Thursday - 23 April, 2026 5-Dhu al-Qadah-1447

നാമകരണം

 തിരുനബിﷺയുടെ പ്രവാചകത്വത്തിന്റെ പത്തുവർഷം മുമ്പാണ് അലി(റ)യുടെ ജനനം എന്നാണ് പ്രബലമായ നിവേദനം. ഗജവർഷം 30 (6-ാം നൂറ്റാണ്ട്) റജബ് 12ന് അലി (റ) ഭൂജാതനായതായി ഇബ്നുസഅ്ദ് (റ) രേഖപ്പെടുത്തി. അലി(റ) ജനിച്ചത് കഅ്ബാലയത്തിന്റെ അകത്തളത്തിലാണെന്ന് ഹാശിം തുടങ്ങിയവർ പ്രബലനിവേദനങ്ങൾ ഉദ്ധരിച്ച് അഭിപ്രായപ്പെട്ടിട്ടുണ്ട്.


 അസാധാരണ സാഹചര്യത്തിലാണ് അലി(റ)വിന്റെ ജനനം. റജബ് 12-ന് അലി(റ)വിന്റെ മാതാവ് ഫാത്വിമ (റ) തീർത്ഥാടനത്തിനായി കഅ്ബാലയത്തിലെത്തി. കഅ്ബ ത്വവാഫ് ചെയ്യുന്നതിനിടയിൽ അവർക്ക് പ്രസവവേദന തുടങ്ങി. കഅ്ബയിലെ മതിൽകെട്ടി വേർതിരിച്ച പരിസരത്തേക്ക് അവർ മാറിയിരുന്നു വിശ്രമിച്ചു. അവിടെവച്ച് അലി(റ)വിനു ജന്മം നൽകി. 


 അങ്ങനെ ദേവാലയത്തിൽ പിറന്നു എന്ന ബഹുമതി അലി (റ) കരസ്ഥമാക്കി. അലി(റ)വിന്റെ ജനനത്തെ സംബന്ധിച്ച് നിരവധി ഐതിഹ്യങ്ങൾ പ്രചരിച്ചിട്ടുണ്ട്. പ്രധാനമായും ശീഈ വിഭാഗക്കാരാണ് ഈ ഐതിഹ്യങ്ങളുടെ പിന്നിൽ പ്രവർത്തിച്ചത്.


 എന്നാൽ, നഹ്ജുൽ ബലാഗയുടെ വ്യാഖ്യാതാവായ ഇബ്നു അബ്ദുൽ ഹമീദ് എഴുതി: “അലി(റ)വിന്റെ ജനനം എവിടെയായിരുന്നു എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ട്. കഅ്ബയുടെ അകത്തളത്തിലാണ് അദ്ദേഹത്തിന്റെ ജനനമെന്ന് ഭൂരിപക്ഷം ശീഈകളും ഉറച്ചുവിശ്വസിക്കുന്നുണ്ടങ്കിലും ഹദീസ്പണ്ഡിതന്മാർ അതംഗീകരിച്ചിട്ടില്ല. അവരുടെ അഭിപ്രായത്തിൽ കഅ്ബാലയത്തിനുള്ളിൽ ജാതനായ ഒരേയൊരാൾ ഹകം ഇബ്നു ഹസം ഇബ്നു ഖുവൈലിദ്ബ് അസദാണ്.

  (ത്വബഖാതുൽ കുബ്റാ 3/2 ഉസ്ദുൽഗാബ ഇബ്നുകസീർ 7/41-43)


 നൂറ് വർഷങ്ങൾക്കുശേഷം അലി(റ)വിന്റെ പൗത്രനും ഹുസൈൻ (റ) വിന്റെ പുത്രനുമായ സൈനുൽ ആബിദീൻ (റ) നജഫിൽ വെച്ച് ഒരു അറബി സ്ത്രീയെ കണ്ടുമുട്ടിയപ്പോൾ തന്റെ ഉമ്മാമ അലി(റ)വിന്റെ ജനന സമയത്ത് ഫാത്വിമ(റ)യെ സഹായിച്ചിരുന്നതായി പറയുകയുണ്ടായി. 


 തന്റെ ഉമ്മാമയുടെ വിവരണമനുസരിച്ച് കുഞ്ഞ് വളരെ സുന്ദരനായിരുന്നു. കുട്ടിയുടെ ചുണ്ടുകളിൽ പുഞ്ചിരി വിരിഞ്ഞിരുന്നുവെന്നും മറ്റു കുഞ്ഞുങ്ങളെപ്പോലെ അത് കരഞ്ഞിരുന്നില്ലെന്നും ജനനസമയത്ത് അതിന്റെ മാതാവിന് യാതൊരു വേദനയും ഉണ്ടായിരുന്നില്ലെന്നും തന്റെ

ഉമ്മാമ പറഞ്ഞതായി അറബി വനിത സൈനുൽ ആബിദിനോട് (റ) പറയുകയുണ്ടായി...

 

 ശിശുവിന് അസദ് എന്നു പേരിടണമെന്നായിരുന്നു ഉമ്മ ഫാത്വിമ (റ) ആഗ്രഹിച്ചത്. എന്നാൽ അബൂത്വാലിബ് (റ) കുഞ്ഞിന് സയ്ദ് എന്നു പേരിടാനാഗ്രഹിച്ചു. മാതാവും കുഞ്ഞും വീട്ടിലെത്തിയപ്പോൾ പ്രവാചകതിരുമേനി ﷺ യും പത്നി ഖദീജാ ബീവി(റ)യും നവജാതശിശുവിനെ കാണാൻ അവിടെ ചെന്നു. ജനിച്ചതുമുതൽ കുഞ്ഞ് കണ്ണു തുറന്നിട്ടില്ലെന്നായിരുന്നു ഉമ്മ ഫാത്വിമ(റ)യുടെയും പിതാവ് അബൂത്വാലിബിന്റെയും (റ) പരാതി.


 നബിതിരുമേനി ﷺ കുഞ്ഞിനെ വാങ്ങി മടിയിൽ കിടത്തിയ ഉടനെ കുഞ്ഞ് കണ്ണ് തുറന്നു. അങ്ങനെ കുഞ്ഞ് ആദ്യമായി കണ്ടത് നബിതിരുമേനിﷺയെയാണ്. കുഞ്ഞിന് അസദ് എന്നോ സയ്ദ് എന്നോ പേരിടേണ്ടതെന്ന് ആരാഞ്ഞപ്പോൾ തിരുമേനി ﷺ പറഞ്ഞത് കഅബാലയത്തിൽ പിറന്നതുകൊണ്ട് കുഞ്ഞിന് അലി (റ) എന്നു പേരിടുകയാണ് നല്ലത് എന്നത്രെ... 


 അല്ലാഹു ﷻ വിന്റെ നാമത്തിൽ നിന്നുള്ള അലി (റ) എന്ന പേര് ഏവർക്കും സ്വീകാര്യമായി. അലി (റ) എന്ന് അതിന് മുമ്പ് ആർക്കും പേരിട്ടതായി അറിയില്ല. പ്രവാചകതിരുമേനിﷺയാണ് നാമകരണം ചെയ്തത് എന്നതും ഒരു ബഹുമതിയായി...