സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തിലേക്ക് മുഖം പൂഴ്ത്തി രാത്രി കരിമ്പടവും പുതച്ച് പതുങ്ങി വന്നു. രാജകുമാരി അന്നും പാലുമായി വന്ന് മണിയറക്കകത്ത് കയറി. ഇന്ന് തന്റെ സ്വപ്നങ്ങൾ പൂവണിയുമെന്ന് ആ പെണ്‍കൊടി മനഃപായസമുണ്ടു. പക്ഷെ, ഹക്കീം സാഹിബിനെ സംബന്ധിച്ചിടത്തോളം പുതുതായി ഒന്നും സംഭവിച്ചതായി തോന്നിയില്ല. അദ്ദേഹം നിസ്കാരത്തിൽ തന്നെ. ഇതെന്തു കഥ...?
ഇന്നത്തെ രാത്രി ആവർത്തിക്കപ്പെട്ടാൽ ഞാനെന്തു ചെയ്യും? തൊഴിമാരുടെ ചോദ്യങ്ങൾക്ക് എന്തു മറുപടി പറയും? രാജകുമാരിക്ക് എന്തെന്നില്ലാത്ത ദുഃഖം തോന്നി. പക്ഷെ, അവളുടെ സങ്കടം ആരുകാണാൻ. ഹക്കീം സാഹിബിന് നിസ്കാരം തന്നെ. നിലക്കാത്ത നിസ്കാരം.
ഇഴഞ്ഞുനീങ്ങുന്ന മിനുട്ടുകളും മണിക്കൂറുകളായി. ഒരു കാളരാത്രി എന്നവണ്ണം ആ രാവും അവസാനിച്ചു ...
അന്ന് മണിയറക്കകത്തേക്ക് തള്ളിക്കയറാനൊരുങ്ങിയ തൊഴിമാരെ തടഞ്ഞുനിർത്തി രാജ്ഞി തന്നെ കുമാരിയെ സമീപിച്ചു. പക്ഷെ, അവർ എന്താഗ്രഹിച്ചുവോ അതിന്റെ ഒരു ലാഞ്ചനയും കണ്ടില്ല. കുമാരിയോട് തിരക്കിയപ്പോൾ അവൾ വാവിട്ടു കരഞ്ഞു. എന്താണ് മോളെ കാര്യം? എന്തുണ്ടെങ്കിലും ഈ ഉമ്മയോട് പറയൂ ... രാജ്ഞി വേവലാതിയോടെ പുത്രിയോടപേക്ഷിച്ചു ...
രാത്രി മുഴുവനും അദ്ദേഹത്തിന് നിസ്കാരം തന്നെ. അവൾ വിക്കി വിക്കി പറഞ്ഞൊപ്പിച്ചു. സാരമില്ല ഒരു രാത്രി കൂടി ബാക്കിയുണ്ടല്ലോ, എന്നുപറഞ്ഞ് അവർ മകളെ സമാധാനിപ്പിച്ചെങ്കിലും ഉള്ളിന്റെ ഉള്ളിൽ രാജ്ഞിക്കും വേവലാതി തുടങ്ങിയിരുന്നു. വേണ്ടപ്പെട്ടവരുടെ മുഖത്ത് ഇനി എങ്ങനെ നോക്കും. ഇപ്പോൾ തന്നെ ചിലരെല്ലാം പരിഹാസ വചനങ്ങളുരുവിടാൻ തുടങ്ങിയിരിക്കുന്നു. തന്റെ മകളുടെ കന്യകത്വം മുമ്പ് നഷ്ടപ്പെട്ടിരിക്കാമെന്നുള്ള സംശയം പലരിലും കടന്നുകൂടിയിരിക്കുന്നു. കുടുംബങ്ങളിൽ പലരും പോകാനൊരുങ്ങി നിൽക്കുന്നു. അവരെയെല്ലാം സമാധാനിപ്പിച്ചു നിർത്തിയിരിക്കുകയാണ് അവസാനത്തെ രാത്രിക്കുവേണ്ടി അതിലും പരാജയമടഞ്ഞാൽ പിന്നെ ... ആ മാതാവിന് അതോർക്കാൻ കൂടി കഴിയുമായിരുന്നില്ല...
അങ്ങിനെ അവസാനം നിർണായകമായ ആ രാത്രിയും വന്നണഞ്ഞു. രാജകുമാരി ഉള്ളിലെ മുഷിപ്പെല്ലാം അകറ്റി നിർത്തി പതിവിലും കവിഞ്ഞ വേശഭൂഷാതികളാൽ അലംകൃതമായ മണിയറയിലേക്കു പ്രവേശിച്ചു. ഇന്ന് രണ്ടിലൊന്നറിയണം. ഒരു പക്ഷെ, ഭർത്താവിന് ഇവിടെയുള്ള ആചാരങ്ങളെ കുറിച്ചൊന്നും ധാരണയുണ്ടാവാനിടയില്ല. അതുകൊണ്ട് താൻ തന്നെ മുൻകൈയ്യെടുത്ത് ഇന്നെങ്കിലും അഭീഷ്ട സിദ്ധിക്ക് കളമൊരുക്കണം...
ഇങ്ങനെയുള്ള വിചാരവുമായി ഉള്ളിൽ മധുര സ്വപ്നങ്ങളെ താലോലിച്ചുകൊണ്ട് കുമാരി പ്രണമനസ്കനെ സമീപിച്ചു. അന്നും ഹക്കീം സാഹിബ് നിസ്കാരത്തിനുള്ള ഒരുക്കത്തിലാണ്. ഭർത്താവിന്റെ ഉദ്യമം കണ്ട് കുമാരിയുടെ ഉള്ളിൽ കോപവും സങ്കടവും കൂടിക്കലർന്ന ഒരു പ്രത്യേക വികാരം മോട്ടിട്ടു...
ഒരുനിമിഷം കുമാരിക്ക് സ്ഥലകാലബോധമില്ലാതെയായി. അവൾ ഓടിച്ചെന്ന് ഭർത്താവിനെ ഇറുകെ പുണർന്നു. നിനച്ചിരിക്കാതെയുള്ള രാജകുമാരിയുടെ ഈ പ്രവൃത്തിയിൽ ഹക്കീം സാഹിബ് അന്ധാളിച്ചു നിന്നുപോയി. പെട്ടെന്നദ്ദേഹം കുമാരിയുടെ പല്ലവങ്ങൾ വേർപ്പെടുത്തി ...
" കുമാരി എന്താണിത്...? തീരെ വിവേകമില്ലാതായോ...?
ഭർത്താവിന്റെ ചോദ്യം കേട്ട് സുഹ്‌റ രാജകുമാരി വാവിട്ടുകരഞ്ഞു പോയി...
" അങ്ങെന്നോട് ക്ഷമിക്കണം. മുൻകഴിഞ്ഞ രാവുകൾപോലെ ഇന്നും കഴിഞ്ഞുപോയാൽ നമുക്കും മാതാപിതാക്കൾക്കും തലയുയർത്തി പുറത്തിറങ്ങി നടക്കാനൊക്കുകയില്ല. നമ്മുടെ രതിലീലയിൽ നിന്നും ഉതിരുന്ന നിണകണങ്ങൾ കണ്ടുവേണം ഇവിടെ കൂടിയവർക്ക് പിരിഞ്ഞുപോകാൻ. അതിനുശേഷം വേണം അങ്ങയെ രാജാവായി അഭിഷേകം ചെയ്യാൻ. അങ്ങ് ഇന്നും നിസ്കാരത്തിന് വേണ്ടി ഒരുങ്ങുന്നത് കണ്ടപ്പോൾ ഞാൻ എന്നെത്തന്നെ മറക്കാൻ കാരണം അതാണ്. കുമാരി വിക്കി വിക്കി ഒരുവിധം പറഞ്ഞൊപ്പിച്ചു ...
ഇല്ല, തനിക്കിനി പിടിച്ചുനിൽക്കാനാവില്ല. ഇതെന്തൊരു പരീക്ഷണമാണ് ഇലാഹീ...,
ഹക്കീം സാഹിബ് നിമിഷങ്ങളോളം എന്ത് പറയണമെന്നറിയാതെ പകച്ചുനിന്നു. അദ്ദേഹത്തിന്റെ മുഖം വിവർണ്ണമായി. എന്തോ പറയാൻ വേണ്ടി ആ നാവ് ചലിച്ചു ...
രാജകുമാരീ, ഭവതീ... ഈ കട്ടിലിലേക്കിരിക്ക്, എനിക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. എന്റെ ജീവിതത്തിലെ അഗ്നിപരീക്ഷകളുടെ കഥകൾ. ഞാനിന്നുവരെ അനുഭവിച്ചതായ യാതനകളുടേയും വേദനകളുടേയും കഥകൾ. കുമാരി ക്ഷമാപൂർവ്വം കേൾക്കണം. ഇന്ന് പുലരുവോളം പറയാനുള്ള കഥയുണ്ട്.
ഒരു ചലച്ചിത്രത്തിലെന്നവണ്ണം പൂർവ്വകാല സംഭവ കഥകൾ ഹക്കീം സാഹിബിന്റെ ഹൃദയത്തിലൂടെ തെളിഞ്ഞുമാഞ്ഞു. അതൊരു കഥയായി നാവിലൂടെ പുറത്തുവന്നു...
രാജകുമാരി അത്ഭുതാതിരേകത്തോടെ ആ കഥ കെട്ടുകൊണ്ടിരുന്നു ...