Wednesday - 22 April, 2026 4-Dhu al-Qadah-1447

ദൈവദൂതനെപ്പോലൊരു കുതിരക്കാരൻ

രാത്രിയുടെ അന്തിമ യാമങ്ങൾ, ലോകം പുതപ്പിനടിയിൽ സുഖസുഷുപ്തി കൊള്ളുന്ന സമയം. മൂന്നാല് രാജകിങ്കരന്മാർ ഹദ്ദ് കുഴിക്ക് കണ്ണും തുറന്ന്‌ കാവൽ നിൽക്കുകയാണ്. വൈകുന്നേരം നടന്ന ഭീകര സംഭവമോർത്ത് ആ ഭൃത്യരുടെ കണ്ണുകൾ നിറയുകയായിരുന്നു...


ഒരുപാട് ഹദ്ദേറ് അവർ കണ്ടിട്ടുണ്ട്. എന്നാൽ ഇത്തരത്തിലൊന്ന് ആദ്യമായിട്ടാണ്.


" രാജകുമാരി നിരപരാധിയാണെന്നാണ് എനിക്ക് തോന്നുന്നത് " ... ഒരു ഭൃത്യൻ പറഞ്ഞു.

" ഞങ്ങൾക്കും " ... മറ്റുള്ളവർ അത് ശരിവെച്ചു... പിന്നെ ഇതെങ്ങനെ സംഭവിച്ചു.


ഹദ്ദ് കുഴിയിൽ കൊണ്ട് നിർത്തിയ ബീവി ചുറ്റും കൂടിയ ജനങ്ങളെ അഭിസംബോധന ചെയ്ത് പറഞ്ഞ കാര്യങ്ങൾ അപ്പോഴും അവരുടെ കർണ്ണ പുടങ്ങളിൽ മുഴങ്ങി.


" ഞാൻ നിരപരാധിയാണ് ...  ഒരുതെറ്റും ചെയ്യാത്ത എന്നെ വെറുതെ കൊലക്ക് കൊടുക്കുകയാണ്. "


തുടർന്ന് അവർ പറഞ്ഞു ... "എന്റെ പ്രിയങ്കരനായ ഭർത്താവ്, നിങ്ങളുടെ പ്രിയപ്പെട്ട അബ്ദുല്ല രാജാവ് വന്നാൽ എന്റെ സലാം അദ്ദേഹത്തിന് പറയണം. ഞാൻ നിരപരാധി ആയിരുന്നുവെന്നും, എന്നെ മനപൂർവ്വം തേജോവധം ചെയ്തതാണെന്നും പറയണം..." 


തുടർന്ന് നടന്ന സംഭവങ്ങൾ ഒരു തിരശീലയിലെന്നവണ്ണം ഉണർന്നിരിക്കുന്ന കിങ്കരന്മാരുടെ മനോമുകുരത്തിൽ തെളിഞ്ഞുവന്നു ...


റാണി രണ്ട്  റകഅത്ത് നിസ്കരിക്കുവാൻ അനുവാദം ചോദിച്ചു. അതുകഴിഞ്ഞ്, ഹദ്ദ് കുഴിയിൽ ഇറങ്ങിനിന്ന് രണ്ടുകൈകളും ആകാശത്തേക്കുയർത്തികൊണ്ട് വിധിയും കാത്തുനിന്ന ആ രംഗം മനസ്സാക്ഷിയുള്ള ആരേയും കരയിക്കുന്നതായിരുന്നു ...


എത്രയെത്ര കരിങ്കൽ ചീളുകളാണ് ആ മൃദുലമേനിയെ കീറിമുറിച്ചത്. എന്നിട്ടും അവർ കരഞ്ഞില്ല. അലമുറയിട്ടില്ല. വേദനകൊണ്ട് ആ മുഖം വക്രിച്ചില്ല. അവർ ഏതോ ഒരഭൗമലോകത്തെന്ന പോലെ അചഞ്ചലമായി നിലകൊണ്ടു. ഒരിക്കലും കുറ്റവാളിക്ക് അങ്ങനെ നിൽക്കാനാവില്ല. ആ കിങ്കരന്മാരുടെ മാനസം പിടഞ്ഞു...


ആ സ്വാധിയാണ് ഹദ്ദ് കുഴിയിൽ മറിഞ്ഞുകിടക്കുന്നത്. ആ വിലപ്പെട്ട ജീവൻ ചിറകടിച്ചു പറന്നുപോയി. അവർ ഹദ്ദ് കുഴിയിലേക്ക് എത്തിനോക്കി. കണ്ടാൽ ഉറങ്ങുകയാണെന്ന് തോന്നും. മുഖത്തിന്‌ യാതൊരു ഭാവപ്പകർച്ചയുമില്ല. സൗന്ദര്യത്തിന് ഒരു കോട്ടവുമില്ല. ഇവർ ഒരു മനുഷ്യസ്ത്രീയാണോ?  എന്നുപോലും അവർക്ക് തോന്നിപ്പോയി ...


പാതിരാകോഴി കൂവി. ചീവീടുകളുടെ കാത് തുളക്കുന്ന ഒച്ചമാത്രം കൂരിരുളിന്റെ നിശബ്ദതയെ കീറിമുറിച്ച് കടന്നുവന്നു. മന്ദമാരുതൻ കുളിരുംകൊണ്ട് പാഞ്ഞുനടന്നു. ആ കിങ്കരന്മാരുടേയും കൺപോളകൾ അടയുകയായിരുന്നു. നിമിഷങ്ങൾ പിന്നെയും  കൊഴിഞ്ഞുവീണു. രാജഭടന്മാരും സുഖസുഷുപ്തിയിലായി. അവരുടെ കൂർക്കംവലികൾ അപസ്വരം പോലെ ഉയർന്നുകേട്ടു. അതുവരെ കത്തിജ്വലിച്ചുകൊണ്ടിരുന്ന തീ പന്തത്തിനും ഉറക്കം വന്നുവെന്ന് തോന്നി. അതിന്റെയും കണ്ണടയാൻ തുടങ്ങിയിരിക്കുന്നു ...


അത്ഭുതമെന്നല്ലാതെന്ത് പറയാൻ, ഹദ്ദ് കുഴിയിൽ നിന്നൊരു ചലനം. കല്ലേറ് കൊണ്ട് പിടഞ്ഞുമരിച്ചു എന്നുകരുതിയ ബീവി തിരിഞ്ഞുകിടക്കുന്നു...


" വെള്ളം ... വെള്ളം ..." ആ ചുണ്ടുകൾ മന്ത്രിക്കുന്നു ...


അതുവരെ ഉണർന്നിരുന്ന കിങ്കരന്മാർ അത് കെട്ടിരുന്നുവെങ്കിൽ, അവരുടെ ജീവൻ രക്ഷിക്കാൻ എന്തും ചെയ്യുമായിരുന്നു. പക്ഷെ എന്തുചെയ്യാം... ക്ഷീണം ബാധിച്ച് അവരെല്ലാം ഉറങ്ങിപ്പോയി ...


ഇപ്പോൾ ബീവിയിൽ നിന്നും നേരിയ ഒരു ഞെരക്കം. പിന്നെപ്പിന്നെ അത് നേർത്ത് നേർത്തുള്ള കരച്ചിലായി രൂപാന്തരപ്പെട്ടു. നേരിയ ആ കരച്ചിൽ പോലും അങ്ങകലെ കേൾപ്പിക്കാൻ പോന്ന നിശബ്ദതയിൽ വിദൂരതയിൽ നിന്ന്‌ ഒരു കുളമ്പടി നാദം. അത് അടുത്തടുത്ത് വന്നു. കുതിരക്കാരന്റെ കർണ്ണപുടങ്ങളിലും ആ കരച്ചിലിന്റെ ശബ്ദവീചികൾ പാഞ്ഞെത്തി...


അയാൾ ഓർത്തു. ആരുടെയോ കരച്ചിൽ, അസമയത്ത് ഈ വിജനതയിൽ ആരായിരിക്കാം കരയുന്നത്. വല്ല ഭൂതപ്രേത പിശാചുക്കളോ മറ്റോ ആയിരിക്കുമോ...?


അതൊന്നും ആവാനിടയില്ല. അയാൾ ധൈര്യം അവലംബിച്ച് ശബ്ദം കേട്ട ഭാഗത്തേക്ക് നടന്നടുത്തു. അവിടെ കണ്ട കാഴ്ച അയാളെ അത്ഭുത പരതന്ത്രനാക്കി. കിനിഞ്ഞു കത്തുന്ന തീ പന്തത്തിനു സമീപം കൂർക്കം വലിച്ചുറങ്ങുന്ന ഭടന്മാർ. ഹദ്ദ് കുഴിയിൽ നിന്നുയരുന്ന ദീനവിലാപം. തലേ ദിവസം ഹദ്ദ് എറിയപ്പെട്ട വല്ല കുറ്റവാളിയുമായിരിക്കും.  ജീവൻ പോയിട്ടുണ്ടാവില്ല. അയാൾ പന്തമുയർത്തി സൂക്ഷിച്ചുനോക്കി...


അപ്സര കന്യകയെപ്പോലൊരു മനോഹാരിണി. പിന്നെ ഒന്നും ചിന്തിച്ചില്ല. അവളെ കോരിയെടുത്തു തോളിലേറ്റി നടന്നു. പെണ്ണിനെ കുതിരപ്പുറത്തിരുത്തി. അയാൾ തന്റെ ലക്ഷ്യസ്ഥാനത്തേക്ക് അതിവേഗം കുതിരയെ പായിച്ചു ...