Wednesday - 22 April, 2026 4-Dhu al-Qadah-1447

സങ്കല്പത്തിലും വലിയ സത്യം

ആദ്യം കഥ തുടങ്ങിയത് അബ്‍ദുറഹ്മാനാണ്.


സുഖസംതൃപ്തിയിൽ അർശൂസ്, തർശൂദ് രാജ്യങ്ങൾ കഴിഞ്ഞിരുന്ന കാലത്ത്, സഹോദരൻ രാജ്യവും ഭാര്യയേയും തന്നെ ഏല്പിച്ചാണ് ഹജ്ജിന് പോയത്. സഹോദരന്റെ ഭാര്യയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോൾ കള്ളക്കഥകൾ ചമച്ച് കല്ലെറിഞ്ഞു കൊന്നത് എല്ലാം അയാൾ തുറന്നുപറഞ്ഞു...


അബ്‍ദുറഹ്മാന്റെ ഇഷ്ടദാസന്മാരായ നാല്‌ പേരുടെ മൊഴികളും ഇത്തരത്തിലുള്ളതായിരുന്നു. സദസ്സ്യർ ആശ്ചര്യത്തോടുകൂടി അതെല്ലാം കെട്ടുകൊണ്ടിരുന്നു...


അബ്‌ദുല്ല രാജാവിന്റെ ഹൃദയത്തിൽ വിവിധ വികാരവിചാരങ്ങൾ അലയടിച്ചിരമ്പി. സഹോദരനെയും ഭൃത്യന്മാരെയും കയ്യിൽ കിട്ടിയാൽ അരച്ചുകുടിക്കാനുള്ള കലിയായിരുന്നു അയാൾക്ക്‌. എന്തുചെയ്യാം... ഇതെന്റെ അധികാര പരിധിയിൽ പെട്ട സ്ഥലമല്ലല്ലോ എന്നുകരുതി അദ്ദേഹം ഒരുവിധത്തിൽ കോപം അടക്കി, ബാക്കി കഥകൾ കേൾക്കാൻ ആകാംക്ഷാഭരിതനായി കാത് കൂർപ്പിച്ച് നിന്നു ...


സംഭ്രമജനകമായ ഒരു തുടർക്കഥയുടെ അടുത്ത അദ്ധ്യായമെന്നോണം ബാക്കി സംഭവങ്ങൾ വിവരിച്ചത്, ബീവിയെ ഹദ്ദ് കുഴിയിൽ നിന്ന്‌ രക്ഷിച്ച പ്രഭുവാണ് ... 

അദ്ദേഹവും അപ്പോഴേക്കും അവിടെ എത്തിച്ചേർന്നിരുന്നു. പ്രഭുവിന്റെ സംഭാഷണത്തിൽ നിന്ന് അസൂറാബീവി മരിച്ചിട്ടില്ലെന്ന് വ്യക്തമായി...


അബ്‌ദുല്ല രാജാവിന്റെ മനസ്സിൽ സന്തോഷത്തിന്റെ വെള്ളിനിലാവുദിച്ചു. എവിടെയായിരിക്കും തന്റെ ബീവി ...?

തുടർന്നുള്ള കഥ കേൾക്കാൻ അയാൾ തിരക്കുകൂട്ടി. തന്റെ പുത്രന്റെ കൊലപാതകത്തിൽ സംശയിച്ച് ഭാര്യ ഇറക്കിവിട്ടതുവരെയുള്ള കഥയാണ് പ്രഭു പറഞ്ഞത്...


തുടർന്ന്, താൻ ബീവിയെ മാംസദാഹത്തിനിരയാക്കാൻ ഒരുങ്ങിയതും വഴങ്ങാതെ വന്നപ്പോൾ കുഞ്ഞിനെ കൊലചെയ്ത് ബീവിയിൽ ആരോപിച്ചതും, പ്രഭുവിന്റെ വീട്ടിലെ വേലക്കാരൻ പറഞ്ഞു. അപസർപ്പക നോവലിൽ കേൾക്കാത്ത സംഭവങ്ങളാണ് ഓരോരുത്തരും പറയുന്നത്. പലരുടെയും കണ്ണുകളിൽ നിന്ന് അശ്രുകണങ്ങൾ ഇറ്റി വീഴുന്നുണ്ട്...


തന്റെ ജീവിതത്തിൽ എന്തെല്ലാം പരീക്ഷണങ്ങളാണ് അസൂറാ എന്ന മഹിളാരത്നം അനുഭവിക്കേണ്ടി വന്നതെന്നോർത്ത് അവരെല്ലാം അത്ഭുത സ്തബ്ധരായി...


അടുത്ത വിവരണം ദ്രവ്യം കൊടുത്ത് ബീവി മോചിപ്പിച്ച ആളുടേതായിരുന്നു...


താൻ ബീവിയെ ബലപ്രയോഗം നടത്തിയതും, ഓടി രക്ഷപ്പെടാനൊരുങ്ങിയ ബീവിയെ കപ്പിത്താന് വിറ്റതുമെല്ലാം അയാൾ തുറന്നു പറഞ്ഞു ...


പിന്നീടുള്ള ഊഴം കാപ്പിത്താന്റെതായിരുന്നു. തന്റെ കയ്യിൽകിട്ടിയ സൗന്ദര്യത്തിടമ്പിനെ പ്രാപിക്കാനൊരുങ്ങിയതും തുടർന്ന് കരണത്തടിച്ചതും കപ്പൽ മുങ്ങിയതും അയാൾ വിവരിച്ചു ...

(കപ്പിത്താൻ ഒരു മരപ്പലകയിൽ പിടിച്ച് കിടന്ന് കരപറ്റുകയായിരുന്നു)


അവിടെ എത്തിച്ചേർന്നവരെല്ലാം തങ്ങളുടെ ഭാഗത്ത് നിന്ന് പിണഞ്ഞ അബദ്ധങ്ങൾ ഏറ്റുപറഞ്ഞു... ഇനി ഹക്കീം സാഹിബാണ് മറുപടി പറയേണ്ടത്. ഹക്കീം സാഹിബാണ് പ്രതിവിധി കാണേണ്ടത്. എല്ലാവരും അദ്ദേഹത്തിന്റെ തീരുമാനമറിയാൻ അക്ഷമരായി കാത്തിരുന്നു...


ഹക്കീം സാഹിബ് കപ്പിത്താനോട് ചോദിച്ചു ...


" താങ്കളല്ലേ ബീവിയെ അവസാനമായി കണ്ടത് ...? "


കപ്പിത്താൻ : " അതെ "


ഹക്കീം സാഹിബ് : " അവരുടെ കയ്യിൽ എന്തെങ്കിലും ഉണ്ടായിരുന്നോ ...? "


കപ്പിത്താൻ : " ഞാനോർക്കുന്നു. അവരുടെ കയ്യിൽ ഒരു പെട്ടിയുണ്ടായിരുന്നു. അവർ എപ്പോഴും അത് ഭദ്രമായി കൈവശം വെച്ചിരുന്നു ..."


ഹക്കീം സാഹിബ് : " ആ പെട്ടി കണ്ടാൽ നിങ്ങൾ തിരിച്ചറിയുമോ ...? "


കപ്പിത്താൻ : " തീർച്ചയായും "


ഹക്കീം സാഹിബ് ഒരു പരിചാരകനെ അരികിൽ വിളിച്ച്, ചെവിയിൽ എന്തോ അടക്കം പറഞ്ഞു... 

നിമിഷങ്ങൾക്കകം ഒരു പെട്ടി അവരുടെ മുമ്പിൽ ഹാജരാക്കപ്പെട്ടു ...


ഹക്കീം സാഹിബ് : "ഇതുതന്നെയാണല്ലോ ബീവിയുടെ കൈവശമുണ്ടായിരുന്ന പെട്ടി ...?"


കപ്പിത്താൻ : " അതെ... ഈ പെട്ടി അതുതന്നെയാണ്... "


ഈ പെട്ടിയുടെ പിന്നിൽ ഒരു കഥയുണ്ട്.  അത് വിവരിക്കുന്നതിന് മുമ്പ് എനിക്കല്പം സാവകാശം തരണം... 


അത്രയും പറഞ്ഞ് ഹക്കീംസാഹിബ് അരമനയുടെ അന്തപ്പുരത്തിലേക്ക് നടന്നുമറഞ്ഞു ...