Wednesday - 22 April, 2026 4-Dhu al-Qadah-1447

എല്ലാം നബി (സ)ക്കു വേണ്ടി

നബി (സ)തങ്ങൾ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചെയ്യുക. നബി (സ)ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ഉപേക്ഷിക്കുക. ഇതായിരുന്നു ആഇശ (റ)യുടെ സ്വഭാവം ... 


ആഇശ (റ) ഒരു മനുഷ്യ സ്ത്രീയാണ്. അബദ്ധങ്ങൾ സംഭവിക്കാം. തെറ്റാണെന്ന് ബോധ്യം വന്നാൽ ഉടനെ തിരുത്തും. വന്നുപോയ അബദ്ധത്തെക്കുറിച്ചോർത്തു പശ്ചാത്തപിക്കും ...


ആഇശ (റ) ഗോതമ്പ് കിട്ടിയാൽ കഴുകിയുണക്കും, പൊടിക്കും, മാവ് കുഴച്ച് റൊട്ടിയുണ്ടാക്കും. നബി (സ) തങ്ങൾ വരുമ്പോൾ ആഹാരം വിളമ്പും.ഒന്നിച്ചിരുന്ന് കഴിക്കും ...


നബി (സ)തങ്ങളുടെ വസ്ത്രങ്ങൾ അലക്കും. ഉണക്കിയെടുത്ത് മടക്കി വെക്കും. വുളുവിനുള്ള വെള്ളം എടുത്തുവെക്കും. വെള്ളപ്പാത്രം അടുത്ത് കൊണ്ടുവന്ന് വെക്കും. തലമുടി ചീകിക്കൊടുക്കും. സുഗന്ധം പൂശിക്കൊടുക്കും. ഉറങ്ങാൻ നേരത്ത് വെള്ളവും മിസ് വാക്കും എടുത്തു വെക്കും. ഉറങ്ങാനുള്ള വിരിപ്പ് ശരിയാക്കി വിരിക്കും. ഭക്തിനിർഭരമായ അന്തരീക്ഷം നിലനിർത്തും... 


വീട്ടിൽ വരുന്ന വിരുന്നുകാരെ പരിചരിക്കും. നബി (സ) ബലിയറുക്കാൻ നിർത്തിയ ഒട്ടകങ്ങൾക്ക് താലി കെട്ടികൊടുക്കും. ഏതെല്ലാം രീതിയിൽ നബി (സ) തങ്ങൾക്ക് സേവനം ചെയ്യാൻ കഴിയുമോ ആ വിധത്തിലെല്ലാം ചെയ്തു. അതിനുള്ള ഒരവസരവും പാഴാക്കിയില്ല ... 


നബി (സ)യുടെ എല്ലാ കൽപനകളും അനുസരിച്ചു. എല്ലാ ഉപദേശങ്ങളും സ്വീകരിച്ചു. എല്ലാ നിർദേശങ്ങളും മാനിച്ചു. അവിടുത്തെ സംതൃപ്തിക്കുവേണ്ടി സ്വജീവിതം പൂർണമായി സമർപ്പിച്ചു ...  


ഒരിക്കൽ നബി (സ) തങ്ങൾ ആഇശ (റ) യുടെ വീട്ടിലേക്ക് വരികയായിരുന്നു. വാതിലിൽ ഒരു പുതിയ വിരി തൂങ്ങുന്നുണ്ട്. നബി (സ)ക്ക് പുതിയ വിരി ഇഷ്ടപ്പെടുമെന്നാണ് ആഇശ (റ) കരുതിയിരുന്നത്.  നബി (സ) നടന്നുവരുന്നത് പ്രതീക്ഷിച്ചിരുന്നു. നബി (സ) വിരിയിലേക്ക് നോക്കി. മുഖത്ത് വെറുപ്പ് പ്രകടമായി വീട്ടിലേക്ക് കടന്നില്ല പിന്നോട്ട് മാറി. ആഇശ (റ) അസ്വസ്ഥയായി. ബദ്ധപ്പാടോടെ ചോദിച്ചു  അല്ലാഹുവിന്റെ റസൂലേ എനിക്ക് എന്തെങ്കിലും തെറ്റ് പറ്റിപ്പോയെങ്കിൽ ക്ഷമിക്കണം എന്ത് തെറ്റാണ് സംഭവിച്ചുപോയത് ...? 


ആഇശാ രൂപങ്ങളുള്ള വീട്ടിൽ മലക്കുകൾ കടക്കുകയില്ല. കേൾക്കേണ്ട താമസം ആഇശ (റ) വിരി മാറ്റിക്കളഞ്ഞു.  അത്ര വേഗതയിലാണ് തെറ്റു തിരുത്തൽ ... 


വീട്ടിൽ വെച്ച് നബി (സ) ഉച്ചരിക്കാറുള്ള ഒരു വചനം, നബി പത്നിമാരെ വല്ലാതെ ചിന്തിപ്പിച്ചു. ഭൗതിക വിരക്തിയിലേക്ക് അവരെ എത്തിച്ച വചനമാണത് അതിന്റെ ആശയം ഇങ്ങനെയാകുന്നു ...


രണ്ട് താഴ് വരകൾ നിറയെ സമ്പത്തുണ്ടായാലും മനുഷ്യൻ മൂന്നാമത്തേത് കൊതിക്കും. കൊതി തീരില്ല. മണ്ണ് അല്ലാതെ അവന്റെ വായ നിറയ്ക്കുകയില്ല. അല്ലാഹു പറയുന്നു:  നിസ്കാരം നിലനിർത്താനും സക്കാത്ത് കൊടുക്കാനുമാണ് നാം സമ്പത്ത് നൽകിയത്. ആരെങ്കിലും അല്ലാഹുവിലേക്ക് മടങ്ങിയാൽ അല്ലാഹു അവനിലേക്കും മടങ്ങും.  നിരവധി തവണ നബിപത്നിമാർ ഈ വചനം കേട്ടു. അതിന്റെ ആശയം പൂർണമായി മനസ്സിലാക്കി മനുഷ്യന്റെ ആർത്തിയെക്കുറിച്ച് നന്നായറിഞ്ഞു. അവർ അതിൽ നിന്ന് മോചിതരായി ... 


നബി (സ)യും ആഇശ (റ)യും ഒന്നിച്ചു നിന്നു നിസ്കരിക്കും.  നബി (സ) ഇമാം. ആഇശ (റ) മഹ്മൂം. രാത്രിയുടെ അവസാന യാമത്തിലാണ് ഈ നിസ്കാരം. മസ്ജിദിൽ നിന്ന് ഇശാ നിസ്കരിച്ചശേഷമാണ് നബി (സ) വരിക. ഉറങ്ങുന്നതിനു മുമ്പ് ദന്തശുദ്ധി വരുത്തും. രാത്രിയുടെ മൂന്നിൽ രണ്ട് ഭാഗം കഴിഞ്ഞാൽ ഉറക്കം വിട്ടെഴുന്നേൽക്കും. ആഇശ (റ) കൂടെ എഴുന്നേൽക്കും. ഉറങ്ങിപ്പോയാൽ നബി (സ) വിളിച്ചുണർത്തും. ഇരുവരും നിസ്കരിക്കും. തഹജ്ജുദ് നിസ്കാരത്തിൽ നീണ്ട സൂറത്തുകൾ ഓതും. അൽബഖറ, ആലുഇംറാൻ, നിസാഹ് തുടങ്ങിയ സൂറത്തുകൾ ആയത്തുകളുടെ അർത്ഥം നന്നായി മനസ്സിലാക്കിക്കൊണ്ടുള്ള ഭക്തി നിർഭരമായ പാരായണം. ഓരോ വചനവും ആഇശ (റ)യുടെ മനസ്സിന്നടിത്തട്ടിലേക്ക് ഇറങ്ങിപ്പോവും. ആത്മീയ നിർവൃതിയോടെ ഉന്നതമായ അവസ്ഥയിലായിരിക്കും അവരപ്പോൾ ...


ഒരു ദിവസം  ആഇശ (റ) ഗോതമ്പ് പൊടിച്ച് മാവ് ശരിയാക്കിവെച്ചു. നബി (സ) വരുമ്പോൾ റൊട്ടിയുണ്ടാക്കാമെന്ന് വെച്ചു കാത്തിരുന്നു.


നബി (സ) വന്നു നിസ്കരിക്കാൻ തുടങ്ങി. ആഇശ (റ) മറ്റേതോ കാര്യം ശ്രദ്ധിച്ചു...  


അയൽപക്കത്തെ ആട് കയറിവന്നു പാത്രത്തിൽ മാവ് കണ്ടു. ആടിന് ഉത്സാഹം വർദ്ധിച്ചു. ധൃതിയിൽ നടന്നുവന്നു പാത്രത്തിൽ തലയിട്ടു മാവ് നക്കിനോക്കി രുചിയറിഞ്ഞു. പെട്ടെന്ന് എല്ലാം നക്കിത്തിന്നു തീർത്തു പാത്രം കാലിയാക്കി.  ആഇശ (റ) കടന്നു വന്നു രംഗം കണ്ടു സങ്കടവും കോപവും വന്നു ആടിനെ നന്നായിട്ടൊന്നു പൊട്ടിച്ചുകൊടുക്കാൻ തോന്നി.  ആടിനെ അടിക്കാൻ തുനിഞ്ഞപ്പോൾ അത് വിലക്കിക്കൊണ്ട് നബി (സ) പറഞ്ഞു ...


ആഇശാ വേണ്ട അയൽവാസിയെ ബുദ്ധിമുട്ടിക്കരുത് ...


അത് കേട്ട് ആഇശ (റ) പിൻവാങ്ങി. ദുഃഖം അടക്കി വിശന്ന വയറോടെ കിടന്നു ...


പട്ടും സ്വർണവും സ്ത്രീകൾക്ക് ധരിക്കാം. 

എന്നാൽ നബിപത്നിമാർ സർണാഭരണങ്ങളും പട്ടുവസ്ത്രങ്ങളും ഉപേക്ഷിച്ചു ...  


ആഇശ (റ) ഒരിക്കൽ സ്വർണ വള ധരിച്ചു.

നബി (സ) തങ്ങൾ അത് കണ്ടപ്പോൾ ഇങ്ങനെ ഉപദേശിച്ചു... 


വെള്ളിയുടെ രണ്ട് വളകളുണ്ടാക്കി അതിന് കുങ്കുമ വർണ്ണം പിടിപ്പിക്കുക.  വളരെ ലളിതമായ ജീവിതമാണവർ തിരഞ്ഞെടുത്തത്. വസ്ത്രം, ഭക്ഷണം, ആഭരണം, ഭവനം എല്ലാം വളരെ ലളിതം...


പരലോകത്തിനു വേണ്ടി ഐഹിക സുഖങ്ങൾ ത്യജിച്ച മഹതികൾ ചില സന്ദർഭങ്ങളിൽ ആഭരണം ധരിച്ചതായി പറയപ്പെട്ടിട്ടുണ്ട് ...