Wednesday - 22 April, 2026 4-Dhu al-Qadah-1447

നമ്മുടെ ഉമ്മ, ഉമ്മുൽ മുഹ്മിനീൻ

സത്യവിശ്വാസികളുടെ മാതാവ് ഹള്റത്ത് ആഇശ (റ).  മുസ്ലിം സമൂഹം അവരോട് വല്ലാതെ കടപ്പെട്ടിരിക്കുന്നു. എല്ലാ മുസ്ലിംകളും അവരുടെ മക്കളാകുന്നു. മക്കൾ ഉമ്മയെ സ്നേഹപൂർവ്വം ഓർക്കണം. മക്കൾ ഉമ്മയെ അറിയണം, നന്നായറിയണം. എങ്കിൽ മാത്രമേ മനസ്സിൽ സ്നേഹത്തിന്റെ ഉറവ ഒഴുകുകയുള്ളൂ...  


ആഇശ (റ) ഒരതിശയ വനിതയായിരുന്നു.  നബി (സ)തങ്ങളുടെ വിശദമായ ജീവചരിത്രം ലോകത്തിന് പറഞ്ഞു കൊടുത്തത് ആഇശ (റ)ആകുന്നു. വിശുദ്ധ ഖുർആന്റെ ആഴം അറിഞ്ഞ പണ്ഡിത വനിതയായിരുന്നു. ഓരോ ആയത്തിനെക്കുറിച്ചും അവർക്ക് വളരെ വിശദമായി വിവരിക്കാൻ കഴിഞ്ഞിരുന്നു. ചില ആയത്തുകളെ കുറിച്ച് ആഇശ (റ) നബി  (സ) തങ്ങളോട് പലതവണ ചോദിച്ച് എല്ലാ വിശദാംശങ്ങളും മനസ്സിലാക്കിവെച്ചിരുന്നു. ഹദീസുകൾ അവർക്ക് ജീവിതാനുഭവങ്ങളായിരുന്നു. വേണ്ടത്ര വിശദാംശങ്ങളോടെ ഹദീസുകൾ റിപ്പോർട്ട് ചെയ്യാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. വിശുദ്ധ ഖുർആനിൽ നിന്നും ഹദീസിൽ നിന്നും കർമ്മശാസ്ത്രം രൂപപ്പെടുത്തിയെടുത്ത പണ്ഡിത വനിതയായിരുന്നു ആഇശ (റ)...


ഫിഖ്ഹ് സംബന്ധമായ സംശയങ്ങളുമായി വന്നവർക്കെല്ലാം സംശയ നിവാരണം വരുത്തിക്കൊടുത്തു. അറബ് ഗോത്രങ്ങളുടെ വംശാവലി നന്നായി പഠിച്ചിരുന്നു. അറബി ഭാഷാ സാഹിത്യം നന്നായി കൈകാര്യം ചെയ്തു. പ്രതിഭാ സമ്പന്നയായ കവയത്രിയായിരുന്നു ആഇശ (റ). ഇമ്പമുള്ള കവിതകൾ ധാരാളം രചിച്ചിട്ടുണ്ട്. വെെദ്യശാസ്ത്രം നന്നായി പടിച്ചിരുന്നു. നല്ലൊരു അധ്യാപികയായിരുന്നു. വനികൾക്കും കുട്ടികൾക്കും വേണ്ടി നിരവധി ക്ലാസുകൾ നടത്തിയിരുന്നു. അവരെല്ലാം പിൽക്കാലത്ത് പേരെടുത്ത പണ്ഡിതന്മാരും പണ്ഡിത വനിതകളുമായിത്തീർന്നു ...


അതിശയകരമായ ഓർമ്മശക്തിയുടെ ഉടമയായിരുന്നു. ഒരിക്കൽ കേട്ടാൽമതി പിന്നെ മറന്നുപോവില്ല. അവരുടെ മുറിയിൽ ജിബ്രീൽ (അ) വന്നിട്ടുണ്ട്. സലാം ചൊല്ലിയിട്ടുണ്ട്. അവരുടെ വിരിപ്പിൽ നബി  (സ) ഇരിക്കുമ്പോൾ വഹ്യ്യ് ഇറങ്ങിയിട്ടുണ്ട്. മറ്റാർക്കുമില്ലാത്ത സവിശേഷതകൾ.  വിശുദ്ധ ഖുർആൻ വചനം ഇറങ്ങിയാൽ ഉടനെ ആഇശ (റ)ക്ക് അത് ലഭിക്കും. അവരത് പഠിക്കും. എല്ലാ അർത്ഥസാരങ്ങളും പഠിച്ചുവെക്കും. ഇറങ്ങിയ സാഹചര്യം പ്രത്യേകം ഓർത്തു വെക്കും. എഴുതിവെക്കുകയും ചെയ്യും ...


എഴുത്തും വായനയും അറിയുന്നവർ വളരെ ചുരുങ്ങിയ കാലം. അവർക്കിടയിലെ പണ്ഡിത വനിതയായിരുന്നു ആഇശ (റ). പഠനത്തിന് ഏറ്റവും പറ്റിയ കാലം ബാല്യദശയാകുന്നു. ആ പ്രായത്തിൽ ആഇശ (റ) പ്രവാചകരുടെ ജീവിതത്തിലേക്ക് കടന്നുവന്നു. ഭാര്യയായിവന്നു ...


ഭർത്താവിന്റെ ജീവിതമായിരുന്നു ഭാര്യയുടെ പഠന വിഷയം.  മിടുമിടുക്കിയായ വിദ്യാർത്ഥിനി. രാവും പകലും പ്രവാചക ജീവിതം പഠിക്കുകയായിരുന്നു. നബി (സ) പട നയിച്ച് രണാങ്കണത്തിലേക്ക് പോയപ്പോൾ കൂടെ യാത്ര ചെയ്തു യാത്രാനുഭവങ്ങൾ എല്ലാ വിശദാംശങ്ങളോടും കൂടി ലോകത്തിന് പറഞ്ഞു കൊടുത്തു.  യുദ്ധരംഗങ്ങൾ നേരിൽ കണ്ടു. ചില പ്രത്യേക സാഹചര്യങ്ങളിൽ രണാങ്കണത്തിലേക്കിറങ്ങിച്ചെന്നു.  മുറിവേറ്റുവീണ ഭടന്മാരെ പരിചരിച്ചു. ആഇശ (റ) ധീരവനിതയായിരുന്നു. നബി (സ) തങ്ങളുടെ വഫാത്തിനുശേഷം വിപത്തുകൾ നിറഞ്ഞ പല സാഹചര്യങ്ങളെയും നേരിടേണ്ടി വന്നു. അമ്പരപ്പിക്കുന്ന ധീരതയോടെ മുമ്പോട്ട് ഗമിക്കുന്നതാണ് ലോകം കണ്ടത്. ഭീതിയുടെ നേരിയ നിഴൽപോലും കണ്ടില്ല ...


കുഴപ്പം സൃഷ്ടിക്കാനും മുസ്ലിം സമൂഹത്തിന്റെ ശക്തി തകർക്കാനും വന്ന കക്ഷികളെ അവർ ശക്തമായ ഭാഷയിൽ ആക്ഷേപിച്ചു. നാശത്തിന്റെ നാളങ്ങൾ ഊതിക്കെടുത്തി  സിദ്ദീഖിന്റെ മകൾ സിദ്ദീഖഃ എന്ന പേരിൽ പ്രസിദ്ധയായി. അവരുടെ ഔദാര്യശിലം പരക്കെ അറിയപ്പെട്ടു. കിട്ടുന്നതെല്ലാം ആവശ്യക്കാർക്കു നൽകും. പകൽ ദാനം ചെയ്യുമ്പോൾ രാത്രി പട്ടിണിയാകുമെന്ന കാര്യം ഓർക്കില്ല. ഒന്നും ബാക്കിവെക്കാതെ നൽകും. യത്തീമുകളുടെയും വിധവകളുടെയും അഭയ കേന്ദ്രമായിരുന്നു അവരുടെ ഭവനം. എത്രയോ യത്തീമുകളെ അവർ പോറ്റിവളർത്തി. അവർ പണ്ഡിതരും ധീരയോദ്ധാക്കളുമായി വളർന്നു. സത്യത്തിന്റെയും ധർമ്മത്തിന്റെയും നീതിയുടെയും കാവലാളുകളായി മാറി.

ത്യാഗബോധത്തോടെ ആഇശ (റ)സേവനം തുടർന്നു. എന്നിട്ടവർക്കെന്താണ് പകരം കിട്ടിയത്...? ഉമ്മായെന്ന സ്നേഹമൂറുന്ന വിളി. ആഇശ (റ) പ്രസവിക്കാത്ത ഉമ്മയാണ്. അവർക്ക് പോറ്റുമക്കൾ ഒരുപാടുണ്ട്. അവരുടെ ഉമ്മയെന്ന വിളി പെറ്റുമ്മയുടെ നിർവൃതിയാണ് അവർക്ക് നൽകിയത് ...


ഉമ്മബാപ്പമാർ മക്കളുടെ പേര് ചേർത്തു വിളിക്കപ്പെടുന്ന കാലം. മക്കളുടെ പേര് ചേർത്ത് വിളിക്കുന്നത് അഭിമാനമായി കരുതുന്ന കാലം. ഇതിന് കുൻയത്ത് എന്നു എന്നു പറയുന്നു. അക്കാലത്ത് ആഇശ (റ) നബി (സ)തങ്ങളോട് ചോദിച്ചു:


"ആരുടെ പേരോട് ചേർത്താണ് എനിക്കൊരു കുൻയത്ത് ലഭിക്കുക ...? "


" നിന്റെ സഹോദരിയുടെ പുത്രൻ അബ്ദുല്ലയോട് ചേർത്ത് കുൻയത്ത് സ്വീകരിക്കുക " നബി (സ) നിർദ്ദേശിച്ചു... 


അങ്ങനെ ഉമ്മു അബ്ദില്ല എന്ന പേരും കിട്ടി. മക്കളെ അതിരറ്റ് സ്നേഹിച്ച ഉമ്മ. പ്രവാചക സ്നേഹത്തിൽ അലിഞ്ഞുചേർന്ന ജീവിതം. ആ ജീവിതത്തെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങളാണ് തുടർന്നുള്ള ഭാഗങ്ങളിൽ വരുന്നത്.  വനിതാ ലോകത്തിന്റെ അഭിമാനഭാജനമാണ് ആഇശ (റ). വനിതകളുടെ വിമോചകയാണവർ. വനിതകൾക്ക് ഇത്രയും മഹത്തായ സേവനം ചെയ്ത മറ്റൊരു നായികയെ കണ്ടെത്തുക പ്രയാസം തന്നെയാണ്...


പിൽക്കാല കവികൾ അവരെ പാടിപ്പുകഴ്ത്തി. നമ്മുടെ ഉമ്മ ഇൽമിന്റെ ബഹറാകുന്നു. എത്ര അർത്ഥവത്തായ പദപ്രയോഗം. ആ ബഹറിലേക്ക് ഒന്നെത്തിനോക്കാൻ നമുക്ക് ആത്മാർത്ഥമായൊരു ശ്രമം നടത്താം ... 

ഇൻ ശാ അള്ളാഹ് ...