയിൽ എത്തിച്ചേരാൻ വേണ്ടി കുതിരപ്പുറത്ത് പാഞ്ഞുവരികയായിരുന്നു. അപ്പോഴാണ് ഹദ്ദ് കുഴിയിൽ നിന്നും ബീവിയുടെ ദീനവിലാപം കേട്ടതും അവരെ രക്ഷപ്പെടുത്തിയതും...


നിമിഷങ്ങൾക്കകം അവർ പ്രഭുവിന്റെ ഗൃഹത്തിലെത്തിച്ചേർന്നു. അസൂറാബീവിക്ക്‌ പ്രഭുവും ഭാര്യയും വേണ്ടുന്ന പ്രഥമ ശുശ്രൂഷകൾ നൽകി. ആ ദമ്പതികൾക്ക് ബീവിയിൽ കനിവ് തോന്നുകയും, അവരുടെ വീട്ടിൽ താമസിക്കാൻ അനുവാദം നൽകുകയും ചെയ്തു. അവരുടെ സ്നേഹസമ്പന്നമായ പരിചരണങ്ങൾ കൊണ്ട് ഏതാനും ദിവസങ്ങൾക്കകം ബീവിയുടെ ആലസ്യമെല്ലാം മാറി. ശരീരത്തിന്റെ അസുഖവും, അങ്ങുമിങ്ങും ഉണ്ടായിരുന്ന വൃണങ്ങളും കരിഞ്ഞുതുടങ്ങി. ജീവിതം തിരിച്ചുകിട്ടിയതിൽ അവർ അല്ലാഹു (സു)യെ അകമഴിഞ്ഞ് വാഴ്ത്തി. സദാ നിസ്കാരത്തിലും ആരാധനയിലുമായി ആ വലിയവീട്ടിലെ ഒരു കൊച്ചുമുറിയിൽ ഒതുങ്ങിക്കൂടി ...


പ്രഭു ദീനിഭക്തനായിരുന്നു. തന്നെയുമല്ല, നല്ലൊരു മനസ്സിന്റെ ഉടമയും. പ്രഭുവിന്റെ ഭാര്യക്കും ആദ്യഘട്ടത്തിൽ ബീവിയോട് നീരസമൊന്നും തോന്നിയില്ല. അതുകാരണം അവിടെത്തന്നെ ജീവിതം അല്ലലും അലട്ടലുമില്ലാതെ തുടർന്നു. പഴയ ഉണർവ്വും ഊർജ്ജസ്വലതയും ബീവിക്ക് തിരിച്ചുകിട്ടി.

പ്രഭുവിന്റെ കുഞ്ഞിനെ കളിപ്പിക്കുന്നതിലും അവിടെയുള്ള അല്ലറ ചില്ലറ ജോലികൾ ചെയ്തു തീർക്കുന്നതിലും അവർ സായൂജ്യമടഞ്ഞു ...


അസൂറാബീവിയെ കാണുമ്പോഴൊക്കെ പ്രഭുവിന്റെ മനസ്സിൽ പുതിയൊരു സംഘട്ടനം നടക്കുകയായിരുന്നു. ഇത്രയും സുന്ദരിയായ തരുണിയെ ജീവിതത്തിൽ ആദ്യമായിട്ടാണ് അയാൾ കാണുന്നത്. ബീവിയെ സ്വന്തമായി കിട്ടിയിരുന്നെങ്കിൽ...!! അയാൾ ആത്മാർത്ഥമായി കൊതിച്ചു...


തന്റെ ഹൃദയാഭിലാഷം തുറന്നുപറയാൻ മനോധൈര്യമില്ലാതെ നാളുകളോളം മനസ്സിന്റെ മണിച്ചെപ്പിൽ സൂക്ഷിച്ചുകൊണ്ട് പ്രഭു നിന്നു. പക്ഷെ, ഇനിയും ഇത് ആരോടെങ്കിലും പറഞ്ഞില്ലെങ്കിൽ താൻ വീർപ്പുമുട്ടി മരിച്ചുപോകും എന്ന അവസ്ഥയിലായപ്പോൾ അയാൾ ബീവിയെ വിളിച്ച് ഇപ്രകാരം പറഞ്ഞു ...


" ബീവി, ഒരു കാര്യം പറയുന്നതുകൊണ്ട് തെറ്റിദ്ധരിക്കരുത്. ബീവിയെ കണ്ട നാൾ മുതൽ എന്റെ ഹൃദയത്തിൽ അനുരാഗത്തിന്റെ തന്ത്രികൾ വീണമീട്ടുകയാണ്. എന്റെ ജീവിതസഖിയായി ഈ വീട്ടിൽ കഴിയാൻ ഞാൻ ഭവതിയെ ക്ഷണിക്കുകയാണ്. ദയവുചെയ്ത് എന്റെ അഭീഷ്ടം സാധിച്ചുതന്നാലും ..."


ഇതെന്തു പരീക്ഷണം റഹ്മാനെ...!! 

ഒരു പെണ്ണിന് എവിടെ ചെന്നാലും രക്ഷയില്ലെന്നോ ...?

പ്രഭുവിന്റെ ഈ ആവശ്യത്തിന് പിന്നിലും വല്ല ദുരുദ്ധേശവും പതിയിരിക്കുന്നുണ്ടോ...? ആരറിഞ്ഞു ... ഉള്ളിലെ ഭയാശങ്കകൾ മറച്ചുപിടിച്ചുകൊണ്ട് വളരെ വിനയാന്വിതയായി ബീവി പ്രതിവചിച്ചു ...


" മഹാനായ പ്രഭോ, എന്റെ ജീവൻ രക്ഷിച്ചത് അങ്ങാണ്. അതുകൊണ്ട് അങ്ങേക്ക് എക്കാലത്തും ഞാൻ കടപ്പെട്ടവളാണ്. എങ്കിലും അങ്ങയുടെ ഈ ആഗ്രഹം സഫലീകരിച്ചു തരുവാൻ എനിക്ക് നിർവാഹമില്ലെന്ന് അറിയിച്ചുകൊള്ളട്ടെ ... ഞാൻ വിവാഹിതയാണ്. മറ്റൊരുത്തന്റെ ഭാര്യയാണ്. അതുമാത്രം ഇപ്പോൾ അറിഞ്ഞാൽ മതി. അതുകൊണ്ട് ദയവുചെയ്ത് എന്നെ ഉപദ്രവിക്കാതിരിക്കൂ ..."


കുമാരിയുടെ അഭ്യർത്ഥന മാനിച്ച് സ്നേഹസമ്പന്നനായ അയാൾ തന്റെ ഉദ്യമത്തിൽ നിന്നും പിന്തിരിഞ്ഞു...


വീണ്ടും പറയത്തക്ക വിശേഷങ്ങളൊന്നുമില്ലാതെ നാളുകൾ കഴിഞ്ഞുപോയി. തന്റെ ജീവിതത്തിലെ പുതിയ കാരമുകിലും ഒഴിഞ്ഞു. അന്തരീക്ഷം തെളിഞ്ഞു എന്നുള്ള സമാധാനത്തോടു കൂടി ബീവി അല്ലാഹുവിന് ആയിരമായിരം സ്തുതികളർപ്പിച്ചു...


എന്നാൽ, പരീക്ഷണങ്ങൾ ആ ത്യാഗിനിയെ കാത്തുകൊണ്ടേ ഇരുന്നു ...