ഹിജ്റ അഞ്ചാം വർഷത്തിൽ നടന്ന ഒരു യുദ്ധത്തെക്കുറിച്ചാണ് ഇനി പറയുന്നത്...
ആഇശ (റ) നബി (സ) തങ്ങളോടൊപ്പം താമസം തുടങ്ങിയിട്ട് നാല് വർഷത്തോളമായി. സംഭവബഹുലമായ വർഷങ്ങൾ. അപ്പോഴേക്കും അവർ നേടിയ വിദ്യകൾ പറഞ്ഞു തീർക്കാനാവില്ല. മുസ്ലിം സമൂഹത്തിന്റെ അഭിമാനമായി മാറി ആ ചെറുപ്പക്കാരിയായ പണ്ഡിത വനിത...
സത്യവിശ്വാസികൾ അവരെ വല്ലാതെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തു. ഇതൊന്നും ഇഷ്ടപ്പെടാത്ത ഒരു വിഭാഗം മുസ്ലിംകൾക്കിടയിൽ തന്നെയുണ്ടായിരുന്നു. പ്രത്യക്ഷത്തിൽ അവർ മുസ്ലിംകൾ തന്നെ. നിസ്കാരവും, നോമ്പും, ഖുർആൻ പാരായണവുമെല്ലാം നടത്തുന്നവരാണ്. എല്ലാ രംഗത്തും അവരുണ്ട്. അവർ ഇസ്ലാമിന്റെ ശത്രുക്കളാണ്. എന്നാൽ പ്രത്യക്ഷ ശത്രുക്കളല്ല. മുസ്ലിംകളും ശത്രുക്കളും തമ്മിൽ ഒരു യുദ്ധം നടന്നാൽ അക്കൂട്ടർ എവിടെ നിൽക്കും ...? മുസ്ലിംകളുടെ കൂടെ നിൽക്കും. മുസ്ലിംകളോടൊപ്പം നിന്ന് പടപൊരുതും. ശത്രുക്കൾക്ക് ജയിക്കാനുള്ള വഴി തുറന്നു കൊടുക്കുകയും ചെയ്യും. അക്കൂട്ടരുടെ പേരാണ് മുനാഫിഖുകൾ.
കപടവിശ്വാസികൾ. സമൂഹത്തിലെ ഉന്നതന്മാർക്കെതിരെ അപവാദ പ്രചരണം നടത്തി അവരെ മാനസികമായി പീഡിപ്പിക്കുകയെന്നത് മുനാഫിഖുകളുടെ പ്രധാന പരിപാടിയാണ് ...
ആഇശ (റ) വിനെതിരിൽ അപവാദ പ്രചരണം നടത്താൻ മുനാഫിഖുകൾക്ക് ഒരവസരം കിട്ടി. മൂന്നുപേരെ ഒരേ സമയം മാനസികമായി പീഡിപ്പിക്കാൻ മുനാഫിഖുകൾ പദ്ധതി തയ്യാറാക്കി. ആഇശ (റ), പിതാവ് അബൂബക്കർ (റ), ഭർത്താവ് മുഹമ്മദ് മുസ്തഫ (സ) എന്നിവരെ ഉന്നംവെച്ചാണ് അപവാദ പ്രചരണം നടത്തിയത്...
ഹിജ്റ അഞ്ചാം വർഷം നടന്ന യുദ്ധത്തെത്തുടർന്നാണ് അപവാദ സംഭവം അരങ്ങേറുന്നത്. ബനൂ മുസ്തലഖ് ഗോത്രവുമായിട്ടാണ് യുദ്ധം നടന്നത്. നജ്ദിന്ന് സമീപമുള്ള പ്രദേശത്ത് വെച്ചായിരുന്നു യുദ്ധം. മുനാഫിഖുകളുടെ ഒരു വലിയ സംഘം തന്നെ ഈ യുദ്ധത്തിൽ പങ്കെടുത്തിരുന്നു...
ഇത്തവണ യുദ്ധത്തിനു പോവുമ്പോൾ കൂടെപ്പോവാനുള്ള അവസരം കിട്ടിയത് ആഇശ (റ) വിന്നാണ്. അവർ തന്റെ സഹോദരി അസ്മാഇന്റെ മാല വാങ്ങി കഴുത്തിലിട്ടു. അതിന്റെ നൂല് വളരെ ദുർബലമായിരുന്നു. അന്ന് പതിനാല് വയസ്സുള്ള പെൺകുട്ടിയാണവർ ...
ആഇശ (റ) ക്ക് സഞ്ചരിക്കാൻ ഒരു ഒട്ടകം ഒരുക്കി. അതിൽ ഒരു കൂടാരം ഘടിപ്പിച്ചു. ഒട്ടകക്കാരൻ അത് താഴെ വെക്കും. പർദ്ദ ധരിച്ചുകൊണ്ട് ആഇശ (റ) അതിൽ വന്നു കയറിയിരിക്കും. ഒട്ടകക്കാരൻ കൂടാരം എടുത്ത് ഒട്ടകപ്പുറത്ത് ബന്ധിക്കും. യാത്ര തുടരും. ആഇശ (റ) വളരെ മെലിഞ്ഞ പെൺകുട്ടിയാണ്. തൂക്കം കുറവാണ്. കൂടാരത്തിൽ അവരുണ്ടോ ഇല്ലേയെന്ന് മനസ്സിലാക്കാൻ പ്രയാസമാണ്. നബി (സ) തങ്ങളും സംഘവും യുദ്ധഭൂമിയിലെത്തി. മുനാഫിഖുകൾ പല പ്രശ്നങ്ങളും സൃഷ്ടിക്കാൻ നോക്കി, വിജയിച്ചില്ല...
യുദ്ധം ജയിച്ചു മടക്കയാത്ര തുടങ്ങി. മുനാഫിഖുകൾ മുഹാജിറുകളെയും അൻസാറുകളെയും തമ്മിൽ തെറ്റിക്കാൻ പല ശ്രമങ്ങളും നടത്തി. അബ്ദുല്ലാഹിബ്നു ഉബയ്യ് ആണവരുടെ നേതാവ്.
അബ്ദുല്ലാഹിബ്നു ഉബയ് ഇങ്ങനെ പ്രഖ്യാപിച്ചു :
ഞങ്ങൾ മദീനയിലെത്തിയാൽ മാന്യതയുള്ളവർ നീചനെ അവിടെ നിന്ന് പുറത്താക്കും ...
നബി (സ) തങ്ങളെയും മുഹാജിറുകളെയും അയാൾ നിശിതമായി വിമർശിച്ചു. ചിലർ അയാളുടെ കെണിയിൽ വീണുപോയി. മുനാഫിഖുകളാണ് സ്വയം മാന്യന്മാരെന്ന് വിശേഷിപ്പിച്ചത്. നബി (സ)യെപ്പറ്റി തരംതാണ രീതിയിലാണ് അബ്ദുല്ലാഹിബ്നു ഉബയ്യ് സംസാരിച്ചത്. അബ്ദുല്ലാഹിബ്നു ഉബയ്യിന്റെ മകൻ ഇതിന്നെതിരെ പ്രതികരിച്ചു...
നിങ്ങൾ നീചനാണെന്നും മുഹമ്മദ് നബി (സ) മാന്യനാണെന്നും പ്രഖ്യാപിക്കാതെ ഞാൻ നിങ്ങളെ വിടില്ല. നബി (സ) തങ്ങൾ മുനാഫിഖുകളുടെ നേതാവിനെ ഉപദ്രവിക്കാൻ സമ്മതിച്ചില്ല. വെറുതെ വിട്ടു. നബി (സ) അൻസാറുകളെ നല്ല ഉപദേശം നൽകി സമാധാനിപ്പിച്ചു ...
യുദ്ധത്തിനുശേഷമുള്ള മടക്കയാത്ര ഒരു മൈതാനിയിലെത്തി വിശ്രമിച്ചു. ഒട്ടകക്കാർ ആഇശ (റ) യുടെ കൂടാരം താഴെ വെച്ചു. ആഇശ (റ) മലമൂത്ര വിസർജ്ജനത്തിന്നായി അൽപം ദൂരത്തേക്ക് നടന്നുപോയി. തിരിച്ചു വന്നപ്പോൾ മാല കാണാനില്ല. അതന്വേഷിച്ചു വീണ്ടും പോയി. അമ്പരപ്പ് കാരണം ആരോടും വിവരം പറഞ്ഞില്ല. ആഇശ (റ)യുടെ കൂടാരം ഒട്ടകപ്പുറത്ത് എടുത്തു വെച്ചു. അവർ അതിൽ ഇല്ലെന്ന് ഒട്ടകക്കാർക്ക് മനസ്സിലായില്ല. നബി (സ) തങ്ങളും സംഘവും പുറപ്പെട്ടു കഴിഞ്ഞു. ആഇശ (റ) മാലയും തിരഞ്ഞു നടന്നു കുറെ സമയം നീണ്ടുപോയി. ഒടുവിൽ മാല കിട്ടി. പരിഭ്രമത്തോടെ ധൃതിയിൽ നടന്നു വന്നു നോക്കുമ്പോൾ മൈതാനം വിജനമാണ്. എല്ലാവരും പോയിക്കഴിഞ്ഞു...
ഇനിയെന്ത് ചെയ്യും...? താൻ കൂടെയില്ലെന്ന് അവർ എപ്പോഴാണ് മനസ്സിലാക്കുക ...? മനസ്സിലാക്കിയാൽ ആരെങ്കിലും തിരിച്ചു വരും. അതുവരെ ഇവിടെ കാത്തിരിക്കാം. ആഇശ (റ) മൂടിപ്പുതച്ചു അവിടെത്തന്നെയിരുന്നു. മനസ്സ് വല്ലാതെ പിടഞ്ഞു. നിരാശയും ദുഃഖവും ക്ഷീണവും അവരെ പൊതിഞ്ഞു. അവർ തളർന്ന് നിലത്തിരുന്നുപോയി ...