നബി (സ) ഒരു സ്വപ്നം കണ്ടു ...
മലക്കുകൾ ഒരു സമ്മാനവുമായി വരുന്നു. പട്ടിൽ പൊതിഞ്ഞ വിലപിടിപ്പുള്ള സാധനം.
ഇതെന്താണ് ...? നബി (സ) ചോദിച്ചു...
താങ്കളുടെ പത്നി - മലക്കുകളുടെ മറുപടി ...
പട്ടുവസ്ത്രം മുഖത്തു നിന്ന് നീക്കിയപ്പോൾ അത് ആഇശയായിരുന്നു. മകളെ നബി (സ) തങ്ങൾക്ക് വിവാഹം ചെയ്തു കൊടുക്കാൻ സിദ്ദീഖ് (റ)വിനും ഉമ്മുറൂമാനും സന്തോഷമേയുള്ളൂ ... ആഇശക്ക് അന്ന് പ്രായം ആറ് വയസ്സ്. നല്ല മാനസിക വളർച്ചയുണ്ട്. അതിന്നനുസരിച്ച് ശാരീരിക പുഷ്ടിയും. കൂട്ടുകാരികളോടൊപ്പം കളിക്കുകയായിരുന്നു. ഒരാൾ വന്നു അകത്തേക്കു കൂട്ടിക്കൊണ്ടുപോയി. അന്ന് നിക്കാഹ് നടന്നു. കുട്ടിയായ ആഇശ അതൊന്നുമറിഞ്ഞില്ല ...
പിൽക്കാലത്ത് തന്റെ വിവാഹത്തെക്കുറിച്ച് ആഇശ (റ) ഇങ്ങനെ പ്രസ്താവിച്ചു ...
എന്റെ വിവാഹം നടന്ന വിവരം അന്ന് ഞാൻ അറിഞ്ഞിരുന്നില്ല. കൂട്ടുകാരികളോടൊപ്പം പുറത്തിറങ്ങി കളിക്കാൻ പോവുന്നത് ഉമ്മ വിലക്കി. ഉമ്മ കല്യാണം കഴിഞ്ഞ കാര്യമൊക്കെ പറഞ്ഞു മനസ്സിലാക്കിത്തന്നു ...
നബി (സ) അഞ്ഞൂറ് ദിർഹം മഹറ് നൽകിയാണ് ആഇശ (റ) യെ വിവാഹം ചെയ്തത് എന്നാണ് ചില രേഖകളിലുള്ളത്. ഭർത്താവിന്റെ വീട്ടിലേക്ക് പോയില്ല. മാതാപിതാക്കളോടൊപ്പം തന്നെയാണ് താമസം. മൂന്നു വർഷങ്ങൾ ഈ നിലയിൽ കടന്നുപോയി ...
മക്കയിൽ മുസ്ലിംകൾ ക്രൂരമായി മർദ്ദിക്കപ്പെടുകയാണ്. നാട്ടിൽ ജീവിക്കാൻ വയ്യാത്ത അവസ്ഥ. കുറെ മുസ്ലിംകൾ കുടുംബസമേതവും അല്ലാതെയും മക്കവിട്ട് അബ്സീനിയായിലേക്ക് പോയി. അബൂബക്കർ (റ)വും മക്ക വിട്ടു. ഈ യാത്രയെക്കുറിച്ച് ആഇശ (റ) പിൽക്കാലത്ത് വിവരിച്ചതിങ്ങനെയാണ് ...
മക്കയിൽ നിന്ന് കാൽനടയായി അഞ്ചു ദിവസം സഞ്ചരിച്ചാൽ ബർക്കുൽ ഗിമാദ് എന്ന സ്ഥലത്തെത്താം. അബൂബക്കർ (റ) ബർക്കുൽ ഗിമാദിൽ എത്തി. അവിടെ വെച്ച് മാന്യനായ ഒരു സുഹൃത്തിനെ കണ്ടുമുട്ടി. മക്കക്കാരനായ സുഹൃത്തിന്റെ പേര് ഇബ്നുദ്ദഗ്ന എന്നായിരുന്നു ...
താങ്കൾ എവാടെ പോകുന്നു ...? ഇബ്നുദ്ദഗ്ന ചോദിച്ചു ... അബൂബക്കർ (റ) മക്കയിലെ അനുഭവങ്ങൾ വിവരിച്ചു ...
താങ്കളെപ്പോലുള്ളവർ നാടുവിട്ടുപോവരുത്. അത് നാട്ടിന്റെ നിർഭാഗ്യമാണ്. താങ്കൾക്ക് ഞാൻ സംരക്ഷണം നൽകാം. മക്കയിലേക്ക് മടങ്ങാം. ഇബ്നുദ്ദഗ്ന സ്നേഹപൂർവം നിർബന്ധിച്ച് അബൂബക്കർ (റ)വിനെ മക്കയിലേക്ക് കൊണ്ടുവന്നു. ഈ യാത്രയിൽ ആഇശയും മറ്റ് കുടുംബാംഗങ്ങളും കൂടെയുണ്ടായിരുന്നുവെന്നാണ് ചില ചരിത്രകാരന്മാരുടെ നിഗമനം ...
മക്കയിലെ മർദ്ദനങ്ങൾ വർദ്ധിക്കുകയാണ്. പലരും മദീനയിലേക്ക് പോയിക്കഴിഞ്ഞു. ആഇശ (റ) ഹിജ്റയെക്കുറിച്ച് നൽകുന്ന വിവരണം ഇങ്ങനെയാകുന്നു ... നബി (സ) തങ്ങൾ എല്ലാ ദിവസവും വീട്ടിൽ വരും. ചില ദിവസങ്ങളിൽ രാവിലെ വരും. മറ്റു ചില ദിവസങ്ങളിൽ വൈകുന്നേരം വരും. ഉപ്പയെ കാണും കാര്യങ്ങൾ സംസാരിക്കും ...
എല്ലാവരും മക്കവിട്ട് മദീനയിലേക്ക് പോവുകയാണ്. നബി (സ) തങ്ങൾക്ക് ഹിജ്റയുടെ അനുമതി കിട്ടണം. അതിന് കാത്തിരിക്കുകയാണ്. ഒരു ദിവസം പതിവില്ലാത്ത നേരത്ത് നബി (സ)തങ്ങൾ വന്നു. ഞാനും സഹോദരി അസ്മയും ഉപ്പയോടൊപ്പം ഇരിക്കുകയായിരുന്നു.
നബി (സ) അൽപം ഉച്ചത്തിൽ വിളിച്ചു പറഞ്ഞു ...
അബൂബക്കർ ... ആളുകളെ മാറ്റിനിർത്തൂ, ചിലത് സംസാരിക്കാനുണ്ട് ...
ഉപ്പ ഇങ്ങനെ മറുപടി നൽകി ...
അള്ളാഹുവിന്റെ റസൂലേ .... ഇവിടെ അന്യരാരുമില്ല കയറിവന്നാലും ...
നബി (സ) അകത്തു വന്നു. ഹിജ്റ പോകാൻ അനുമതി വന്നതായി അറിയിച്ചു. കുടുംബാംഗങ്ങൾ ഉൽക്കണ്ഠാകുലരായി. ഉപ്പ പോവുകയാണ്. കുടുംബാംഗങ്ങളെ മുഴുവൻ ശത്രുക്കളുടെ കൺമുമ്പിൽ വിട്ടേച്ചുകൊണ്ടാണ് പോവുന്നത്...
ആഇശ (റ), അസ്മ (റ) എന്നിവരും മറ്റു കുടുംബാംഗങ്ങളും യാത്രയുടെ ഒരുക്കങ്ങൾ തുടങ്ങി. ദീർഘ യാത്രയാണ് ശത്രുക്കൾ നോക്കിയെത്തും. അവരുടെ പിടിയിൽ പെടരുത്. ഭക്ഷണം, വെള്ളം, വസ്ത്രങ്ങൾ എല്ലാം ഒരുക്കി. ആ രാത്രിയിലാണ് നബി (സ) യെ വധിക്കാൻ ശത്രുക്കൾ പ്ലാനിട്ടിരുന്നത്. വാൾമുനകളുടെ മധ്യത്തിലൂടെ നബി (സ)തങ്ങൾ ഇറങ്ങി വന്നു. നേരെ അബൂബക്കർ (റ)വിന്റെ വീട്ടിലെത്തി. യാത്രയുടെ ഒരുക്കങ്ങൾ പൂർത്തിയായിരുന്നു ...
നബി (സ) തങ്ങളും അബൂബക്കർ (റ) വും ഇറങ്ങി. കനത്ത ഇരുട്ടിലേക്ക് നീങ്ങി. ഭീതിപ്പെടുത്തുന്ന രാത്രി. എല്ലാം അല്ലാഹുവിൽ അർപ്പിച്ചുകൊണ്ടുള്ള യാത്ര ...
കുടുംബാംഗങ്ങൾ ആകാംക്ഷാഭരിതരാണ്. മണിക്കൂറുകൾ കടന്നു പോയി. നേരം പുലർന്നു. ശത്രുക്കൾക്ക് തങ്ങൾ കബളിപ്പിക്കപ്പെട്ടതായി മനസ്സിലായി. അവർ കോപാകുലരായി. വളരെ വേഗം അവർ ആ സത്യം മനസ്സിലാക്കി. പ്രവാചകനും, അബൂബക്കർ (റ)വും മക്ക വിട്ടിരിക്കുന്നു. പിന്നെ തിരച്ചിലായി നെട്ടോട്ടമായി. അവരെ കണ്ടുപിടിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിക്കപ്പെട്ടു. അസ്വസ്ഥത നിറഞ്ഞ രാപ്പകലുകൾ... മക്ക ഇളകിമറിയുകയാണ്. ആഇശയും സഹോദരങ്ങളും ഉൽക്കണ്ഠയോടെ ദിവസങ്ങൾ തള്ളി നീക്കി ...
നുബുവ്വത്തിന്റെ പതിനാലാം വര്‍ഷം റബീഉൽ അവ്വൽ പന്ത്രണ്ട്. നബി (സ)തങ്ങളും അബൂബക്കർ (റ)വും മദീനയിലെത്തി. നബി (സ) തങ്ങൾ തന്റെ കുടുംബാംഗങ്ങളെ കൊണ്ടുവരാനായി സൈദുബ്നു ഹാരിസ്, അബൂറാഫിഹ് എന്നിവരെ മക്കയിലേക്കയച്ചു. നബി (സ)യുടെ പുത്രിമാർ മദീനയിലെത്തി. ഭാര്യ സൗദ (റ)യുമെത്തി ...
അബൂബക്കർ (റ)വിന്റെ മകൻ അബ്ദുല്ലയുടെ സംരക്ഷണയിൽ ഉമ്മയും രണ്ട് പുത്രിമാരും മദീനയിലെത്തിച്ചേർന്നു. ശത്രുക്കളുടെ കണ്ണിൽ പെടാതെ വളരെ സാഹസികമായി യാത്ര ചെയ്താണ് അവർ എത്തിച്ചേർന്നത് ...