പ്രഥമ രാത്രിയിൽ മധുവിധുവിന് മുമ്പ് നബിതിരുമേനി ﷺ അലി(റ)വിനോട് പറഞ്ഞു. “എന്നെ കണ്ടതിന് ശേഷമേ നീ ഫാത്വിമയോട് സംസാരിക്കാവൂ..” തുടർന്ന് നബി ﷺ കുറച്ചു വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ടു. വെള്ളം കൊണ്ടുവന്നപ്പോൾ തിരുമേനി ﷺ വുളൂഅ് ചെയ്തു, ബാക്കിയുള്ള വെള്ളം അലി(റ)വിന്റെ ശരീരത്തിൽ കുടഞ്ഞു. അനന്തരം നബി ﷺ പ്രാർത്ഥിച്ചു: “അല്ലാഹുവേ, അലിക്കും (റ), ഫാത്വിമക്കും (റ) നീ ബർക്കത്ത് ചെയ്യേണമേ...”
വിവാഹാനന്തരം അലി(റ) ഒരു വീട് വാടകയ്ക്ക് വാങ്ങി. മാതാവിനെയും പത്നിയെയും അവിടെ താമസിപ്പിച്ചു. വാടകവീട്ടിലേക്കു താമസം മാറ്റുമ്പോൾ നബിതിരുമേനി ﷺ ഒരു
കട്ടിൽ, വിരിപ്പ്, തോൽപ്പാത്രം, രണ്ടു ആട്ടുകല്ലുകൾ, രണ്ടു മൺപാത്രങ്ങൾ എന്നിവ പുത്രിക്കു നൽകി...
അലി(റ)വും മാതാവ് ഫാത്വിമ(റ)യും പത്നി ഫാത്വിമ(റ)യും പുതിയ വീട്ടിൽ സംതൃപ്ത ജീവിതം നയിച്ചു. ഗൃഹഭരണം അദ്ദേഹം ഉമ്മക്കും പത്നിക്കുമിടയിൽ വീതിച്ചു. വെളളം
കൊണ്ടുവരുന്നതും വിറകു ശേഖരിക്കുന്നതും ഉമ്മയായിരുന്നു. ഭക്ഷണം പാകം ചെയ്യുക തുടങ്ങിയ വീട്ടുജോലികൾ പത്നിക്കും...
അലി(റ)വിന്റെയും ഫാത്വിമ(റ)യുടെയും ജീവിതം വളരെ ലളിതവും സംതൃപ്തവുമായിരുന്നു. ക്ഷമയുടെയും സഹനത്തിന്റെയും ഉദാത്ത മാതൃകയായിരുന്നു ആ ദമ്പതികളുടെ ജീവിതം. അവരുടെ വീട്ടിലും നബിﷺയുടെ വീട്ടിലും ഒരു നേരത്തെ വിശപ്പടക്കാൻ പോലും ഒന്നുമില്ലാതിരുന്ന ദിവസങ്ങളെക്കുറിച്ച് അലി(റ) തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ദിവസങ്ങളോളം അവരുടെ അടുപ്പുകളിൽ നിന്നു പുക ഉയർന്നിരുന്നില്ല..!!
ഒരിക്കൽ അലി(റ) പറയുകയുണ്ടായി, “ഞാൻ പ്രിയപുത്രി ഫാത്വിമ(റ)യെ വിവാഹം ചെയ്യുമ്പോൾ എന്റെയോ അവളുടെയോ കൈവശം ഈത്തപ്പനയോലയല്ലാതെ കിടക്കാൻ ഒരു വിരിപ്പോ സഹായത്തിന് സേവകരോ ഉണ്ടായിരുന്നില്ല.”
ത്വബ്റാനിയിൽ വന്ന മറ്റൊരു ഹദീസ് ഇപ്രകാരമാണ്: തന്റെ ഓമന മക്കളായ ഹസനും ഹുസൈനും (റ) എവിടെ എന്നന്വേഷിച്ചുകൊണ്ട് നബി തിരുമേനി ﷺ ഒരിക്കൽ വീട്ടിലേക്കുവന്നപ്പോൾ കുഞ്ഞുങ്ങളെ അവിടെ കാണാനുണ്ടായിരുന്നില്ല. വിവരം തിരക്കിയപ്പോൾ രാവിലെ ഒന്നും കൊടുക്കാനില്ലാത്തതിനാൽ
വിശന്നു കരയുന്ന കുഞ്ഞുങ്ങളെ കരച്ചിൽ മാറ്റാനായി അലി(റ)
പുറത്തേക്കു കൊണ്ടുപോയതാണെന്ന് ഫാത്വിമ (റ) പറഞ്ഞു.
ഉടനെ അവരെ അന്വേഷിച്ചു പുറത്തേക്കിറങ്ങിയ നബി ﷺ ഒരു
കൂജയും കൊണ്ട് കളിക്കുന്ന കുട്ടികളെയാണ് കണ്ടത്. വെയിൽ ശക്തിപ്പെട്ടു വരുന്നതിനാൽ കുട്ടികളെയും കൊണ്ട് വീട്ടിലേക്ക് പോകാൻ അലി(റ)വിനോട് അവിടുന്ന് (ﷺ) ആവശ്യപ്പെട്ടു. അപ്പോൾ ഒരു മണി ധാന്യം പോലും വീട്ടിലില്ലാത്തതിനാൽ
വല്ലതും കിട്ടുമോ എന്നന്വേഷിച്ചുകൊണ്ട് പുറത്തിറങ്ങിയതാണെന്ന കാര്യം അലി(റ) തിരുമേനിﷺയെ അറിയിച്ചു. ഉടനെ കുട്ടികളെ നബിﷺയുടെ അടുക്കൽ നിർത്തി അലി(റ) എവിടെ
നിന്നോ അൽപം കാരക്ക ശേഖരിച്ചുവരികയും എല്ലാവരും
വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.”
(അത്തർഗീബ് വത്തർഹീബ് ലിൻ മൻദ്റി 5/171)
ഇമാം ബുഖാരി അലി(റ)വിനെ ഉദ്ധരിക്കുന്നു: “പതിവായി ആട്ടുകല്ലിൽ അരയ്ക്കുന്നതിനാൽ ഫാത്വിമ(റ) വളരെ ക്ഷീണിതയായിരുന്നു. നബിﷺയുടെ അടുക്കൽ എവിടെ നിന്നോ ഏതാനും ബന്ദികളായ അടിമകൾ എത്തിയിട്ടുണ്ടെന്നറിഞ്ഞപ്പോൾ
ഫാത്വിമ (റ) പ്രതീക്ഷയോടെ തിരുമേനി ﷺ യുടെ വീട്ടിലേക്കുചെന്നു. അപ്പോൾ തിരുമേനി ﷺ അവിടെ ഉണ്ടായിരുന്നില്ല. തന്മൂലം സംഗതി പറയാൻ ആഇശാബീവി (റ) യെ ചുമതലപ്പെടുത്തിക്കൊണ്ട് അവർ വീട്ടിലേക്കു മടങ്ങിപ്പോന്നു.
നബി ﷺ വീട്ടിലെത്തിയപ്പോൾ മകൾ വന്നുപോയ കാര്യം അറിഞ്ഞു. തിരുമേനി ﷺ ഉടനെ ഫാത്വിമയുടെ അടുത്തേക്കു പോയി. നബി ﷺ അവിടെ എത്തിയപ്പോൾ കിടപ്പുമുറിയിൽ നിന്നെഴുന്നേൽക്കാൻ ശ്രമിച്ച ഞങ്ങളോട് അവിടെത്തന്നെ ഇരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട്
അവിടുന്ന് (ﷺ) ഇപ്രകാരം അരുളി: “നിങ്ങൾ ആവശ്യപ്പെട്ടതിനെക്കാൾ ഉത്തമമായത് ഞാൻ നിങ്ങൾക്കു പറഞ്ഞുതരട്ടെയോ.., ഞങ്ങൾ താൽപര്യത്തോടെ ശ്രദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ അവിടുന്ന് (ﷺ) പറയുകയാണ്... "ഉറങ്ങാൻ കിടക്കുമ്പോൾ സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, അല്ലാഹു അക്ബർ എന്ന് മുപ്പത്തിമൂന്ന് പ്രാവശ്യം ഉരുവിടുന്നതാണ് നിങ്ങൾ
ആവശ്യപ്പെട്ടതിനെക്കാൾ നിങ്ങൾക്ക് പ്രയോജനകരമായി ഭവിക്കുക.”
(ബുഖാരി-കിതാബുൽ ജിഹാദ്)
വിശപ്പുകൊണ്ട് വയർ കത്തിക്കാളുന്ന അഹ്ലുസ്സുഫ്ഫക്കല്ലാതെ താനത് നൽകുകയില്ലെന്ന് തിരുമേനി ﷺ പറഞ്ഞതായും മറ്റൊരു നിവേദനത്തിലുണ്ട്. ബന്ദികളായ അടിമകളെ വിറ്റ് അതിന്റെ ആദായം അവരുടെ ചെലവിലേക്ക് ഉപയോഗിക്കുകയാണ് ചെയ്തത്...
(മുസ്നദ് അലി ഫീ മുസ്നദിൽ ഇമാം
അഹ്മദ്ബ്നു ഹമ്പൽ)
അലി(റ) വളരെ ദരിദ്രനായിരുന്നുവെന്നും ഉപജീവനത്തിനായി അദ്ദേഹം വളരെയേറെ കഷ്ടതകൾ അനുഭവിച്ചിരുന്നുവെന്നും ഒട്ടനേകം ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.
ചരിത്രരേഖകൾ ഉദ്ധരിച്ചുകൊണ്ട് അലി(റ)വിന്റെ വിരിപ്പിനെക്കുറിച്ച് പ്രതിപാദിച്ചതു ക
ാണാം. അദ്ദേഹത്തിന്റെ തല മൂടുമ്പോൾ കാല് പുറത്താവുകയും കാല് മൂടുമ്പോൾ തല പുറത്താവുകയും ചെയ്യുന്നത്ര ചെറുതായിരുന്നു ആ വിരിപ്പെന്നാണ് അദ്ദേഹം രേഖപ്പെടുത്തിയത്...
അലി(റ)വിന്റെയും ഫാത്വിമ(റ)യുടെയും ആദ്യത്തെ കുഞ്ഞായ ഹസൻ (റ) ജനിച്ചത് ക്രി. 625ലാണ്. ക്രി, 626-ൽ രണ്ടാമത്തെ കുഞ്ഞ് ഹുസൈൻ (റ) ജനിച്ചു.
ഹസൻ (റ), ഹുസൈൻ (റ) എന്നീ പൗത്രന്മാരോട് പ്രവാചകതിരുമേനിﷺക്ക് അങ്ങേയറ്റം സ്നേഹ വാത്സല്യങ്ങളായിരുന്നു. സ്വന്തം പുത്രന്മാരെപ്പോലെയാണ് നബി ﷺ അവരോട് പെരുമാറിയിരുന്നത്...