Wednesday - 22 April, 2026 4-Dhu al-Qadah-1447

വിദ്യാർത്ഥിനി

ഭാര്യയും ഭർത്താവും, ആഇശാ ബീവിയും നബി (സ)യും, അവർ തമ്മിലുള്ള പൊരുത്തവും സ്നേഹവും ചരിത്ര താളുകളിൽ അവ സ്ഥാനം പിടിച്ചിരിക്കുന്നു ...


വീട്ടിൽ വിളക്കില്ല. ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുന്നു. കൈകൾ കൂട്ടി മുട്ടും. രണ്ടു പേരും ഒരേ കഷ്ണത്തിൽ പിടിക്കും. ആഇശ (റ) കടിച്ചു വെച്ച എല്ലിൻ കഷ്ണം നബി (സ) എടുത്തു കടിക്കും. ഒരേ ഗ്ലാസിൽ നിന്ന് രണ്ട് പേരും വെള്ളം കുടിക്കും. കുട്ടിക്കളികൾ മാറാത്ത വധുവാണ് ആഇശ (റ) ...


കുട്ടികൾക്ക് കഥ കേൾക്കാൻ എന്തൊരിഷ്ടമാണ്. ആഇശ (റ)ക്ക് കഥ കേൾക്കണം. നല്ല കഥകൾ കേൾക്കാൻ കാതു കൂർപ്പിച്ചു കാത്തിരിക്കും. നബി (സ) കഥ പറഞ്ഞുകൊടുക്കും. ഒരിക്കൽ ഖുറാഫയുടെ കഥ പറഞ്ഞുകൊടുത്തു. ആരാണ് ഖുറാഫ ...?

ഗദ്റാ ഗോത്രക്കാരൻ. വാചാലമായി സംസാരിക്കും ആളുകൾ കേട്ടിരിക്കും ... 


ഒരിക്കൽ ഖുറാഫയെ ജിന്ന് പിടിച്ചുകൊണ്ടുപോയി. ജിന്നുകളുടെ വാസസ്ഥലം. എന്തെല്ലാം അത്ഭുതങ്ങളാണ് കണ്ടത്. കുറെ കഴിഞ്ഞ് ജിന്ന് അയാളെ തിരിച്ചു കൊണ്ടുവന്നുവിട്ടു. ആളുകൾ ഖുറാഫയുടെ ചുറ്റും കൂടി. അയാൾ സംഭവങ്ങൾ വർണ്ണിച്ചു പറയാൻ തുടങ്ങി. പലതും വിശ്വസിക്കാൻ പറ്റുന്നില്ല. എങ്കിലും കേൾക്കാൻ രസമുണ്ട്.  പിന്നീട് ആളുകളെ ആകർഷിക്കാൻ വേണ്ടി പൊടിപ്പും തൊങ്ങലും വെച്ചു അയാൾ കഥപറയാൻ തുടങ്ങി. അങ്ങനെ നാട്ടിൽ ഒരു ചൊല്ല് തന്നെയുണ്ടായി ... ഖുറാഫയുടെ വാർത്ത മാനം പോലെ ... എന്തെങ്കിലും അത്ഭുത സംഭവങ്ങളുടെ വർണ്ണന കേൾക്കുമ്പോൾ ആളുകൾ പറയും : ഇത് ഖുറാഫയുടെ വാർത്തയാണ്. കാലക്രമത്തിൽ ഖുറാഫാത്ത് എന്ന പ്രയോഗം വന്നു ...   


നബി (സ) ഇടക്കൊക്കെ താമശ പറയും ചിരിക്കും. പൊട്ടിച്ചിരിയില്ല മന്ദഹാസം. പുഞ്ചിരി ചിലപ്പോൾ പല്ലുകൾ പുറത്ത് കാണുംവിധം ചിരിക്കും ... 


പള്ളിയിലേക്ക് ധാരാളം ആളുകൾ വരും. നബി (സ) തങ്ങൾ അവർക്ക് ക്ലാസെടുത്തുകൊടുക്കും. ആഇശ (റ) വീട്ടിലിരുന്ന് അതെല്ലാം കേട്ടു പഠിക്കും. സംശയങ്ങൾ മനസ്സിൽ വെക്കും. നബി (സ) യോട് പിന്നീട് ചോദിച്ച് മനസ്സിലാക്കും. എല്ലാ ദിവസവും സന്ദർശകരുണ്ടാവും. സംസാരവും നടക്കും. എല്ലാം ആഇശ (റ) പഠിക്കും. ഒന്നും വിട്ടുപോവില്ല. വളരെ വേഗത്തിൽ പണ്ഡിതയായി മാറുകയാണ് ...  


എഴുത്തും വായനയും അറിയുന്നവർ വളരെ കുറവായിരുന്നു. ഖുറൈശികളിൽ പതിനേഴ് പേർക്ക് മാത്രമാണ് എഴുത്തും വായനയും അറിയുന്നത്. പതിനേഴിൽ ഒരാൾ സ്ത്രീയായിരുന്നു. അവരുടെ പേര് ശിഫ എന്നായിരുന്നു ...


ശിഫ എന്ന വനിതയിൽ നിന്ന് എഴുത്തും വായനയും പഠിക്കാൻ നബി (സ) തങ്ങൾ ഭാര്യമാരെ ഉപദേശിച്ചിരുന്നു.  കിട്ടാവുന്നത്ര വിദ്യ നേടാൻ ആഇശ (റ) ശ്രമിച്ചിരുന്നു. ഹഫ്സ (റ), ഉമ്മുസലമ (റ) എന്നിവരും ശിഫയിൽ നിന്ന് പഠിച്ചിട്ടുണ്ട് ... 


അബൂബക്കർ (റ) നല്ലൊരു കവിയായിരുന്നു. മനസ്സിൽ തട്ടുന്ന ധാരാളം വരികൾ രചിച്ചിട്ടുണ്ട്. പിതാവിൽ നിന്ന് ഈ വാസന മകൾക്കും കിട്ടി ...


അക്കാലത്തെ മറ്റൊരു പ്രധാന വിജ്ഞാന ശാഖയായിരന്നു ഗോത്ര ചരിത്രം.  അബൂബക്കർ (റ)വിന്റെ ഗോത്ര ചരിത്ര വിജ്ഞാനം വളരെ പ്രസിദ്ധമായിരുന്നു. ഈ കഴിവ് അതുപോലെ മകൾക്കും കിട്ടി. പിന്നെ ആ അറിവ് വികസിപ്പിച്ചെടുക്കുകയും ചെയ്തു. വൈദ്യശാസ്ത്രമായിരുന്നു ആഇശ (റ) ക്ക് ഇഷ്ടപ്പെട്ട മറ്റൊരു വിജ്ഞാന ശാഖ.  മനുഷ്യ ശരീരത്തെ ബാധിക്കുന്ന രോഗങ്ങൾ. അവയുടെ കാരണങ്ങൾ. രോഗം വരാതെ കഴിക്കാനുള്ള മാർഗ്ഗങ്ങൾ. മുൻകരുതലുകൾ. ഓരോ രോഗത്തിനും പ്രകൃതി വെച്ചിട്ടുള്ള ചികിത്സകൾ. ഇവയൊക്കെ ഇഷ്ടപ്പെട്ട പഠന വിഷയങ്ങളായിരുന്നു ... 


ഇസ്ലാമിലെ ആഹാരക്രമം. ആരോഗ്യം നിലനിർത്തും. രോഗത്തെ അകറ്റി നിർത്തും. വ്യായാമവും ആരോഗ്യവും തമ്മിലുള്ള ബന്ധം. തൊഴിലും ആരോഗ്യവും ബന്ധപ്പെട്ടുകിടക്കുന്നു. ആരോഗ്യമുള്ള ശരീരവും മനസ്സും ലഭിക്കാൻ വൃത്തി വേണം. വൃത്തി ഈമാനിന്റെ ഭാഗമാണ്. ഈ രംഗത്ത് ആഇശ (റ) മികച്ച ഗവേഷണവും പഠനവും നടത്തി.  മനുഷ്യരുടെ മാനസിക പ്രശ്നങ്ങൾക്കും ശമനം നടത്തി.  ധാരാളം സ്ത്രീകൾ നബി (സ)യെ കാണാൻ വരും. സംശയ നിവാരണത്തിനാണ് വരിക. വരുന്നവർ ആഇശ (റ)യുടെ സഹായം തേടും. ആഇശ (റ) അവരെ നബിസന്നിധിയിലെത്തിക്കും. സംശയം നിവാരണം വരുമ്പോൾ ആഇശ (റ)ക്ക് അതിൽ നിന്നൊരു നല്ല പാഠം കിട്ടിയിരിക്കും ...


ജിഹാദിന്റെ പുണ്യം വിവരിക്കുന്നത് കേട്ടു. ധർമ്മ യുദ്ധത്തിന്റെ പ്രതിഫലം വളരെ വലുതാണ്.  കേട്ടപ്പോൾ വല്ലാത്ത ആവേശം വന്നു.  ആഇശ (റ) നബി(സ)യോട് ചോദിച്ചു : 


അല്ലാഹുവിന്റെ റസൂലേ സ്ത്രീകളെങ്ങനെ ജിഹാദിൽ പങ്കെടുക്കും ...?


നബി (സ) ഇങ്ങനെ മറുപടി നൽകി ...


സ്ത്രീകളുടെ ജിഹാദ് ഹജ്ജ് ആകുന്നു... എല്ലാ കൊല്ലവും ഹജ്ജ് ചെയ്യണമെന്ന് അവർ മനസ്സിൽ കരുതി. അങ്ങനെ ജിഹാദിന്റെ പ്രതിഫലം നേടണം... 


വിവാഹ വേളയിൽ വധുവിന്റെ സമ്മതം വേണ്ടേ ... ? ആഇശ (റ)ചോദിച്ചു ...


അതെ - നബി  (സ) പറഞ്ഞു ...


നാണംകൊണ്ട് നവവധു ഒന്നും പറയില്ല... ആഇശ (റ) പറഞ്ഞു  ...

മൗനം സമ്മതമായി പരിഗണിക്കാം...


അയൽവാസിയെ ആദരിക്കണം. ധാരാളം അയൽവാസികളുണ്ടെങ്കിലോ ? ആരെയാണ് കൂടുതൽ ആദരിക്കുക...?


നബി (സ) ഇങ്ങനെ മറുപടി നൽകി ...


ആരുടെ വാതിലാണോ നിന്റെ വാതിലിനോട് കൂടുതൽ അടുത്തിരിക്കുന്നത് അവരെ കൂടുതൽ പരിഗണിക്കുക ...


ആഇശ (റ) പഠിക്കുകയാണ്. പ്രത്യേക സമയമില്ല. ഏത് നേരവും പഠനം തന്നെ. നബി  (സ)യുടെ കർമ്മങ്ങൾ, വചനങ്ങൾ, ചിന്തകൾ എല്ലാം നിരീക്ഷിക്കുന്നു, പഠിക്കുന്നു, വിദ്യ വളരുന്നു ...