Wednesday - 22 April, 2026 4-Dhu al-Qadah-1447

നെഞ്ചിൽ തറച്ച കാരിരുമ്പാണികൾ

അസൂറാബീവി ഹക്കീം സാഹിബായി തന്നെ ആയിരങ്ങൾക്ക് ആശ്വാസം പകർന്ന് തന്റെ ബംഗ്ലാവിൽ പാർത്തു. ദുനിയാവിനോടുള്ള അവരുടെ മുഹബ്ബത്ത് ദിനംപ്രതി കുറഞ്ഞുവരികയും പരലോക കാര്യങ്ങളെ കുറിച്ചുള്ള ചിന്തയിൽ മാത്രം ദിനരാത്രങ്ങൾ കഴിക്കുകയും ചെയ്തു...


ആ സ്വാതി ആയിരമായിരം പരീക്ഷണങ്ങളെ അതിജീവിച്ച ആ ത്യാഗിനി ഓരോ പരീക്ഷണങ്ങൾ കഴിയുമ്പോഴും കൂടുതൽ കൂടുതൽ അള്ളാഹുവിലേക്ക് അടുക്കുകയായിരുന്നു. ആയിടക്ക് അവർ ഒരു സ്വപ്നം കണ്ടു. സുഹ്റാ രാജകുമാരിയോട് ബീവി ആ സ്വപ്ന വൃത്താന്തമറിയിച്ചു ...


എന്റെ ഭർത്താവ് അബ്ദുല്ല പരിശുദ്ധ ഹജ്ജ്കർമ്മം കഴിഞ്ഞ് തിരിച്ചെത്തിയിരിക്കുന്നു. രഹസ്യങ്ങളുടെ ചുരുളഴിയാൻ ഇനി അധിക കാലമില്ല ...


ബീവിയുടെ സ്വപ്നം നൂറുശതമാനം ശരിയായിരുന്നു. ഹജ്ജും സിയാറത്തും നിർവഹിച്ച് തന്റെ പ്രാണ പ്രേയസിയെ കാണാനും വിരഹദുഃഖം തീർക്കാനും വേണ്ടി അബ്‌ദുല്ല രാജാവ് അഫ്‌സൂസ് തർസൂസ് രാജ്യത്തിലെത്തിച്ചേർന്നിരുന്നു ...


ഹൃദയത്തിലൊരായിരം മധുരസങ്കല്പങ്ങളുമായി കൊട്ടാരപ്പടി കയറിയ അദ്ദേഹത്തിന് അവിശ്വസനീയവും അതിഭീകരവുമായ രംഗങ്ങൾക്കാണ്‌ സാക്ഷ്യം വഹിക്കേണ്ടി വന്നത്. തന്റെ രാജ്യം ആകെ താറുമാറായി കിടക്കുന്നു. ഭരണച്ചുമതല ഏല്പിച്ചുപോയ സഹോദരൻ അബ്‍ദുറഹ്മാൻ മാരകരോഗം പിടിപെട്ട് കിടപ്പിലാണ്. തന്റെ പ്രിയപ്പെട്ട ആസൂറയെ അവിടെയെങ്ങും കണ്ടില്ല ...


" അസൂറാ എന്റെ പെണ്ണേ ... നീ എവിടെയാണ്...? "  അയാൾ ഒരുന്മാധിയെ പോലെ അലമുറയിട്ടുകൊണ്ട്‌ ചോദിച്ചു ...


രണ്ടു കണ്ണുകളിലും അതിശക്തമായ വേദന പിടിപെട്ട് അവശനായി കിടക്കുന്ന അബ്‍ദുറഹ്മാൻ, സഹോദരനെ അരികിൽ വിളിച്ചുകൊണ്ട് പറഞ്ഞു ...


" എന്റെ പ്രിയപ്പെട്ട ജേഷ്‌ഠാ ... വിശ്വസിക്കാനാവാത്ത ഒരു വൃത്താന്തമാണ് ഞാൻ അറിയിക്കുന്നത്. അങ്ങ് പാതറരുത്, വേവലാതിപ്പെടരുത്. അങ്ങേക്ക് താങ്ങാനാവുകയില്ലെന്ന് എനിക്കറിയാം. എങ്കിലും, അള്ളാഹുവിന്റെ അനിഷേധ്യമായ വിധി അതായിരുന്നു. ആസൂറ നമ്മെയെല്ലാം പിരിഞ്ഞുപോയി..."


ഒരിടിത്തീ പോലെയാണ് ആ വാർത്ത അബ്‍ദുള്ളയുടെ കാത് തുളച്ചത് ...


" എന്ത് ... ആസൂറ മരിച്ചെന്നോ ...? ആ പരിമള കുസുമം ഞെട്ടറ്റുവീണെന്നോ...? ഇല്ല എനിക്കത് വിശ്വസിക്കാനാവുന്നില്ല ..."


" അങ്ങ് വിശ്വസിച്ചേ തീരൂ ... മാത്രമല്ല വ്യഭിചാരത്തിന്റെ പേരിൽ അവളെ എറിഞ്ഞുകൊന്നതാണ് ..." 

അബ്‍ദുറഹ്മാൻ കൂട്ടിച്ചേർത്തു ...


അബ്‌ദുല്ല : "എന്റെ റബ്ബേ ... എന്താണീ കേൾക്കുന്നത് ആസൂറ വ്യഭിചരിച്ചെന്നോ ..?ഇല്ല ഒരിക്കലും അത്തരമൊരു നീചകർമത്തിനൊരുങ്ങുകയില്ല. നിങ്ങൾ മനപൂർവ്വം അവളെ കൊലക്ക് കൊടുത്തതാണ്..."


അബ്‍ദുറഹ്മാൻ : " അല്ല സഹോദരാ അല്ല... എനിക്കും ബീവി ഇത്തരമൊരു ചെയ്‌തിക്കൊരുമ്പെടുമെന്നുള്ള വിശ്വാസമില്ല. പക്ഷെ, തെളിവുകൾ അവർക്കെതിരായിരുന്നു. അന്തപ്പുരത്തിലെ പരിചാരകനുമായി അസൂറാബീവി സുരതക്രിയയിൽ ഏർപ്പെടുന്നതായി സാക്ഷി നിന്നത് നാല് പേരാണ്. നാലുപേർ സാക്ഷി നിന്നപ്പോൾ ഇസ്ലാമിക ദൃഷ്‌ട്യാ ഉള്ള വിധി നടപ്പിലാക്കുകയല്ലാതെ എനിക്കൊരു നിർവാഹവുമില്ല. ഞാനത് ചെയ്തു ..."


സഹോദരന്റെ ഓരോ വാക്കും ഓരോ കാരിരുമ്പാണിയായി നെഞ്ചിൽ തുളച്ചു കയറുകയാണുണ്ടായത്. പാവം അബ്‌ദുല്ല... അസൂറയെ അയാൾക്ക്‌ നന്നായി അറിയാം. തന്നേക്കാൾ അല്ലാഹുവിനെ പേടിക്കുന്നവളാണവൾ. അല്ലാഹു വിരോധിച്ച വ്യഭിചാരത്തിന് ഒരിക്കലുമവൾ അടുക്കുകയില്ല. ഇതിലെന്തോ ചതിവുണ്ട്. ആരോ തന്റെ പ്രാണപ്രേയസിയെ കരുതിക്കൂട്ടി തേജോവധം  ചെയ്തതാണ്. ഇതെന്തു ക്രൂരതയാണ്. രാജാധിരാജാ ... അയാൾ മനസ്സുരുകി സർവ്വശക്തനോട് കേണു... 


ജീവിതത്തിലെ എല്ലാ ഉന്മേഷവും ചോർന്നുപോയി. ഇനി ആർക്കുവേണ്ടി ജീവിക്കണം. എങ്കിലും അള്ളാഹു (സു)യിൽ  എല്ലാ കാര്യങ്ങളും ഭാരമേല്പിച്ച് ആ മഹാൻ ഭരണ കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു ...