Wednesday - 22 April, 2026 4-Dhu al-Qadah-1447

ആശ്വാസം

സമയം അർദ്ധരാത്രി കഴിഞ്ഞിരിക്കുന്നു.

നബി (സ) തങ്ങൾ ഒരു യാത്രയിലാണ്. വലിയൊരു സംഘം കൂടെയുണ്ട്. ഇത്തവണയും ആഇശ (റ) കൂടെ സഞ്ചിരിക്കുന്നു.  കഴുത്തിൽ പഴയ മാലയും തൂങ്ങിക്കിടക്കുന്നു...  


ദാത്തുൽ ജൈശ് എന്ന സ്ഥലത്തെത്തി. അവിടെയെത്തിയപ്പോൾ മാല കാണാനില്ല.  നൂലറ്റ് മാല വീണുപോയി. പഴയ അനുഭവം ഓർമ്മവന്നു. മാല തിരയാൻ തുനിയാതെ നബി (സ)തങ്ങളെ വിവരമറിയിച്ചു. സംഘം അവിടെ താവളമടിച്ചു. ഒരാളെ മാല തിരയാൻ അയച്ചു. നബി (സ)തങ്ങൾ ആഇശ ബീവി (റ)യുടെ മടിയിൽ തലവെച്ചു കിടന്നു ഉറങ്ങിപ്പോയി.  സമയം കടന്നുപോയി. സുബ്ഹി ആവാറായി.  പരിസരത്തെങ്ങും വെള്ളമില്ല. ആളുകൾക്ക് വെള്ളം വേണം വുളൂ എടുക്കണം സ്വുബ്ഹി നിസ്കരിക്കണം.  വെപ്രാളം പടർന്നു പിടിക്കുകയാണ്. പ്രഭാതം വരവായി.. ആളുകൾ അബൂബക്കർ സിദ്ദീഖ് (റ)വിന്റെ ചുറ്റും കൂടി പരാതി പറഞ്ഞു.  നിങ്ങളുടെ മകൾ കാരണം ആളുകളെല്ലാം വലിയ ബുദ്ധിമുട്ടിലായിരിക്കുന്നു ... 


സഹിക്കാനാവുന്നില്ല. മകളോടുള്ള കോപം മനസ്സിൽ നിറഞ്ഞു. നേരെ ആഇശ (റ)യെ നോക്കി നടന്നു. അടിക്കാനുള്ള  ആവേശത്തിലാണ്. മകളുടെ അടുത്തെത്തി ശബ്ദമുയർത്താൻ പറ്റാത്ത അവസ്ഥ. നബി (സ) തങ്ങൾ മടിയിൽ തലവെച്ചുറങ്ങുന്നു. ശബ്ദം താഴ്ത്തി രോഷം പ്രകടിപ്പിച്ചു ...


നിന്റെ മാല കാരണം ആളുകളെല്ലാം ബുദ്ധിമുട്ടിലായില്ലേ ?  അത്രയും പറഞ്ഞ് ചെറിയൊരു അടിയുംകൊടുത്ത് തിരിഞ്ഞു നടന്നു. ആഇശ (റ) വലിയ ഉൽക്കണ്ഠയിലാണ്.  വായ്പ വാങ്ങിയ മാലയാണ്. അതുകൊണ്ടാണ് നഷ്ടപ്പെട്ടപ്പോൾ ഇത്രയും ബേജാറ്. ആളുകളുടെ ബുദ്ധിമുട്ട് കണ്ട് മനസ്സ് പിടയുന്നു. സ്വുബ്ഹിയുടെ സമയമെത്തിയിരിക്കുന്നു വെള്ളമില്ല. താൻ കാരണം ഇത് സംഭവിച്ചോ ? എങ്ങനെ സഹിക്കും ? പെട്ടെന്ന് നബി (സ)തങ്ങൾ ഉണർന്നു എഴുന്നേറ്റിരുന്നു.  പരിഭ്രമിച്ചു നിൽക്കുന്ന ജനങ്ങളെ കണ്ടു വെള്ളമില്ലാത്ത അവസ്ഥ  നബി (സ)തങ്ങളുടെ മുഖഭാവം മാറി. വഹ്യ്യ് വരുമ്പോഴുള്ള അവസ്ഥ ജിബ്രീൽ (അ)എത്തിക്കഴിഞ്ഞു ...


വിശുദ്ധ ഖുർആൻ വചനം അവതരിച്ചു. നിസാഹ് സൂറത്തിലെ വചനം അതിന്റെ ആശയം ഇങ്ങനെ:  


നിങ്ങൾ രോഗികളോ യാത്രക്കാരോ മലമൂത്ര വിസ്ജ്ജനം ചെയ്തു വന്നവരോ സ്ത്രീകളെ സ്പർശിച്ചവരോ ആവുകയും നിങ്ങൾക്ക് വെള്ളം കിട്ടാതിരിക്കുകയുമാണെങ്കിൽ നല്ല ശുദ്ധമായ മണ്ണ് എടുക്കുക. എന്നിട്ട് മുഖവും കൈകളും തടവുക. അല്ലാഹു മാപ്പ് ചെയ്യുന്നവനും പൊറുക്കുന്നവനുമാകുന്നു ...


നബി (സ) തങ്ങൾ ഖുർആൻ വചനം ഓതിക്കേൾപ്പിച്ചു. വെപ്രാളത്തിന്റെ മേഘപാളികൾ എത്ര പെട്ടെന്നാണ് നീങ്ങിപ്പോയത് ... 


ആരാധനാ രൂപങ്ങൾ ജിബ്രീൽ (അ) നബി (സ)തങ്ങളെ പഠിപ്പിക്കുന്നു. നബി(സ)തങ്ങൾ സ്വഹാബികളെ പഠിപ്പിക്കുന്നു. അവരിൽ നിന്ന് ലോകം പഠിപ്പിക്കുന്നു ...  


സ്വഹാബികൾ തയമ്മം ചെയ്തു പ്രഭാത നിസ്കാരം നിർവഹിച്ചു. ആശ്വാസമായി.  പറഞ്ഞറിയിക്കാനാവാത്ത ആശ്വാസവും സന്തോഷവും. ആ സന്തോഷത്തോടെ അവർ അബൂബക്കർ (റ)വിനെ സമീപിച്ചു ...  


അബൂബക്കർ താങ്കളുടെ കുടുംബത്തെ അല്ലാഹു വല്ലാതെ അനുഗ്രഹിച്ചിരിക്കുന്നു. അഭിനന്ദനങ്ങളുടെ പ്രവാഹം ... 


അബൂബക്കർ (റ) മകളെ സമീപിച്ചു. ഓമന മോളേ നീയെത്ര ഭാഗ്യവതിയാണ്. നീ കാരണം മുസ്ലിമീങ്ങൾക്ക് എത്ര വലിയ ആശ്വാസമാണ് ലഭിച്ചത്...


യാത്ര പുറപ്പെടുകയാണ്. ഒട്ടകങ്ങളെ തയ്യാറാക്കി നിർത്തി. ഒട്ടകം കിടന്ന സ്ഥലത്ത് നിന്ന് മാല കിട്ടി. അതും ആശ്വാസമായി. അല്ലാഹു എത്ര കാരുണ്യവാൻ അവൻ തന്നോടെന്തുമാത്രം കരുണ കാണിക്കുന്നു. ആഇശ (റ) യുടെ ഖൽബ് കൃതജ്ഞതാനിർഭരമായി...

അൽഹംദുലില്ലാഹ് ...

സർവ്വ സ്തുതിയും അല്ലാഹുവിന്നാകുന്നു ...