ഉസ്മാൻ (റ) വധിക്കപ്പെട്ടതോടെ മദീന ഇളകിമറിയാൻ തുടങ്ങി. ഖലീഫയുടെ ഘാതകരെ ഉടനെ പിടിച്ചു ശിക്ഷിക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ ഖബീലക്കാർ രംഗത്തുവന്നു ...
അലി (റ) നാലാം ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ടു. വളരെ മോശമായ ഒരു സാഹചര്യത്തെയാണ് അദ്ദേഹത്തിന് നേരിടേണ്ടിയിരുന്നത്. ശത്രുക്കളെയും മിത്രങ്ങളെയും തിരിച്ചറിയാനാവാത്ത അവസ്ഥ. മുനാഫിഖുകൾ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കാൻ ശ്രമിക്കുന്നു. അവരിൽ പലരും അലി (റ)വിന്റെ സൈന്യത്തിൽ ചേക്കേറിയിരിക്കുന്നു. ക്രമസമാധാനനില മെച്ചപ്പെടുത്തുകയാണ് ആദ്യം വേണ്ടത്. ജനങ്ങളുടെ സ്വൈര്യജീവിതം ഉറപ്പ് വരുത്തുക. അതിനുശേഷം ഖലീഫയുടെ ഘാതകരെ പിടികൂടാം. കലങ്ങിമറിഞ്ഞ അന്തരീക്ഷത്തിൽ അവരെ പിടികൂടുക പ്രയാസമാണ് ...
ഇതിന്നെതിരെ മറ്റൊരു വിഭാഗം ശബ്ദമുയർത്തി. ഖലീഫയുടെ രക്തത്തിന് പ്രതികാരം ചെയ്യുക. അത് കഴിഞ്ഞു മതി മറ്റേത് കാര്യവും ...
സമുന്നത സ്വഹാബിവര്യന്മാരായ ത്വൽഹ (റ), സുബൈർ (റ)എന്നിവർ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിച്ചു നോക്കി. വിപ്ലവകാരികൾ അവരുടെ വാക്കുകൾ ഗൗനിച്ചില്ല. ഖലീഫയുമായി ചേർന്ന് മുന്നോട്ട് പോവാനും കഴിഞ്ഞില്ല ...
ത്വൽഹ (റ), സുബൈർ (റ)തുടങ്ങിയ മഹാന്മാരെല്ലാം വിപ്ലവകാരികളുടെ നോട്ടപ്പുള്ളികളായിരുന്നു. ഖലീഫയെ കൊന്നവർക്ക് ഇവരൊന്നും ഒരു പ്രശ്നമേ ആയിരുന്നില്ല ...
ആഇശ (റ)യെ കണ്ട് കാര്യങ്ങൾ ധരിപ്പിക്കണം. മുസ്ലിം സമൂഹത്തിൽ ശാന്തിയും സമാധാനവും ഉണ്ടാക്കാൻ അവർക്കു മാത്രമേ കഴിയൂ... ഇരുവരും ധൃതിയിൽ മക്കയിലേക്ക് തിരിച്ചു. ഇതിന്നിടയിൽ ആഇശ (റ) മക്കയിൽ നിന്ന് മദീനയിലേക്ക് തിരിച്ചു കഴിഞ്ഞിരുന്നു. അവർ വഴിയിൽ വെച്ച് കണ്ടുമുട്ടി. മദീനയിലെ ഭീകരമായ അന്തരീക്ഷം വിവരിച്ചു. ഇപ്പോൾ മദീനയിൽ പ്രവേശിക്കുന്നത് ഗുണകരമാവില്ലെന്ന് തോന്നി മക്കയിലേക്ക് മടങ്ങി. മക്കയിൽ ജനങ്ങൾ ധാരാളമായി തടിച്ചുകൂടിയിട്ടുണ്ട്. അവർ പരിഭ്രാന്തരാണ്. എന്ത് ചെയ്യണമെന്നറിയില്ല. അവർ ഭയം കാണുന്നത് ആഇശ (റ)യിൽ മാത്രമാണ് ...
തടിച്ചു കൂടിയ ജനങ്ങൾക്കു മുമ്പിൽ ആഇശ (റ) വിശുദ്ധ ഖുർആനിലെ ആയത്ത് ഓതി സംസാരിച്ചു ...
ആയത്തിന്റെ ആശയം ഇങ്ങനെ :
സത്യവിശ്വാസികളിൽ പെട്ട രണ്ട് വിഭാഗക്കാർ തമ്മിൽ പോരാട്ടം നടന്നാൽ, അവർക്കിടയിൽ മൈത്രിയുണ്ടാക്കാൻ ശ്രമിക്കുക. പിന്നെയും അവരിൽ ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ അക്രമിക്കുകയാണെങ്കിൽ അക്രമികളോട് നിങ്ങൾ പൊരുതുക. അവർ അല്ലാഹുവിന്റെ കൽപനയിലേക്ക് മടങ്ങുന്നതുവരെ. അവർ മടങ്ങുന്നപക്ഷം ഇരുവിഭാഗക്കാർക്കുമിടയിൽ മൈത്രി പുനസ്ഥാപിക്കുക ...
ഈ ആശയം വരുന്ന ആയത്ത് ഓതിയ ശേഷം ആഇശ (റ) പറഞ്ഞു :
ഈ ഖുർആൻ വചനത്തെ അവഗണിക്കുന്നവരെപ്പോലെ മോശപ്പെട്ട മറ്റൊരു ജനതയുണ്ടാവില്ല.
സത്യവിശ്വാസികൾ ഭിന്നിച്ചിരിക്കുന്നു. അവർക്കിടയിൽ മൈത്രി സ്ഥാപിക്കണം. അതാണ് ഏറ്റവും വലിയ ആവശ്യം. അതെങ്ങനെ കഴിയും ...?
എങ്ങോട്ട് പുറപ്പെടണം ...?
ചർച്ചകൾ നീണ്ടു. ഒടുവിൽ ബസ്വറയിലേക്ക് പുറപ്പെടാമെന്ന് തീരുമാനിച്ചു. ബനൂ ഉമയ്യ വംശത്തിൽ പെട്ട ധാരാളമാളുകൾ കൂട്ടത്തിൽ ചേർന്നു. ഇവർ അലി (റ)വിനെതിരായിരുന്നു. മൈത്രിയുടെ സന്ദേശമൊന്നും അവർ ഉൾക്കൊണ്ടില്ല. ആഇശ (റ) യുടെ സംഘത്തിൽ ഇവർ പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു...
ആഇശ (റ)യും ഒരു വൻ സംഘവും ബസ്വറയിലേക്ക് പുറപ്പെട്ടതായി മദീനയിൽ വിവരം ലഭിച്ചു. ഊഹാപോഹങ്ങൾ ധാരാളം പ്രചരിച്ചു. പലരും തെറ്റിധരിച്ചു. നാം മദീനയിലിരുന്നാൽ പറ്റില്ല ബസ്വറയിലേക്ക് പുറപ്പെടണം അങ്ങനെ അഭിപ്രായപ്പെട്ടവർ നിരവധിയാണ് ...
അലി (റ) സമാധാനവും മൈത്രിയും ആഗ്രഹിക്കുന്നു ...
എല്ലാവരും ഖലീഫയെ അംഗീകരിക്കണം. എന്നാലല്ലേ മൈത്രി വരികയുള്ളൂ. ആഇശ (റ)എന്തിനാണ് ബസ്വറയിലേക്ക് പുറപ്പെട്ടത് ...?
നീണ്ട ആലോചനക്കു ശേഷം അലി (റ) ബസ്വറയിലേക്ക് പുറപ്പെട്ടു. ആഇശ (റ)യുടെ സൈന്യത്തിലും അലി(റ)യുടെ സൈന്യത്തിലും കുഴപ്പക്കാരുണ്ടായിരുന്നു. പ്രശ്നങ്ങളുണ്ടാക്കി കാര്യങ്ങൾ വഷളാക്കുകയാണവരുടെ ലക്ഷ്യം ...
ആഇശ (റ) യും അലി (റ)വും സമാധാനവും മൈത്രിയുമാണ് കൊതിക്കുന്നത്. എന്നാൽ കാര്യങ്ങൾ അവർ ഇരുവരുടെയും കൈകളിൽ നിന്ന് വഴുതിപ്പോവുന്നതാണ് കാലം കണ്ടത് ...
ആഇശ (റ)യും സംഘവും ഹൗഅബ് എന്ന സ്ഥലത്തെത്തി. അവിടത്തെ നായകൾ കൂട്ടത്തോടെ ഓരിയിടാൻതുടങ്ങി. അപ്പോൾ ആഇശ (റ) ഒരു നബി വചനം ഓർത്തു...
നിങ്ങളിൽ ഒരാൾക്കുവേണ്ടി ഹൗഅബിലെ നായകൾ കുരക്കും. ആ നബിവചനം ഓർത്തു ആഇശ (റ) ഭയന്നുപോയി. അവർ പറഞ്ഞു:
നമുക്കു മടങ്ങിപ്പോവാം ...
ഉടനെ സുബൈർ (റ) പറഞ്ഞു: മടങ്ങിപ്പോവരുത്. അല്ലാഹു നിങ്ങൾ മുഖേന ജനങ്ങൾക്കിടയിൽ മൈത്രി സ്ഥാപിച്ചേക്കും ...
അലി (റ)വിന്റെ പ്രതിനിധികളായി അമ്മാറുബ്നു യാസിർ (റ), ഇമാം ഹുസൈൻ (റ) എന്നിവർ കൂഫയിലെത്തി ...
അമ്മാർ (റ) കൂഫാ ജുമാമസ്ജിദിൽ പ്രസംഗിച്ചു ...
മുസ്ലിംകളുടെ ഖലീഫ അലി (റ) ആണെന്നും, അദ്ദേഹത്തെ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടു. ആഇശ (റ)യുടെ ബഹുമതികൾ എടുത്തു പറഞ്ഞു മുസ്ലിംകൾക്കിടയിൽ ഐക്യം സ്ഥാപിക്കണമെന്നും പറഞ്ഞു. പ്രസംഗം ജനങ്
ങളിൽ വലിയ മതിപ്പുളവാക്കി. കൂഫയിലെ നേതാക്കൾക്ക് ആഇശ (റ)യുടെ കത്തുകൾ കിട്ടി. മൈത്രി സ്ഥാപിക്കാൻ സഹായിക്കണമെന്ന അഭ്യർത്ഥനയായിരുന്നു കത്തിലെ ഉള്ളടക്കം ...
ആഇശ (റ)യുടെ സംഘം ബസ്വറയിലെത്തി അവിടത്തെ പ്രമുഖന്മാരുമായി കൂടിയാലോചന നടത്തി. ഞങ്ങൾ ഒരു കുഴപ്പവും ആഗ്രഹിക്കുന്നില്ല. ഖലീഫയെ വധിച്ചവരെ ശിക്ഷിക്കണം. മൈത്രി സ്ഥാപിക്കണം. ഒരു യുദ്ധം വേണ്ട. സമാധാനത്തോടെ ചർച്ച ചെയ്തു പ്രശ്നങ്ങൾ പരിഹരിക്കണം ...
അലി (റ) വിന്റെ സംഘവുമെത്തി. അവരും സമാധാന ദൗത്യം തുടങ്ങി...
ഒരു കാര്യം എല്ലാവർക്കും ബോധ്യമായി. അലി (റ) യുദ്ധം കൊതിക്കുന്നില്ല.
ആഇശ (റ)യും യുദ്ധത്തിന്നില്ല ...