അടുത്ത ദിവസം രാജ്യസഭ കൂടിയപ്പോൾ ചക്രവർത്തി, ഹക്കീം സാഹിബിന്ന് മകളെ വിവാഹം ചെയ്തുകൊടുക്കാൻ ആഗ്രഹിക്കുന്നു. ആർക്കെങ്കിലും എതിർപ്പുണ്ടോ...? എന്നു ചോദിച്ചു ...
" ഇല്ല " ... രാജ്യസഭ ഏകകണ്ഠമായി പ്രതിവചിച്ചു. ചക്രവർത്തിയുടെ അഭിപ്രായം എല്ലാവർക്കും സ്വീകാര്യമായിരുന്നുവെന്ന് മാത്രമല്ല അവരെല്ലാം അങ്ങേയറ്റം ആഗ്രഹിച്ചതുമായിരുന്നു ...ഹക്കീം സാഹിബ് അവരുടെയെല്ലാം കണ്ണിലുണ്ണിയായി മാറികഴിഞ്ഞിരുന്നു ... അങ്ങിനെ രാജ്യത്തിന്റെ ഒറ്റക്കെട്ടായ അഭിപ്രായ പ്രകാരം പ്രധാനമന്ത്രിയടക്കം ചില പൗരമുഖ്യന്മാർ വിവാഹലോചനയുമായി ഹക്കീം സാഹിബിന്റെ ബംഗ്ളാവിലെത്തി ...
തന്റെ വസതിയിലെത്തിയ പ്രഭുക്കന്മാരെ ആദരപൂർവ്വം സ്വീകരിച്ചിരുത്തിയ ശേഷം ഹക്കീം സാഹിബ് ആഗമനോദ്ദേശ്യം ആരാഞ്ഞു ...
" ഞങ്ങൾ പ്രധാനപ്പെട്ട ദൗത്യവുമായാണ് ഇവിടെ എത്തിയിട്ടുള്ളത്. സുഹ്‌റ രാജകുമാരിയെ അങ്ങയെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ ഞങ്ങളെല്ലാവരും കൂടി തീരുമാനിച്ചിരിക്കുന്നു. അങ്ങയുടെ അഭിപ്രായം എന്തെന്നറിയാണ് വേണ്ടി തിരുമേനി ഞങ്ങളെ ഇങ്ങോട്ടായച്ചതാണ് ..."
പ്രധാനമന്ത്രിയുടെ വാക്കുകൾ ഒരു വെള്ളിടി കണക്കെയാണ് ഹക്കീം സാഹിബിന്റെ ഹൃദയത്തിൽ ആഘാതമേല്പിച്ചത്. ഇത്രയും വലിയൊരു പ്രതിസന്ധി ഘട്ടത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും അദ്ദേഹം ചിന്തിച്ചിരുന്നില്ല ... എന്തൊക്കെയോ രഹസ്യങ്ങൾ ആ കരളിൽ തിങ്ങി വിങ്ങി കിടക്കുന്നുണ്ട്. അതെല്ലാം അകത്തൊതുക്കി, കഴിയുന്നതും ആത്മസംയമനം പാലിച്ചുകൊണ്ട് ഹക്കീം സാഹിബ് പറഞ്ഞു ...
" ഞാൻ അതിനാർഹനല്ല..., തന്നെയുമല്ല സർവ്വസംഗ പരിത്യാഗിയായി ജീവിതം നയിക്കാൻ ആശിക്കുന്ന എനിക്ക് ഒരു വധുവിന്റെ ആവശ്യവുമില്ല ... കുമാരിക്ക് അനുയോജ്യരായ എത്രയോ വരന്മാരെ കിട്ടും, തൽകാലം എന്നെ അതിൽ നിന്നും ഒഴിവാക്കിത്തരൂ ..."
ഹക്കീം സാഹിബിന്റെ ന്യായവാദങ്ങൾ കേട്ടു തിരിച്ചുപോകാൻ വന്നവരായിരുന്നില്ല പ്രധാനമന്ത്രിയും കൂട്ടരും. അവർ ഒറ്റക്കെട്ടായി പറഞ്ഞു ...
അതുപറഞ്ഞാൽ പറ്റില്ല. ഈ വിവാഹം നടന്നേ തീരൂ ... അങ്ങയുടെ സമ്മതമാണ് ഞങ്ങൾക്കാവശ്യം ...
അവസാനം അവരുടെ നിർബന്ധത്തിന് വഴങ്ങി വരുന്നതെന്തും നേരിടാനുള്ള മനഃസ്സാന്നിധ്യത്തോടെ ഹക്കീം സാഹിബ് വിവാഹത്തിന് സമ്മതിച്ചു...
സന്തോഷത്തോടുകൂടി ആ വിവാഹാലോചന സംഘം രാജധാനിയിലേക്ക് തിരിച്ചു...
അങ്ങിനെയാണ് ആ വിവാഹം നടന്നത്...
വിവാഹത്തിന് ശേഷം രാജകുമാരിയും ഹക്കീം സാഹിബും മണിയറയിലേക്കു പ്രവേശിച്ച സുന്ദര നിമിഷങ്ങളെ കുറിച്ചാണ് കഥാരംഭത്തിൽ പ്രതിപാദിച്ചത് ...