പല തട്ടുകളിൽ കൂടിയാലോചനകൾ നടന്നു. പല നേതാക്കളും ജനങ്ങളോട് പ്രസംഗിച്ചു. മൈത്രിയെ കുറിച്ചാണെല്ലാവരും പറഞ്ഞത്. ഉസ്മാൻ (റ)വിന്റെ ഘാതകരെ ആഇശ (റ) ആക്ഷേപിച്ചു. സൈന്യത്തിൽ നുഴഞ്ഞു കയറിയവർ സമാധാനം തകർക്കുവാൻ ശ്രമിച്ചുകൊണ്ടിരുന്നു...
അലി (റ)യുടെ സൈന്യം യുദ്ധം ആരംഭിക്കുമെന്ന് ആഇശ (റ)യുടെ ക്യാമ്പിൽ പ്രചരണം നടത്തി. ആഇശ (റ)യുദ്ധം തുടങ്ങുമെന്ന് അലി (റ)വിന്റെ ക്യാമ്പിലും പ്രചരിപ്പിച്ചു. ഇത് കാരണം പലരും ആയുധമണിഞ്ഞു. പലപ്പോഴും വാഗ്വാദം നടന്നു ...
ഒരുഭാഗത്ത് സമാധാനത്തിനുവേണ്ടി നിരന്തര ശ്രമം. മറുഭാഗത്ത് യുദ്ധത്തിന്റെ ഉരസൽ. ഒന്നാം ദിവസം കുഴപ്പങ്ങളില്ലാതെ കടന്നുപോയി. രണ്ടാം ദിവസം ചില ഏറ്റുമുട്ടലുകളുണ്ടായി. ആഇശ (റ) സൈന്യത്തെ പിൻവലിച്ചു മൈതാനിയുടെ ഒരു മൂലയിലേക്കു മാറ്റി. ദിവസങ്ങൾ കഴിയുംതോറും അന്തരീക്ഷം മോശമായിക്കൊണ്ടിരുന്നു. ഏറ്റുമുട്ടലുകളും മൈത്രി സംഭാഷണങ്ങളും തുടരുന്നു. അലി (റ) തന്നെ ആഇശ (റ), ത്വൽഹ (റ), സുബൈർ (റ) എന്നിവരെ കാണാനെത്തി ...
ഉമ്മുൽ മുഹ്മിനീൻ നിങ്ങളുടെ ഉദ്ദേശ്യമെന്താണ് ? അലി (റ) വിനയപൂർവ്വം ചോദിച്ചു ...
ഖലീഫ ഉസ്മാന്റെ രക്തം ചിന്തിയവരെ ശിക്ഷിക്കുക. മൈത്രിയുടെ സന്ദേശം പ്രചരിപ്പിക്കുക ...
ഉമ്മുൽ മുഹ്മിനീൻ ഉസ്മാനെ വധിച്ചവരെ ശിക്ഷിക്കാൻ വേണ്ടി യുദ്ധം നടന്നാൽ നിരപരാധികളല്ലേ വധിക്കപ്പെടുക. ഇപ്പോൾ തന്നെ എത്ര പേർ വധിക്കപ്പെട്ടുകഴിഞ്ഞു. ഇനിയും യുദ്ധം തുടർന്നാൽ ആയിരങ്ങൾ മരിച്ചൊടുങ്ങും അത് വേണോ ... ?
എല്ലാവർക്കും കാര്യങ്ങൾ ബോധ്യമായി. യുദ്ധം വേണ്ട മടങ്ങിപ്പോവാം. ഖലീഫയെ വധിച്ചവരെ പിടികൂടി ശിക്ഷിക്കാനുള്ള നടപടി ത്വരിതപ്പെടുത്താം. നാളെ രാവിലെ സ്ഥലം വിടാൻ തീരുമാനമായി. ഉസ്മാനെ വധിച്ചവർ അവിടെയുണ്ട്. സബഇകൾ ധാരാളമുണ്ട്. ഒരു യുദ്ധം അവർക്കാവശ്യമാണ്. ഇല്ലെങ്കിൽ അവർ പിടിക്കപ്പെടും. വധിക്കപ്പെടും...
അർദ്ധരാത്രി സമയം എല്ലാവരും ഉറക്കിലാണ്. ആർക്കും യുദ്ധഭീതിയില്ല സമാധാനം പുലർന്നതിന്റെ ആശ്വാസം. ദുഷ്ടന്മാർ പല സ്ഥലത്തും തീയിട്ടു ആർപ്പുംവിളിയും തുടങ്ങി. ആയുധ പ്രയോഗം തുടങ്ങി. യുദ്ധം തുടങ്ങിയെന്ന് ഇരുകൂട്ടരും കരുതി. പിന്നെ യുദ്ധം തന്നെ കൊടുംയുദ്ധം മണിക്കൂറുകളോളം തുടർന്നു...
ത്വൽഹ (റ), സുബൈർ (റ), എന്നിവർ രംഗം കണ്ട് വല്ലാതെ സങ്കടപ്പെട്ടു. സുബൈർ (റ) കുതിരയുടെ കടിഞ്ഞാൺ പിടിച്ചു രംഗത്ത് നിന്ന് പിൻവാങ്ങി. മദീനയിലേക്ക് മടങ്ങാമെന്ന് കരുതി ...
ഇബ്നു ജർമൂസ് എന്ന ദുഷ്ടൻ രഹസ്യമായി പിൻതുടർന്നു. മലഞ്ചരിവിൽ സുബൈർ (റ) നിസ്കാരം തുടങ്ങി. സുജൂദിൽ കിടക്കുമ്പോൾ ദുഷ്ടൻ വാൾ കൊണ്ട് വെട്ടി ശിരസ്സ് വേർപ്പെട്ടുപോയി ...
ത്വൽഹ (റ)വും യുദ്ധക്കളം വിടുകയാണ്. ഇനിയും ഈ രംഗത്തിന് സാക്ഷിയാവാനാവില്ല ...
അമവി വംശജനായ മർവാൻ വിഷം പുരട്ടിയ അമ്പ് എയ്തു. ത്വൽഹ (റ) വിന്റെ കാലിൽ തറച്ചു. അതുകാരണം അദ്ദേഹം ശഹീദായി ...
ആഇശ (റ)യോടൊപ്പം വന്ന നേതാക്കൾ പലരും വധിക്കപ്പെട്ടു. സമാധാന പ്രേമികൾ അകന്നുനിന്നു. സൈന്യം ശുഷ്കിച്ചുവന്നു. വധിക്കപ്പെട്ടവർ നിരവധിയാണ്. മുറിവേറ്റവർ അതിന്റെ എത്രയോ ഇരട്ടിയാണ്. ആ നിലയിൽ യുദ്ധം അവസാനിച്ചു...
ആഇശ (റ) കടുത്ത മനോവേദനയിലായി. അലി (റ) വളരെ ബഹുമാനപൂർവം അവരെ ഹിജാസിലേക്ക് യാത്ര അയച്ചു. ദുഃഖത്തോടെ മക്കയിലെത്തി. തന്നെ സമീപിച്ച പലരോടും അവരിങ്ങനെ പറഞ്ഞു: എനിക്ക് അലി (റ)യോട് ഒരു വിരോധവുമില്ല. നേരത്തെയില്ല ഇപ്പോഴുമില്ല. അവർ ദുഃഖം സഹിക്കാതെ വരുമ്പോൾ ഇങ്ങനെ പറയുമായിരുന്നു.... ഞാനൊരു മരമായിരുന്നെങ്കിൽ, ഞാനൊരു കല്ലായിരുന്നെങ്കിൽ, പാറയായിരുന്നെങ്കിൽ ...
യുദ്ധം രംഗം ഓർമ്മ വരുമ്പോൾ അവർ കരയും. ധാരാളമായി കണ്ണീരൊഴുക്കും. അബദ്ധം പറ്റിപ്പോയി എന്നു പറഞ്ഞു വിലപിക്കും. ഏതാനും മാസങ്ങൾ മക്കയിൽ താമസിച്ചു. അപ്പോൾ ഹജ്ജ് കാലം വന്നു. പതറിയ മനസ്സോടെ കർമ്മങ്ങളിൽ പ്രവേശിച്ചു. ഓരോ ദുആയും കണ്ണീരിന്റെ അകമ്പടിയോടെയായിരുന്നു...
നാനാഭാഗങ്ങളിൽ നിന്നും ഹജ്ജിന് ധാരാളമാളുകൾ എത്തിച്ചേർന്നു. യുദ്ധത്തിനു ശേഷമുള്ള ആദ്യ ഹജ്ജ്. എല്ലാ മനസ്സുകളിലും ദുഃഖം. എല്ലാ കണ്ണുകളിലും നനവ്. ജമൽ യുദ്ധത്തിന്റെ വേദനിപ്പിക്കുന്ന ഓർമ്മകൾ. മുഹ്മിനീങ്ങളുടെ ഉമ്മ ആഇശ (റ) സത്യവിശ്വാസികൾ അവർക്കു ചുറ്റുമുണ്ട്. അവർ അധികമാരോടും സംസാരിക്കുന്നില്ല. സദാനേരവും ഇബാദത്തിൽ തന്നെ. മദീനക്കാർ കൂട്ടത്തോടെ വന്നിട്ടുണ്ട്. സ്ത്രീകളുടെ കൂട്ടം ആഇശ (റ)യെ കണ്ടു വിശേഷങ്ങൾ ചുരുക്കി പറഞ്ഞു. എവിടെയും ദുഃഖത്തിന്റെ കാർമേഘപാളികൾ...
അറഫാദിനം. എല്ലാവരും അറഫയിൽ ഒരുമിച്ചു. നബി (സ)യുടെ വിടവാങ്ങൽ പ്രസംഗം നടന്ന സ്ഥലം. ആ ശബ്ദം കാതുകളിൽ മുഴങ്ങുകയാണ്. കേട്ടവരൊന്നും അത് മറക്കില്ല മരണംവരെ. സത്യവിശ്വാസികൾ ഖൽബ് ഉരുകി പ്രാർത്ഥിക്കുന്നു. പുതിയ തലമുറക്കാർ ധാരാളം വന്നിട്ടുണ്ട്. നബി (സ)തങ്ങളെ കണ്ടിട്ടില്ലാത്തവർ. ആദ്യ ഖലീഫമാരെ കാണാത്തവർ. അവർക്ക് അനുഭവങ്ങൾ കുറവാണ്. അവർക്ക് ബദറും ഉഹ്ദും കേട്ടറിവ് മാത്രം. എല്ലാവരും അറഫായിലൂടെ കടന്നുപോയി മുസ്ദലിഫായിലേക്ക്.
അവിടെ നിന്ന് മിനായിലേക്ക്. വീണ്ടും മസ്ജിദുൽ ഹറമിലെത്തി...
ആഇശ (റ)യുടെ കണ്ണുകളിൽ നനവ് വറ്റിയില്ല. ഹജ്ജിന്റെ നാളുകൾ കടന്നുപോയി. കർമ്മങ്ങൾ അവസാനിപ്പിച്ച് ഹാജിമാർ മക്കയോട് വിട ചൊല്ലിക്കൊണ്ടിരുന്നു... വിടപറയുന്ന ത്വവാഫ് അതിന്റെ തിരക്ക് കൂടി. എല്ലാം കഴിഞ്ഞ് ആഇശ (റ) മടങ്ങുകയാണ്. വിശാലമായ മരുഭൂമി. മക്കയിൽ നിന്ന് മദീനയിലേക്ക് ഒരു യാത്രകൂടി...
മദീനയിലെത്തി. പുണ്യ റൗളാശരീഫ് ... തന്റെ ഭവനം ... കാലെടുത്തുവെച്ചപ്പോൾ ...
പൊട്ടിക്കരഞ്ഞുപ്പോയി ...