ഓടി വരണേ ...!! എന്റെ കുഞ്ഞ് ...
പ്രഭു പത്നിയുടെ അട്ടഹാസം.
ആ വീട്ടിലുള്ളവരെല്ലാം ശബ്ദം കേട്ട് കേട്ടദിക്കിലേക്ക് ഓടി...
നിസ്കാരം പകുതിവെച്ച് മതിയാക്കി അസൂറയും അങ്ങോട്ടോടിച്ചെന്നു. അവിടെ കണ്ട കാഴ്ച ഭയാനകമായിരുന്നു...
ചോരയിൽ കുതിർന്ന് കിടക്കുന്ന പ്രഭുകുമാരന്റെ ശരീരം. ഉടൽ വേറെ, ശിരസ്സ് വേറെ. ആ ഭീകര സംഭവത്തിന് സാക്ഷി ആയവരെല്ലാം വാവിട്ടുകരഞ്ഞു. ആ അലമുറ കുറേസമയം നീണ്ടുനിന്നു. സ്ഥലകാല ബോധമുണ്ടാവാൻ കുറച്ച് നേരം വേണ്ടിവന്നു ...
ആരാണീ ക്രൂരത ചെയ്തത്...?
ആർക്കും ഒരു പിടിയും കിട്ടിയില്ല.
ഒരു പിഞ്ചുകുഞ്ഞിനോട് ഇത്രയും നിർദ്ദയമായി പെരുമാറാൻ മാത്രം അവനെന്താണ് ചെയ്തത്...? ആരാണിത് ആദ്യം കണ്ടത്...?
പ്രഭു ചോദിച്ചു ...
ഞാൻ കുഞ്ഞിനെ ഉറക്കിക്കിടത്തി സ്വീകരണമുറിയിൽ വിശ്രമിക്കുകയായിരുന്നു. കൺപോളകളിൽ ഉറക്കം കനം തൂങ്ങിയപ്പോൾ കിടപ്പറയിലേക്ക് കയറിയതാണ്. അപ്പോഴാണ് ഈ ഭീകരരംഗം കണ്ടത്...
പ്രഭു പറഞ്ഞു ...
അസൂറാബീവിയെ പാഠം പടിപ്പിക്കുമെന്നു പറഞ്ഞ ഭൃത്യനും അവിടെ ഉണ്ടായിരുന്നു. യഥാർത്ഥത്തിൽ അവനാണ് ഈ പണിയെല്ലാം പറ്റിച്ചത്...
അസൂറാബീവിയുടെ മുറിയിൽ നിന്നിറങ്ങിയ അവനെ പ്രതികാരചിന്ത ഉന്മത്തനാക്കി. അത്താഴം കഴിഞ്ഞ് എല്ലാവരും ഉറക്കമായെന്ന് അറിഞ്ഞപ്പോൾ അവൻ കുഞ്ഞിനെ കിടത്തിയിരുന്ന മുറിയെ ലക്ഷ്യമാക്കി നടന്നു. കയ്യിൽ മൂർച്ചയേറിയ ഒരു കഠാരയും കരുതിയിരുന്നു.
ആ ക്രൂരമാനസൻ ഉറങ്ങിക്കിടക്കുന്ന കുഞ്ഞിന്റെ കഴുത്ത് കഠാര കൊണ്ടറുത്തു. ചോരപുരണ്ട കഠാര ബീവിയുടെ തലയിണക്ക് കീഴിൽ ഒളിപ്പിച്ചുവെച്ച് ഒന്നും അറിയാത്തവനെപ്പോലെ പോയി കിടന്നു...
ഇപ്പോൾ ആ ഭൃത്യനും വാവിട്ട് കരയുന്നുണ്ട്.
ആരാണീ കൊടുംപാതകം ചെയ്തത് എന്ന് ഉറക്കെ ചോദിക്കുന്നുമുണ്ട്. അതിനിടയിൽ തെളിവുകൾക്കായി എല്ലായിടവും പരതുന്നുണ്ട്. അവസാനം അയാൾ അസൂറാബീവിയുടെ മുറിയിലും കയറി. അസൂറാബീവിയുടെ തലയിണക്കടിയിൽ ഒളിപ്പിച്ചുവെച്ചിരുന്ന കഠാരി പുറത്തെടുത്തുകൊണ്ട് ഉറക്കെ വിളിച്ചുപറഞ്ഞു ...
" ഇതുകണ്ടോ ... നിങ്ങളെല്ലാവരും വളരെ വിശ്വസ്തയെന്നു കരുതി വീട്ടിൽ പാർപ്പിച്ച ആ ദുഷ്ട്ട യാണ് ഈ കൊലപാതകം നടത്തിയത്. ഒരഭിസാരികയെ ഹദ്ദ് കുഴിയിൽ നിന്നും രക്ഷപ്പെടുത്തിയ യജമാനന് ഇങ്ങനെ തന്നെ സംഭവിക്കണം ..."
ഭൃത്യന്റെ വാക്കുകൾ കേട്ട് പ്രഭുപത്നി പൊട്ടിത്തെറിച്ചു ...
"അസൂറയാണ് ഈ കൊലപാതകം ചെയ്തതെന്നോ ..., ഇവളെ എനിക്ക് ആദ്യമേ സംശയമുണ്ടായിരുന്നു. ആ കപടഭക്തിയും നാട്യവും. നിങ്ങളതിൽ വീണുപോയതല്ലേ ...ഇവൾ പാലുകൊടുക്കുന്ന കൈക്ക് തിരിഞ്ഞുകൊത്തിയ വിഷസർപ്പമാണ്. ഉഗ്രതാണ്ഡവമാടുന്ന ക്രൂരസർപ്പം..."
" നോക്കിൻ ... ഒരു നിമിഷം പോലും ഇനി ഇവളെ ഈ വീട്ടിൽ താമസിപ്പിക്കരുത്..."
ഭൃത്യന്റെയും ഭാര്യയുടെയും വാക്കുകൾ കേട്ടിട്ട് പ്രഭുവിന് വിശ്വാസം വന്നില്ല. അസൂറാബീവിയെക്കൊണ്ട് ഇത്രയും ക്രൂരമായൊരു കാര്യം ചെയ്യാൻ കഴിയുകയില്ലെന്ന് അയാൾക്കുറപ്പുണ്ടായിരുന്നു... എങ്കിലും പ്രഭു നിസ്സഹായനാണ്. തെളിവുകൾ ബീവിക്കെതിരാണ്. അവരെ ഇറക്കി വിടുകയല്ലാതെ എന്തുചെയ്യും ...
താൻ ജീവനുതുല്യം സ്നേഹിച്ചതായിരുന്നു ആ കുഞ്ഞിനെ. അതിന്റെ നേരെ കഠാരിയോങ്ങാൻ തനിക്കെങ്ങനെ കൈപൊങ്ങും ... ഒരു ഉറുമ്പിനെ നോവിക്കാൻ പോലും കൈ ഉയരാത്ത തന്നെ കൊലപാതകിയായി ചിത്രീകരിക്കുന്നു... കഷ്ടം .. ഈ സങ്കടം ആരോട് പറയാൻ ...
ഇതിന്റെ ഉറവിടം ബീവിക്ക് മനസ്സിലായിരുന്നു. കാമാന്ധനായ ആ ഭൃത്യന്റെ പ്രണയാഭ്യർത്ഥന തിരസ്കരിച്ചു. അതിനവൻ പ്രതികാരം ചെയ്തു. പക്ഷെ, ആരുടെ മുന്നിലും തോറ്റുകൊടുക്കാൻ പാടില്ല. സർവ്വ ശക്തനായ അള്ളാഹു (സു)യുടെ മുന്നിലല്ലാതെ ഒരാളുടെ മുമ്പിലും ഈ ശിരസ്സ് താഴ്ത്താൻ പാടില്ല. എന്റെ ജീവിതത്തിലെ പരീക്ഷണങ്ങളെ അവസാനം വരെ ഞാൻ അതിജീവിക്കും. അള്ളാഹു (സു) എനിക്കതിന് കഴിവ് തന്നിരുന്നെങ്കിൽ ...
ബീവി പലവിധ ചിന്തകളിൽ മുഴുകി വ്യസന പരവശയായിരിക്കുമ്പോഴാണ് പ്രഭുവിന്റെ ആഗമനം. അദ്ദേഹം വളരെ ദുഃഖത്തോട് കൂടി പറഞ്ഞു ...
" പ്രിയപ്പെട്ട മഹിളാരത്നമേ ... നിങ്ങൾ നിരപരാധിയാണെന്ന് എനിക്ക് നല്ലപോലെ അറിയാം. പക്ഷെ, ഞാൻ മാത്രം അത് വിശ്വസിച്ചത് കൊണ്ടായില്ലല്ലോ... അതുകൊണ്ടിനി നിങ്ങൾ ഈ വീട്ടിൽ നിൽക്കരുത്. ദയവുചെയ്ത് ഇവിടെ നിന്ന് പോകണം..."
പ്രഭുവിന്റെ അഭ്യർത്ഥന കേട്ട് എന്തുചെയ്യണമെന്നറിയാതെ ബീവി കുറച്ചുനേരം ഇതികർത്തവ്യതാമൂഢയായി നിന്നു. പിന്നീട് അവർ പറഞ്ഞു ...
" സഹോദരാ ... അങ്ങയുടെ സംസ്കാരത്തെ ഞാൻ അഭിനന്ദിക്കുന്നു. ഇന്നുവരെ കണ്ടുമുട്ടിയവരിൽ മനുഷ്യത്വമുള്ള ഒരാളായ അങ്ങയെ ഞാൻ ഒരു കാലത്തും മറക്കില്ല. ഇതുവരെ എനിക്കിവിടെ ഇടം തന്നതുതന്നെ അങ്ങയുടെ മഹാമനസ്കതയാണ്. ഇനിയും അങ്ങയെ ബുദ്ധിമുട്ടിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ പോവുകയാണ്. അതിനുമുമ്പ് രണ്ടുവാക്കു കൂടി ..."
" മരണക്കുഴിയിൽ നിന്നും കരകേറ്റി അങ്ങെന്നെ ഇവിടെ കൊണ്ടുവന്നു ശുശ്രൂഷിച്ചു, സൽകരിച്ചു. ജീവിക്കാനുള്ള എല്ലാ സൗകര്യങ്ങളും നൽകി. ഇങ്ങനെയെല്ലാം ചെയ്ത നിങ്ങളുടെ കുഞ്ഞിനെ വധിക്കുമെന്ന് നിങ്ങ
ൾ കരുതുന്നുണ്ടോ...? അത്രയും വലിയൊരു ക്രൂരത കാണിക്കാൻ ഈ അബലക്കാകുമെന്ന് അങ്ങ് വിശ്വസിക്കുന്നുണ്ടോ ...?"
" ഇല്ല ... ഞാനങ്ങനെ വിശ്വസിച്ചില്ല. ഈ നിമിഷം വരെ..."
" എനിക്കതുമാത്രം അറിഞ്ഞാൽ മതി ..."
ബീവി യാത്ര പറഞ്ഞിറങ്ങിയപ്പോൾ പ്രഭു ഒരു പണക്കിഴി നീട്ടിക്കൊണ്ടു പറഞ്ഞു ...
" ഇത് ഒരു സഹോദരൻ നൽകുന്ന സമ്മാനമായി കരുതണം...യാത്രയിൽ ഉപകരിക്കും ..."
അവർ പണക്കിഴിയും വാങ്ങി, അറ്റമില്ലാത്ത ദുനിയാവിന്റെ നടുപ്പുരയിലേക്കിറങ്ങി ...
ഇനി എങ്ങോട്ട് ... ???