Wednesday - 22 April, 2026 4-Dhu al-Qadah-1447

ഖലീഫ വധിക്കപ്പെട്ടു

ഉമർ (റ) വിന്റെ ഭരണകാലം അത്ഭുതകരമായ ഭരണ പരിഷ്കാരങ്ങളുടെ കാലഘട്ടമായിരുന്നു. ലോകമെങ്ങും അവർ ചർച്ച ചെയ്യപ്പെട്ടിരുന്നു. പെൻഷൻ പദ്ധതി ആവിഷ്കരിച്ചുകൊണ്ടാണ് ഖലീഫ ലോകത്തെ അത്ഭുതപ്പെടുത്തിയത്. മുഴുവൻ പ്രജകൾക്കും വാർഷിക പെൻഷൻ പ്രഖ്യാപിക്കപ്പെട്ടു...  


ഏറ്റവുമാദ്യം പെൻഷൻ പ്രഖ്യാപിച്ചത് ഉമ്മഹാത്തുൽ മുഹ്മിനീങ്ങൾക്കായിരുന്നു. അന്നത്തെ നാണയങ്ങളുടെ കണക്ക് വെച്ചാണ് പ്രഖ്യാപനം നടത്തിയത്.  ഉമ്മഹാത്തുൽ മുഹ്മിനീങ്ങൾക്ക് പന്ത്രണ്ടായിരം നാണയങ്ങൾ പ്രഖ്യാപിക്കപ്പെട്ടു. ബദർ യുദ്ധത്തിൽ പങ്കെടുത്തവർ നന്നായി പരിഗണിക്കപ്പെട്ടു. നബി (സ)തങ്ങളുമായുള്ള കുടുംബബന്ധവും പരിഗണിക്കപ്പെട്ടു. ഉമ്മഹാത്തുൽ മുഹ്മിനീങ്ങൾക്ക് ഖലീഫ ഇടക്കിടെ പാരിതോഷികങ്ങൾ അയക്കുമായിരുന്നു. അവർ ഒരു വിധത്തിലും ബുദ്ധിമുട്ടരുത് എന്ന് ഖലീഫ ആഗ്രഹിച്ചിരുന്നു ...  


കിട്ടുന്നതെല്ലാം ദാനം ചെയ്യുന്ന സ്വഭാവമായിരുന്നു അവർക്ക്. ദാരിദ്ര്യം അവരിൽ നിന്ന് വിട്ടകന്ന് പോയില്ല ... 


ഇസ്ലാമിന്റെ വളർച്ച ത്വരിതഗതിയിലായിരുന്നു. ആഇശ (റ) അത് നോക്കിക്കാണുകയാണ് ...  


ഉമറുൽ ഫാറൂഖ് (റ) വിനെ ഒരു ശത്രു ഇരുളിൽ മറഞ്ഞിരുന്ന് ആക്രമിക്കുകയായിരുന്നു. മാരകമായ വെട്ടേറ്റ് ഖലീഫ അവശനായിപ്പോയി...  


ഖലീഫക്ക് ഒരു അന്ത്യാഭിലാഷമുണ്ടായിരുന്നു.  നബി (സ)തങ്ങളോടൊപ്പം അന്ത്യവിശ്രമം കൊള്ളണം. ആഇശ (റ)യുടെ മുറിയാണത്. അവിടെ ഖബറടക്കം ചെയ്യണമെങ്കിൽ ആഇശ (റ)യുടെ സമ്മതം വേണം ... 


ആസന്ന മരണനായിക്കിടക്കുന്ന ഖലീഫ മകനെ വിളിച്ച് ഇങ്ങനെ ഉപദേശിച്ചു:  നീ ആഇശയുടെ വീട്ടിൽ പോവുക. സലാം ചൊല്ലുക. എന്നിട്ട് അവിടെ എന്നെ ഖബറടക്കാൻ  സമ്മതമാണോ എന്നന്വേഷിക്കുക ... 


മകൻ ആഇശ (റ)യുടെ വീട്ടിലെത്തി സലാം ചൊല്ലി. പിതാവിന്റെ അന്ത്യാഭിലാഷം അറിയിച്ചു. ആഇശ (റ)ഇങ്ങനെ അറിയിച്ചു ... 


ആ സ്ഥലം ഞാൻ എനിക്കുവേണ്ടി കരുതിവെച്ചതായിരുന്നു. അമീറുൽ മുഹ്മിനീൻ ആവശ്യപ്പെട്ടതുകൊണ്ട് ഞാൻ ആ സ്ഥലം അദ്ദേഹത്തിന് നൽകുന്നു ... 


മകൻ തിരിച്ചെത്തി. പിതാവിനെ വിവരമറിയിച്ചു. പിതാവ് ഇങ്ങനെ ഉപദേശിച്ചു ...  


എന്റെ ജനാസ അവിടെ എത്തിയ ശേഷം ഒന്നുകൂടി അന്വേഷിക്കണം. സമ്മതം തരികയാണെങ്കിൽ മാത്രം അവിടെ ഖബറടക്കണം ... 


വമ്പിച്ച ജനാവലി. ഉമറുൽ ഫാറൂഖ് (റ) വിന്റെ ജനാസയുമായി റൗളാശരീഫിലെത്തി.   ആഇശ (റ)വിന്റെ പൂർണ സമ്മതത്തോടുകൂടി അവിടെ ഖബറടക്കപ്പെട്ടു... 


മൂന്നാം ഖലീഫയായി ഉസ്മാനുബ്നു അഫ്ഫാൻ (റ) തിരഞ്ഞെടുക്കപ്പെട്ടു ... 


അറബികൾക്കിടയിലെ ആദരണീയനായ നേതാവാണദ്ദേഹം. ഉദാരമതിയായ ധനികൻ. തനിക്കുള്ളതെല്ലാം ഇസ്ലാമിനുവേണ്ടി ചെലവഴിക്കാൻ സന്നദ്ധനായ ത്യാഗിവര്യൻ. മുനാഫിഖുകൾ ഇക്കാലത്താണ് സജീവമായി രംഗത്തു വന്നത്. സാമൂഹിക ജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ അവർ വിദഗ്ധമായി കരുക്കൾ നീക്കി...    


പ്രമുഖരായ ധാരാളം സ്വഹാബികൾ ജീവിച്ചിരുന്ന കാലം. ആദ്യത്തെ രണ്ട് ഖലീഫമാരും പ്രധാന കാര്യങ്ങൾ വരുമ്പോൾ പ്രമുഖ സ്വഹാബികളുമായി ചർച്ച നടത്തുമായിരുന്നു. പല പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടത് പ്രമുഖരുമായുള്ള കൂടിയാലോചനകളിലൂടെയാണ് ...


ഉസ്മാൻ (റ)വിന്റെ ഭരണത്തിന്റെ പകുതിവരെയും ഈ നില തുടർന്നു. പിന്നീട് ഉയർന്നുവന്ന പല പ്രശ്നങ്ങളും പരിഹരിക്കപ്പെടാതെ കിടന്നു. ഇസ്ലാമിന്റെ സാമൂഹിക ഭദ്രത തകർക്കാൻ വേണ്ടി തക്കം പാർത്തു നടന്ന ഒരു യഹൂദിയായിരുന്നു ഇബ്നു സബ. ഇസ്ലാമിനെ പുറത്തു നിന്ന് തകർക്കാൻ കഴിയില്ലെന്ന് ബോധ്യമായി. എന്നാൽ ഇസ്ലാമിന്നകത്ത് കയറി തകർക്കാമെന്ന് കരുതി  ഇബ്നു സബാ ഇസ്ലാം മതം സ്വീകരിച്ചു ...  


ചെറുപ്പക്കാരായ മുസ്ലിംകളുമായി ചങ്ങാത്തം കൂടി. വിഷലിപ്തമായആശയങ്ങൾ അവർക്കു നൽകി. ഇസ്ലാം മതത്തിലേക്ക് സമീപകാലത്ത് കടന്നു വന്ന നവമുസ്ലിംകളെ എളുപ്പത്തിൽ വഴിതെറ്റിക്കാൻ കഴിഞ്ഞു. സബഇകൾ എന്നൊരു വിഭാഗം രൂപംകൊണ്ടു... 


ഖലീഫയുടെ പോരായ്മകൾ കണ്ടെത്തുകയും അവ പ്രചരിപ്പിക്കുകയും ചെയ്യുകയാണവർ. ഒരു വിഭാഗം ആളുകൾ ഖലീഫയെ വെറുക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ ചെന്നെത്തി ... 


ഹജ്ജ് കാലം വന്നു. പ്രമുഖരെല്ലാം മക്കയിലേക്ക് പോയി. ഇബ്നു സബാ രൂപം കൊടുത്ത ഗ്രൂപ്പിൽ ആയിരക്കണക്കിൽ അംഗങ്ങളായി ...  


കൂഫ-ബസറ-ഈജിപ്ത് എന്നീ പ്രദേശങ്ങൾ അവരുടെ കേന്ദ്രങ്ങളായി വളർന്നു. മൂന്നിടത്തുനിന്നും ആയിരംപേർ വീതം ഹിജാസിലേക്ക് പുറപ്പെട്ടു. ഹജ്ജിന് പോവുന്നു എന്നു പറഞ്ഞുകൊണ്ടാണ് പുറപ്പാട്.  അവർ മദീനയിൽ വന്നു തമ്പടിച്ചു. അപകടം അടുത്തുവരികയായിരുന്നു...


അലി (റ)വും തലമുതിർന്ന നേതാക്കളും വിപ്ലവകാരികളെ നിർബന്ധിച്ചു പറഞ്ഞയച്ചു. കുറെ ദൂരം പോയശേഷം അവർ വീണ്ടും മദീനയിൽ തിരിച്ചെത്തി. ഹജ്ജിനുവേണ്ടി ആഇശ (റ)മക്കത്തെത്തിക്കഴിഞ്ഞിരുന്നു. മൂന്ന് ആഴ്ചയോളം വിപ്ലവകാരികൾ ഖലീഫയെ തടഞ്ഞുവെച്ചു. ഒടുവിൽ അത് സംഭവിച്ചു. മഹാനായ ഖലീഫയെ ധിക്കാരികൾ വധിച്ചു. മുസ്ലിം ലോകം തേങ്ങിക്കരഞ്ഞു...


നാട്ടിലാകെ ബഹളമായി.  ഖലീഫയുടെ ഘാതകരെ പിടികൂടണം. ശിക്ഷിക്കണം...


അലി (റ) നാലാം ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ടു ...


ഒരു വിഭാഗം അതംഗീകരിച്ചില്ല. സാഹചര്യം മോശമാവുകയാണ്. ഖലീഫയുടെ വധത്തെക്കുറിച്ചറിഞ്ഞ് ഹാജിമാർ ഞെട്ടി. ആഇശ (റ)ഏറ്റവും വലിയ പ്രതിസന്ധിയിലായത് ഈ ഘട്ടത്തിലായിരുന്നു ...