Wednesday - 22 April, 2026 4-Dhu al-Qadah-1447

വീട്

മക്കയിൽ നിന്ന് മദീനയിലേക്ക് ഹിജ്റ വന്നവരെ മുഹാജിറുകൾ എന്നു വിളിക്കുന്നു.  മുഹാജിറുകളെ സ്വീകരിക്കുകയും സഹായിക്കുകയും ചെയ്ത മദീനയിലെ മുസ്ലിംകളെ അൻസാറുകൾ എന്നു വിളിക്കുന്നു.  അൻസാറുകളും മുഹാജിറുകളും ഒരേ മനസ്സോടെ ഒരേ ലക്ഷ്യത്തിനു വേണ്ടി കഠിനാദ്ധ്വാനം ചെയ്യുന്നു ...


മസ്ജിദുന്നബവിയുടെ നിർമ്മാണം. എല്ലാവരും നിർമ്മാണത്തൊഴിലാളികളായി മാറിയിരിക്കുന്നു. സമുന്നത സ്വഹാബികൾ മണ്ണിൽ പണിയെടുക്കുന്നു. പള്ളി ഉയർന്നു വന്നു. വളരെ ലളിതമായ മസ്ജിദ്.  ആദ്യഘട്ടത്തിൽ മേൽപ്പുരപോലും ഇല്ലായിരുന്നു. വാതിലുകളില്ല. പഴയ കമ്പിളി തൂക്കിയിട്ടു. പള്ളിയോട് ചേർന്നാണ് താമസിക്കാനുള്ള മുറികൾ പണിതത്. നീളവും വീതിയും കുറഞ്ഞ മുറികൾ. ഉയരമുള്ള ഒരാൾ കൈപൊക്കിയാൽ മേൽപ്പുരയിൽ തട്ടും. അതാണ് നബികുടുബം താമസിക്കുന്ന വീട്.  നബിപുത്രിമാരായ ഉമ്മു കുൽസൂം (റ), ഫാത്വിമ (റ) എന്നിവർ അവിടെ താമസമാക്കി.  നബി (സ)യുടെ ഭാര്യ സൗദയും അവിടെയുണ്ട്...   


ഹാരിസുബ്നു ഖസ്റജ് കുടുംബക്കാർ താമസിക്കുന്ന പ്രദേശത്താണ് ആഇശയും ബന്ധുക്കളും എത്തിച്ചേർന്നത്. അവിടെ ഒരു വീട് സൗകര്യപ്പെടുത്തി താമസം തുടങ്ങി. മദീനയിലെത്തി എട്ട് മാസത്തോളം ആഇശ (റ) അവിടെ താമസിച്ചു.  ഇതിന്നിടയിൽ ഉപ്പാക്കും മകൾക്കും കഠിനമായ രോഗം പിടിപെട്ടു. ആദ്യം ഉപ്പ കിടന്നു മറ്റുള്ളവർ പരിചരിച്ചു. രോഗം കഠിനമായ ഘട്ടത്തിൽ മരണത്തെക്കുറിച്ച് അബൂബക്കർ  (റ) പാട്ടുപാടി. മനസ്സിൽ തട്ടിയ ശോകഗാനം. നബി  (സ) രോഗശമനത്തിനുവേണ്ടി പ്രാർത്ഥിച്ചു. ക്രമേണ രോഗം മാറി...


അപ്പോഴേക്കും ആഇശ (റ) കിടന്നു.  രോഗം കലശലായി. ശരീരം മെലിഞ്ഞു. മുടികൾ  കൊഴിഞ്ഞുപോയി. മക്കയിൽ നിന്ന് വന്ന പലർക്കും രോഗം പിടിപെട്ടു. മദീനയിലെ കാലാവസ്ഥ തീരെ പിടിക്കുന്നില്ല. 

നബി (സ) മദീനയിൽ നല്ല കാലാവസ്ഥ വരാൻ വേണ്ടി പ്രാർത്ഥിച്ചു. മദീനക്കാരുടെ ഐശ്വര്യത്തിനുവേണ്ടിയും പ്രാർത്ഥന നടത്തി. അത് കാരണമായി മദീന മുഹാജിറുകൾക്ക് ഏറെ പ്രിയപ്പെട്ടതായിത്തീർന്നു. ആഇശ (റ)യുടെ രോഗം മാറി. ക്ഷീണം കുറഞ്ഞു. പഴയ പ്രസരിപ്പ് തിരിച്ചു വന്നു ...  


മദീനയിലെ പുതിയ കൂട്ടുകാരികൾ. അവരോടൊപ്പം ഊഞ്ഞാലാടിക്കളിക്കാം. ഹിജ്റ വന്നതിനുശേഷമുള്ള ശവ്വാൽമാസം. ശവ്വാൽ മസത്തിലെ ഒരു പകൽ ആഇശ (റ) കൂട്ടുകാരികളോടൊപ്പം ഊഞ്ഞാലാടിക്കളിക്കുകയായിരുന്നു. ആഇശാ.... വേഗം വരൂ ഉമ്മയുടെ വിളി. എന്തിനാണാവോ ഉമ്മ ഇങ്ങനെ വിളിക്കുന്നത് ...? കിതച്ചുകൊണ്ട് ഓടിച്ചെന്നു ... ഉമ്മ മകളുടെ മുഖം കഴുകി. മുടി ചീകിയൊതുക്കി തട്ടംനേരെയാക്കി അകത്തേക്ക് കൊണ്ടു പോയി... 


അകത്ത് കുറെ പെണ്ണുങ്ങൾ ഇരിക്കുന്നു. അവൻ ആഇശയെ ഹൃദ്യമായി സ്വീകരിച്ചു. ആശംസകൾ നേർന്നു. ആലിംഗനം ചെയ്തു. അവർ ആഇശയെ പുതുവസ്ത്രങ്ങൾ ധരിപ്പിച്ചു. നവവധുവിനെ അണിയിച്ചൊരുക്കി. വരന്റെ വീട്ടിലേക്ക് കൊണ്ടുപോവാൻ വന്ന അൻസാരി വനിതകളായിരുന്നു അവർ...


അൽപം കഴിഞ്ഞപ്പോൾ നബി (സ)ആ വീട്ടിലെത്തി.  ഒരു ഗ്ലാസ് പാൽ നൽകി നബി (സ)തങ്ങളെ സ്വീകരിച്ചു.  നബി (സ) പാൽ അൽപം കുടിച്ചു. ഗ്ലാസ് ആഇശ (റ)ക്കു നേരെ നീട്ടി. നാണംകൊണ്ട് കൈ നീട്ടി വാങ്ങാൻ കഴിയുന്നില്ല...  റസൂലുല്ലാഹി (സ) യുടെ സമ്മാനം സ്വീകരിക്കൂ ... ഒരു കൂട്ടുകാരി പ്രോത്സാഹിപ്പിച്ചു.  ആഇശ (റ)ഗ്ലാസ് വാങ്ങി അൽപം കുടിച്ചു.  കൂട്ടുകാരികൾക്കും കൊടുക്കൂ ... നബി (സ) പറഞ്ഞു ...  


കൂട്ടുകാരികൾ അൽപാൽപം കുടിച്ചു. അൻസാരി വനിതകൾ മണവാട്ടിയെ ഇറക്കിക്കൊണ്ട് പോയി. വരന്റെ വീട്ടിലേക്ക്. മസ്ജിദുന്നബവിയോട് ചേർന്നുള്ള  മുറിയിലാണ് നവവധുവിന്റെ താമസം.  മസ്ജിദിന്റെയും വീടിന്റെയും അതിർത്തി ഒരു ചുമർ മാത്രം. ആ ചുമരിൽ ഒരു വാതിലുണ്ട്. നബി (സ) വീട്ടിൽ നിന്ന് മസ്ജിദിലേക്കു പോവുന്നത് ആ വാതിലിലൂടെയാണ്.  വീട്ടിൽ നിന്ന് കൈ നീട്ടിയാൽ പള്ളി. പള്ളിയിൽ നിന്ന് കൈ നീട്ടിയാൽ വീട് ... 


ഒരു ഗ്ലാസ് വെള്ളം വേണമെങ്കിൽ പള്ളിയിൽ നിന്ന് വിളിച്ചു പറയാം. ആഇശ (റ)ക്ക് വെള്ളം വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ നബി (സ) യുടെ കൈയിലേക്ക് കൊടുക്കാം.

പള്ളിയിൽ ഇഹ്തികാഫ് ഇരിക്കുമ്പോൾ നബി  (സ) ശിരസ് വീട്ടിലേക്ക് നീട്ടിക്കൊടുക്കും. ആഇശ (റ) മുടി ചീകിക്കൊടുക്കും.  മുറിയുടെ ചുമർ മണ്ണുകൊണ്ടായിരുന്നു. ഈത്തപ്പനത്തടിയും ഓലയും കൊണ്ടായിരുന്നു മേൽപ്പുര കെട്ടിയത്. വാതിലിൽ ഒരു കമ്പിളി തൂക്കിയിരുന്നു ...  


വീട്ടിൽ എന്തൊക്കെ സാധനങ്ങളാണുണ്ടായിരുന്നത് ... ? 


ഒരു പായ, ഒരു മുക്കാലിപ്പലക, ഒരു വിരിപ്പ്, മരത്തൊലി നിറച്ച തലയിണ, ധാന്യപ്പൊടി  സൂക്ഷിക്കാനുള്ള മൺപാത്രം, കാരക്ക സൂക്ഷിക്കാൻ ഒരു പാത്രം, ഒരു വെള്ളപ്പാത്രം, വെള്ളം കുടിക്കാനുള്ള കോപ്പ  കഴിഞ്ഞു അവിടത്തെ  സാമഗ്രികൾ.  എത്രയോ ദിവസങ്ങൾ വിളക്ക് കത്തിക്കാതെ കഴിഞ്ഞുപോയിട്ടുണ്ട്. എണ്ണയുണ്ടാവില്ല. അടുപ്പിൽ തീ കത്തിക്കാത്ത ദിവസങ്ങളും ധാരാളം.  വേവിക്കാൻ ഒന്നും കാണില്ല. എവിടെ നിന്നെങ്കിലും ആഹാരം കൊണ്ടുവന്നാൽ കഴിക്കും.  ചിലപ്പോൾ പാൽ കിട്ടും. അന്നത്തെ ആഹാരം അതുതന്നെ. ഈത്തപ്പഴം കിട്ടിയാൽ അന്നത്തേക്ക് അതു മതി. ദാരിദ്ര്യം കൊടികൊത്തി വാഴുന്ന കാലം...


ആഇശ (റ) ആ സാഹചര്യവുമായി ഇണങ്ങിച്ചേർന്നു ...