ആഇശ (റ) ഹിജ്റ ഒന്നാം വർഷത്തിൽ നബി (സ)തങ്ങളുടെ ജിവിതത്തിലേക്ക് കടന്നു വന്നു. ഇവിടെ ഇതാ ഒരു പതിറ്റാണ്ട് പൂർത്തിയാവാറാവുന്നു. ആറാം വയസ്സിൽ തന്നെ നിക്കാഹ് നടന്നിരുന്നു. ഒമ്പതാം വയസ്സിൽ പ്രവാചകനോടൊപ്പം താമസം തുടങ്ങി. ഒരു പതിറ്റാണ്ട് കാലത്തെ പഠനം അളന്നു കണക്കാക്കാനാവാത്ത വിദ്യകളാണ് നേടിയത്...
ആദ്യകാലത്ത് സ്വഹാബികളുടെ എണ്ണം വളരെ കുറവായിരുന്നു. പിന്നെ ആയിരങ്ങളായി വർധിച്ചു. മാറ്റങ്ങളുടെയും വിജയങ്ങളുടെയും കാലം വന്നു. അനുയായികൾ പതിനായിരക്കണക്കിലായി. നബി (സ) തങ്ങൾക്ക് വിശ്രമ ജീവിതം ഉണ്ടായിട്ടില്ലെന്ന് ആഇശ (റ)ക്ക് നന്നായറിയാം ...
യുദ്ധ പരമ്പരകൾ തന്നെ നടന്നു. അവസാനംവരെയും അത് തുടർന്നു. ഭരണ പരിഷ്കാരങ്ങളുടെ കാലഘട്ടം. സാമൂഹിക നിയങ്ങൾ ആവിഷ്കരിക്കൽ, നടപ്പാക്കൽ ഭരണകൂടത്തിന്റെ വിജയകരമായ പ്രവർത്തനങ്ങൾ, വിശുദ്ധ ഖുർആൻ അവതരണം പൂർത്തിയായി. എല്ലാം ആഇശ (റ) അറിയുന്നു. നബി (സ) തങ്ങൾ തന്റെ അനുയായികളെ ആദ്യം പഠിപ്പിച്ചത് തൗഹീദ് ആകുന്നു...
ഏകനായ അല്ലാഹു അവന്റെ ദൂതൻ മുഹമ്മദ് (സ) ആ വിശ്വാസം മനുഷ്യമനസ്സുകളിൽ നന്നായി ഉറപ്പിച്ചു. അതിനുശേഷം നിസ്കാരം പരിശീലിപ്പിച്ചു. നോമ്പും സക്കാത്തും പിന്നെ പഠിപ്പിച്ചു. ജീവിതത്തിന്റെ അവസാന ഘട്ടത്തിലാണ് ഹജ്ജ് പരിശീലിപ്പിച്ചത്. ആഇശ (റ)യും മറ്റു ഭാര്യമാരും അതിന് സാക്ഷിയായി. തുടർന്നുള്ള കൊല്ലങ്ങളിൽ ആഇശ (റ)ഹജ്ജ് ചെയ്തു കൊണ്ടിരുന്നു. അറഫായിലെ വിടവാങ്ങൽ പ്രസംഗം മതം പൂർണ്ണമായി എന്ന പ്രഖ്യാപനം ...
അതറിഞ്ഞപ്പോൾ അബൂബക്കർ (റ)വിന്റെ പൊട്ടിക്കരച്ചിൽ. പിതാവിന്റെ സങ്കടം മകളെ വേദനിപ്പിച്ചു. ഉപ്പയെന്തിന് സങ്കടപ്പെട്ടു കരയുന്നു ...? ഒടുവിൽ കാരണമറിഞ്ഞു. മതം പൂർത്തിയായാൽ പിന്നെ നബി (സ)യുടെ ആവശ്യമില്ല. വൈകാതെ നബി (സ) യാത്രയാവും. സഹിക്കാനാവാത്ത വാക്കുകൾ. ആഇശ (റ) ചിന്താകുലയായി മാറി...
പ്രവാചകനോടൊത്തുള്ള ജീവിതത്തിന് ഒരു പതിറ്റാണ്ട് പ്രായം തികഞ്ഞിട്ടില്ല. പ്രവാചകന്റെ ജീവിത പങ്കാളിയായത് ഒമ്പതാം വയസ്സിൽ. ഇപ്പോൾ താൻ പതിനെട്ടാം വയസ്സിലാണ്. യൗവ്വനം കൊതിച്ചിടുന്ന പ്രായം. ഈ പ്രായത്തിൽ താൻ വിധവയാവുക. അതാണോ സംഭവിക്കാൻ പോവുന്നത്.
അല്ലാഹുവിന്റെ വിധിയിൽ സമാധാനിക്കുക. മുസ്ലിം സമൂഹം വളർന്നു വികസിച്ചിരിക്കുന്നു. അവരുടെ എണ്ണം ഇപ്പോൾ ലക്ഷക്കണക്കിൽ വരും. അവർ പ്രവാചകനെ വല്ലാതെ സ്നേഹിക്കുന്നുണ്ട്. കെട്ടുറപ്പുള്ള സമൂഹം...
ശത്രുക്കളുടെ ശത്രുതയും വർദ്ധിക്കുന്നു. പഴയ ശത്രുക്കളല്ല ഇന്നുള്ളത്. ലോക ശക്തികൾ ശത്രുക്കളാണ്. അവർ മുസ്ലിംകളുടെ വളർച്ച ഭയപ്പെടുന്നു. അതിർത്തി പ്രദേശങ്ങൾ ഭീഷണിയിലാണ്.
സമൂഹത്തിനകത്ത് കപടവിശ്വാസികൾ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. പുതുവിശ്വാസികൾ അവർ എണ്ണത്തിൽ വളരെ വലുതാണ്. അവരുടെ വിശ്വാസം ദൃഢമായിട്ടില്ല. അവരെ വഴിതെറ്റിക്കാൻ ശ്രമങ്ങൾ നടക്കുന്നു. മുനാഫിഖുകളും ജൂതന്മാരും പുതുവിശ്വാസികളെ ചൂഷണം ചെയ്യാനും വഴിതെറ്റിക്കാനും നന്നായി ശ്രമിക്കുന്നു. മുസ്ലിം രാജ്യത്തിന്റെ അതിർത്തികൾ വികസിച്ചുകൊണ്ടിരിക്കുന്നു. അതിന്നിടയിൽ പ്രവാചകൻ വിടവാങ്ങിയാൽ ...?
ആഇശ (റ)ക്ക് തലവേദന വന്നു. പെട്ടെന്ന് ശമിക്കുമെന്ന് കരുതി, ശമനം വന്നില്ല കൂടിക്കൂടി വന്നു ...
ഹാ....എന്റെ ശിരസ്സ്
വേദനകൊണ്ട് പുളയുന്നു. ആ രംഗം കണ്ടു കൊണ്ട് നബി (സ)തങ്ങൾ കയറി വന്നു. ആശ്വാസ വചനങ്ങൾ മൊഴിഞ്ഞു. അൽപം കഴിഞ്ഞപ്പോൾ നബി (സ) സ്വന്തം ശിരസ്സിൽ കൈവെച്ചു ...
ഹാവൂ...എന്റെ ശിരസ്സ്
നബി (സ)തങ്ങൾക്ക് തലവേദന തുടങ്ങി. അതായിരുന്നു അന്ത്യരോഗത്തിന്റെ ആരംഭം. ഹിജ്റ പതിനൊന്നിന് സഫർ മാസത്തിന്റെ അന്ത്യം. അന്ന് മൈമൂന (റ) യുടെ വീട്ടിലാണ് താമസിക്കേണ്ടത്. അവിടേക്ക് പോയി. അവിടെ രോഗിയായി കിടന്നു. ആരോഗ്യകാലത്തെന്നപോലെ രോഗിയായപ്പോഴും ഓരോ ദിവസം ഓരോ ഭാര്യയോടൊപ്പമാണ് താമസിച്ചത്. നാളെ ഞാൻ എവിടെയായിരിക്കും ...?
എല്ലാ ദിവസവും നബി (സ) ചോദിച്ചുകൊണ്ടിരുന്നു. ഈ ചോദ്യത്തെക്കുറിച്ചു എല്ലാ ഭാര്യമാരും കൂടി ചിന്തിച്ചു. ആഇശയോടൊപ്പം ചേരാനുള്ള ദിവസം അന്വേഷിക്കുകയാണോ ...? എങ്കിൽ രോഗം ഭേദമാകുംവരെ അവിടെയാവട്ടെ. ഭാര്യമാർ തീരുമാനപ്പെട്ടു...
അവശനായിത്തീർന്ന പ്രവാചകനെ ആഇശ (റ)യുടെ വീട്ടിലെത്തിച്ചു. മസ്ജിദിലേക്കു പോവാനാവുന്നില്ല. നിസ്കാരത്തിന് നേതൃത്വം നൽകാനാവുന്നില്ല. നിന്റെ ഉപ്പയെ വിളിക്കൂ ഇമാമായി നിസ്കരിക്കട്ടെ നബി (സ) തങ്ങൾ ആഇശ (റ)യോട് പറഞ്ഞു. ആദ്യമൊക്കെ നിരസിച്ചു. പിതാവ് ലോല മനസ്കനാണെന്ന് പറഞ്ഞു നോക്കി. വീണ്ടും നിർബന്ധിച്ചപ്പോൾ വിളിച്ചു കൊണ്ടു വന്നു ...
നിസ്കാര സമയമായി. ബിലാൽ (റ)വിന്റെ ശ്രവണസുന്ദരമായ ബാങ്ക് മുഴങ്ങി. അതീവ ദുഃഖിതനായി അബൂബക്കർ സിദ്ദീഖ് (റ) നിസ്കാരത്തിന് ഇമാമായി നിന്നു.
പിതാവിന്റെ അനിയന്ത്രിതമായ തേങ്ങലിന്റെ ശബ്ദം മകൾ കേട്ടു. നിയന്ത്രിക്കാനാവുന്നില്ല. ആഇശ (റ) പൊട്ടിക്കരഞ്ഞുപോയി ...