മുഹമ്മദ് നബിﷺയുടെ മഹാവ്യക്തിത്വത്തിൽ ആകൃഷ്ടനായി, അദ്ദേഹത്തിന്റെ സൽസ്വഭാവങ്ങളും ജീവിതവിശുദ്ധിയും അനുകരിച്ച് അലി(റ) ചെറുപ്പത്തിലേ ആദർശനിഷ്ഠയോടെ വളർന്നു... 


 കളിയിലും വിനോദങ്ങളിലും അദ്ദേഹം താൽപര്യം കാണിച്ചില്ല. ഗ്രാമീണരുടെ വാദ്യമേളങ്ങളും സംഗീതങ്ങളും അദ്ദേഹം ആസ്വദിച്ചില്ല. നബിﷺക്ക് നുബുവ്വത്ത് ലഭിക്കുമ്പോൾ പത്തു വയസ്സു മാത്രം പ്രായമുള്ള അലി(റ) ഇസ്ലാമിന്റെ ആദ്യത്തെ അനുയായികളിൽ ഒരാളായി മാറി. 


 പ്രവാചക പത്നി ഖദീജ(റ), പിതൃവ്യപുത്രൻ അലി(റ), പ്രവാചക പരിചാരകൻ സൈദ് (റ) ഈ ക്രമത്തിൽ മൂന്നു പേരാണ് ആദ്യം ഇസ്ലാം സ്വീകരിച്ചത്. 


 നബിﷺയുടെ പിന്നിൽ നിസ്കാരം തുടങ്ങിയ അലി(റ) അറിയാത്ത കാര്യങ്ങൾ ജിജ്ഞാസയോടെ ചോദിച്ചു

മനസ്സിലാക്കി.


 പ്രവാചകതിരുമേനി ﷺ ആദ്യം നിസ്കരിക്കുന്നത് കണ്ടപ്പോൾ അലി(റ) ജിജ്ഞാസുവായി. “അങ്ങ് എന്താണീ ചെയ്യുന്നത്..?”പത്തു വയസ്സുള്ള അലി(റ) ഒരിക്കൽ നബിﷺയോട് ചോദിച്ചു.


 “ഞാൻ ലോകാധിനാഥനായ അല്ലാഹു ﷻ വിന് നിസ്കരിക്കുന്നു.”


 “ആരാണ് ലോകാധിനാഥൻ..?”


 “ഏക ആരാധ്യനാണ് അവൻ. അവനു പങ്കുകാരില്ല. എല്ലാ സൃഷ്ടികളും അവന്റേതാണ്. എല്ലാ കാര്യങ്ങളും അവന്റെ പക്കലാണ്. അവൻ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. എല്ലാറ്റിനും കഴിവുള്ളവനാണ് അവൻ.” തിരുമേനി ﷺ അലി(റ)വിനെ പറഞ്ഞു മനസ്സിലാക്കി. 


 ക്രിസ്താബ്ദം 611 മനുഷ്യരാശിയുടെ ചരിത്രത്തിലെ അവിസ്മരണീയമായ വഴിത്തിരിവാണ്. ഈ വർഷത്തിലാണ് മുഹമ്മദ് നബിﷺക്ക് നുബുവ്വത്ത് ലഭിച്ചത്. അലി(റ)വിന്റെ ജീവിതത്തിലെയും സുപ്രധാനമായ വഴിത്തിരിവായിരുന്നു ക്രി. 611. ഈ കൊല്ലത്തിലാണ് അലി(റ) ഇസ്ലാം പുൽകിയത്.


 കാലവർഷത്തിനു മുമ്പുള്ള കാർമേഘം പോലെ, മുഹമ്മദ് നബിﷺക്ക് വരാൻപോകുന്ന സംഭവങ്ങളുടെ മുന്നോടിയായി അപൂർവ്വങ്ങളായ ചില സ്വപ്ന ദർശനങ്ങളുണ്ടായിക്കൊണ്ടിരുന്നു. ചില സ്വപ്നങ്ങളിൽ അദ്ദേഹം ആകാശത്തിലേക്കു പറന്നുയരുന്നതായും, ചിലതിൽ നക്ഷത്രങ്ങൾ തനിക്കുമുമ്പിൽ കുമ്പിടുന്നതായും, ചില സ്വപ്നങ്ങളിൽ വൃക്ഷങ്ങളും പാറക്കല്ലുകളും മറ്റു നിർജ്ജീവ വസ്തുക്കളും തന്നെ സന്ദർശിക്കുന്നതായും, അവിടുന്ന് (ﷺ) ഒരു പർവ്വതത്തിന്റെ മുകളിൽ നിൽക്കുന്നതായും, താഴ് വരകളിൽ തടിച്ചുകൂടിയ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതായും അവിടുന്ന് (ﷺ) കണ്ടു...


 ഈ സ്വപ്നങ്ങളെല്ലാം അസാധാരണവും അപൂർവ്വവുമായ സംഭവങ്ങളുടെ മുന്നോടിയാണെന്നു മനസ്സിലാക്കി നബി ﷺ ദൈവരാധാനയിലും ധ്യാനത്തിലും സമയം കഴിച്ചുകൂട്ടി. ഏകാന്തത ഇഷ്ടപ്പെട്ടു. മക്കാനഗരത്തിനു തെല്ലകലെയുളള ഹിറാ പർവ്വതത്തിലെ ഒരു ഗുഹയിൽ അവിടുന്ന് (ﷺ) മണിക്കൂറുകളോളം ചിന്തയിലും ധ്യാനത്തിലും കഴിച്ചുകൂട്ടി. 


 വളരെ ദിവസങ്ങൾ ആ ധ്യാനം തുടർന്നു. അന്ന്  തിരുമേനിﷺക്കുളള ഭക്ഷ്യ വിഭവങ്ങൾ അലി(റ)വാണ് കൊണ്ടു വന്നുകൊടുത്തിരുന്നത്. ഖദീജാബീവി(റ) തയ്യാറാക്കുന്ന ഭക്ഷണസാമഗ്രികൾ

യഥാസമയം ഗുഹയിൽ എത്തിക്കാറായിരുന്നു പതിവ്. ചില നേരങ്ങളിൽ ഖദീജാബീവി (റ) തന്നെ ആഹാരം ഗുഹയിൽ എത്തിക്കാറുണ്ടായിരുന്നു. തദവസരങ്ങളിൽ അലി (റ) ഗുഹാമുഖത്ത് കാവൽ നിൽക്കുകയും ചുറ്റുപാടും കണ്ണോടിച്ചുകൊണ്ട് നടക്കുകയും ചെയ്തിരുന്നു.


 തിരുമേനിﷺയുടെ ദൗത്യത്തെ പിൻപറ്റുവാൻ ആദ്യമായി ഖദീജ(റ) തയ്യാറാവുകയും തൽക്ഷണം ഇസ്ലാം പുൽകുകയും ചെയ്തു. ഖദീജാ ബീവി (റ) ഇസ്ലാം സ്വീകരിച്ച വിവരമറിഞ്ഞ് ഹസ്റത് അലി (റ) ഉടനെത്തന്നെ തന്റെ ആഗ്രഹം തിരുമേനിﷺയെ അറിയിക്കാൻ വെമ്പൽ കൊണ്ടു. അങ്ങനെ ഇസ്ലാമിലേക്ക് കടന്നുവന്ന ആദ്യത്തെ ബാലൻ അലി(റ)വായിത്തീർന്നു.


 ചില ഗ്രന്ഥകാരന്മാർ അലി(റ)വിന്റെ ഇസ്ലാം മതാശ്ലേഷത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന ഒരു പരാമർശം നടത്തിയതായി കാണാം. മുഹമ്മദ് നബി ﷺ അലി(റ)വിനെ ഇസ്ലാമിലേക്ക് ക്ഷണിച്ചപ്പോൾ അലി (റ) ആദ്യം വിസമ്മതിക്കുകയും പിന്നീട് പിതാവ് അബൂത്വാലിബിനോട് അനുവാദം വാങ്ങിയ ശേഷം പുതിയ മതത്തിൽ ചേരാം എന്നറിയിക്കുകയും ചെയ്തുവെന്നാണ് ഈ ചരിത്രകാരന്മാർ രേഖപ്പെടുത്തിയത്. ഇത് തികച്ചും അടിസ്ഥാനരഹിതമാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. 


 സത്യം സ്വീകരിക്കാൻ അലി (റ) ഒരു മടിയും കാണിച്ചിട്ടില്ല. അലി (റ) വളരെയേറെ താൽപര്യത്തോടും ആകാംക്ഷയോടും കൂടിയാണ് പ്രവാചകത്വത്തെ കണ്ടതും

ഇസ്ലാം സ്വീകരിച്ചതും. വിസമ്മതത്തിന്റെ ലാഞ്ഛന പോലും ഉത്ഭവിച്ചിരുന്നില്ല. മുഹമ്മദ് നബി ﷺ അല്ലാഹുﷻവിന്റെ അന്ത്യപ്രവാചകനാണെന്ന കാര്യം അലി(റ)വിന്റെ മനസ്സിൽ നേരത്തെത്തന്നെ വേരൂന്നിക്കഴിഞ്ഞിരുന്നു.


 അലി(റ)വിന്റെ സഹോദരനായ ജഅ്ഫറിനെ(റ), തിരുമേനി ﷺ ഇസ്ലാമിലേക്ക് ക്ഷണിച്ചപ്പോൾ അദ്ദേഹം ചില ചോദ്യങ്ങൾ നബിﷺയോട് ചോദിക്കുകയുണ്ടായി. തിരുമേനി ﷺ അവക്കെല്ലാം തൃപ്തികരമായ മറുപടി നൽകിയെങ്കിലും ജഅ്ഫർ(റ) ഉടനെ ഒരു തീരുമാനത്തിലെത്താതെ നീട്ടിക്കൊണ്ടുപോവുകയാണ് ചെയ്തത്. 


 ജഅ്ഫറിന്റെ(റ) മാതാവ് ഫാത്വിമ(റ)യും അൽഅമ


ീന്റെ സത്യസന്ധതയിൽ ഏറെ വിശ്വാസം പുലർത്തിയിരുന്നുവെങ്കിലും പെട്ടെന്ന് ഇസ്ലാം സ്വീകരിക്കാൻ തയ്യാറായിരുന്നില്ല.


 ഖദീജാ ബീവി(റ)ക്കുശേഷം ആദ്യമായി ഇസ്ലാം സ്വീകരിച്ചതും, പുരുഷന്മാരിൽ പ്രവാചകനോടൊപ്പം (ﷺ) ആദ്യമായി നിസ്കാരം നിർവ്വഹിച്ചതും അലി (റ) വാണെന്നാണ് പ്രബലാഭിപ്രായം. ബീവി ഖദീജ(റ)ക്കു ശേഷം ആദ്യമായി ഇസ്ലാം ആശ്ലേഷിച്ചത് അലി(റ) ആണെന്ന് ഒട്ടേറെ നിവേദനങ്ങളിൽ വന്നിട്ടുണ്ട്. 


 ശഹാദത്കലിമ ചൊല്ലി ഇസ്ലാമിലേക്ക് വരുമ്പോൾ അലി(റ)വിന് ഒമ്പതോ പത്തോ വയസ്സായിരുന്നെന്നും മറ്റൊരു നിവേദനമനുസരിച്ച് പന്ത്രണ്ടു വയസ്സായിരുന്നെന്നും കാണാം.


 ജീവിതത്തിൽ ഒരിക്കൽപോലും അലി(റ) വിഗ്രഹങ്ങളെ പൂജിച്ചിട്ടില്ലെന്ന് ഹസൻ ഇബ്നു സൈദ് (റ) പറയുന്നു. അതു സ്വാഭാവികമാണ്. എന്തെന്നാൽ ദൈവദൂതന്റെ (ﷺ) മടിത്തട്ടിലാണ് അലി(റ) ആദ്യമായി കണ്ണു തുറന്നത്. അദ്ദേഹം വളർന്നതും ശിക്ഷണം നേടിയതുമൊക്കെ അവിടത്തെ (ﷺ) തണലിലാണ്.


 സ്ത്രീകളിൽ ബീവി ഖദീജ(റ)യും, പക്വത നേടിയ പുരുഷന്മാരിൽ അബൂബക്കർ (റ) വും, കുട്ടികളിൽ അലി(റ)വുമാണ് ആദ്യം ഇസ്ലാം സ്വീകരിച്ചത് എന്നാണ് പ്രബലരായ ഗവേഷകന്മാരുടെ നിഗമനം.


 ഇബ്നു ഇസ്ഹാഖ് (റ) പ്രസ്താവിക്കുന്നു: “നിസ്കാര സമയമായാൽ മക്കത്തെ ഏതെങ്കിലും കുന്നിൻചെരുവിൽ ചെന്ന് നിസ്കാരം നിർവ്വഹിക്കുന്ന നബിﷺയുടെകൂടെ, വീട്ടിൽ ആരുമറിയാതെ അലി(റ)വും ഉണ്ടാകുമായിരുന്നു. പിന്നീട് വൈകുന്നേരം മാത്രമേ അവർ വീട്ടിലേക്ക് മടങ്ങുകയുള്ളൂ...


 ഒരുദിവസം രണ്ടു പേരും നിസ്കരിച്ചുകൊണ്ടിരിക്കുന്നത് അബൂത്വാലിബിന്റെ ദൃഷ്ടിയിൽപെട്ടു. "നിങ്ങൾ പിന്തുടരുന്ന പുതിയ മതമേത്?” എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് “അല്ലാഹുﷻവിന്റെയും

അവന്റെ മലക്കുകളുടെയും പ്രവാചകശ്രഷ്ഠന്മാരുടെയും സർവ്വോപരി നമ്മുടെ പൂർവ്വപിതാവായ ഇബ്റാഹീം നബി(അ)ന്റെയും മതം” എന്നായിരുന്നു അൽഅമീന്റെ (ﷺ) മറുപടി. 


 തുടർന്ന് നബി ﷺ അബൂത്വാലിബിനെ ഇസ്ലാമിലേക്ക് ക്ഷണിച്ചുവെങ്കിലും അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു: “എന്റെ പൂർവികന്മാരുടെ മതമോ ജീവിതശൈലിയോ ഉപേക്ഷിക്കാൻ

എന്നെക്കൊണ്ടാവില്ല. എന്നാൽ ഞാൻ ജീവിക്കുന്ന കാലത്തോളം നിനക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല."


 പുതിയ മതത്തെ സംബന്ധിച്ചുള്ള പിതാവിന്റെ അന്വേഷണത്തിന് അലി(റ) നൽകിയ മറുപടിയും അതിന്നുള്ള അബൂത്വാലിബിന്റെ പ്രതികരണവും ചരിത്രകാരന്മാർ ഉദ്ധരിച്ചിട്ടുണ്ട്. അലി(റ) പറഞ്ഞു: “പിതാവേ, ഞാൻ അല്ലാഹുﷻവിലും അവന്റെ ദൂതനിലും (ﷺ) വിശ്വസിച്ചിരിക്കുകയാണ്. അതിനാൽ ഞാൻ അല്ലാഹുﷻവിനെ ആരാധിക്കുകയും പ്രവാചക തിരുമേനിയെ (ﷺ) അനുഗമിക്കുകയും ചെയ്യുന്നു .


 “അവൻ നിന്നെ നല്ല കാര്യത്തിലേക്കാണ് ക്ഷണിച്ചിരിക്കുന്നത്. അതിനാൽ അതിൽ തന്നെ ഉറച്ചുനിൽക്കുക." അബൂത്വാലിബ് മകന് ധൈര്യം നൽകി...

  (സ്വീറതു ഇബ്നു ഹിശാം 1/269)


 
Islamic Knowledge in Malayalam
ഇസ്ലാമിക വിജ്ഞാനം | Islamic Knowledge in Malayalam
Public group · 2100+ members
Join Group
ٱلسَّلَامُ عَلَيْكُمْ‎
ഇത് ഇസ്ലാമിക വിജ്ഞാനം ഷെയർ ചെയ്യാൻ വേണ്ടിയുളള ഗ്രുപ്പ്ആണ്.
This group is created to share Islamic Knowledge in Malayalm
 

More Posts

ഖയ്ബർ യുദ്ധം (1) ഹജ്ജ് ഖിലാഫത്ത് ജനനം നാമകരണം വിവാഹം ...(1) ഖൻദഖ് യുദ്ധം (2) ഹുദയ്ബിയാ സന്ധി ഖയ്ബർ യുദ്ധം (2) തബൂക്ക് യുദ്ധം ഫാത്വിമ (റ) ചരിത്രം : മുഖവുര അബൂബക്കർ സിദ്ധീഖ് (റ) ചരിത്രം : മുഖവുര അബൂബക്കർ സിദ്ധീഖ് (റ) ചരിത്രം : ഞാൻ വിശ്വസിക്കുന്നു അബൂബക്കർ സിദ്ധീഖ് (റ) ചരിത്രം : സിദ്ദീഖെന്ന സ്ഥാനം ...(2) റുഖിയ്യ ബീവി (റ) ...(3) ആഇശ (റ) ചരിത്രം : മുഖവുര ത്വാരീഖ് ബിൻ സിയാദ് (റ) ചരിത്രം : മുഖവുര ലുഖ്മാനുൽ ഹഖീം (റ) ചരിത്രം : മുഖവുര അസൂറാ ബീവി (റ) ചരിത്രം : മുഖവുര ഇബ്രാഹീമിബ്നു അദ്ഹം (റ) ചരിത്രം : മുഖവുര അബൂബക്കർ സിദ്ധീഖ് (റ) ചരിത്രം : സിദ്ദീഖെന്ന സ്ഥാനം ...(1) ഉമറുബ്നുൽ ഖത്വാബ് (റ) ചരിത്രം : മുഖവുര ഉസ്മാനുബ്നു അഫ്ഫാൻ (റ) ചരിത്രം : മുഖവുര അലി (റ) വിന്റെ കുടുംബം ഉമർ (റ) വരുന്നേ ...(1) ഉമർ (റ) വരുന്നേ ...(2) സത്യത്തിന്റെ തിരിനാളം ...(3) ഏറ്റവും വലുത് ഇസ്ലാം ...(3) റുഖിയ്യ ബീവി (റ) ...(2) ഹാജിമാർക്കുള്ള സന്ദേശം ...(3)