വിജനമായ പ്രദേശം. ഇടക്കിടക്ക് തലയുയർത്തി നിൽക്കുന്ന കുട്ടിക്കാടുകൾ. ശുദ്ധജലം വഹിച്ചൊഴുകുന്ന കാട്ടരുവി. ഇവിടെ ഈ വിജനതയിൽ വുളൂ എടുത്തു നിസ്കരിച്ച് അൽപ്പസമയം വിശ്രമിക്കാം, എന്നുള്ള കണക്കുകൂട്ടലുമായി ബീവി തന്റെ പ്രർദ്ദയഴിച്ച് അംഗശുദ്ധീകരണത്തിനൊരുങ്ങി ...
വിടാതെ പിന്തുടരുന്ന ആപത്ത് അവിടെയും അവരെ വട്ടമിട്ട് പറക്കുകയായിരുന്നു. ഒരു കണക്കിന് കയ്യിലുള്ള കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങിയ അനുഭവമായിരുന്നു അവർക്ക് ...
താൻ കടംവീട്ടി രക്ഷിച്ച ആ മനുഷ്യാധമൻ അവരുടെ പിറകെ കൂടിയിരുന്നു. ബീവി അറിയാതെ അവരുടെ സൗന്ദര്യം ആസ്വദിക്കുകയായിരുന്നു. അപ്സരതുല്യമായ ആ പെണ്‍കൊടിയുടെ മാദക സൗന്ദര്യം അവന്റെ സമനില തെറ്റിച്ചു. ഉണ്ടചോറിന് നന്ദി കാണിക്കുന്ന പട്ടിയുടെ സ്വഭാവം പോലും അയാൾ കാണിച്ചില്ല. അംഗശുദ്ധീകരണം കഴിഞ്ഞ് നിസ്കാരത്തിനൊരുങ്ങുന്ന ബീവിയുടെ മുമ്പിൽ അയാൾ വീണ്ടും പ്രത്യക്ഷപ്പെട്ടു ...
" ഇയാൾക്കെന്തു വേണം ... മനുഷ്യന് ഒരു സ്വൈര്യവും തരാതെ ..."
ബീവി ഉള്ളിൽ തികട്ടിവന്ന ഈർഷ്യ ഒതുക്കിക്കൊണ്ട് ചോദിച്ചു ...
" ഇത്രയും സുന്ദരിയായ ഒരു യുവതി ഒരാൺ തുണയില്ലാതെ ഇങ്ങനെ ഒറ്റക്ക് നടക്കാൻ പാടില്ല. ഞാൻ നിങ്ങൾക്കൊപ്പം വരാം."
" വരേണ്ടന്നല്ലേ പറഞ്ഞത് ..." അവർ ഒച്ചയെടുത്തു ...
ആ ദുഷ്ടന്റെ സ്വഭാവം മാറി. അയാൾ പറഞ്ഞു...
" നിങ്ങളിലെ സുഖം ഒന്നനുഭവിക്കാതെ ഞാൻ നിങ്ങളെ എങ്ങോട്ടും വിടില്ല. നിങ്ങളെന്തിനാണ് ഇങ്ങനെ പരിഭ്രമിക്കുന്നത്. ഈ പ്രദേശം വിജനമാണ്. ഒരു മനുഷ്യക്കുഞ്ഞു പോലും ഇങ്ങോട്ടൊന്നും കടന്നുവരില്ല. നമുക്കൊരു സ്വർഗ്ഗം പണിയാം. ഇഷ്ടം പോലെ സുഖിക്കാം..."
" എടാ കാമപ്പിശാചെ ... വ്യഭിചാരത്തിലേക്കാണോ നീ എന്നെ ക്ഷണിക്കുന്നത്. ആരും കാണാത്ത സ്ഥലമാണത്രെ ... സർവ്വലോക സംരക്ഷകനായ അള്ളാഹു (സു)യെ ഒളിക്കാൻ നിനക്കാകുമോ ...? പോകൂ ... അധമ വിചാരവും കൊണ്ട്. മേലാൽ ഇവിടെ വരരുത് ..."
" ഭവതീ ചൂടാകാതെ, നമുക്കുവേണ്ടി അള്ളാഹു ഒരുക്കിയതാണ് ഈ വിജനത. എന്റെ ആഗ്രഹത്തിന് വഴിയപ്പെടുന്നതാണ് നല്ലത്. അല്ലെങ്കിൽ എനിക്ക് ബലം പ്രയോഗിക്കേണ്ടി വരും ..."
" എടാ കാട്ടാളാ ... നിന്റെ കടം വീട്ടിയതിന് എന്നോട് കാണിക്കുന്ന നന്ദിയാണോ ഇത് ..."
" അതെ, നന്ദി തന്നെ. ഒരു മുടക്കവും കൂടാതെ സുഖത്തിന്റെ പറുദീസയിലേക്ക് ഉയർത്താനല്ലേ ഞാൻ വിളിക്കുന്നത് ..."
"നീ വിളിക്കുന്ന സുഖത്തിന്റെ പറുദീസ എനിക്ക് നരകമാണ്. അതുകൊണ്ട് എന്നെ അതിന് കാക്കണ്ട..."
അവർ പിന്തിരിഞ്ഞ് നടന്നു. പെട്ടെന്ന് അവർ ബീവിയെ കയറിപ്പിടിച്ച്, തന്റെ ബലിഷ്ഠമായ കരവലയങ്ങളിലൊതുക്കി. ആ കാമപ്പിശാച് ബീവിയുടെ മൃദുലമായ അധരങ്ങളിൽ ചുംബിക്കാനൊരുങ്ങി... ഒരു നിമിഷം ... ആകുന്നത്ര ശക്തിയിൽ ബീവി ഒരു തള്ള് കൊടുത്തു. അയാൾ മലർന്നടിച്ച് വീണു. ആ തക്കത്തിൽ ആസൂറാബീവി ഓടി ...
മരണപ്പാച്ചിൽ ...!!!