Wednesday - 22 April, 2026 4-Dhu al-Qadah-1447

ബദർ യുദ്ധം

   സ്വൈരമായി ജീവിക്കാൻ അനുവദിക്കാതെ മുസ്ലിംകളെ മക്കാ മുശ്രിക്കുകൾ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. അവരുടെ ദ്രോഹങ്ങൾ സഹിക്കവയ്യാതായപ്പോൾ പ്രതിരോധ നടപടികളുമായി മുന്നോട്ടു പോകാൻ നബിﷺയും സ്വഹാബാക്കളും തീരുമാനിച്ചു. 


 മദീനക്കു ചുറ്റും പ്രതിരോധ നടപടികൾ ശക്തിപ്പെടുത്താനും ശത്രുക്കൾക്കെതിരെ ആക്രമണം നടത്താനും അല്ലാഹുﷻവിന്റെ കൽപന വന്നു. അതനുസരിച്ച് ത്വാഇഫിൽ

നിന്നു മക്കത്തേക്കു മടങ്ങുന്ന അബൂസുഫ്യാന്റെ ഖാഫില സംഘത്തെ തടയാൻ നബി ﷺ തീരുമാനിച്ചു. 


 മുസ്ലിംകളെ ആക്രമിക്കാൻ ഖുറൈശികൾക്ക് കരുത്തു നൽകുന്നത് അവരുടെ സാമ്പത്തിക ശേഷിയാണ്. അതു ക്ഷയിപ്പിച്ചാലേ അവരുടെ ശല്യത്തിന് തടയിടാനാവൂ. ഈ പ്രതിരോധ ശ്രമങ്ങളാണല്ലോ ബദർയുദ്ധത്തിലേക്കു നയിച്ചത്... 


 അൻസ്വാരികളായ പോരാളികളെയല്ല, മുഹാജിറുകളെയാണ് വേണ്ടതെന്ന് ശത്രുക്കൾ ശഠിച്ചപ്പോൾ നബി തിരുമേനി ﷺ, പടക്കളത്തിലിറങ്ങിയ അൻസ്വാരി ഭടന്മാരെ മടക്കിവിളിച്ചു. സ്വന്തം കുടുംബാംഗങ്ങളായ ഉബയ്ദത്ത്ബ്നു ഹാരിസ്(റ), ഹംസത്ബ്നു അബ്ദുൽ മുത്തലിബ്(റ), അലിയ്യിബ്നു അബൂത്വാലിബ്(റ) എന്നീ മൂന്നു പേരെയാണ് പകരം യുദ്ധക്കളത്തിലിറക്കിയത്.


 ഉബയ്ദത്ത്ബ്നു ഹാരിസ്(റ) ഉത്ബയെ നേരിട്ടു. ഹംസ(റ) ശയ്ബയുമായി ഏറ്റുമുട്ടി. അലി(റ) വലീദിനെ നേരിട്ടു. പോരാട്ടം മുറുകി. ഹംസ(റ) ശയ്ബയെ വെട്ടിത്താഴെയിട്ടു. അയാൾ അന്ത്യശ്വാസം വലിച്ചു. 


 ഉത്ബയുമായുളള ഏറ്റുമുട്ടലിൽ ഉബയ്ദത്തുബ്നുൽ ഹാരിസിന്റെ കാൽമുട്ടിന് വെട്ടേറ്റു, അദ്ദേഹത്തിന്റെ കാല് മുറിഞ്ഞു, രക്തം ഒഴുകി, സ്വഹാബാക്കൾ അദ്ദേഹത്തെ താങ്ങി രക്ഷപ്പെടുത്തി. എങ്കിലും ഉബയ്ദ(റ) അധികം താമസിയാതെ ശഹീദായി, 


 തത്സമയം, അലി(റ)വും ഹംസ(റ)വും ചേർന്ന് ഉത്ബത്തിനെ വധിച്ചു. അടുത്തതായി അദ്ദേഹം ലക്ഷ്യമാക്കിയത് അബൂജഹലിനെയായിരുന്നു. ഇസ്ലാമിന്റെ കൊടിയ ശത്രുവായ അബൂജഹലിനെ തേടി അലി (റ) പരക്കംപാഞ്ഞു.


 അതാ ദൂരെ നിൽക്കുന്നത് അബൂജഹലാണ്, അലി(റ) അവനെ വധിക്കാൻ വാളോങ്ങി പാഞ്ഞടുത്തു, “ഞാൻ അബൂത്വാലിബിന്റെ പുത്രൻ അലി” (റ) എന്നട്ടഹസിച്ചുകൊണ്ട് അദ്ദേഹം ആഞ്ഞുവെട്ടി, അയാൾ നിലംപതിച്ചു. അപ്പോഴാണ് ആളുമാറിയാണ് താൻ വെട്ടിയതെന്ന് അലി(റ)വിനു മനസ്സിലായത്, അബൂജഹലിന്റെ പടയങ്കിയണിഞ്ഞ് പോരിന്നിറങ്ങിയ മുൻദിറുബ്നു അബീരിഫായായിരുന്നു വെട്ടേറ്റു വീണത്.


 അതേ പടയങ്കി അണിഞ്ഞു പോരിന്നിറങ്ങിയ ഹർമലതുബ്നു ഉമറിനെയും അലി(റ) വധിക്കുകയുണ്ടായി...


 അലി(റ)വിന്റെയും ഹംസ(റ)വിന്റെയും വെട്ടേറ്റ് ഖുറൈശി പ്രമുഖരായ ആറുപേർ മരണപ്പെട്ടത് ശത്രുക്കളെ പ്രകോപിതരാക്കി. അവർ ക്രൂദ്ധരായി കൂട്ടത്തോടെ പോരിനിറങ്ങിയെങ്കിലും മുസ്ലിം സൈന്യം അവരെ തുരുതുരാ ആകമിച്ചു വാളുകൾക്കിരയാക്കി. 


 എഴുപതോളം ഖുറൈശീയോദ്ധാക്കൾ

വെട്ടേറ്റ് നിലംപരിശായി, ഖുറൈശി കമാൻഡർമാർ എല്ലാവരും കൊല്ലപ്പെട്ടു. എഴുപതിൽപരം ശത്രുഭടന്മാരെ മുസ്ലിം സൈന്യം തടവിലാക്കി, ബദർ യുദ്ധത്തിൽ അലി(റ) മാത്രം ഇരുപത്തൊന്നു പേരെ വധിച്ചതായി രേഖയുണ്ട്. അലി(റ)വിന്റെ സഹോദരന്മാരായ ത്വാലിബും അവീലും ഖുറൈശി പക്ഷത്ത് പോരാടിയവരാണ്. അവരിൽ ത്വാലിബ് വധിക്കപ്പെടുകയും

അവീൽ തടവുകാരനായി പിടിക്കപ്പെടുകയുമുണ്ടായി.


 യുദ്ധമുതലുകൾ വീതിച്ചപ്പോൾ അലി(റ)വിന് ഒരു പടയങ്കിയും, ഒരു വാളും, ഒരു ഒട്ടകവും ലഭിച്ചു. മാനവചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ ഒരു യുദ്ധമാണ് ബദർ, ഇസ്ലാമിന്റെ ചരിത്രത്തിലെ ഏറ്റവും മഹത്തായ വഴിത്തിരിവത്രെ അത്.


 ബദർയുദ്ധം അലി(റ)വിനെ ഏറ്റവും വലിയ പോരാളിയും യുദ്ധവീരനുമായി ഉയർത്തിക്കാണിച്ചു. ബദർ രണാങ്കണത്തിലെ പോരാട്ടത്തിൽ അലി(റ) കാണിച്ച ധീരത മൂലം പ്രവാചകതിരുമേനി ﷺ അദ്ദേഹത്തിന് ഹയ്ദരീ കർറാർ (ആർക്കും പരാജയപ്പെടുത്താനാകാത്ത പോരാളി) എന്ന ബഹുമതി നൽകി.


 ബദർ യുദ്ധത്തിൽ നബിﷺയുടെ പതാകവാഹകൻ അലി(റ) ആയിരുന്നുവെന്ന് ഖത്താദ(റ)വിന്റെ നിവേദനം രേഖപ്പെടുത്തി ഉദ്ധരിച്ചിട്ടുണ്ട്. ബദർ യുദ്ധത്തിൽ തിരുമേനി ﷺ അലി(റ)വിന് നൽകിയ

ദുൽഫുഖാർ എന്ന വാൾ അവസാനം വരെ അലി(റ)വിന്റെ കൈ വശമുണ്ടായിരുന്നു...

  (അത്തബഖാഉൽ കുബ്റാ 3/23)