ഒരു ദിവസം പ്രവാചകതിരുമേനിﷺയും അലി(റ) വും വീട്ടിൽവച്ചു നിസ്കരിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ അബൂത്വാലിബ് കയറിവന്നു. ഈ കാഴ്ച കണ്ട് അദ്ദേഹം സന്തുഷ്ടനായി. സമീപത്തുണ്ടായിരുന്ന ജഅ്ഫർ എന്ന മകനോട് അബൂത്വാലിബ് പറഞ്ഞു: “മകനേ ജഅ്ഫർ, നീ മുഹമ്മദിന്റെ ഇടതു ഭാഗത്തു നിന്ന് നിസ്കരിക്കുക.” ഇതു കേട്ടപ്പോൾ അലി(റ)വിന് ആശ്വാസമായി. വഴക്കു പറയുകയില്ലെന്നു ബോധ്യമായി. 


 പിതാവും പുതിയ മതത്തെ അനുകൂലിക്കുകയാണെന്നു മനസ്സിലാക്കി. ഇസ്ലാം മതത്തെക്കുറിച്ചും അൽ അമീന്റെ (ﷺ) പ്രവർത്തനങ്ങളെ സംബന്ധിച്ചും അബൂത്വാലിബ് അറിഞ്ഞു. അൽ അമീൻ (ﷺ) കളവ് പറയുകയില്ലെന്ന് അദ്ദേഹത്തിനു ബോധ്യമുണ്ടായിരുന്നു. എന്നാൽ മക്കത്തെ സ്ഥാനമാനങ്ങളും പദവിയും മറ്റും ഇസ്ലാം സ്വീകരിക്കുന്നതിൽനിന്ന് അദ്ദേഹത്തെ തടഞ്ഞു.


 ആദ്യമായി പ്രവാചകനോടൊപ്പം (ﷺ) നിസ്കരിച്ച പുരുഷൻ അലി(റ)വാണ്. അദ്ദേഹം പറഞ്ഞതായി സൽമതുബ്നു കുഹൈൽ (റ) നിവേദനം ചെയ്യുന്നു: “പ്രവാചകതിരുമേനിﷺയോടൊപ്പം നിസ്കരിച്ച പ്രഥമ വ്യക്തി ഞാനായിരുന്നു.”


 ഖദീജാ ബീവി (റ) പറഞ്ഞു: “നബി തിരുമേനിﷺയോടൊപ്പം ആദ്യം നിസ്കരിച്ച സ്ത്രീ ഞാനും പുരുഷൻ അലിയുമാണ്. (റ)”


 അബൂഅയ്യൂബിൽ അൻസാരി (റ) നിവേദനം ചെയ്യുന്നു: നബി ﷺ പറഞ്ഞു: "എന്റെയും അലിയുടെയും (റ) ഇടയിൽ ഏഴുവർഷക്കാലം മലക്കുകൾ നിസ്കരിച്ചിട്ടുണ്ട്. അന്ന് ഞങ്ങളോടൊപ്പം നിസ്കാരത്തിൽ മറ്റാരും ഉണ്ടായിരുന്നില്ല.


 ബന്ധുക്കൾക്കിടയിൽ ഇസ്ലാം പ്രചരിപ്പിക്കാനുള്ള ദൈവിക നിർദേശമുണ്ടായ കാലം. അടുത്ത ബന്ധുക്കളെ വിരുന്നിന് വിളിച്ച് വിവരം പറഞ്ഞു. ആ ശ്രമം പക്ഷേ, അബൂലഹബിന്റെ ഇറങ്ങിപ്പോക്കിനുള്ള ആഹ്വാനത്തോടുകൂടി പരാജയപ്പെട്ടു.


 ആദ്യശ്രമം പരാജയപ്പെട്ടെങ്കിലും നബി തിരുമേനി ﷺ നിരാശനായില്ല. ഒരിക്കൽ കൂടി അദ്ദേഹം അവരെ ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച് ഹാശിം കുടുംബങ്ങൾ എല്ലാവരും എത്തി.

തിരുമേനി ﷺ ഉപദേശം തുടങ്ങി: 


 “എന്റെ പ്രിയങ്കരരായ ബന്ധു ജനങ്ങളേ, അല്ലാഹു ﷻ ഏകനാണ്. അവനല്ലാതെ മറ്റൊരു ആരാധ്യനില്ല. ഞാൻ അവന്റെ റസൂലാണ്. ഈ ലോകത്തെയും പരലോകത്തെയും വിജയത്തിന്നാധാരമായ സന്ദേശമാണ് ഞാൻ കൊണ്ടുവന്നിരിക്കുന്നത്. അതാണ് ദീനുൽ ഇസ്ലാം. ആ സത്യദീനിലേക്കു ദൈവകൽപന പ്രകാരമാണ് ഞാൻ നിങ്ങളെ ക്ഷണിക്കുന്നത്. ഇക്കാര്യത്തിൽ ആരാണ് എന്നെ സഹായിക്കുക? പറയൂ! ഇസ്ലാമിനെ സേവിക്കാനാരുണ്ട്..?”


 ഈ പ്രാവശ്യം കുടുംബാംഗങ്ങൾ പരസ്പരം കൂടിയാലോചിച്ചുകൊണ്ടു തന്നെയാണ് വന്നിരിക്കുന്നത്. ആരെല്ലാമോ നബിﷺയെ പരിഹസിച്ചു ചിരിച്ചു: “ഈ തമാശ കേൾക്കാനാണോ നാമിവിടെ വന്നിട്ടുള്ളത്? എഴുന്നേറ്റുപോകൂ ഇവിടെ നിന്ന്.” അബൂലഹബോ മറ്റോ വിളിച്ചു പറഞ്ഞു. പക്ഷേ ആരും എഴുന്നേറ്റു പോയില്ല. 


 അപ്പോൾ ഒരു ബാലന്റെ ശബ്ദം ഉയർന്നു: “അല്ലാഹുﷻവിന്റെ തിരുദൂതരേ, അങ്ങയെ സഹായിക്കാൻ ഞാനുണ്ട്." സർവ്വരുടെയും ശ്രദ്ധ അങ്ങോട്ടു

തിരിഞ്ഞു.


 “ഇസ്ലാമിനെ ഞാൻ സഹായിക്കും. അങ്ങയുടെ കൂടെ ഞാൻ ഉറച്ചു നിൽക്കും.” ആ ബാലൻ ദൃഢസ്വരത്തിൽ പറഞ്ഞു. 


 അബൂത്വാലിബിന്റെ പുത്രൻ അലി (റ) ആയിരുന്നു ആ ബാലൻ. അലി(റ)വിന്റെ ധീരമായ വാക്കുകൾ ഹാശിം കുടുംബാംഗങ്ങളെ മുഴുവനും അമ്പരപ്പിച്ചു. എങ്കിലും അവർ ഇസ്ലാം സ്വീകരിക്കാതെ സദസ്സിൽ നിന്നു ഇറങ്ങിപ്പോകുകയാണ് ചെയ്തത്.


 അനന്തരം അലി (റ) സത്യാന്വേഷികൾക്ക് മാർഗ്ഗദർശകനായി വർത്തിച്ചു. സത്യമന്വേഷിച്ച് ഇസ്ലാമിനെ മനസ്സിലാക്കാൻ മക്കത്തെത്തിച്ചേർന്ന വിദേശികൾക്ക് മാർഗ്ഗദർശനം നൽകുകയും പ്രവാചക സന്നിധിയിലേക്ക് അവരെ നയിക്കുകയും ചെയ്തിരുന്നത് ഹസ്റത്ത് അലി(റ)ആയിരുന്നു. അതിനാവശ്യമായ ബുദ്ധിയും വിവേകവും അദ്ദേഹത്തിനുണ്ടായിരുന്നു.


 അബൂദർറുൽ ഗിഫാരി (റ) ഇസ്ലാം സ്വീകരണ സംഭവം ഇമാം ബുഖാരി, ഇബ്നു അബ്ബാസിൽ (റ) നിന്നുദ്ധരിക്കുന്നത് ശ്രദ്ധേയമാണ്: പ്രവാചകനാണെന്നു വാദിക്കുന്ന വ്യക്തിയെക്കുറിച്ച് വ്യക്തമായി പഠിച്ചു വിവരമറിയിക്കാനായി അബൂദർറുൽ ഗിഫാരി (റ) സ്വന്തം സഹോദരനെ മക്കത്തേക്കയച്ചു. അദ്ദേഹം പ്രവാചക സന്നിധിയിലെത്തി, 


 തിരുനബിﷺയുടെ സംസാരം കേട്ടശേഷം തിരിച്ചുപോയി സഹോദരനോട് പറഞ്ഞു: ഉൽകൃഷ്ട സ്വഭാവങ്ങൾ അഭ്യസിപ്പിക്കുന്നവനായും കവിതയല്ലാത്ത വാചകങ്ങൾ ഉരുവിട്ടുകൊണ്ടിരിക്കുന്നവനായും ഞാനദ്ദേഹത്തെ കണ്ടു. സഹോദരന്റെ വിവരണത്തിൽ തൃപ്തനാവാതെ അദ്ദേഹം തന്നെ നേരിട്ടു മക്കത്തേക്കു യാത്രയായി. ആദ്യം മക്കത്തും പിന്നെ ഹറം ശരീഫിലും എത്തിയ അദ്ദേഹത്തിന് അവിടെ ആരെയും പരിചയമുണ്ടായിരുന്നില്ല. എങ്കിലും മുഖലക്ഷണം നോക്കിക്കൊണ്ട് അദ്ദേഹം നബിﷺയെ തേടിക്കൊണ്ടിരുന്നു. 


 രാത്രിയായപ്പോൾ അവിടെ തന്നെ കിടന്നുറങ്ങി. അദ്ദേഹത്തെ കണ്ട മാത്രയിൽതന്നെ ഒരു വിദേശിയാണെന്നു മനസ്സിലാക്കി അലി (റ) അറിയാതെ പിന്തുടരുന്നുണ്ടായിരുന്നു. പ്രഭാതത്തിൽ അബൂദർറ് (റ) തന്റെ ഭാണ്ഡവും വെള്ളപ്പാത്രവും മസ്ജിദുൽ ഹറമിലേക്ക് കൊണ്ടുവന്നു. അന്നു പകൽ മുഴുവൻ അന്വേഷിച്ചിട്ടും തിരുമേനിﷺയെ കണ്ടെത്താൻ സാധിച്ചില്ല. രാത്രിയായപ്പോൾ കിടക്കാനൊരുങ്ങി.

തത്സമയം അലി (റ) അദ്ദേഹത്തെ തന്റെ കൂടെ കൂട്ടി. എന്നാൽ അവർ പരസ്പരം ഒന്നും സംസാരിച്ചില്ല.


 മൂന്നുദിവസം ഇതേവിധം കഴിഞ്ഞപ്പോൾ അലി (റ) മൗനം ഭജിച്ച് അബൂദർറിന്റെ ആഗമനോദ്ദേശ്യം തിരക്കി. ആരോടും പറയാതെ, തന്റെ ആഗ്രഹം നിറവേറ്റിത്തരുമെന്ന് വാക്കുതന്നാലേ ആഗമനോദ്ദേശ്യം വെളിപ്പെടുത്തൂ എന്നായി അബൂദർറ് (റ). അലി(റ) അപ്രകാരം വാക്കുകൊടുത്തു. അദ്ദേഹം കാര്യം വെളിപ്പെടുത്തി. 


 അപ്പോൾ പ്രവാചകൻ ﷺ പറയുന്നത്

സത്യമാണെന്നും അവിടുന്ന് (ﷺ) ദൈവദൂതനാണെന്നുമുള്ള സത്യം അലി(റ) ഗിഫാരിയെ (റ) ബോധ്യപ്പെടുത്തി. അനന്തരം നബി ﷺ യുടെ അടുക്കലേക്ക് കൂട്ടിക്കൊണ്ടുപോയി പരിചയപ്പെടുത്തി. ഉടനെ അബൂദർറുൽ ഗിഫാരി ഇസ്ലാം സ്വീകരിച്ചു.” 

  (അൽ ജാമിഉസ്സ്വഹീഹ്-ഇമാം ബുഖാരി) 


 ഇപ്രകാരം അലി(റ) മക്കത്തു വരുന്ന പരദേശികളെ ഇസ്ലാമിലേക്ക് ആകർഷിക്കുകയും സത്യപഥത്തിലേക്കു നയിക്കുകയും ചെയ്യുകയുണ്ടായി. ഹിജ്റക്കു മുമ്പായിരുന്നു ഈ സംഭവങ്ങൾ.


 പ്രവാചകതിരുമേനിﷺയുടെ സന്തതസഹചാരിയായ അലി(റ) ഒരു സംഭവം വിവരിക്കുന്നതിങ്ങനെ: “ഒരിക്കൽ നബി തിരുമേനിﷺയും ഞാനും വീട്ടിൽനിന്ന് പുറത്തിറങ്ങി. കഅ്ബാലയത്തിന്റെ കവാടത്തിൽ എത്തിയപ്പോൾ അവിടുന്ന് (ﷺ) എന്നോട് ഇരിക്കാൻ പറഞ്ഞു. ഞാൻ ഇരുന്നപ്പോൾ അവിടുന്ന് (ﷺ) എന്റെ ചുമലിൽ കയറിയ ശേഷം എഴുന്നേൽക്കാൻ ആവശ്യപ്പെട്ടു.

ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചുവെങ്കിലും എന്റെ വിഷമം

ബോധ്യപ്പെട്ടപ്പോൾ നബി ﷺ താഴെയിറങ്ങിയിരുന്നു. 


 ശേഷം എന്നോട് അവിടുത്തെ (ﷺ) തോളിൽ കയറാൻ ആവശ്യപ്പെട്ടു. ഞാൻ കയറിയ ഉടനെ തിരുനബി ﷺ എന്നെയും വഹിച്ചുകൊണ്ട് എഴുന്നേറ്റു. ആകാശവീഥിയിൽ എത്തിയപോലെയാണ് എനിക്കനുഭവപ്പെട്ടത്. അങ്ങനെ ഞാൻ കഅ്ബയുടെ മച്ചിൽ എത്തിച്ചേർന്നു. അവിടെ പിച്ചള കൊണ്ടോ ചെമ്പുകൊണ്ടോ നിർമ്മിച്ച ഒരു വിഗ്രഹം പ്രതിഷ്ഠിച്ചിട്ടുണ്ടായിരുന്നു. ഞാനതിനെ ഇടത്തോട്ടും വലത്തോട്ടും തിരിക്കാനും താഴോട്ടും മേലോട്ടും വളയ്ക്കാനും തുടങ്ങി. അത് എന്റെ നിയന്ത്രണത്തിലായി എന്നു കണ്ടപ്പോൾ തിരുമേനിﷺയുടെ നിർദ്ദേശപ്രകാരം ഞാനത് തള്ളി താഴെയിട്ടു. നിലം പതിച്ചതോടെ ആ വിഗ്രഹം ഒരു പളുങ്കുപാത്രം കണക്കെ ചിന്നിച്ചിതറി. ഉടനെ അവിടെ നിന്നിറങ്ങി ഞാനും പ്രവാചകതിരുമേനിﷺയും അരും കാണാത്തവിധം വീടിന്റെ പിറകിലൂടെ നടന്നു മറഞ്ഞു. മുസ്തദ്റകിൽ ഹാകിം പറഞ്ഞതുപോലെ ഈ സംഭവം ഹിജ്റക്കു മുമ്പാണെന്ന കാര്യം സ്പഷ്ടമാണ്.” 

  (മുസ്നദ്)


 ഇമാം ബുഖാരി, ഇബ്നുമാജ, ഹാകിം, നസാഈ (റ) തുടങ്ങിയവരും ഈ സംഭവം ഉദ്ധരിച്ചിട്ടുണ്ട്. എന്നാൽ ചില പിൽക്കാല ചരിത്രപണ്ഡിതന്മാരുടെ നിഗമനം ഈ സംഭവം മക്കാവിജയത്തിനു ശേഷം കഅ്ബ ശുദ്ധീകരിച്ചപ്പോഴാണന്നത്രെ.


 
Islamic Knowledge in Malayalam
ഇസ്ലാമിക വിജ്ഞാനം | Islamic Knowledge in Malayalam
Public group · 2100+ members
Join Group
ٱلسَّلَامُ عَلَيْكُمْ‎
ഇത് ഇസ്ലാമിക വിജ്ഞാനം ഷെയർ ചെയ്യാൻ വേണ്ടിയുളള ഗ്രുപ്പ്ആണ്.
This group is created to share Islamic Knowledge in Malayalm
 

More Posts

ഖയ്ബർ യുദ്ധം (1) ഹജ്ജ് ഖിലാഫത്ത് ജനനം നാമകരണം വിവാഹം ...(1) ഖൻദഖ് യുദ്ധം (2) ഹുദയ്ബിയാ സന്ധി ഖയ്ബർ യുദ്ധം (2) തബൂക്ക് യുദ്ധം ഫാത്വിമ (റ) ചരിത്രം : മുഖവുര അബൂബക്കർ സിദ്ധീഖ് (റ) ചരിത്രം : മുഖവുര അബൂബക്കർ സിദ്ധീഖ് (റ) ചരിത്രം : ഞാൻ വിശ്വസിക്കുന്നു അബൂബക്കർ സിദ്ധീഖ് (റ) ചരിത്രം : സിദ്ദീഖെന്ന സ്ഥാനം ...(2) ആഇശ (റ) ചരിത്രം : മുഖവുര ത്വാരീഖ് ബിൻ സിയാദ് (റ) ചരിത്രം : മുഖവുര ലുഖ്മാനുൽ ഹഖീം (റ) ചരിത്രം : മുഖവുര അസൂറാ ബീവി (റ) ചരിത്രം : മുഖവുര ഇബ്രാഹീമിബ്നു അദ്ഹം (റ) ചരിത്രം : മുഖവുര അബൂബക്കർ സിദ്ധീഖ് (റ) ചരിത്രം : സിദ്ദീഖെന്ന സ്ഥാനം ...(1) ഉമറുബ്നുൽ ഖത്വാബ് (റ) ചരിത്രം : മുഖവുര ഉസ്മാനുബ്നു അഫ്ഫാൻ (റ) ചരിത്രം : മുഖവുര അലി (റ) വിന്റെ കുടുംബം ഉമർ (റ) വരുന്നേ ...(1) ഉമർ (റ) വരുന്നേ ...(2) റുഖിയ്യ ബീവി (റ) ...(2) റുഖിയ്യ ബീവി (റ) ...(3) ഫാത്വിമ (റ) യുടെ മക്കൾ നമ്മുടെ ഉമ്മ, ഉമ്മുൽ മുഹ്മിനീൻ അതിശയിപ്പിക്കുന്ന കുട്ടി