Wednesday - 22 April, 2026 4-Dhu al-Qadah-1447

വിവാഹം ...(1)

   മദീനയിലേക്ക് ഹിജ്റ പോകുമ്പോൾ പ്രവാചകതിരുമേനിﷺയുടെ കുടുംബം മക്കത്തുതന്നെ താമസിച്ചു. മദീനയിൽ സ്ഥിര താമസമാക്കിയപ്പോൾ തിരുനബി ﷺ യും സഹാബാക്കളും തങ്ങളുടെ കുടുംബങ്ങളെ മദീനയിലേക്കു കൊണ്ടുവന്നു.


 ഈ സന്ദർഭത്തിൽ തിരുനബിﷺയുടെ ഏറ്റവും ഇളയപുത്രി ഫാത്വിമ(റ)ക്ക് വിവാഹ പ്രായമെത്തിയിരുന്നു. അവരെ വിവാഹം ചെയ്തുകൊടുക്കാൻ നബി ﷺ ആലോചിച്ചുകൊണ്ടിരുന്നു.


 ബദർയുദ്ധാനന്തരം ഫാത്വിമ (റ) യുമായുള്ള വിവാഹത്തിന് നബിﷺയോട് അലി(റ) സമ്മതം ചോദിച്ചു. ഫാത്വിമ(റ)യോട് അഭിപ്രായം ആരാഞ്ഞശേഷം മറുപടി പറയാമെന്നു അവിടുന്ന് (ﷺ) അറിയിച്ചു. അപ്രകാരം ഫാത്വിമ(റ)യോട് അഭിപ്രായം ചോദിച്ചപ്പോൾ അവർ മൗനം പാലിച്ചുകൊണ്ട് സമ്മതമറിയിക്കുകയാണ് ചെയ്തത്. 


 തത്സമയം അലി(റ)യും ഫാത്വിമ(റ)യും തമ്മിലുള്ള വിവാഹത്തിന് ദൈവസമ്മതം ലഭിച്ചു.


അലി(റ)വിന്റെ മാതാവ് ഫാത്വിമയും തിരുനബിﷺയെ സമീപിച്ചു പ്രസ്തുത വിവാഹത്തിന് സമ്മതം ആരാഞ്ഞു. തത്സമയം അവിടുന്ന് (ﷺ) വിവാഹത്തിന് സമ്മതിച്ചു.


 വിവാഹം കഴിക്കാൻ അലി(റ)വിന്റെ പക്കൽ പണമുണ്ടായിരുന്നില്ല. അതിനായി അദ്ദേഹത്തിന് പ്രവാചകൻ ﷺ മുമ്പ് നൽകിയ പടയങ്കി വിൽക്കേണ്ടിവന്നു. സമ്പന്നനായ ഉസ്മാൻ(റ) ആണ് അഞ്ഞൂറു ദിർഹം നൽകി പ്രസ്തുത പടയങ്കി വാങ്ങിയത്. പണം നൽകിയ ശേഷം ഉസ്മാൻ (റ) ആ പടയങ്കി അലി(റ) വിനു തന്നെ വിവാഹസമ്മാനമായി തിരിച്ചുകൊടുത്തു. 


 എന്നാൽ അതു വാങ്ങാൻ അലി (റ) കൂട്ടാക്കിയില്ല. ഉസ്മാൻ(റ) അതു വാങ്ങാൻ അലി(റ)വിനെ നിർബന്ധിച്ചുകൊണ്ടു പറഞ്ഞത്, കച്ചവടക്കാരനായ തനിക്ക് പടയങ്കി ആവശ്യമില്ലെന്നും യുദ്ധ ഘട്ടങ്ങളിൽ പടയങ്കി അലിക്കാവശ്യമാകുമെന്നുമായിരുന്നു(റ). അലി(റ) നന്ദിപൂർവ്വം ഈ സമ്മാനം സ്വീകരിക്കുകയും നബി ﷺ ഇതറിഞ്ഞപ്പോൾ ഉസ്മാനെ (റ) അഭിനന്ദിക്കുകയും അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.


 വിവാഹത്തിനു നിശ്ചയിക്കപ്പെട്ട ദിവസം മദീനയിലെ മുസ്ലിംകൾ എല്ലാവരും പള്ളിയിൽ എത്തിച്ചേർന്നു. പ്രവാചക തിരുമേനി ﷺ വിവാഹത്തിനു നേതൃത്വം നൽകിക്കൊണ്ട് ഖുതുബ നിർവ്വഹിച്ചു. സർവ്വശക്തനും സർവ്വവ്യാപിയുമായ അല്ലാഹു ﷻ വിനെ സ്തുതിച്ചുകൊണ്ട് ആരംഭിച്ച ഖുതുബയിൽ വിവാഹത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ദമ്പതികളായ അലി(റ)വിനും ഫാത്വിമ(റ)ക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്തു. 


 നൂറ് വെള്ളി നാണയം മഹറായി നൽകിക്കൊണ്ട് അവിടുന്ന് (ﷺ) ഫാത്വിമ (റ)യെ അലി(റ)വിന് വിവാഹം ചെയ്തുകൊടുത്തതായി പ്രഖ്യാപിക്കുകയും, അതിനു സാക്ഷികളാകാൻ മുസ്ലിം സഹോദരീ സഹോദന്മാരോട് അഭ്യർത്ഥിക്കുകയും ചെയ്തു. അങ്ങനെ അലി(റ)വിന്റെയും ഫാത്വിമ(റ)യുടെയും വിവാഹം മംഗളകരമായി നടന്നു. 


 ഹസ്റത്ത് ഉമർ(റ) വിന്റെ പുത്രിയും പിന്നീട് പ്രവാചകതിരുമേനി ﷺ യുടെ ധർമപത്നിയുമായിത്തീർന്ന ഹസ്റത്ത് ഹഫ്സ(റ) തദവസരത്തിൽ ദമ്പതികളെ പ്രശംസിച്ചുകൊണ്ട് ഒരു കവിത ചൊല്ലി.


 വിവാഹസമയത്ത് അലി(റ)വിന്‌ ഇരുപത്തൊന്നു വയസ്സും ഫാത്വിമ(റ)ക്ക് പതിനാറ് വയസ്സുമായിരുന്നു പ്രായമെന്ന് ചില ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പ്രൊഫസർ മസ്ഊദുൽഹസൻ തന്റെ ഗവേഷണത്തിൽ കണ്ടെത്തിയത്

അലി(റ)വിന് അന്ന് 24/25 വയസ്സും ഫാത്വിമ(റ)ക്ക് 19/20 വയസ്സുമായിരുന്നുവെന്നാണ്. 


 എന്തായാലും അലി(റ)വും ഫാത്വിമ(റ)യും തമ്മിലുള്ള വിവാഹം ഒരു മാതൃകാ വിവാഹമായിരുന്നുവെന്നാണ് ബഹുഭൂരിപക്ഷം ചരിത്രകാരന്മാരും രേഖപ്പെടുത്തിയത്.