Wednesday - 22 April, 2026 4-Dhu al-Qadah-1447

കുട്ടിക്കാലം ...(1)

   പിതാവ് അബ്ദുല്ലയുടെ മരണത്തിനു ശേഷമാണ് മുഹമ്മദ് ﷺ ജനിച്ചത്. ആറാമത്തെ വയസ്സിൽ മാതാവ് ആമിന(റ)യും മരണമടഞ്ഞു. തുടർന്ന് പിതാമഹനായ അബ്ദുൽ മുത്തലിബിന്റെ സംരക്ഷണത്തിലാണ് അദ്ദേഹം വളർന്നത്. ഒമ്പതാമത്തെ വയസ്സിൽ പിതാമഹൻ അബ്ദുൽ മുത്തലിബും മരണപ്പെട്ടു. പിന്നീട് പിതൃവ്യനായ അബൂത്വാലിബിന്റെ സംരക്ഷണത്തിലാണ് അൽ അമീൻ വളർന്നത്. 


 അബൂത്വാലിബിന്റെ വീട്ടിൽ അദ്ദേഹത്തിനു വേണ്ട സംരക്ഷണമുണ്ടായിരുന്നു. സ്വന്തം സന്താനങ്ങളെക്കാൾ അബൂത്വാലിബ് അൽഅമീൻ എന്ന് വിളിപ്പേരുള്ള മുഹമ്മദ് ﷺ യെ സ്നേഹിച്ചു. 


 അബൂത്വാലിബിന്റെ പത്നി ഫാത്വിമ സ്വന്തം കുഞ്ഞിനെയെന്നപോലെ മുഹമ്മദിനെ (ﷺ) സ്നേഹിച്ചു പരിപാലിച്ചു. കച്ചവടയാത്രയിൽ അബൂത്വാലിബിന്റെ കൂടെ അൽ അമീനും (ﷺ) പങ്കെടുത്തു. 


 അബൂത്വാലിബിന്റെയും ഫാത്വിമയുടെയും സ്നേഹമസൃണമായ പരിലാളനയേറ്റ് മുഹമ്മദ് ﷺ വളർന്നു യൗവ്വനത്തിലേക്ക് കാലൂന്നി. 25-ാമത്തെ വയസ്സിൽ - ക്രി. 596-ൽ അൽ അമീൻ (ﷺ) ധനാഢ്യയും കുലീനയുമായ ഖദീജാ ബീവി(റ)യെ വിവാഹം ചെയ്തു. അവരുടെ വസതിയിൽ താമസമാക്കി. 


 ഇരുവരുടെയും വീടുകൾ സ്ഥിതിചെയ്തിരുന്നത് അധിക ദൂരത്തല്ലായിരുന്നു. തന്മൂലം രണ്ടു കുടുംബങ്ങളും ഇടക്കിടെ പരസ്പരം

സന്ദർശനം നടത്തിക്കൊണ്ടിരുന്നു. അബൂത്വാലിബിന്റെയും ഫാത്വിമയുടെയും സ്നേഹമസൃണമായ പരിചരണം പ്രവാചകതിരുമേനി ﷺ ഒരിക്കലും വിസ്മരിച്ചിരുന്നില്ല. 


 വിവാഹത്തിനുശേഷവും അദ്ദേഹം അബൂത്വാലിബിന്റെ കുടുംബവുമായി

സദാ ബന്ധം പുലർത്തിപ്പോന്നു. തന്മൂലം പ്രവാചകതിരുമേനിﷺയും പത്നി ഖദീജാ ബീവി(റ)യും അലി(റ)വിന്റെ ജനനത്തിൽ അത്യധികം ആഹ്ലാദിക്കുകയും പ്രസ്തുത ആഹ്ലാദാഘോഷങ്ങളിൽ പങ്കെടുക്കുകയും ചെയ്തു.


 അലി(റ)വിന്റെ ശൈശവകാലത്തെക്കുറിച്ച് ആധികാരികമായ വിശദീകരണങ്ങളൊന്നുമില്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ ആദ്യകാല ജീവിതത്തെക്കുറിച്ച് പറഞ്ഞുകേട്ട ചില സംഭവങ്ങളുടെ അടിസ്ഥാനത്തിൽ അഭിപ്രായ രൂപീകരണം നടത്തുകയേ നിർവ്വാഹമുള്ളൂ... 


 മക്കയിലെ ഖുറൈശികളുടെ ആചാരമനുസരിച്ച്, പുതുതായി ജനിച്ച ആൺകുഞ്ഞുങ്ങളെ മുലകൊടുത്തുവളർത്താൻ പോറ്റുമ്മമാരെ ഏൽപ്പിക്കുക

പതിവായിരുന്നു. അപ്രകാരം തിരുനബിﷺയെ വളർത്തിയത്

ഹലീമാ ബീവി(റ)യായിരുന്നു. മരുഭൂമിയിലെ ജീവിതവുമായി

പൊരുത്തപ്പെടുന്നതിന് പോറ്റുമ്മയുടെ കൂടെ കഴിയുന്നത് സൗകര്യപ്രദമായിരുന്നു. എന്നാൽ അലി(റ)യെ പോറ്റിയത് സ്വന്തം മാതാവായ ഫാത്വിമ (റ) തന്നെയാണ്. 


 അദ്ദേഹത്തിന് വളർത്തുമ്മ ഉണ്ടായിരുന്നോ എന്നും അവൾ ആരായിരുന്നു എന്നുമൊക്കെ അറിയാൻ ചരിത്ര വിദ്യാർത്ഥികൾക്ക് കൗതുകമുണ്ടെങ്കിലും അതിനാവശ്യമായ രേഖകൾ ലഭ്യമല്ല എന്നതാണ് വസ്തുത. 


 എന്നാൽ നബിതിരുമേനിﷺയുടെ കൂടെയാണ് അലി (റ) ചെറുപ്പത്തിലേ കഴിച്ചുകൂട്ടിയത്. അതുകൊണ്ട് മരുഭൂ

ജീവിതത്തിലെ അനുഭവങ്ങൾ അലി(റ)യെ സമ്പന്നമാക്കിയിരിക്കാം എന്നു മനസ്സിലാക്കുന്നതിൽ അപാകതയില്ല.


 അലി (റ) ബാല്യത്തിൽ ആദ്യത്തെ ഏതാനും വർഷങ്ങൾ മരുഭൂജീവിതം നയിച്ചു. നബിﷺയുടെ നോട്ടത്തിലും രക്ഷാകർതൃത്വത്തിലുമായിരുന്നു അദ്ദേഹത്തിന്റെ മരുഭൂവാസം.


 മരുഭൂവാസത്തിനുശേഷം പ്രവാചക തിരുമേനി ﷺ അലി(റ) സ്വഗൃഹത്തിലേക്ക് കൊണ്ടുവന്നു. തിരുമേനിﷺക്ക് അലി(റ)വിനോട് അതിയായ വാത്സല്യമായിരുന്നു. അതുകൊണ്ട് നബി ﷺ അബൂത്വാലിബിനോട് അലി(റ)വിന്റെ സംരക്ഷണം തന്നെ ഏൽപ്പിക്കുവാൻ അഭ്യർത്ഥിച്ചു. 


 നബി തിരുമേനിﷺക്ക് സാമ്പത്തിക ശേഷികുറവായിരുന്നുവെങ്കിലും അലി(റ)വിനെ സംരക്ഷിക്കുവാനുള്ള ആ അഭ്യർത്ഥന അബൂത്വാലിബ് സ്വീകരിച്ചു. തന്നെക്കാൾ നന്നായി അലി(റ)വിനെ പോറ്റിവളർത്താൻ മുഹമ്മദിന്ന് (ﷺ) സാധിക്കുമെന്ന് മനസ്സിലാക്കി അബൂത്വാലിബ് അനുവാദം നൽകി.


 അലി(റ)വിന്റെ സംരക്ഷണം ഏറ്റെടുക്കാൻ മുഹമ്മദ് നബിﷺയെ പ്രേരിപ്പിച്ചത് അബൂത്വാലിബിന്റെ സാമ്പത്തികസ്ഥിതി മോശമായതാണെന്നും അതുകൊണ്ടാണ് അബൂത്വാലിബ് അനുവാദം നൽകിയതെന്നും ഒട്ടധികം ജീവചരിത്രകാരന്മാർ എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. അതു വസ്തുതകൾക്കു നിരക്കാത്തതാണ്.