"എത്ര കാലമായി ഞാൻ ക്ഷമിക്കുന്നു. ഇനി എനിക്കാവില്ല. എന്റെ ഇരുന്നൂറ് വെള്ളി നാണയം ഇപ്പോൾ കിട്ടണം. ഇല്ലെങ്കിൽ നീ ജീവനും കൊണ്ട് പോകില്ല..."
ആൾതിരക്കുള്ള തെരുവിൽ രണ്ടുപേർ തമ്മിലുള്ള വഴക്കാണ്. ഒരാൾക്ക് അപരൻ ഇരുന്നൂറ് വെള്ളിനാണയം കൊടുക്കാനുണ്ട്. ചോദിച്ചു ചോദിച്ചു മടുത്തു. ഇനി രണ്ടിലൊന്നറിഞ്ഞേ പോകൂ എന്ന വാശിയാണയാൾക്ക്. ജനങ്ങൾ അവർക്ക് ചുറ്റും കൂടിയിട്ടുണ്ട്. വഴക്ക് അപ്പോഴൊന്നും തീരരുതേ എന്ന പ്രാർത്ഥനയാണവർക്ക്. കാരണം, എന്തെങ്കിലും രസം വേണ്ടേ ...
അവരുടെ വാഗ്വാദങ്ങളും അട്ടഹാസങ്ങളും ആ തെരുവിൽ മാറ്റൊലി കൊണ്ടു. അപ്പോഴാണ് പർദ്ദാ ധാരിണിയായ ഒരു സ്ത്രീ അങ്ങോട്ടുവന്നത്. അവർ കുറച്ചുനേരം ആ വഴക്ക് ശ്രദ്ധിച്ചു ...
ഇരുന്നൂറ് വെള്ളി കൊടുത്തില്ലെങ്കിൽ അയാളെ കൊല്ലുമെന്നാണ് പറയുന്നത്. എന്നിട്ടും കൂടിനിൽക്കുന്നവർക്ക് ഒരു കുലുക്കവുമില്ല. അവർ വിനോദിക്കുകയാണ്. എന്തൊരു ക്രൂര വിനോദമാണിത് റബ്ബേ ...സമസൃഷ്ടി സ്നേഹവും ദയയും ഈ ലോകത്ത് നിന്ന് പാടെ എടുത്തുപോയന്നോ ... ബീവിയുടെ മനസ്സിൽ അങ്ങനെയുള്ള വിചാരധാരകൾ ഉടലെടുത്തു ...
പ്രഭുവസതിയിൽ നിന്നും ഇറങ്ങി നടന്നത് ഒരു ലക്ഷ്യവും മുന്നിൽ കണ്ടുകൊണ്ടല്ല. രാത്രിയുടെ ഭീകരതയിലേക്കാണ് കൂളിയിട്ട് ഇറങ്ങിയത്. കണ്ട വഴിയിലൂടെ നടന്നു. ഇരുളിൽ പതുങ്ങിയിരിക്കുന്ന ഭീകരതകളെ കുറിച്ചൊന്നും തീരെ ചിന്തിച്ചില്ല. അത് ചിന്തിക്കാനുള്ള മാനസികാവസ്ഥയിലല്ലായിരുന്നു അപ്പോൾ. എല്ലാം അള്ളാഹു (സു)യിൽ ഭാരമേല്പിച്ചു...
സർവ്വലോക സംരക്ഷകനായ റബ്ബേ, നിന്റെ കാരുണ്യം മാത്രമാണെനിക്ക് അവലംബം. നിന്റെ പ്രവാചകന്മാരെപോലും നീ പരീക്ഷിച്ചു. ആദം നബി (അ)നെ വിലക്കപ്പെട്ട കനി തിന്നുക വഴി സ്വർഗ്ഗത്തിൽ നിന്ന് പുറത്താക്കി. നൂഹ് നബി (അ)നെ പുത്രൻ കണ്മുന്നിൽ വെച്ച് മുങ്ങിമരിക്കുന്നത് കാണിച്ചു. ഇബ്രാഹിം നബി (അ)നെ അഗ്നികുണ്ഡത്തിലിട്ടു. യൂനുസ് നബി (അ)നെ മത്സ്യത്തിന്റെ വയറ്റിൽ പാർപ്പിച്ചു. അയ്യൂബ് നബി (അ)നെ മാരകരോഗം കൊണ്ട് പരീക്ഷിച്ചു... ഈ പാവപ്പെട്ടവളെയും നീ പരീക്ഷിക്കുകയാണല്ലേ ...
നിന്റെ പരീക്ഷണങ്ങളിൽ അടിപതറാതെ മുന്നോട്ടുപോവാനുള്ള ശക്തി എനിക്ക് പ്രധാനം ചെയ്യണമേ ... നിന്റെ സ്വാലിഹായ അടിമകളിൽ ഉൾപ്പെടുത്തി ഈമാനോടുകൂടി മരിപ്പിക്കണമേ ... ഇപ്രകാരം അവർ മനംനൊന്ത് പ്രാർത്ഥിച്ചുകൊണ്ട് മുന്നോട്ടുനീങ്ങി ...
വഴിയിൽ ഒരു പ്രതിബന്ധങ്ങളും അവർക്ക് തരണം ചെയ്യേണ്ടി വന്നില്ല. ഒരുപാട് വഴികൾ അവർ പിന്നിട്ടു. കിഴക്ക് വെള്ളകീറി. ചക്രവാളത്തിന്റെ അരുണിമ പരന്നു. ഉദയം മലയിടുക്കുകൾക്കിടയിൽ നിന്ന് പാളിനോക്കി മെല്ലെ പുറത്തുവന്നു. പക്ഷികളും പരവകളും കളകളാരവം മുഴക്കി ഇരതേടി പറന്നു. തെരുവുകളിൽ ജനസഞ്ചാരം തുടങ്ങി. എന്നിട്ടും ബീവി തളർന്നില്ല. അവർ നടന്നു, എങ്ങോട്ടെന്നില്ലാതെ. അങ്ങനെയാണ് അവർ ആ പട്ടണത്തിൽ എത്തിച്ചേർന്നതും, രണ്ടുപേരുടെ വഴക്കിന് ദൃക്‌സാക്ഷിയായതും...
ബീവിക്ക് ആ വഴക്ക് കൂടുതൽ കണ്ടുനിൽക്കാനായില്ല. അവർ പ്രഭു സമ്മാനിച്ച പണക്കിഴിയിൽ നിന്ന് ഇരുന്നൂറ് നാണങ്ങളെടുത്ത് കിട്ടാനുള്ളവന് കൊടുത്ത് ആ വഴക്ക് അവസാനിപ്പിച്ചു. നല്ലൊരു കാര്യം ചെയ്തതിലുള്ള കൃതാർത്ഥത ആ മുഖത്ത് അപ്പോൾ മിന്നിമറഞ്ഞു ...
ആസൂറ പട്ടണത്തിൽ കണ്ട ഒരു ജൗളിക്കടയിൽ കയറി എന്തൊക്കെയോ വാങ്ങി തന്റെ പെട്ടിയിൽ വെച്ചു. വിശപ്പ് തീർക്കാൻ ചിലതെല്ലാം വാങ്ങി വീണ്ടും തന്റെ പ്രയാണം ആരംഭിച്ചു. ലക്ഷ്യമില്ലാതെ, മാർഗ്ഗമറിയാതെ, കാണുന്ന വഴിയിലൂടെ അവർ ദീർഘദൂരം പിന്നെയും നടന്നു. കുറച്ചകലെ എത്തിയപ്പോൾ പിന്നിൽ നിന്നൊരു ശബ്ദം...
" ഒന്നു നിൽക്കണേ ..."
ബീവി തിരിഞ്ഞുനോക്കി... താൻ നേരത്തെ കടം തീർത്ത് സഹായിച്ച ചെറുപ്പക്കാരൻ തന്റടുത്തേക്ക് പാഞ്ഞടുക്കുന്നതായാണ് അവർ കണ്ടത്...
"ഹും എന്തുവേണം ...???"
" ഞാൻ നന്ദി പറയാൻ വേണ്ടി വന്നതാണ്. നിങ്ങളാ കടം വീട്ടിയില്ലായിരുന്നുവെങ്കിൽ അയാൾ എന്നെ കൊല്ലുമായിരുന്നു. അതുകൊണ്ട് എന്റെ ജീവൻ രക്ഷിച്ചത് നിങ്ങളാണ്. എന്റെ ജീവൻ രക്ഷിച്ചതിന്റെ പ്രതിഫലമായി നിങ്ങളെ ശുശ്രൂഷിച്ചുകൊണ്ട് നിങ്ങൾ പോകുന്ന സ്ഥലത്തേക്ക് ഞാനും വരാം..."
ആയാളുടെ വാക്കുകൾ കേട്ട ബീവി വിഷമിച്ചുകൊണ്ട് പറഞ്ഞു ...
" ഇത്രവണ്ണം നന്ദി കാണിക്കാൻ തക്കവണ്ണം ഞാനൊന്നും ചെയ്തില്ല. അള്ളാഹു (സു)യോടാണ് നന്ദി പ്രകാശിപ്പിക്കേണ്ടത്. ജീവൻ തരുന്നതും തിരിച്ചെടുക്കുന്നതും അവനാണ്. നിങ്ങൾ തിരിച്ചുപോകൂ ... എനിക്ക് കൂട്ടിന് ആരെയും ആവശ്യമില്ല..."
ബീവി അയാളെയും വിട്ട് നടന്നു.
എങ്ങോട്ടെന്നില്ലാതെ ...