പ്രഭുവിന്റെ പത്നിക്ക് ഈയിടെയായി അസൂറാബീവിയോട് എന്തോ ഒരുതരം വെറുപ്പ്. സ്ത്രീസഹജമായ അസൂയ തന്നെ കാരണം. അവളുടെ മനം മയക്കുന്ന സൗന്ദര്യത്തിൽ തന്റെ ഭർത്താവ് ആകൃഷ്ടനായോ എന്ന സംശയം. പിന്നെപ്പിന്നെ അവരുടെ വെറുപ്പ് വർദ്ധിച്ചുകൊണ്ടിരുന്നു. ആസൂറായെ എങ്ങനെ എങ്കിലും ആ വീട്ടിൽ നിന്ന് പുറത്തുവിടാനുള്ള കാരണം തിരക്കുകയായിരുന്നു അവർ...
ഉറക്കല്ലുരച്ച് മാറ്റുകൂട്ടുന്ന തങ്കക്കട്ടി പോലെ ഓരോ പരീക്ഷണങ്ങൾക്ക് മുമ്പിലും അടിപാതറാതെ ഉറച്ചുനിൽക്കുന്ന അസൂറാബീവിയുടെ ഈമാനിന്റെ ശക്തി കൂടിക്കൂടി വരികയായിരുന്നു ...
ഇപ്പോൾ അവരുടെ മുമ്പിലുള്ള പ്രശ്നം പ്രഭുവിന്റെ വീട്ടിലുള്ള വേലക്കാരനാണ്.
അവൻ പലപ്രാവശ്യം ഒളിഞ്ഞും പാത്തും നടക്കുന്നു. ബീവിയെ നോക്കി വികൃതമായി ചേഷ്ടകൾ കാട്ടുന്നു. വസ്ത്രം മാറുമ്പോഴും മറ്റും ഒളിഞ്ഞു നോക്കുന്നു. ബീവിയുടെ മത്ത് പിടിപ്പിക്കുന്ന ശരീരവടിവ് കണ്ട് കമാർത്ഥനായ അയാൾ ഒരവസരത്തിന് വേണ്ടി തക്കം പാർത്ത് നടക്കുകയാണ്...
ഇവൾ പ്രഭുവിന്റെ ആരുമല്ല. ഏതോ ഒരനാഥ. ചോദിക്കാനും പറയാനും ആരുമില്ല. അവളെ തന്റെ കാമസംതൃപ്തിക്ക് ഉപയോഗപ്പെടുത്താം, ആ ഭൃത്യൻ മനപ്പായസമുണ്ടു. അങ്ങനെ ഇരിക്കെ ഒരുദിവസം അവൻ ആരുമറിയാതെ കിടപ്പറയിലെത്തി...
തന്റെ ആവശ്യം ബീവിയോട് പറയേണ്ട താമസം...,
അസൂറാബി ഞെട്ടിത്തരിച്ചുപോയി. കോപം കൊണ്ട് ആ മുഖം രക്തവർണ്ണമായി...
" എടാ ദുഷ്ടപ്പിശാചെ എന്തുദ്ദേശിച്ചാണ് നീ എന്നോട് ഇത്രയും നീചമായ വർത്തമാനങ്ങൾ പറയുന്നത്. ഏറ്റവും ഭയാനകമായ വ്യഭിചാരത്തിന് വേണ്ടിയാണോ നീ എന്നെ ക്ഷണിക്കുന്നത്... കടന്നുപോകൂ എന്റെ മുമ്പിൽനിന്ന് ..."
ബീവിയുടെ വാക്കുകൾ കേട്ട് പരിഹാസ സൂചകമായി പൊട്ടിച്ചിരിച്ചുകൊണ്ട് ആ ദുഷ്ടൻ ആക്രോശിച്ചു ...
" നിങ്ങൾ അത്ര പതിവൃതയൊന്നും ചമയണ്ട. കൊട്ടാരത്തിലെ ഭൃത്യനുമായി രതിസുഖത്തിനേർപ്പെട്ടതിനല്ലേ ഹദ്ദ് കുഴിയിൽ പേപ്പട്ടിയെപ്പോലെ എറിയപ്പെട്ടത്. എന്റെ യജമാനൻ ഇല്ലായിരുന്നുവെങ്കിൽ എന്തായിരുന്നു അവസ്ഥ. ഞാനും ഒരു ഭൃത്യനാണ്. നിങ്ങളുടെ സൈദിനെപ്പോലെ നമ്മൾക്കും ഒന്നു സുഖിക്കാം, ഒരിക്കൽ മാത്രം..."
" ഛെ ... ഇറങ്ങിപ്പോടാ നാണം കെട്ടവനെ... നിന്റെ കരണത്തടി കിട്ടാതിരിക്കണമെങ്കിൽ ഇറങ്ങിപ്പോയ്ക്കോ ..."
" ഞാനിപ്പോൾ പോകുന്നു. പക്ഷെ, എന്നെ മടക്കി അയച്ചതിനുള്ള ശിക്ഷ അനുഭവിക്കും. നിന്നെ ഞാൻ വെറുതെ വിടുകയില്ല..."
ഇത്രയും പറഞ്ഞുകൊണ്ട് ആ ഭൃത്യൻ ഒരു കൊടുങ്കാറ്റുപോലെ ഇറങ്ങിപ്പോയി ...
" പടച്ചവനെ ... നിന്റെ പരീക്ഷണങ്ങളെ അതിജീവിക്കാനുള്ള മനക്കരുത്ത് എനിക്ക് നൽകേണമേ ..."
ആ സാധു മനംനൊന്ത് അള്ളാഹു (സു)യോട് പ്രാർത്ഥിച്ചു ...
അവർക്കതിനേ സാധിക്കൂ ...