Wednesday - 22 April, 2026 4-Dhu al-Qadah-1447

പിതാവ് പോയി

ദിവസങ്ങൾ കടന്നു പോയി. രോഗം കൂടിക്കൂടിവന്നു. മദീനയിലാകെ ദുഃഖം പടർന്നു. എല്ലാ മുഖങ്ങളിലും ഉൽക്കണ്ഠ നബി (സ)തങ്ങളുടെ ദിവസങ്ങൾ അവസാനിക്കുകയാണ്. ഇത് അവസാനത്തെ ദിവസം... 


നേർത്ത ആശ്വാസം തോന്നി. രോഗത്തിന് ആശ്വാസമുണ്ടെന്ന വാർത്ത മസ്ജിദിൽ നിന്ന് പുറത്തേക്കൊഴുകി. എല്ലാവർക്കും ആശ്വാസത്തിന്റെ നെടുവീർപ്പ്. ആശ്വാസം നീണ്ടുനിന്നില്ല. രോഗം മൂർച്ചിച്ചു നബി (സ)തങ്ങൾ ശിരസ്സ് വെച്ച ഭാഗത്ത് ആഇശ (റ)വന്നിരുന്നു. നബിതങ്ങൾക്ക് വല്ലാത്ത പ്രയാസം. കിടക്കാനും ഇരിക്കാനും പറ്റുന്നില്ല. ആഇശ (റ)സ്നേഹപൂർവ്വം നബി(സ)യെ പിടിച്ചുയർത്തി തന്റെ മാറിലേക്ക് ചരിഞ്ഞിരിക്കുകയാണിപ്പോൾ...


ആഇശ (റ) യുടെ സഹോദരൻ അബ്ദുറഹ്മാൻ കടന്നുവന്നു. കൈയിൽ ഒരു മിസ്വാക്കുമായാണ് വന്നത്. നബി  (സ)അതിലേക്ക് നോക്കി അതാവശ്യമുണ്ടെന്ന് ആഇശ (റ)മനസ്സിലായി. ആഇശ (റ)മിസ്വാക്കു വാങ്ങി പല്ലുകൊണ്ട് ചതച്ച് പാകപ്പെടുത്തി നബി (സ)തങ്ങൾക്ക് നൽകി. നബി (സ) തങ്ങൾ പല്ല് തേച്ചു  സംതൃപ്തനായി.  തന്റെ ഉമിനീർ നബി (സ) തങ്ങളുടെ വായിലായി അവർ അഭിമാനത്തോടേ ഓർത്തു. പിൽക്കാലത്ത് അനുസ്മരിച്ചു... 


ആഇശ (റ) കരഞ്ഞു പ്രാർത്ഥിക്കുകയാണ്.  രോഗം ഭേദമായിക്കിട്ടാനുള്ള പ്രാർത്ഥന. തന്റെ കൈകളുടെ മീതെ നബി (സ) തങ്ങളുടെ കൈകൾ. പെട്ടെന്ന് നബി (സ) തങ്ങളുടെ കൈകൾ അയഞ്ഞു ...


 അല്ലാഹുമ്മ...അർറഫീഖുൽ...അഹ്ലാ....


 അന്ത്യ നിമിഷങ്ങൾ, അന്ത്യവചനങ്ങൾ. മുഖഭാവങ്ങൾ എല്ലാം ആഇശ (റ) കണ്ടു. അനുഭവിച്ചു. പതിനെട്ടു വയസ്സുള്ള ചെറുപ്പക്കാരി മുമ്പ് മരണം കണ്ടിട്ടില്ല. ഇപ്പോഴിതാ തന്റെ കൺമുമ്പിൽ മരണം. കണ്ണുകളടഞ്ഞു ശ്വാസം നിലച്ചു. ആഇശ (റ) യുടെ നിയന്ത്രണം വിട്ടു. കരച്ചിൽ പൊട്ടിപ്പോയി. ശിരസ്സ് കട്ടിലിൽ വെച്ചു. ആഇശ (റ)എഴുന്നേറ്റു. ഖൽബ് പൊടിയുന്ന വേദനയോടെ സ്ത്രീകളുടെ സമീപത്തേക്കോടി. ആരെയൊക്കെയോ കെട്ടിപ്പിടിച്ചു കരഞ്ഞു... 


സ്വഹാബികൾ ഓടിക്കൂടി. വിവരം പുറത്തേക്കൊഴുകി. അന്ത്യപ്രവാചകൻ വഫാത്തായിരിക്കുന്നു. മദീനയുടെ ചലനം നിലച്ചത് പോലെയായി. ആഇശ (റ) നേരത്തെ ഒരു സ്വപ്നം കണ്ടിരുന്നു. തന്റെ വീട്ടിൽ മൂന്നു ചന്ദ്രൻ (ഖമറുകൾ) പൊട്ടിവീണു. സ്വപ്ന വിവരം പിതാവിനോട് പറയുകയും ചെയ്തിരുന്നു.  ആ മുറിയിൽ നബി (സ) തങ്ങളുടെ ശരീരം ഖബറടക്കപ്പെട്ടു. ഖമറുകളിൽ ഒന്നാമത്തേത് ഇതാകുന്നു. ഏറ്റവും മഹത്വമുള്ളതും ഇത് തന്നെയാകുന്നു.  മറ്റ് രണ്ട് ഖമറുകൾ അബൂബക്കർ (റ), ഉമർ  (റ) എന്നിവരാണെന്ന് പിൽക്കാല ചരിത്രം തെളിയിച്ചു ...


നബി (സ) വഫാത്തായി. റൗളാശരീഫിൽ അന്ത്യവിശ്രമം. നബിപത്നിമാർ സത്യവിശ്വാസികളുടെ ഉമ്മമാർ അവർ ഉമ്മമാരായിത്തന്നെ ജീവിച്ചു. സ്വന്തം പിതാവിനെ, മകൾ അതീവ ദുഃഖിതനായി ആഇശ (റ) പ്രവാചകനോടൊപ്പം തന്നെ അതേ മുറിയിൽ കഴിഞ്ഞു. മുസ്ലിം സമൂഹം തന്റെ പിതാവിനെ ഖലീഫയായി തിരഞ്ഞെടുത്തു. പിതാവിനു വേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. മുസ്ലിം സമൂഹത്തിന്റെ നേതൃത്വം ഏറ്റെടുത്തിരിക്കുന്നു. കർമ്മഭാരത്തിന്റെ വിഷമങ്ങൾ സഹിക്കുന്ന പിതാവ്. നബി (സ) വഫാത്തായ ദിവസം അവരുടെ വീട്ടിൽ ഭക്ഷ്യവസ്തുക്കളായി ഒന്നും തന്നെ ഉണ്ടായിരുന്നില്ല... 


മുഹ്മിനീങ്ങളുടെ മാതാക്കളുടെ ജീവിതത്തിന്നാവശ്യമായത് ഖലീഫ കൊടുത്തയക്കും. കിട്ടിയാലുടെനെ ദാനം ചെയ്യും. പിന്നെ അധിക നാളും പട്ടിണി തന്നെ. നാട്ടിന്റെ നാനാഭാഗങ്ങളിൽ നിന്ന് വരുന്ന വാർത്തകൾ ആഇശ (റ)വിനെ അസ്വസ്ഥയാക്കി. കള്ളപ്രവാചകന്മാരുടെ അരങ്ങേറ്റം. അവർക്കു ലഭിക്കുന്ന പിൻബലം. അവർക്കെതിരെ ഒന്നാം ഖലീഫയെടുത്ത നിലപാടുകൾ. യുദ്ധ പരമ്പരകൾ. നിണം പരന്ന മണൽത്തരികൾ വിശ്വാസം രൂഢമൂലമാവാത്ത നിരവധിയാളുകൾ അവർ സക്കാത്തിനെ നിഷേധിച്ചു. പ്രവാചകൻ പോയില്ലേ ? ഇനിയെന്ത് സക്കാത്ത് ?  പലരും സക്കാത്ത് കൊടുക്കുന്നത് നിർത്തി. സിദ്ദീഖ്  (റ) കർശന നടപടികളുമായി രംഗത്തെത്തി... 


സക്കാത്ത് നിഷേധികൾക്ക് പിടിച്ചുനിൽക്കാനായില്ല. അവർ സക്കാത്ത് നൽകാമെന്ന് സമ്മതിച്ചു.  അതിർത്തി പ്രദേശങ്ങളിൽ ഘോരയുദ്ധങ്ങൾ നടന്നു. നിരവധി സ്വഹാബികൾ വധിക്കപ്പെട്ടു. ഒന്നാം ഖലീഫയുടെ ഭരണം ദീർഘകാലം ഉണ്ടായില്ല. എല്ലാ വെല്ലുവിളികളും ഒതുക്കി ക്രമസമാധാനനില തൃപ്തികരമാക്കി. രണ്ട് കൊല്ലത്തെ വിജയകരമായ ഭരണം. ഹിജ്റ പതിമൂന്ന് അബൂബക്കർ (റ) രോഗശയ്യയിലായി. നബി (സ)വഫാതായത് ഏത് ദിവസമായിരുന്നു ? അബൂബക്കർ (റ) മകളോട് ചോദിച്ചു. തിങ്കളാഴ്ച ആഇശ (റ) മറുപടി നൽകി... 


ഇന്ന് ഏതാണ് ദിവസം ... ?  


തിങ്കളാഴ്ച ആഇശ (റ) ദുഃഖത്തോടെ പറഞ്ഞു.  മകൾക്ക് എല്ലാം വ്യക്തമായി. പിതാവ് പോവുകയാണ്. ആ രാത്രിയിൽ അബൂബക്കർ (റ)വഫാത്തായി. അതേ മുറിയിൽ ഖബർ ഒരുങ്ങി. നബി (സ)യുടെ ചുമലിനു നേരെ ശിരസ്സ് വരും വിധം ഒന്നാം ഖലീഫ ഖബറടക്കപ്പെട്ടു. രണ്ടാമത്തെ ചന്ദ്രൻ ഇതാകുന്നു. തന്റെ ഭർത്താവ് തന്റെ പിതാവ് ഇരുവരും തന്റെ മുറിയിൽ അന്ത്യവിശ്രമം കൊള്ളുന്നു. പർദ്ദയില്ലാതെതന്നെ അവരവിടെ വരും... 


ഉമർ (റ) രണ്ടാം ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ടു. ഭരണ പരിഷ്കാരങ്ങളുടെ കാലം വന്നു. മുസ്ലിം രാജ്യാതിർത്തി വളരെയേറെ വികസിച്ചു ...