Wednesday - 22 April, 2026 4-Dhu al-Qadah-1447

അതിശയിപ്പിക്കുന്ന കുട്ടി

നബി (സ) തങ്ങൾക്ക് നുബുവ്വത്ത് (പ്രവാചകത്വം) ലഭിച്ചിട്ട് നാല് വർഷം കഴിഞ്ഞു.  മതപ്രബോധനം വളരെ പ്രയാസങ്ങൾ സഹിച്ച് നടത്തിക്കൊണ്ടിരിക്കുന്നു. ആദ്യമായി ഇസ്ലാംമതം സ്വീകരിച്ചത് നബി (സ)യുടെ ഭാര്യ ഖദീജ (റ) ആയിരുന്നു. പിന്നീട് അബൂബക്കർ  (റ) ഇസ്ലാം മതം സ്വീകരിച്ചു. സൈദ് (റ), അലി (റ) തുടങ്ങി പലരും അക്കാലത്ത് തന്നെ ഇസ്ലാം മതം സ്വീകരിച്ചു ... 


പ്രയാസങ്ങൾ നിറഞ്ഞ നാലു വർഷങ്ങൾ കടന്നുപോയി. അപ്പോൾ അബൂബക്കർ സിദ്ദീഖ് (റ) വിന്റെ വീട്ടിൽ ഒരു വിശേഷ സംഭവമുണ്ടായി. സിദ്ദീഖ് (റ)വിന്റെ ഭാര്യ ഉമ്മു റൂമാൻ ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. ആ പെൺകുഞ്ഞാണ് ലോകം എക്കാലവും അതിശയത്തോടെ ഓർക്കുന്ന ആഇശ (റ). എണ്ണത്തിൽ കുറഞ്ഞ മുസ്ലിംകൾക്ക് ആഹ്ലാദം നൽകിയ വാർത്തയായിരുന്നു അത് ... 


ഉമ്മു റൂമാൻ നേരത്തെ മറ്റൊരാളുടെ ഭാര്യയായിരുന്നു. പൗരപ്രമുഖനായ അബ്ദുല്ലാ അസ്ദിയുടെ ഭാര്യ. സ്നേഹവും സന്തോഷവും നിറഞ്ഞ ദാമ്പത്യ ജീവിതമായിരുന്നു. ഏറെക്കാലം നീണ്ടുനിന്നില്ല അബ്ദുല്ലാ അസ്ദി രോഗം വന്നു മരണപ്പെട്ടു. ഉമ്മുറൂമാൻ വിധവയായി ...


കുറെ കാലം കഴിഞ്ഞ് അബൂബക്കർ (റ) അവരെ വിവാഹം കഴിച്ചു. ഈ വിവാഹത്തിൽ രണ്ട് കുട്ടികളുണ്ടായി. ഒരു മകനും ഒരു മകളും.  

അബ്ദുറഹ്മാനും ആഇശയും ...


ആഇശ ജനിക്കുമ്പോൾ വീട്ടിൽ ഇസ്ലാമിക അന്തരീക്ഷമാണ് നില നിൽക്കുന്നത്. ശിർക്കിന്റെയോ കുഫ്റിന്റെയോ നിഴൽപോലും അവിടെയില്ല. ഈമാനിന്റെ പ്രകാശം പരന്ന അന്തരീക്ഷം. ആ പ്രകാശത്തിലാണ് ആഇശ ജനിച്ചത്. ആദ്യമായി കേൾക്കുന്നത് തൗഹീദിന്റെ ശബ്ദം. ഏകനായ ഇലാഹ് അള്ളാഹു അവന്റെ പ്രവാചകൻ മുഹമ്മദ് മുസ്തഫ  (സ). ഓർമ്മവെച്ചുവരുമ്പോൾ ആഇശ അതാണ് കേൾക്കുന്നത്. വീട്ടിലെന്നും ഒരു വിരുന്നുകാരൻ വരും. ഉപ്പായുടെ ഉറ്റ ചെങ്ങാതി. അതിസുന്ദരമായ രൂപം. ഒരിക്കൽ കണ്ടാൽ മറക്കില്ല. മനസ്സിൽ നിന്ന് മാഞ്ഞുപോവാത്ത രൂപം...


ഓർമ്മ വെച്ച നാൾ മുതൽ ആഇശ (റ)യുടെ കുരുന്നു മനസ്സിൽ ആ രൂപമുണ്ട്. അതാണ് അന്ത്യപ്രവാചകൻ മുഹമ്മദ് മുസ്തഫ (സ). കേട്ടപ്പോൾ അതിശയം തോന്നി... കണ്ണും, മൂക്കും, ചെവിയും, പുരികവും, നെറ്റിയും നോക്കിക്കണ്ടു. എല്ലാം മനസ്സിൽ പതിഞ്ഞു. മനോഹരമായ ചുണ്ടുകളിൽ വിരിയുന്ന പുഞ്ചിരി. ചിരിക്കുമ്പോൾ പുറത്ത് കാണാവുന്ന മനോഹരമായ പല്ലുകൾ. നബിയെ കൊച്ചുന്നാളിൽ തന്നെ വല്ലാതെ ഇഷ്ടമായി ... 


ആഇശ വളരുകയാണ്. ശൈശവം വിടപറയാറായി. ബാല്യത്തിലേക്കു കടക്കാൻ സമയമായി വരുന്നു.  വല്ലാത്ത ബുദ്ധികൂർമ്മത. ബുദ്ധിപരമായ ചോദ്യങ്ങൾ മുതിർന്നവരെ നന്നായി ചിന്തിപ്പിക്കും. നല്ല വികൃതിയാണ്.  കളിയിൽ നല്ല താൽപര്യം. പാവകൾ കിട്ടണം. സമയപ്രായക്കാരായ കുട്ടികൾ അയൽവീടുകളിൽ നിന്ന് വരും. കുറെ കുട്ടികൾ ഒന്നിച്ചിരുന്നു കളിക്കും. പാവവെച്ചുള്ള കളി. ഊഞ്ഞാൽ ആടൽ ഇവയാണ് പ്രധാന വിനോദം. കുട്ടികൾ കൂടുമ്പോൾ ഒച്ചയും ബഹളവും ഉയരും. അപ്പോഴായിരിക്കും നബി (സ)തങ്ങൾ വന്നു കയറുക. ഉടനെ കുട്ടികൾ കളി നിർത്തും. നിശബ്ദരാകും. പാവകൾ ഒളിപ്പിച്ചു വെയ്ക്കും ...


ആഇശാ കളി തുടർന്നോളൂ നബി (സ) പറയും ... 


വീണ്ടും പാവകൾ നിരന്നു. ചിറകുകളുള്ള ഒരു പാവ കണ്ടു. ആ പാവയെ ചൂണ്ടി നബി (സ) ചോദിച്ചു  


ആഇശാ ... ഇതെന്താണ് ...?  


അതൊരു കുതിര...


കുതിരയോ ... കുതിരക്ക് ചിറകുണ്ടാകുമോ...?


പിന്നല്ലാതെ ... സുലൈമാൻ നബി (അ)യുടെ കുതിരക്ക് ചിറകുണ്ടായിരുന്നില്ലേ...?


നബി (സ) അത് കേട്ട് ചിരിച്ചു പോയി ... 


സുലൈമാൻ നബി (അ) ന്റെ ചരിത്രം ആ പ്രായത്തിൽ തന്നെ ആഇശ (റ) ക്കറിയാമായിരുന്നു.  മകളുടെ കളിതമാശകളിൽ മാതാപിതാക്കൾ അലിഞ്ഞുചേർന്നു. നർമ്മം ആസ്വദിച്ചു. മകളുടെ ബുദ്ധികൂർമ്മത അവരെ അത്ഭുതപ്പെടുത്തുകയും ചെയ്തു. കേട്ട കാര്യങ്ങൾ ഓർത്തവെച്ചു പറയും ...


നബി (സ) യുടെ ആദ്യ ഭാര്യയാണ് ഖദീജ (റ).

ഖദീജ (റ)യെ വിവാഹം കഴിക്കുമ്പോൾ നബി  (സ)യുടെ വയസ്സ് ഇരുപത്തഞ്ച്.  ഖദീജ (റ)യോടൊപ്പം ഇരുപത്തഞ്ച് വർഷം ജീവിച്ചു. ആൺമക്കളും പെൺമക്കളും ജനിച്ചു.  ആൺമക്കളെല്ലാം മരിച്ചു പോയി.  പെൺമക്കൾ ബാക്കിയായി. ഇരുപത്തഞ്ച് വർഷത്തെ ദാമ്പത്യ ജീവിതം അവസാനിക്കുമ്പോൾ നബി (സ)തങ്ങൾക്ക് പ്രായം അമ്പത് വയസ്സ്.  നബി (സ)തങ്ങൾക്ക് അമ്പത് വയസ്സായപ്പോൾ ഖദീജ (റ) മരണപ്പെട്ടു ...


നബി (സ)തങ്ങളുടെ അഭയമായിരുന്നു ഖദീജ  (റ). അവരുടെ വിയോഗം കടുത്ത ദുഃഖം നൽകി.  അറബികൾക്കിടയിൽ വിവാഹത്തിന് പ്രായം ഒരു തടസ്സമായിരുന്നില്ല. പ്രായം കൂടിയ സ്ത്രീയെ പ്രായം കുറഞ്ഞ പുരുഷൻ വിവാഹം ചെയ്യും. പ്രായം കൂടിയ പുരുഷൻ വളരെ പ്രായം കുറഞ്ഞ പെൺകുട്ടിയെ വിവാഹം ചെയ്തെന്നു വരും. അവരുടെ ശാരീരിക പ്രകൃതിയും സാമൂഹിക ബോധവും അവയെല്ലാം സാധ്യമാക്കിയിരുന്നു ... 


നബി (സ)തങ്ങളേക്കാൾ പതിനഞ്ച് വയസ്സ് പ്രായക്കൂടുതലുണ്ടായിരുന്നു ഖദീജ (റ)ക്ക്. ഭാര്യയുടെ മരണം നബി (സ)ക്ക് കടുത്ത ദുഃഖവും ഏകാന്തതയും നൽകി. ഈ ദുഃഖം അനുയായികൾ മനസ്സിലാക്കി ഒരു പുനർവിവാഹത്തെക്കുറിച്ചു അവർ ചിന്തിച്ചു.  ഉസ്മാനുബ്നു മള്ഊനിന്റെ ഭാര്യ ഖൗലത്ത് നബി (സ)യെ കാണാൻ വന്നു. രണ്ടാം വിവാഹത്തെ കുറിച്ചു സം


സാരിച്ചു. സ്നേഹപൂർവ്വം സമ്മർദ്ദം ചെലുത്തി. നബി  (സ) എതിർത്തില്ല ... 


വിധവകളുണ്ട് ... കന്യകകളുണ്ട് ... ആരെ വേണമെങ്കിലും വിവാഹം ചെയ്യാം ഖൗലത്ത് പറഞ്ഞു ...


ആരാണവർ...? നബി (സ) ചോദിച്ചു ...


സംഅയുടെ മകൾ സൗദ വിധവയാണവർ. അബൂബക്കറിന്റെ മകൾ ആഇശ കന്യകയാണ് ...


നബി (സ) എതിർപ്പ് പ്രകടിപ്പിച്ചില്ല.  നിറഞ്ഞ പ്രതീക്ഷയോടെയാണ് ഖൗലത്ത് സലാം പറഞ്ഞ് ഇറങ്ങിപ്പോയത് ...