ഹക്കീം സാഹിബിന്റെ വാക്കുകൾ അവിടെ കൂടിയിരുന്നവരെയെല്ലാം ആകാംക്ഷാഭരിതരാക്കി. അദ്ദേഹം പറയാൻ പോകുന്ന കഥ എന്താണെന്നുള്ള അത്യാഗ്രഹം ഓരോരുത്തരുടെ ഹൃദയത്തിലും തലപൊക്കി ...
അബ്ദുല്ലയുടെ കാര്യമായിരുന്നു ഏറെ കഷ്ടം. ബീവി അസൂറാ മരിച്ചിട്ടില്ല. തന്റെ പ്രാണേശ്വരിക്ക് ജീവഹാനി സംഭവിച്ചിട്ടില്ല. അവർ എവിടെയോ ജീവിച്ചിരിപ്പുണ്ട്.
അവർ എവിടെയായിരിക്കണം ...?
എങ്ങിനെയാണ് ബീവിയെ കണ്ടുപിടിക്കുക...? ഇങ്ങിനെ പലവിധ ചിന്തകളുമായി അയാൾ ഒരുതരം ഉന്മാദം ബാധിച്ചവനെപ്പോലെ അലമുറയിട്ടുകൊണ്ടിരുന്നു ...
ഹക്കീം സാഹിബ് അന്തപ്പുരത്തിലേക്ക് പോയിട്ട് സമയം ഏറെയായി. എല്ലാവരും ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. കാണുന്നില്ല...
അപ്പോഴാണ് പറദ്ദാ ധാരിണിയായ ഒരു സ്ത്രീ അന്തപ്പുറത്തിൽ നിന്നും പുറത്തുവന്നത്. അത് ബീവി അസൂറയായിരുന്നു.
കടലിൽ നിന്ന് രക്ഷപ്പെട്ടത് മുതൽ ഇത്രകാലവും പുരുഷവേഷമണിഞ്ഞ ഹക്കീം സാഹിബെന്ന പേരിൽ ജീവിതം നയിച്ചിരുന്ന അസൂറാബീവി, ഹദ്ദ് കുഴിയിൽ നിന്ന് പ്രഭു രക്ഷിച്ചതും, തുടർന്ന് തന്റെ ജീവിതത്തിൽ ഉണ്ടായ ഓരോ സംഭവ വികാസങ്ങളും ആ സദസ്സിന് മുമ്പിൽ വിവരിച്ചു ...
അവിശ്വസനീയമായ വാർത്ത കേൾക്കുന്നതുപോലെ സകലരും നിശ്ചലരായി നിന്നുപോയി. അബ്ദുല്ല രാജാവ് ബീവിയുടെ അരികിലേക്ക് ഓടിയണഞ്ഞു ...
" അസൂറാ എന്റെ പ്രിയപ്പെട്ടവളെ, ഇതാ നോക്ക്... നിന്റെ പ്രാണ പ്രീയസനാണീ നിൽക്കുന്നത്... എന്നെ നീ അറിയില്ലേ... എന്നോടൊന്നും ഉരിയാടാത്തതെന്താണ് ...? "
അസൂറ : " അങ്ങയെ ഞാൻ കാണുന്നുണ്ട്. അങ്ങ് പറയുന്നത് കേൾക്കുന്നുമുണ്ട്. പക്ഷെ, ഈ പരീക്ഷണങ്ങളെല്ലാം അനുഭവിച്ച എനിക്ക് ഇനിയൊരു സൗഭാഗ്യ ജീവിതമില്ല. അങ്ങ് ക്ഷമിച്ചാലും... അങ്ങേക്ക് അനുരൂപിയായ ഒരു പെൺകൊടിയെ ഞാൻ കണ്ടുവെച്ചിട്ടുണ്ട്..."
അനന്തരം അസൂറാബീവി തന്നെ ഹദ്ദ് കുഴിയിൽ നിന്ന് രക്ഷിച്ച പ്രഭുവിന്റെ നേരെ തിരിഞ്ഞുകൊണ്ട് ചോദിച്ചു ...
" അല്ലയോ മഹാ മനസ്കനായ പ്രഭുവര്യാ... അങ്ങയുടെ പിഞ്ചോമന മകന്റെ കഴുത്തറുത്ത പാപി ഇവിടെ ഈ സദസ്സിലുണ്ട് ... അവന് എന്ത് ശിക്ഷയാണ് കൊടുക്കാനുദ്ദേശിക്കുന്നത് ...? "
പ്രഭു : " ഞാനെല്ലാം അല്ലാഹുവിലേക്ക് അർപ്പിച്ചിരിക്കുന്നു ... ഈ ദിവസം ഒരു പ്രതികാരത്തിന് ഞാൻ മുതിരുന്നില്ല ..."
ബീവി : " എന്നാൽ എന്റെ വക ഈ പാരിതോഷികം സ്വീകരിക്കണം..."
അവർ പ്രഭുവിന് കുറേ സ്വർണ്ണനാണങ്ങൾ സമ്മാനിച്ചു...
അനന്തരം അവിടെയെത്തിയ രോഗികളോട് അസൂറാബീവി പറഞ്ഞു : " നിങ്ങൾ എന്നോട് ചെയ്ത ക്രൂരതകളെല്ലാം ഞാൻ ക്ഷമിച്ചിരിക്കുന്നു ..."
പിന്നീട് കുറച്ച് വെള്ളമെടുത്ത് ഖുർആനിലെ വചനങ്ങൾ ഉരുവിട്ടുകൊണ്ട് ജപിച്ച് ബീവി എല്ലാവർക്കും കൊടുക്കാൻ ആജ്ഞാപിച്ചു ...
അത്ഭുതമെന്നുപറയട്ടെ..., ഇത്രയും കാലം അവരെ അലട്ടിക്കൊണ്ടിരുന്ന രോഗങ്ങൾക്കെല്ലാം ശമനം കാണുകയുണ്ടായി...
അവരെല്ലാവരും അള്ളാഹു (സു)യുടെ മുമ്പിൽ നന്ദി രേഖപ്പെടുത്തി ...